‘അതുക്കും മേലേ’ എന്ന് ശങ്കറിന്റെ ‘ഐ’ എന്ന സിനിമയില്‍ വില്ലനായ സുരേഷ്‌ഗോപിയുടെ പഞ്ച് ഡയലോഗ് പോലെയാണ് ഓണ്‍ലൈന്‍ പ്രതലത്തില്‍ ലഭ്യമാക്കുന്ന വിഡിയോ ഉള്ളടക്കങ്ങള്‍ക്കും അവ ലഭ്യമാക്കുന്ന സൈബറിടത്തിനും ഓവര്‍ ദ് ടോപ്പ് എന്ന പേരുവിളിക്കുന്നത്. വാസ്തവത്തില്‍, ചിന്തയില്‍ അശ്ലീലം നിറയ്ക്കുന്ന വികടസരസ്വതിയാണ് ഈ പേര്. ഡിജിറ്റല്‍ വിഡിയോ ശേഖര / വിതരണകേന്ദ്രത്തിന് യാതൊരു തരത്തിലും യോജിക്കാത്തൊരു പേര്. ഒടിടി എന്ന ഹ്രസ്വനാമത്തിലറിയപ്പെടുന്ന ഈ പ്ലാറ്റ്‌ഫോമിനെ ഡിജിറ്റല്‍ വിഡിയോ പ്ലാറ്റ്‌ഫോം എന്നേ വിളിക്കൂ എന്നു വാശിയോടെ നിഷ്‌കര്‍ഷിക്കുന്ന പ്രമുഖരുടെ നിര ഇന്ത്യയില്‍ത്തന്നെ ധാരാളം. പേരിലെന്തിരിക്കുന്നുവെന്നു ചിന്തിച്ചാലും ഒടിടി ഇന്ത്യയിലും പലരുടെയും ഉറക്കം കെടുത്തുകയും വിവാദങ്ങളില്‍ ഒന്നിനുപിറകെ ഒന്നായി ഇടം നേടുകയും ചെയ്യുന്നുണ്ട് എന്നത് പകല്‍ പോലെ സത്യം. ഉള്ളടക്കത്തിലെ രാഷ്ട്രീയം മുതല്‍ മത, സാമൂഹിക, ലൈംഗിക വ്യവസ്ഥകളുടെ സെന്‍സര്‍ഷിപ്പില്ലാത്ത ആവിഷ്‌കാരസാധ്യതകള്‍ വരെ സദാചാരവാദികളെയും ഭരണാധികാരികളെയും ഒരുപോലെ അലോസരപ്പെടുത്തുന്നുണ്ട്.
പ്രേക്ഷകനെ സ്വന്തം ആപ്പ്/സൈറ്റ് പൂമുഖത്ത് ഉള്ളടക്കം കൊണ്ട് കെട്ടിവരിഞ്ഞു നിര്‍ത്തുന്ന ബിംഗ് വ്യൂയിങ് (binge viewing) എന്ന നവമാധ്യമാടിമത്തത്തിന് നേതൃത്വം നല്‍കുന്ന ഒടിടികളിലേക്ക് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ പോലൊരു മഹാസിനിമ വരെ വരികാത്തുനില്‍ക്കുമ്പോഴും ചെറിയ സ്‌ക്രീനിലെ ചലച്ചിത്രക്കാഴ്ചയുടെ ഗുണദോഷങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ഇനിയുമായിട്ടില്ല ശമനം. ഇന്ത്യന്‍ ചലച്ചിത്രവേദിയുടെ അഭിമാനമായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വരെ ഇക്കാര്യത്തിലുള്ള വിയോജിപ്പ് പരസ്യമാക്കിക്കഴിഞ്ഞു.
അതിനിടെ ഹിന്ദിയിലും തമിഴിലും മലയാളത്തിലുമടക്കം തിയറ്ററിലിറങ്ങിയതും അല്ലാത്തതുമായ സിനിമകള്‍ ഒന്നിനു പിറകെ ഒന്നൊന്നായി ഒടിടികളില്‍ തുടര്‍ച്ചയായി റിലീസായിക്കൊണ്ടും, പലതും വമ്പന്‍ ഹിറ്റുകളായിക്കൊണ്ടുമിരിക്കുന്നു. കോവിഡാനന്തരം 50% ആളുകളുമായി തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിക്കഴിഞ്ഞ നിലയ്ക്ക് ഇനി എന്തായിരിക്കും ഒടിടിയുടെ ഭാവി? അഥവാ എന്തായിരിക്കും സിനിമയുടെ ഭാവി? ഒടിടികള്‍ക്കായി നിര്‍മിക്കപ്പെടാനായിരിക്കുമോ അവയുടെ വിധി? അങ്ങനെങ്കില്‍ തിയറ്ററുകളുടെ ഭാവിയെന്താവും?
ഇവ്വിധം ഒരു ചര്‍ച്ചയ്ക്കു തന്നെ പ്രസക്തിയില്ല എന്നാണ് വാസ്തവം. കാരണം, ട്രാക്ടര്‍ വന്നപ്പോള്‍ കൃഷിക്കാര്‍ സമരത്തിനിറങ്ങിയതുപോലെ, ടിവി വന്നപ്പോള്‍ പത്രങ്ങള്‍ പൂട്ടിപ്പോകുമെന്നു പറഞ്ഞതുപോലെ, ഇന്റര്‍നെറ്റും കണ്‍വേര്‍ജന്‍സും സാധ്യമായതോടെ ഇനി പരമ്പരാഗത മാധ്യമങ്ങളുടെ അന്ത്യമായെന്നു പ്രവചിച്ചതുപോലെ അർഥമില്ലാത്തൊരു താരതമ്യമോ പ്രവചനമോ മാത്രമായിരിക്കും അത്. കാരണം അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുളളവര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ യാഥാർഥ്യത്തിന്റെ പലമടങ്ങു വലുപ്പത്തില്‍ വെള്ളിത്തരയില്‍ തെളിയുന്ന ചലച്ചിത്രദൃശ്യങ്ങളിലെ ഡീറ്റെയ്‌ലിങ് ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണുകളുടെ ആറിഞ്ചിലും ഒരിക്കലും വെളിപ്പെടുന്നതല്ല.
ആ അർഥത്തില്‍ സിനിമയുടെ ആസ്വാദനത്തില്‍ ഒടിടി സമ്പൂര്‍ണാര്‍ഥത്തില്‍ പൂര്‍ണമല്ലതന്നെ. എന്നാല്‍, പഴ്‌സനല്‍ വ്യൂയിങ് എക്‌സ്പീരിയന്‍സ് എന്ന നിലയ്ക്ക് വ്യക്തിപരമായ ആസ്വാദനത്തില്‍ അത് മുമ്പില്ലാത്തവിധം ചില സ്വകാര്യത പ്രദാനം ചെയ്യുന്നുണ്ട്, അതുപോലെ തന്നെ ഏകാഗ്രതയും. റെക്കോര്‍ഡിങും മിക്‌സിങും സൗണ്ട് ഡിസൈനിങും ചെയ്യുന്നവര്‍ ശബ്ദത്തിന്റെ നേരിയ വേര്‍തിരിവുകളും വ്യതിയാനങ്ങളും പോലും തിരിച്ചറിയുന്നതും ഉള്‍ക്കൊള്ളിക്കുന്നതും ഒഴിവാക്കുന്നതും ശക്തിയേറിയ ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് ചെവിയോര്‍ത്തിട്ടാണ്. ഇതേ നിലവാരമുള്ള കേള്‍വിയാണ് വ്യക്തിഗത കംപ്യൂട്ടറുകളും മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും സമ്മാനിക്കുന്നത്.
സറൗണ്ട് ശബ്ദപഥമുപയോഗിച്ചുള്ള ചില ദൃശ്യശകലങ്ങളും ഗാനാലേഖനങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചുകിട്ടുമ്പോള്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചു മാത്രം ആസ്വദിക്കുക എന്ന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ശ്രദ്ധിക്കുക. ശബ്ദപഥത്തിലെ ഏറ്റക്കുറച്ചിലുകളുംമറ്റും തിയറ്ററുകളിലേതിനേക്കാള്‍ സൂക്ഷ്മമായി വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒടിടി പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമാവുന്ന ഡിജിറ്റല്‍ കണ്ടന്റിന് നല്‍കാനാവും എന്നത് ഒരു വസ്തുതയാണ്. തിയറ്ററുകളുടെ കാര്യത്തിലാവുമ്പോള്‍, വന്‍ മുതല്‍മുടക്കില്‍ തിയറ്ററുടമകള്‍ സ്ഥാപിച്ചിട്ടുള്ള ശബ്ദ/പ്രദര്‍ശന സാങ്കേതികസൗകര്യങ്ങളെ ആശ്രയിച്ചായിരിക്കും ആസ്വാദനം.
ഉന്നത ഗുണനിലവാരമുള്ള പ്രദര്‍ശന ശബ്ദ സംവിധാനം ഒരുക്കിയിട്ടുള്ള തിയറ്ററുകളില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതുപോലെയാവില്ല, ഒരേ സിനിമ തന്നെ അത്രയും നിലവാരമില്ലാത്ത പ്രദര്‍ശനശാലയില്‍ പ്രേക്ഷകന് അനുഭവവേദ്യമാകുക. ഒരു തിയറ്ററില്‍ തന്നെയുള്ള ഒരു കൂട്ടത്തിനു മൊത്തം ഇത് ബാധകവുമാണ്. എന്നാല്‍ ഒടിടിയുടെ കാര്യത്തില്‍ യന്ത്രത്തിന്റെ ഗുണനിലവാരം എന്നത് തീര്‍ത്തും വ്യക്തിഗതമാണ്. നഗരത്തിലെ തന്നെ രണ്ടു തിയറ്ററുകളില്‍ ഏതാണ്ട് സമാന വില നല്‍കി സിനിമ കാണുന്ന രണ്ടു പ്രേക്ഷകക്കൂട്ടത്തിന് ഒരേ സിനിമ രണ്ടു നിലവാരത്തില്‍ ഗുണപരമായി പരിണമിക്കുന്ന വൈരുദ്ധ്യം ഇവിടെ ബാധകമാവില്ല. കാരണം യന്ത്രമെന്നത് തീര്‍ത്തും വ്യക്തിപരമായ ചോയ്‌സ് ആയിരിക്കുമ്പോഴും അത് പരക്കെ ഒരു കൂട്ടത്തിന് ബാധകമായി വരുന്നില്ല.
നിര്‍മാണത്തിലും പ്രദര്‍ശനത്തിലും ആസ്വാദനത്തിലും ഉള്‍ക്കൊള്ളുന്ന ജനാധിപത്യവല്‍ക്കരണമാണ് ഒടിടിയെ നാളെയുടെ തിരയിടമാക്കിത്തീര്‍ക്കുന്ന പ്രധാന ഘടകം. സിനിമ ഇതര കലാരൂപങ്ങളില്‍നിന്നു വിഭിന്നമായി ഇത്രമേല്‍ ജനകീയവും ബഹുജനമാധ്യമവുമായിത്തീര്‍ന്നതിനു കാരണം അതിന്റെ അപ്രാപ്യതകൂടിക്കൊണ്ടാണ്. യാഥാർഥ്യത്തില്‍നിന്ന് പലമടങ്ങു വലുപ്പത്തിലെന്നപോലെ വെളിച്ചത്തില്‍ത്തന്നെ കൂടുതല്‍ പ്രകാശം പകര്‍ന്നു ചിത്രീകരിച്ച് ഇരുട്ടില്‍ അതിലും പ്രകാശം പരത്തി കാണിക്കുന്ന സിനിമയുടെ നിര്‍മാണത്തിലെ നിഗൂഢതയാണ് അതിനെ ഇത്രമേല്‍ ആരാധനയുള്ളൊരു മാധ്യമമായിത്തീര്‍ത്തത്.
എഴുത്തുകാരനാവാന്‍ ആര്‍ക്കുമാവുമെങ്കിലും പ്രസിദ്ധീകരിക്കാന്‍, പ്രസിദ്ധീകരിച്ചത് പുസ്തകമാക്കാന്‍ ഭാഗ്യമുള്ളവര്‍ കുറവായിരിക്കുകയും അക്കാരണം കൊണ്ടുതന്നെ താരങ്ങളായിത്തീരുകയും ചെയ്യുന്ന സാഹിത്യത്തിനു സമാനമായി ഇതിനെ ഉദാഹരിക്കാം. എഴുതുന്നതെന്തും പ്രസിദ്ധീകരിക്കാന്‍ ബ്‌ളോഗും സമൂഹമാധ്യമങ്ങളും മാത്രമല്ല, അവയില്‍ പ്രസിദ്ധീകരിച്ചതു പോലും പ്രിന്റ് ഓണ്‍ ഡിമാന്‍ഡ് സാങ്കേതികതയിലൂടെ ഒറ്റപ്രതി മാത്രമായിപ്പോലും പുസ്തകമാക്കാന്‍ സാധിച്ചതോടെ എഴുത്ത് ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതുപോലെയാണ് സൈബറിടം സിനിമയുടെ നിര്‍മിതിയുടെയും കാഴ്ചയുടെയും രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നത്. വന്‍കിട സിനിമാക്കാര്‍ വരെ ഒടിടിയുടെ സാധ്യതകളിലേക്കു വരുന്ന കാലമാണ് വരാന്‍ പോകുന്നത് എന്ന് യുവസംവിധായകനും നടനുമായ പൃഥ്വിരാജിനെപ്പോലൊരാള്‍ പറയുന്നത് അതു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്.
ഇന്ത്യ കണ്ട ഏറ്റവും ബ്രഹ്‌മാണ്ഡമായ പണംവാരി പടം ‘ബാഹുബലി’ ഒരിക്കലും മിനിസ്‌ക്രീനിനോ മൈക്രോ സ്‌ക്രീനിനോ വേണ്ടി നിര്‍മിക്കപ്പെട്ടതല്ല. എന്നാല്‍ മൈക്രോ സ്‌ക്രീനുകളുടെ ഡിജിറ്റല്‍ പൈറസി അടക്കമുള്ളവയെ മറികടന്ന് അത് മുടക്കുമുതലും ലാഭവും നേടിയതിനു പിന്നില്‍ പ്രമേയത്തിലും ആവിഷ്‌കാരത്തിലും അതുവരെ കണ്ടിട്ടില്ലാത്ത വിദഗ്ധമായൊരു ആസൂത്രണമുണ്ട്. കഥപറച്ചിലിന്റെ എല്ലാ സാമ്പ്രദായിക മാതൃകകളെയും തള്ളിക്കളഞ്ഞ് അവസാനം ആദ്യവും ആദ്യം അവസാനവുമായി മറിച്ചും തിരിച്ചുമിട്ട് ഒറ്റയടിക്കു ചിത്രീകരിച്ച സിനിമയെ രണ്ടു ഭാഗങ്ങളാക്കി കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? എന്ന നിര്‍ണായകമായ ചോദ്യവുമായാണ് ആ സിനിമ രണ്ട് എപ്പിസോഡ് പരമ്പര പോലെ വിജയം നേടിയത്. എണ്‍പതുകളില്‍ കേരളത്തില്‍ ആഴത്തില്‍ വേരോടിയ ജനപ്രിയ നോവലുകളുടേതിനു സമാനമായ പ്രതിഭാസമായി വേണം ബിംഗ് വ്യൂയിങ് എന്ന ഒടിടി കാഴ്ചാടിമത്തത്തെ വിലയിരുത്താന്‍.
ഇവിടെ, ഇന്ത്യന്‍ മിനിസ്‌ക്രീനിന്റെ ചരിത്രം കൂടി പ്രസക്തമാവുന്നു. ഇന്ത്യ അതുവരെ കണ്ട സ്‌പെക്ടാക്കുലറായ ബ്രഹ്‌മാണ്ഡ ദൃശ്യനിര്‍മിതികളായ രാമാനന്ദ സാഗറിന്റെ രാമായണവും ബി.ആര്‍. ചോപ്രയുടെ മഹാഭാരതവും ബിഗ് സ്‌ക്രീനിനെ ലക്ഷ്യമാക്കി നിര്‍മിച്ചവയല്ല. അവയൊക്കെ ഒരു മണിക്കൂര്‍ പരമ്പരകളായി ആഴ്ചതോറും പ്രേക്ഷകര്‍ക്കു മുന്നില്‍ ടെലിവിഷനിലൂടെയാണെത്തിയത്. തീര്‍ച്ചയായും ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉത്ഭവവികാസത്തിനു മുമ്പുള്ള ആ കാലം ദൃശ്യമോഷണങ്ങള്‍ക്കു വിധേയമായിരുന്നില്ലെന്ന കാര്യം പരിഗണിക്കപ്പെടേണ്ടതുണ്ട്. എന്നിരുന്നാലും മുടക്കുമുതല്‍ രണ്ടോ രണ്ടരയോ മണിക്കൂറിനു മാത്രമായി ഒതുക്കാതെ ഒറ്റത്തവണ മുടക്കും ആവര്‍ത്തിത മുടക്കുമെന്നു തരംതിരിച്ച് ഒറ്റത്തവണ മുടക്കിനെ പലതായി മുതലാക്കാനും വീണ്ടെടുക്കാനുമാണ് പരമ്പരകള്‍ ശ്രമിച്ചത്.
‘ബാഹുബലി’ ആദ്യഭാഗം മോഷ്ടിക്കപ്പെട്ട് ടെലഗ്രാമിലൂടെയും അല്ലാതെയും പ്രചരിച്ചാല്‍ പോലും അടുത്ത സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കേണ്ടി വന്നു പ്രേക്ഷകന്. ഒരേ മുടക്കുമുതല്‍ ഇങ്ങനെ എപ്പിസോഡുകളായി തിരിച്ചുപിടിക്കുന്ന സാമ്പത്തികതന്ത്രമാണ് വെബ് പരമ്പരകളും വെബ് സിനിമകളും ഒടിടികളില്‍ ചെയ്യുന്നത്. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ പോലൊരു മെഗാസിനിമ നാലോ നാലരയോ മണിക്കൂര്‍ നേരത്തേക്ക് ചിത്രീകരിച്ച് അത് നാല് എപ്പിസോഡുകളാക്കി ഓരോന്നിന്റെയും അവസാനം പരിണാമഗുപ്തി സഹിതം വെബ് പരമ്പരയായി ഒടിടി വഴി റിലീസാക്കിയാല്‍ ഉണ്ടാകാവുന്ന തരംഗവും വിപണിമൂല്യവും ആലോചിച്ചുനോക്കുക.
ലോകത്തെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ബ്രഹ്‌മാണ്ഡമായ സിനിമാവിപണിയാണ് ഇന്ത്യ. പക്ഷേ, അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയിലെ സിനിമാവ്യവസായത്തിന്റെ മൊത്തം വാര്‍ഷികവളര്‍ച്ച മൈനസ് 2.6 ശതമാനമായി ചുരുങ്ങുമെന്ന് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. അഞ്ചുവര്‍ഷം കൊണ്ട് ഒടിടി വിഡിയോയില്‍ ഉണ്ടാകാവുന്ന വളര്‍ച്ച 5.2 ശതമാനമാവുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. കോവിഡ് തരംഗത്തിനു മുമ്പ് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് മീഡിയ എം.ആന്‍ഡ് ഇ. ഔട്ട്‌ലുക്ക് 2020-2024ല്‍ നടത്തിയ സര്‍വേ പ്രകാരം ഇന്ത്യന്‍ മാധ്യമ-വിനോദ മേഖല പ്രതിവര്‍ഷം 10.1 ശതമാനം വളര്‍ന്ന് 2024 ആകുമ്പോഴേക്കും 5500 കോടി ഡോളറിന്റെ (400000 കോടി രൂപ)യായി വ്യവസായമായി മാറും. ഒടിടി, ഇന്റര്‍നെറ്റ് പരസ്യമേഖല സ്‌പോര്‍ട്‌സ്, സംഗീതം പോഡ്കാസ്റ്റ് എന്നിവയായിരിക്കും നയിക്കുക. ഏറ്റവും വലിയ നേട്ടം ഒടിടിക്കാവുമെന്നും പഠനം പറയുന്നു.
2024 ആവുമ്പോഴേക്ക് 5.2% വളര്‍ച്ചയുണ്ടാകുന്ന ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ മറികടന്ന് ആറാം സ്ഥാനത്താവും ഇന്ത്യ, സബ്സ്ക്രിപ്ഷനില്‍ പ്രതിവര്‍ഷം 30.7 % വര്‍ധനയാണ് ഉണ്ടാവുക. 2019–ല്‍ 7.08 കോടിയായിരുന്ന സബ്‌സ്‌ക്രിപ്ഷന്‍ 2024ല്‍ 270 കോടിയാകുമെന്നും പഠനം പറയുന്നു. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതുതലമുറയിലെയും പഴയ തലമുറയിലെയും സാമ്പത്തിക ശാസ്ത്രമറിയാവുന്നവരും സ്വന്തം ഉള്ളടക്കത്തിന്മേല്‍ ആത്മവിശ്വാസമുള്ളവരുമായ സംവിധായകരും നിര്‍മാതാക്കളും ഒടിടി അനുകൂല സമീപനം സ്വീകരിക്കുന്നതും അതിനെ ഭാവിയുടെ സാധ്യതയായി ഉറ്റുനോക്കുന്നതും.
(ചലച്ചിത്ര നിരൂപകനാണ് ലേഖകൻ)