മരക്കാറും മിന്നൽ മുരളിയും ‘തിയറ്റർ വിട്ടു’; ഒടിടി മലയാള സിനിമയോട് ചെയ്യുന്നത്

Minnal-Murali-Marakkar-Main
SHARE

‘ഇരുട്ടു മുറിയിലിരുന്ന് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതാണു സിനിമ’ എന്നൊരു നിർവചനം പലപ്പോഴും സിനിമാ നിരൂപണ പാഠങ്ങളിൽ കേട്ടിട്ടുണ്ടാകും. വെളിച്ചമുള്ള മുറിയിൽ ഇരുന്നു സിനിമ കാണുക എന്നതു സങ്കൽപ്പത്തിലേ ഇല്ലാതിരുന്ന കാലത്ത് ആരോ എഴുതിയതാവുമത്. ഇന്ന് ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമുകളുടെ വരവവോടെ, അർഥവത്തായിരുന്ന ആ നിർവചനവും അസ്ഥാനത്തായി. തിയറ്ററിലെ ഇരുട്ടു മുറിയും തണുപ്പുമൊന്നുമില്ലാതെ തന്നെ എത്ര വലിയ സിനിമയും കണ്ടാസ്വദിക്കാവുന്ന ഡിജിറ്റൽ വിപ്ലവത്തിന്റെ മറ്റൊരു സന്ധിയിൽ നിശബ്ദം ഒരു ചർച്ച നടക്കുകയാണ്– ഒടിടികൾ തിയറ്ററുകളെ ഇല്ലാതാക്കുമോ? ബോക്സ്ഓഫിസ് പെട്ടിയിലാകുമോ? 

ഇല്ല എന്നു തന്നെയാണു സിനിമാ പ്രവർത്തകരുടെ സാമാന്യ ഉത്തരം. പാശ്ചാത്യ രാജ്യങ്ങൾ അൽപം മുൻപേ തുടങ്ങിയ ഒടിടി സംസ്കാരം തിയറ്ററുകളെ ബാധിച്ചില്ല എന്നവർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായുള്ള കാഴ്ചാശീലം ഒരു ലോക്ഡൗണിൽ ഇല്ലാതാവില്ല എന്ന ആത്മവിശ്വാസം മലയാള സിനിമാ പ്രവർത്തകരും പലരീതിയിൽ പ്രകടിപ്പിക്കുന്നു. എന്നാൽ സൂപ്പർ സ്റ്റാർ ചിത്രങ്ങൾ ഉൾപ്പെടെ തിയറ്റർ വിട്ട് ഒടിടിയിലേക്കു ചേക്കേറുമ്പോൾ ആശങ്കയും ഇല്ലാതില്ല. മോഹൻ ലാൽ–പ്രിയദർശൻ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ തിയറ്റർ റിലീസിനു വേണ്ടി സർക്കാർതലത്തിൽ നിന്നു വരെ ഇടപെടലുണ്ടായി. ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രം ‘മിന്നൽ മുരളി’യും നെറ്റ്‌ഫ്ലിക്സിലേ പ്രേക്ഷകനു കാണാനാവുകയുള്ളൂ എന്ന അവസ്ഥ വന്നു.

എല്ലാവരും കണ്ടന്റ് ആവശ്യപ്പെടുന്ന വലിയ ക്രിയേറ്റീവ് കാലമാണ് നമ്മെ കാത്തിരിക്കുന്നതെന്ന് നവാഗത സംവിധായകനായ ജെനിത്ത് കാച്ചപ്പിള്ളി (മറിയം വന്നു വിളക്കൂതി) പറയുന്നു. ‘അപ്രതീക്ഷിതമായി വന്ന ലോക്ഡ‍ൗൺ എല്ലാ മേഖയിലുമെന്ന പോലെ സിനിമയെയും കീഴ്മേൽ മറിച്ചിട്ടു.. കാഴ്ചയിൽ മാത്രമല്ല, നിർമാണത്തിലും. എന്നെപ്പോലുള്ള നവ സിനിമാക്കാർക്കു വലിയ വെല്ലുവിളിയായിരുന്നു ഇക്കാലം. സിനിമയ്ക്കായി കഥ പറയാൻ പോകുമ്പോൾ പ്ലാൻ ബി കരുതുമായിരുന്നു. എന്നാൽ പ്ലാൻ ഡിയും എഫും കൂടെ കരുതേണ്ട കാലമായിരുന്നു അത്. ഒടിടിക്കു കൂടി പാകപ്പെടുന്ന സിനിമകൾ എന്ന അന്വേഷണത്തിന്റെ കാലമായിരുന്നു കഴിഞ്ഞു പോയത്. 

JENITH-KACHAPPALLY-DIRECTOR
ജെനിത്ത് കാച്ചപ്പിള്ളി

കയ്യിലുള്ള കഥകളെ ഒടിടിക്കു പാകപ്പെടുത്തുന്നതെങ്ങനെ എന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ ഇക്കാലം കഴിയുമ്പോൾ ചെയ്യാനിരിക്കുന്ന നല്ല പ്രോജക്ടുകളുണ്ടാക്കിയ സുഹൃത്തുകളുമുണ്ട്. ചെറിയ ഒടിടികൾകൂടി വന്നു രംഗം കൊഴുപ്പിച്ചതോടെ സിനിമ ഒരു തരത്തിൽ ആക്ടീവായി. ബിഗ് ബജറ്റ് സിനിമകൾക്ക് ഒടിടിയിൽ അവസരം കുറവാണെങ്കിലും, ബജറ്റ് പഠിച്ച്, മാർക്കറ്റ് പഠിച്ച് എടുക്കുന്ന സിനിമകൾ ലോകം മുഴുവൻ കാണിക്കാൻ ഒടിടി ഉപകരിക്കും. തിയറ്റർ തുറക്കുന്നതോടെ സിനിമയുടെ വസന്തം തിരിച്ചു വരും എന്നുതന്നെയാണു പ്രതീക്ഷ. എന്നാൽ ഒടിടി പ്ലാറ്റ് ഫോമുകൾക്കു പിൻവാങ്ങാനും സാധിക്കില്ല. അവർക്ക് കൂടുതൽ കണ്ടന്റ് ആവശ്യമായി വരും. കൂടുതൽ ഒടിടികൾ വരുന്നതോടെ കൂടുതൽ സിനിമകൾ ചെയ്യാൻ നിർബന്ധിതരാവും. സിനിമാ പ്രവർത്തകർക്കും സിനിമകയ്ക്കും നല്ലകാലമാണു വരാനിരിക്കുന്നത് എന്നു തന്നെയാണു കരുതുന്നത്’– ജെനിത്ത് പറഞ്ഞു നിർത്തി.

ഒറിജിനലുണ്ടോ?

എഫ്ഡിഎഫ്എസ് (ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ) സിനിമാനുഭവത്തിനു സിനിമാ പ്രേമികൾ നൽകുന്ന വെയ്റ്റേജ് ഒടിടിയിൽ ഇല്ല. എല്ലാവർക്കും എല്ലാം കാണാം. എപ്പോൾ വേണമെങ്കിലും കാണാം. സൂപ്പർതാര സിനിമ രാവിലെ 11 മണിക്കുള്ള ഷോ കണ്ട് ആർത്തുവിളിച്ച് സമൂഹ മാധ്യമത്തിൽ നാലു വരി റിവ്യൂ കുറിക്കുന്ന കാലം ഒരു വർഷം മുൻപുവരെ നമുക്കുണ്ടായിരുന്നു. അത്രയൊന്നും പഴയ ചരിത്രമല്ലാത്തതിനാൽ നാളെയും അതൊക്കെയുണ്ടാകും. എന്നാൽ ഒടിടി സിനിമാ വ്യവസായത്തിൽ കാര്യമായ ഇടപാടുകൾ നടത്തിക്കഴിഞ്ഞു. ടെലിവിഷൻ വന്ന കാലത്തും ഈ ‘ഇടപെടൽ’ ചർച്ചകൾ ഉണ്ടായിരുന്നു. പിന്നീട് സിനിമയ്ക്കു വലിയ രീതിയിൽ സാമ്പത്തിക പിന്തുണ നൽകുന്ന വ്യവസായമായി ടെലിവിഷൻ മാറി. സാറ്റലൈറ്റ് മൂല്യം നോക്കി സിനിമകൾ നിർമിക്കപ്പെട്ടു. മിനി സ്ക്രീനിൽ മൂല്യമുണ്ടാക്കിയെടുക്കുക സിനിമയുടെ പ്രധാന സാമ്പത്തിക ബാധ്യതയായി. തിയറ്റർ കലക്‌ഷനിൽ മാത്രം പ്രതീക്ഷ അർപിച്ചിരുന്ന നിർമാതാക്കൾക്ക് പല സിനിമകളും ഇറക്കും മുൻപേ ‘ടേബിൾ പ്രോഫിറ്റായി’.

ഒടിടിയുടെ വരവും സിനിമാ മേഖലയെ അൽപം ആഴത്തിൽത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. തീയറ്ററുകളിൽ ഇറക്കിക്കഴിഞ്ഞ സിനിമകളാണു ചാനലുകളിൽ കളിച്ചതെങ്കിൽ തിയറ്റർ തൊടാതെ തന്നെ ഒടിടിക്കു വേണം. തിയറ്ററിനിന്നും ടിവിയിൽ നിന്നുമുള്ള വരുമാനം ആസ്വദിച്ചിരുന്ന നിർമാതാക്കൾക്ക് അത്ര എളുപ്പത്തിൽ ഒടിടിയിൽ നിന്നു പണം വാരാൻ സാധിക്കില്ല. ഒറിജിനൽ എന്ന ഗണത്തിൽപ്പെടുത്തി പെട്ടി പൊട്ടിക്കാത്ത പുത്തൻ ചിത്രങ്ങൾ റിലീസ് ചെയ്യാനാണ് ഒടിടികൾക്കു താൽപര്യം. തിയറ്ററിൽ കളിച്ച സിനിമകൾ വലിയ വില നൽകി എടുക്കാൻ ഒടിടികൾ മത്സരിക്കുന്നില്ല.

എന്തുകൊണ്ട് ഒടിടി?

സിനിമ എന്നതു സിനിമാ നിർമാണം മാത്രമല്ലെന്നും അതു തിയറ്റിൽ എത്തുന്നതുവരെയുള്ള ഒരു ബലതന്ത്രം കൂടി ഉൾപ്പെട്ടതാണെന്നും പ്രശസ്ത സിനിമാ നിരൂപകൻ ജി.പി. രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട്. അതുൾക്കൊള്ളുന്ന താരാധിപത്യം മുതൽ വിതരണ ശൃംഖല വരെ നീളുന്ന സാമ്പത്തിക വ്യവ്യസ്ഥയെ മറികടക്കുന്ന കാലമാണു ഇക്കാണുന്നത് എന്നുമാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ആർക്കും സിനിമയെടുക്കാനും അതു വിതരണം ചെയ്യാനും കഴിയുന്ന ജനാധിപത്യത്തെക്കൂടി ഒടിടി മുന്നോട്ടു വയ്ക്കുന്നു എന്നും അഭിപ്രായം ഉയരുന്നു. ഒടിടി എന്നത് കോവിഡ് കാലത്ത് പൊട്ടിമുളച്ച ഒന്നല്ല. ഒരു ദശകത്തോളമായി ഇവിടെയുള്ളതാണ്. കോവിഡ് കാലം അതിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയെന്നു പറയാം. 

നല്ല സിനിമകളെ ഉച്ചപ്പടങ്ങളാക്കി മാറ്റി തിയറ്റർ നൽകാതിരുന്ന പ്രവണതയെ മുതിർന്ന സംവിധായകൻ എം.പി. സുകുമാരൻനായർ അടുത്തിടെ ഒരു അഭിമുഖത്തിൽ വിമർശിച്ചിരുന്നു. അരവിന്ദന്റെ ഉൾപ്പെടെയുള്ള സിനിമകളെ ഇങ്ങനെ ക്രൂശിച്ചു എന്നും അദ്ദേഹം നിരീക്ഷിച്ചു. മികച്ച സിനിമകൾ തിയറ്റർ കിട്ടാത്തതിനാൽ ആളുകൾ കാണാതെ പോയി. എന്നാൽ ഒടിടികൾ ആ പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുന്നു. ഒരു പ്ലാറ്റ്ഫോം ലഭിക്കുന്നതോടെ മുൻഗണനകൾ കാഴ്ചക്കാർക്കു തീരുമാനിക്കാൻ കഴിയുന്ന സ്ഥിതി വന്നു. മികച്ച സിനിമയാണെങ്കിൽ കൃത്യമായും അതു പ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ച നമ്മൾ കണ്ടു. ടെലിവിഷനും തിയറ്ററിനും നൽകാൻ കഴിയാത്ത ആ ജനാധിപത്യം സിനിമയ്ക്കു ലഭിക്കാൻ ഒടിടി കാരണമായി എന്നു പറയാം. എന്നാൽ അത്ര സ്വതന്ത്രമാണോ ഒടിടി സിനിമയുടെ ഭാവി? ആരും നിയന്ത്രിക്കാനില്ലാത്ത, സിനിമയ്ക്കു സർവ സ്വാതന്ത്ര്യമുള്ള മാധ്യമമാണോ ഒടിടികൾ?

പാരസൈറ്റും സബ്ടൈറ്റിലും!

സബ്ടൈറ്റിലിങ്ങിൽ പ്രാദേശിക ഭാഷ പ്രയോഗങ്ങൾ തനിമ ചോരാതെ നിലനിർത്തുക എന്നതാണു പ്രധാന ദൗത്യമെന്ന് 185ൽ അധികം മലയാള സിനിമകൾക്ക് ഇംഗ്ലിഷ് സബ്ടൈറ്റിലുകൾ ചെയ്ത വിവേക് രഞ്ജിത്ത് പറയുന്നു. എന്നാൽ ഇംഗ്ലിഷിൽ അതേ അർഥം വരുന്ന ചില പ്രയോഗങ്ങളുണ്ടാകും. അത് പഴംഞ്ചൊല്ലുകളായോ നാട്ടു മൊഴികളായോ ഒക്കെയാവും. അതു പരമാവധി കണ്ടെത്തി ഉപയോഗിക്കാനാണു ശ്രമം. ഒരു ചെറിയ വാക്കാണെങ്കിലും ചിലപ്പോൾ മണിക്കൂറുകളോളം ശ്രമിക്കേണ്ടി വരും അതിന്റെ ലളിതമായ വാക്കു കണ്ടെത്താൻ. 

ഏറ്റവും കുറവ് ഇംഗ്ലിഷ് അറിയുന്നവരെപ്പോലും മനസ്സിൽ കണ്ടാണു സബ്ടൈറ്റിൽ എഴുതുന്നത്. നമ്മുടെ എഴുത്തു വായിച്ചു വേണം നമ്മുടെ സിനിമയുടെ ഭാഷ അവർ അറിയേണ്ടത്. മലയാള സിനിമയിൽ ടൈറ്റിൽ ക്രെഡിറ്റിനൊപ്പം സബ്ടൈറ്റിൽ ചെയ്തയാളുടെ പേര് ചേർക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടാവും. എന്നാൽ ആ പതിവ് വിദേശ രാജ്യങ്ങളിൽപ്പോലും കാണാൻ കഴിയില്ല. മലയാള സിനിമയെ ലോകം ഉറ്റു ‌നോക്കുന്ന തലത്തിലേക്ക് എത്തിച്ചത് മേൻമയുള്ള സബ്ടൈറ്റിലുകൾകൂടെയാണ്. നായാട്ട്, ദൃശ്യം, കുരുതി, മാലിക്ക്, മരയ്ക്കാർ, ആറാട്ട് തുടങ്ങി ഒട്ടേറെ  സിനിമകളുടെ സബ്ടൈറ്റിലിങ് പൂർത്തിയാക്കിയ വിവേക് രഞ്ജിത്ത് പറയുന്നു.

Vivek-Subtitle
വിവേക് ര​ഞ്ജിത്ത്

സബ്ടൈറ്റിലിങ്ങിനെ പ്രാദേശിക ഭാഷാ സിനിമകളിൽ ഇത്രയേറെ പ്രാധാന്യം വന്നത് ഒടിടി റിലീസുകളിലൂടെയാണ്. മുൻപ് അവാർഡുകൾക്ക് അയയ്ക്കുമ്പോഴോ, ജിസിസി രാജ്യങ്ങളിൽ റിലീസ് ചെയ്യാനോ മാത്രം ചെയ്തിരുന്ന സബ്ടൈറ്റിലുകൾ ഇന്ന് സിനിമകൾക്ക് റിലീസിനു മുൻപേ ആവശ്യമായി വന്നു. മലയാള സിനിമ ലോകം അറിഞ്ഞത് സബ് ടൈറ്റിൽ വായിച്ചാണ്. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജോജി തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ നിരൂപണം ലോകത്ത് പലയിടത്തു നിന്നുമായി ആളുകൾ യൂട്യൂബിൽ പങ്കുവച്ചു. ഇന്ത്യയിൽ പോലും മിക്കയിടത്തും ശ്രദ്ധിക്കപ്പെടാത്ത മലയാള സിനിമ ലോക പ്രീമിയർ നടത്താൻ പ്രാപ്തമായത് ഇക്കാലത്താണ്. അതിൽ സബ്ടൈറ്റിലിന്റെ പ്രാധാന്യം വളരെ വലുതാണ്. 

‘ലോകത്തോട് സിനിമ സംസാരിക്കുന്നത് സബ്ടൈറ്റിലൂടെയും കൂടെയാണ്, മലയാളത്തിൽ മറ്റു ഭാഷകളെക്കാൾ മികച്ച സബ്ടൈറ്റിങ് രീതി വളർന്നു കഴിഞ്ഞു’ മലയാളത്തിലെ ആദ്യ എക്സ്ക്ലൂസീവ് ഒടിടി റിലീസായ ‘സൂഫിയും സുജാതയും’ (ഷാനവാസ് നരണിപ്പുഴ) എന്ന സിനിമയ്ക്ക് സബ് ടൈറ്റിൽ ചെയ്ത സുഭാഷ് ബാബു പറയുന്നു. വൺ ഇഞ്ച് ബാരിയർ എന്നതാണ് ഇവരുടെ സബ്ടൈറ്റിൽ ബാനറിന്റെ പേര്. സംവിധായകനായ പ്രശാന്ത് വിജയയാണ് സഹസ്ഥാപകൻ. 

AWARDS-GOLDENGLOBES/
ബോങ് ജൂൻ ഹോ

ഓസ്കർ നേടിയ കൊറിയൻ ചിത്രമായ പാരസൈറ്റിന്റെ സംവിധായകൻ ബോങ് ജൂൻ ഹോ ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വീകരിച്ച ശേഷം പ്രസംഗിച്ചതിലെ ഒരു വാചകം ഇങ്ങനെയാണ്: ‘നിങ്ങൾ സ്ക്രീനിലെ സബ്ടൈറ്റിലിന്റെ ഒരിഞ്ച് ഉയരമെന്ന തടസ്സം മറികടന്നാൽ, നിങ്ങൾക്കു മുന്നിൽ സിനിമുടെ പുതിയ ലോകം തുറന്നു വരും.’ ഇംഗ്ലിഷ് ഇതര ഭാഷകൾക്ക് ലഭിക്കാതിരുന്ന പരിഗണനയെക്കൂടി പരാമർശിച്ചായിരുന്നു ബോങ് ജൂൻ ഹോയുടെ പ്രസ്താവന. അതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് രൂപം കൊണ്ട വൺ ഇഞ്ച് ബാരിയർ എന്ന കൂട്ടായ്മ ഇന്ന് 12ൽ അധികം സിനിമകളും 90ൽ  പരം ഷോട്ട് ഫിലിമുകളും സബ്ടൈറ്റിൽ ചെയ്തു കഴിഞ്ഞു.

ഒടിടി ‘ചട്ടങ്ങൾ’

ഒടിടിയിൽ സിനിമകൾ എത്തുന്നതിനു പ്രധാനമായും രണ്ടു വഴികളുണ്ട്. ആദ്യമേ ഒടിടി കരാറുണ്ടാക്കി നിർമിക്കുന്നവയും റിലീസ് ചെയ്തതോ ചെയ്യാനിരിക്കുന്നതോ ആയ ചിത്രങ്ങൾ ഒടിടിയിൽ എത്തിക്കുന്നവയും. ഇതിൽ ഒടിടി കരാർ ഉണ്ടാക്കി നിർമിക്കുന്നവയാണ് ഒറിജിനൽസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇന്ത്യയിൽ അതു വലിയ അളവിൽ വന്നു തുടങ്ങുന്നതേയുള്ളൂ. എന്നാൽ ലോക്ഡൗൺ കാലത്തുണ്ടായ ചില ചിത്രങ്ങൾ ഒടിടി റിലീസ് മാത്രം ലക്ഷ്യം വച്ചുള്ളവയായിരുന്നു. മലയാളത്തിലുൾപ്പെടെ തിയറ്ററിനു വേണ്ടി തയാറാക്കിയ സിനിമകൾ റിലീസിനു മാർഗമില്ലാതെ ഒടിടിയിൽ എത്തുന്നതും നമ്മൾ കണ്ടു. ഈ രണ്ടു തരം ചിത്രങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. 

തിയറ്ററിനു വേണ്ടി എടുക്കുന്ന സിനിമകളിലെ സൂക്ഷ്മതയോ പ്രമേയ വലിപ്പമോ പലപ്പോഴും ഒടിടി ഒറിജിനലുകൾക്കില്ല (തിയറ്റർ സിനിമകളേക്കാൾ മുകളിൽ സാങ്കേതികത്തികവുള്ളവയും ഒടിടിയിൽ വന്നു). അധികം സിനിമകളും ചെറിയ ബജറ്റിൽ തീർത്ത് പെട്ടെന്നു റിലീസ് ചെയ്യുന്നവയായതിനാൽ ഷോട്ട് ഫിലിമുകളോട് അടുത്തു നിൽക്കുന്ന അവതരണ രീതി കാണാം. എന്നാൽ സാങ്കേതികമായി വളരെ മുന്നിട്ടു നിൽക്കുകയും ചെയ്യും. മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്ന സിനിമയും തെളിമ മങ്ങാതെ ഒടിടിക്ക് എടുക്കാം. 

മൂവി ലെൻസുപയോഗിച്ച്, വൻ സന്നാഹത്തിൽ ഷൂട്ട് ചെയ്തെടുക്കുന്ന സിനിമകൾ മാത്രമാണു മുഖ്യധാര സിനിമ എന്ന കാഴ്ചപ്പാടിലും മാറ്റം വന്നു. എങ്ങനെ എടുത്തു എന്നല്ല, എന്തെടുത്തു എന്നതിലാണു കാര്യം എന്ന നിലവന്നു.  മഹേഷ് നാരായണന്റെ ‘സീ യൂ സൂൺ എന്ന സിനിമ തന്നെ ഉദാഹരണം. തിയറ്റർ റിലീസിൽ ആ സിനിമ എത്രത്തോളം പരിഗണിക്കപ്പെടുമായിരുന്നു എന്ന കാര്യം സംശയമാണ്. എന്നാൽ ഒടിടിക്കു ‘സീ യൂ സൂൺ’ സൂപ്പർ ഹിറ്റായിരുന്നു. ചെറു സ്ക്രീനിൽ കാണേണ്ട സിനിമയുടെ വ്യാകരണമാണ് ആ ചിത്രം ഉപയോഗിച്ചത്. അത്തരം സാധ്യതകൾ‌ ഒടിടി തുറന്നിട്ടു എന്നു പറയാം.

ഫ്രെയിമിൽ മാസ്ക്കും സാമൂഹിക അകലവും വന്നാൽ!

കോവിഡ് കാലം സിനിമ നിർമാണത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സംവിധായകനും നടനുമായ വിപിൻ ആറ്റ്ലി പറയുന്നതിങ്ങനെയാണ്. ‘ചെറിയ ബജറ്റിൽ സിനിമ എടുക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇക്കാലം വെല്ലുവിളിയുടേതായിരുന്നു. ജനക്കൂട്ടവും ചന്തയുമൊന്നും കൃതൃമമായി സൃഷ്ടിക്കാതെ നിലവിലുള്ളതിൽ ഷൂട്ട് ചെയ്തിരുന്ന രീതി മാറ്റേണ്ടി വന്നു. ജനക്കൂട്ടത്തിലേക്കു ക്യാമറ വച്ചാൽ മാസ്ക്കും സാമൂഹിക അകലവും ഒക്കെ കാണാം. അതു സിനിമയുടെ പ്രമേയത്തോട് ചേരുന്നില്ലെങ്കിൽ മാറ്റി എടുക്കേണ്ടി വരും. 

VIPIN-ATLEY-DIRECTOR
വിപിൻ ആറ്റ്ലി

പ്രമേയം ചിന്തിക്കുന്നതിനുതന്നെ സ്വയം നിയന്ത്രണം വന്നു. ഇക്കാലത്ത് ഷൂട്ട് ചെയ്യുന്ന സിനിമകൾ എല്ലാ കാലവും വേറിട്ടു നിൽക്കും. ഒരു ഫ്ലാറ്റ്, ഒരു വീട് തുടങ്ങി ചെറിയ സെറ്റുകളിൽ തീർക്കുന്ന സിനിമകൾ ബോധപൂർവം ആലോചിച്ച് നിർമിച്ചവയാണല്ലോ. കണ്ടന്റ് ഉണ്ടാക്കുന്നവർക്ക് അവസരങ്ങൾ കൂടുമെങ്കിലും വെല്ലുവിളി കൂടുന്നു. മുൻപ് പൂർത്തീകരിച്ച പല കഥകളും അതേപടി ഇനി സിനിമയാക്കാൻ സാധിക്കില്ല. കാഴ്ചക്കാർ മറ്റൊരു ലോകത്തിലൂടെ കടന്നു പോയി. പുതിയ കാലത്തിനൊപ്പം നിൽക്കുകയും എന്നാൽ കോവിഡ് കാലത്തിന്റെ വിരസത തോന്നിക്കാത്തതുമായ പ്രമേയങ്ങൾക്കായാണ് അന്വേഷണം.

എന്നാൽ ഒടിടി പ്രമേയത്തിനു പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടോ? പ്രത്യക്ഷത്തിൽ ഉണ്ടെന്നു പറയാമെങ്കിലും പലപ്പോഴും അങ്ങനെയല്ലെന്നും പറയേണ്ടി വരും. തിയറ്റർ എന്ന മാധ്യമത്തിന് താരത്തെ നിർണയിക്കാമെങ്കിലും അതിന്റെ ഉള്ളടക്കത്തിൽ കാര്യമായ റോൾ ഇല്ലായിരുന്നു. കഥ കേട്ട ശേഷമോ പടം കണ്ട ശേഷമോ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം തിയറ്ററുകൾക്കില്ല. എന്നാൽ കഥ രൂപീകരിക്കുന്നതു തൊട്ട് അതിൽ ഒടിടിക്ക് അഭിപ്രായമുണ്ട്. എത്തരം സിനിമകൾ വരണമെന്ന് അവർക്കു തീരുമാനിക്കാം. അതിന് അവർ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ പലപ്പോഴും ടോപ് സീക്രട്ടാണ്.

ടെലിവിഷൻ നിർണയിച്ച സിനിമ

90കളുടെ അവസാനമാണല്ലോ ടെലിവിഷൻ ശക്തി പ്രാപിക്കുന്നത്. അതിനു ശേഷം സിനിമയുടെ സാമ്പത്തിക ഘടനയിൽ ടെലിവിഷൻ കൂടി പാത്രമായി. സിനിമയുടെ വരുമാനം തിരിച്ചു പിടിക്കാനായി ടിവിയിലും സിനിമ എത്തിച്ചു. ആദ്യ കാലങ്ങളിലൊക്കെ സിനിമ റിലീസ് ചെയ്ത ശേഷം ടിവിയിലും വരുന്നു എന്നതായിരുന്നു രീതി എങ്കിൽ പിന്നീടു കാര്യങ്ങൾ മാറി. ടിവിയിൽ റിലീസ് ചെയ്യാൻ ചില ചട്ടങ്ങളൊക്കെ വന്നു. തിയറ്ററിനു വേണ്ടി മാത്രമെടുത്തിരുന്ന തരത്തിലുള്ള ലോങ് ഷോട്ടുകളൊക്കെ സിനിമകൾ നിയന്ത്രിച്ചു. ക്ലോസപ് ഷോട്ടുകൾ അനിവാര്യതയായി മാറി. വലിയ വിദൂര ദൃശ്യങ്ങൾ ടിവി സ്ക്രീനിൽ വ്യക്തമാകാത്തതിനാലായിരുന്നു അത്. ഭാവങ്ങൾ പരമാവധി ക്ലോസപ്പിൽ വന്നില്ലെങ്കിൽ ഒട്ടുമിക്ക പേർക്കും മനസ്സിലാകാതെ വന്നു. ആരും അടിച്ചേൽപ്പിച്ചതല്ല ഇതൊന്നും. കാലക്രമേണ ആ മാധ്യമങ്ങൾ പരസ്പരം കൈമാറ്റം ചെയ്തവയാണ്. അത്തരം മാറ്റങ്ങൾ തന്നെയാണ് ഒടിടി പ്ലാറ്റ്ഫോമുകളും ആവശ്യപ്പെടുന്നത്.

കണക്കിലാണു കളി

കാഴ്ചക്കാരെക്കുറിച്ചുള്ള വിവരങ്ങളാണ് ഒടിടിയുടെ ആയുധം. ഏത് ഒടിടി പ്ലാറ്റ്ഫോമിനായാലും അവരുടേതായ ഡേറ്റ ബേസുണ്ടാകും. ഏതൊക്കെ സിനിമകൾ ഏതൊക്കെ പ്രായക്കാർ കണ്ടുവെന്നും എത്ര സമയം കണ്ടുവെന്നും അവർക്കു കണ്ടെത്താം. ചില ഭാഷകളിൽ ക്രൈം സിനിമയേക്കാൾ പ്രണയ സിനിമ ആളുകൾ കാണുന്നുണ്ടെങ്കിൽ ആ കണക്കും അവർക്കു ലഭിക്കും. അവർ അജണ്ട സൃഷ്ടിച്ച് അടിച്ചേൽപ്പിക്കുമെന്നല്ല. എന്നാൽ കൂടുതൽ ‘ഹിറ്റ്’ കിട്ടുന്ന സിനിമകൾ സിനിമകൾ കൂടുതലായി പ്രോത്സാഹിപ്പിക്കും. സ്വാഭാവികമായും സംവിധായകർ അത്തരം സിനിമകൾ നിർമിക്കാൻ ശ്രദ്ധിക്കും. ഒരു പരീക്ഷണ സിനിമ ചെയ്ത് പ്രേക്ഷകനു വിട്ടു കൊടുക്കുന്ന ലാഘവം ഒടിടിയിൽ അത്ര എളുപ്പമല്ല. ആദ്യം ആ കച്ചവടം നടക്കണം. എന്നിട്ടു മാത്രമേ പരീക്ഷണത്തിനു പ്രസക്തിയുള്ളു (മുൻകൂർ പണം നൽകാതെ പ്രേക്ഷകർ കാണുന്നതിനനുസരിച്ച് ലാഭം വീതിക്കുന്ന രീതിക്ക് ഇതു ബാധകമല്ല)

Adoor-Gopalakrishnan
അടൂർ ഗോപാലകൃഷ്ണന്‍

സംവിധായകൻ‍ അടൂ‍ർ ഗോപാലകൃഷ്ണൻ, ശശി തരൂരുമായുള്ള ഒരു അഭിമുഖത്തിൽ തന്റെ ഒടിടി സങ്കൽപ്പങ്ങൾ വിശദീകരിക്കുന്നുണ്ട്. ‘ചെറു സ്ക്രീനിൽ സിനിമ കാണുക എന്നാൽ സങ്കടകരമായ സാഹചര്യമാണ്. മൊബൈൽ സ്ക്രീനിൽ നിങ്ങൾ സിനിമ കാണുന്നില്ല. കേൾക്കുന്നേയൂള്ളൂ. എന്റെയൊരു സിനിമ മൊബൈലിലാണു നിങ്ങൾ കണ്ടതെങ്കിൽ നിങ്ങൾ ആ സിനിമ കണ്ടതേയില്ല’. ചെറിയ സ്ക്രീനിൽ സിനിമയുടെ സൂക്ഷ്മത നഷ്ടപ്പെടുന്നതും ആ സിനിമ എന്ന മാധ്യമത്തിന്റെ പ്രസക്തിയില്ലാതാവുന്നതുമാണ് അടൂർ പങ്കുവച്ച ആശങ്കകൾ.

GIREESH-AD-DIRECTOR
ഗിരീഷ് എ.ഡി.

എന്നാൽ മലയാളത്തിൽ ഒടിടി സംസ്കാരത്തെ വിലയിരുത്താൻ സമയമായിട്ടില്ലെന്നാണ് തണ്ണീർ മത്തൻ ദിനങ്ങൾ സംവിധായകൻ ഗിരീഷ്. എ.ഡി. പറയുന്നത്. ‘സിനിമയുടെ പ്രമേയത്തെ ഒടിടി എങ്ങനെ സ്വാധീനിക്കും എന്നു പറയാൻ ഇനിയും സമയം എടുക്കും. മലയാളത്തിൽ ശരിക്ക് ഒടിടി സംസ്കാരം വന്നു തുടങ്ങി എന്നു പറയാൻ കഴിയില്ല. തിയറ്ററുകൾ അടഞ്ഞു കിടന്നപ്പോൾ ചില ചിത്രങ്ങൾ ഒടിടിയിൽ എത്തി എന്നു മാത്രം. എന്തായാലും ഗുണമോ ദോഷമോ എന്ന ചർച്ച തന്നെ ഇപ്പോൾ അപ്രസക്തമാണ്. ഒടിടി കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനോട് ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല. ഒടിടി കൃത്യമായി സിനിമകളെ തിരഞ്ഞെടുത്തു തുടങ്ങുമ്പോൾ മാത്രമേ ആളുകൾ തിയറ്ററിൽ പോകുന്നതു കുറയുമോ, തിയറ്ററും ഒടിടിയും സമാന്തരമായി നിലനിൽക്കുമോ എന്നൊക്കെ പറയാൻ സാധിക്കൂ.’ ഗിരീഷ് കൂട്ടിച്ചേർത്തു.

പ്രേക്ഷകൻ എന്ന എഡിറ്റർ

എന്നാൽ കാഴ്ച ശീലത്തിൽ ഒടിടി വരുത്തിയ കാതലായ ചില മാറ്റങ്ങളുണ്ട്. തെറ്റോ ശരിയോ എന്നറിയില്ലെങ്കിലും ഫാസ്റ്റ് ഫോർവേഡ് അടിച്ചു കളഞ്ഞു സിനിമ കാണുന്ന രീതിയാണ് അതിലൊന്ന്. ഇഷ്ടമില്ലാത്ത അവതരണമോ, പ്രവചനാത്മകമായ രംഗങ്ങളിലോ കത്രിക വയ്ക്കാൻ പ്രേക്ഷകനു സാധിക്കുന്നു. ടെലിവഷനോ തീയറ്ററോ നൽകാത്ത ഒരു സ്വാതന്ത്ര്യമാണത്. ഞാൻ കാണുന്ന സിനിമയുടെ എഡിറ്റർ ഞാൻ തന്നെയാണ് എന്ന ബോധമാണത്. കൂടുതൽ പേർ അടിച്ചു കളയാതെ കണ്ടു തീർത്ത സിനിമയായിരിക്കും ഇനി ശരിക്കും ഹിറ്റ് സിനിമ. 

ഒരു സെക്കന്‍ഡ് പോലും ഉഴപ്പാതെ സ്ക്രീനിൽ നോക്കിയിരിക്കുന്ന ചിത്രങ്ങളെടുക്കാൻ സംവിധായകർ വിയർപ്പൊഴുക്കേണ്ടി വരും. ഒടിടിയിലല്ല, തിയറ്ററിൽ കയ്യടി കിട്ടാതെ ഒരാളും സൂപ്പർ സ്റ്റാറാവില്ലെന്ന് ഷേണായീസ് തിയറ്റർ മാനേജിങ് പാർടനറായ സുരേഷ് ഷേണായീസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശരിയാണ്, സൂപ്പർ സ്റ്റാറുകൾ തിയറ്ററിൽ പിറക്കുന്നു. എന്നാൽ അവരെ ഒടിടിയിലും ആളുകൾ ഉരച്ചു നോക്കും. വലിയ സ്ക്രീനിൽ പൊലിമയ്ക്കാണു കയ്യടിയെങ്കിൽ ഓരോ സെക്കന്റിലും കഴമ്പുള്ള കണ്ടന്റിനായിരിക്കും ഒടിടിയിൽ ലൈക്കടി. ഒരുപക്ഷേ തിയറ്ററുകൾ തുറക്കുന്നതോടെ ഒടിടി റിലീസുകൾ കുറയും. തിയറ്ററുകളിൽ ഓളമുണ്ടാക്കുന്ന സിനിമകൾ പിന്നീട് ഒടിടികളിൽ വരുമായിരിക്കും. എന്നാലും തിയറ്ററുകളും ഒടിടിയും ടെലിവിഷനും ചേർന്നു സിനിമാ മേഖലയിൽ സൃഷ്ടിക്കുന്ന പുതിയ സാമ്പത്തിക ക്രമം വരുംവർഷങ്ങളിൽ മലയാള സിനിമയുടെയും തിരക്കഥ രചിക്കും.

English Summary: How OTT Platforms are Going to Change the Face of Malayalam Cinema?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA