ADVERTISEMENT

ഏകദേശം ഇരുപത്തൊന്നു മാസക്കാലത്തെ ഇടവേളയ്ക്കു ശേഷം സകുടുംബം തിയറ്ററിൽ കണ്ട് മനസ്സുനിറഞ്ഞ് ഇറങ്ങിയ ചിത്രം. പേരിൽ തുടങ്ങി ക്ലൈമാക്സിൽ വരെ കൗതുകം ഒളിപ്പിച്ചിരിക്കുന്ന ഈ കുഞ്ഞു ചിത്രം വളരെ ബൃഹത്തായ, മാനവികത എന്ന സന്ദേശമാണ് മാലോകർക്ക് നൽകുന്നത് .

 

തീർത്തും പച്ചയായ മനുഷ്യരുടെ (മനുഷ്യ ജീവിതം എല്ലായിടത്തും ഒരുപോലെ എന്നത് മറക്കുന്നില്ല) പ്രതിസന്ധിഘട്ടങ്ങളും നർമം നിറഞ്ഞ മുഹൂർത്തങ്ങളും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും തീർത്തും സാന്ദർഭികമായ ധാരകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു ചിദംബരം എന്ന ഹ്യുമാനിറ്റേറിയൻ ആയ സംവിധായകൻ. ചിരിപ്പിച്ചു, കരയിച്ചു ചിന്തോദ്ദീപകമായി വർത്തിക്കാൻ പ്രാപ്തമായവയാണ് ഇതിലെ എല്ലാ സംഭവങ്ങളും.

 

ഏകാന്തത എന്ന ജീവിത പ്രതിസന്ധിയെ അങ്ങേയറ്റം രസകരമായി അവതരിപ്പിച്ചിരിക്കുന്നു ബേസിൽ. പ്രവാസികളുടെ സംഘർഷങ്ങൾ പലപ്പോഴും ചുറ്റുമുള്ളവർ വിലകുറച്ചു കാണാറുണ്ട്. പണം കൊണ്ട് എല്ലാം ലഭിക്കും എന്ന ധാരണയാവാം ഇത്തരം ചിന്താഗതിക്ക് വഴിവെട്ടുന്നത്. ‘ഇവനെന്തിന്റെ കുറവ്’ എന്ന ഭൗതിക വാദം മാത്രമാണിതിന്റെ പിന്നിൽ. എന്നാൽ പോസിറ്റീവ് ആയ നിമിഷങ്ങൾ, തലോടൽ, വൈകാരികമായ റീചാർജിങ് ഒക്കെ ഒരു മനുഷ്യന്റെ സൗഖ്യത്തിന് എത്ര പ്രധാനപ്പെട്ടതാണ് എന്ന് ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ബേസിൽ അവതരിപ്പിക്കുന്ന, പേരിൽ മാത്രം സന്തോഷമുള്ള, വിഷാദരോഗത്തിനു മരുന്ന് കഴിക്കുന്ന ജോയ് മോൻ എന്ന കഥാപാത്രം.

 

മനുഷ്യരിൽ സ്പർധയുളവാക്കുന്ന കാര്യങ്ങളും മനുഷ്യരെ ചേർത്ത് നിർത്തുന്ന കാര്യങ്ങളും; ഈ വൈരുധ്യങ്ങൾ ചേർത്ത് ഊടും പാവും നൽകി നെയ്തിരിക്കുന്ന തിരക്കഥ മികവുറ്റതുതന്നെ. നല്ലത്, ചീത്ത എന്ന മൂല്യങ്ങളൊക്കെ പുതിയ നിർവചനം തേടുന്ന ഈ കാലത്ത് എല്ലാ മനസ്സുകളിലും ആശയങ്ങൾ മത്സരിച്ചു കലാപം സൃഷ്ടിക്കുന്നു. വളരെ ലളിതമായി ദീന വാത്സല്യമോലും മാനവമതാനുയായി ആകണം മനുഷ്യർ എന്ന ചിന്തയാണീ ചിത്രത്തിലെ ‘പ്രണയം’ നമ്മോടു പറയുന്നത് 

 

കുടുംബം എന്ന വ്യവസ്ഥയുടെ ഘടന ഒരു മനുഷ്യന്റെ പ്രകൃതം രൂപീകരിക്കുന്നതിൽ വളരെ പ്രാധാന്യം വഹിക്കുന്ന ഒന്നാണ്. ഇതിലെ മോനിച്ചൻ (ബാലു വർഗീസ്) അതിനൊന്നാന്തരം ദൃഷ്ടാന്തം ആണ്. ചെറു പ്രായത്തിൽ വലിയ ഉത്തവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നവർക്ക് സ്നേഹം പുറമേക്ക് പ്രകടിപ്പിക്കുവാൻ പലപ്പോഴും കഴിയാറില്ല. അക്കാരണത്താൽ അവർ തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. ധാരണകൾ തിരുത്താൻ കഴിയുന്നവനേ മനുഷ്യനായി ജീവിച്ചു മരിക്കാൻ കഴിയൂ. ഇതേ ഉത്തരവാദിത്തം വളരെ ഭംഗിയായി നിറവേറ്റാൻ കഴിയുന്ന അയൽക്കാരനാണ് ശത്രു കൂടിയായ സമ്പത്ത് (അർജുൻ അശോകൻ). കാരണം അയാൾക്ക്‌ കുടുംബത്തിന്റെ പിന്തുണയുണ്ട്.

 

ഇങ്ങനെയുള്ള ദ്വന്ദ്വങ്ങളാണ് പ്രേക്ഷകരെ ചരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്. നമ്മൾ ആഗ്രഹിക്കുന്ന ആഘോഷങ്ങൾക്ക് ആളെ വിളിച്ചു കൂട്ടാൻ പാടുപെടുമ്പോൾ, ആരും ക്ഷണിക്കാതെ ഒരുപാടു പേർ വന്ന് ഏകമനസ്സായി വർത്തിക്കുന്ന, സമൂഹമായി ചേർത്തു നിർത്തുന്ന ‘മരണം’ എന്ന പരമസത്യമാണ് ഈ ചിത്രത്തിന്റെ നെടുംതൂൺ . 

 

‘പാലും പഴവും കൈകളിലേന്തി’ വന്ന ഗണപതി എന്ന ബാലതാരം ഡോക്ടർ ഫൈസൽ എന്ന കഥാപാത്രമായി ഹീറോയിക് പ്രകടനം കാഴ്ച വച്ചിരിക്കുന്നു . കലാസൃഷ്ടികൾ എല്ലായിടത്തുനിന്നും പ്രചോദനം ഉൾക്കൊള്ളുന്നവയാണ്. പ്രോജക്ട് X എന്ന പിറന്നാൾ ആഘോഷം വലിയ അപകടം ആകുന്ന അവസ്ഥയും 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ പ്രസവ രംഗവും മനസ്സിൽ മിന്നി മറഞ്ഞെങ്കിലും കറന്റു പോകുമ്പോൾ അവസരത്തിനൊത്തുയരുന്ന പൊതുവാളിന്റെ ഇവന്റ് മാനേജർ നമ്മളെ ചിത്രത്തിലേക്ക് അനായാസം തിരിച്ചു കൊണ്ടുവരുന്നു. ഈ കഥാപാത്രത്തിന്റ ചെറു ചലനങ്ങളും തീരുമാനങ്ങളും ജീവിക്കാൻ വേണ്ടി മരിക്കാനും തയാറാണെന്ന മട്ടിൽ ഉള്ള മനുഷ്യഗുണമായ സ്ഥിരോത്സാഹത്തിന്റെ സൂചനയാണ് 

 

സഹിഷ്ണുതാ ദിനം ആചരിക്കപ്പെടുന്ന നവംബർ മാസത്തിൽത്തന്നെ അതിന്റെ ഗ്രാഫുകൾ വരച്ചു കാട്ടി മനുഷ്യ ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെ ഊഷ്മളതയെക്കുറിച്ച് ഊന്നിപ്പറയുന്ന ‘ജാനേമൻ’ ഏതു സഹൃദയന്റെയും മനസ്സൊന്നു തലോടിപ്പോകുമെന്നതു തീർച്ച !! ‘ജാനേമൻ’ നിങ്ങളുടെയും ഹൃദയഭാജനം ആകട്ടെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com