സിൽക്ക് സ്മിതയുടെ രംഗപ്രവേശം

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 7
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
  • ഡിസംബര്‍ രണ്ടിന് സിൽക്ക് സ്മിതയുടെ 61ാം ജന്മദിനം
kaloor-silk
കലാശാല ബാബുവിനും കലൂർ ഡെന്നിസിനുമൊപ്പം സിൽക്ക് സ്മിത
SHARE

നാളെ (ഡിസംബർ 02) സിൽക്ക് സ്മിതയുെട ജന്മദിനമാണ്. സ്മിത ഇന്നു ജീവിച്ചിരുന്നെങ്കിൽ 61 വയസ്സുണ്ടാകുമായിരുന്നു. കത്തുന്ന നിറയൗവ്വനവുമായി ആത്മഹത്യാ മുനമ്പിലേക്ക് നടന്നു പോകുമ്പോൾ സ്മിതയ്ക്കു മുപ്പത്തിയഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ. 

കാഴ്ചയിൽ ഇരുപത്തഞ്ചിന്റെ ചർമകാന്തിയും പ്രസരിപ്പുമായി നടന്നിരുന്നവൾ പൊടുന്നനെ ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ ഭൂമിയുടെ ഉപ്പായി മാറിയെന്നു കേട്ടപ്പോൾ നിമിഷ നേരത്തേക്ക് ഒന്നും മിണ്ടാനാവാതെ വല്ലാത്ത ഒരു ആലസ്യത്തിന്റെ മരവിപ്പുമായി നിമിഷനേരം നിന്നു പോയി.

ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് വടക്കു നിന്നും വന്ന ഒരു മിന്നൽപ്പിണർ പോലെയായിരുന്നു സ്മിതയുടെ ആത്മഹത്യ വാർത്ത എന്റെ ചെവിയിൽ വന്നു പതിച്ചത്. പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ആത്മഹത്യ ചെയ്യാൻ വേണ്ട ബുദ്ധിയും ധൈര്യവുമൊന്നുമില്ലാത്ത ഈ തൊട്ടാവാടി പെണ്ണിനെങ്ങനെയാണ് ഭീതിയും, സംഭ്രമവുമൊക്കെയായി ഒരുമുഴം കയറിൽ ജീവനൊടുക്കാനായതെന്ന ചിന്തയായിരുന്നു എനിക്ക്.  സ്മിത എന്നു പേരുള്ള തമിഴിലെ ഏതെങ്കിലും ഉപനായികമാരാരെങ്കിലും ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാനാണ് എന്റെ മനസ്സ് എന്നോടു പറഞ്ഞത്. പിന്നെ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനുള്ള നിർത്താതെയുള്ള ഫോൺ കോളുകളുടെ വരവായിരുന്നു. 

silk

ജയനെപ്പോലെ വളരെ ഉയരങ്ങളിൽ നിൽക്കുമ്പോൾ പെട്ടന്ന് കാലത്തിന്റെ കൈകളിലമര്‍ന്നതു പോലെയായി സ്മിതയുെട അന്ത്യവും. സ്മിത ഇത്ര ചെറുപ്പത്തിലേ ലോകം വിട്ടു പോകാൻ പാടില്ലായിരുന്നു. അപൂർവ ഭംഗികൾ അൽപായുസ്സാണെന്ന പഴമൊഴി പദങ്ങൾ സ്മിതയോടു ചേർത്തു വായിക്കുമ്പോൾ എത്ര അന്വർഥമായ അക്ഷരകൂട്ടുകെട്ടുകളാണെന്ന് എനിക്കു തോന്നിപ്പോയി. 

എന്തിനാണ് സ്മിത ആത്മഹത്യ ചെയ്തത്? ആരെ തോൽപിക്കാനാണ് മരണത്തിന്റെ കയത്തിലേക്കിറങ്ങിച്ചെന്നത്. ജീവിതം മരണത്തേക്കാൾ ദുസ്സഹമായി തോന്നിയപ്പോൾ മറ്റൊരു അഭയവും ആശ്രയവും കിട്ടാതെ വരുമ്പോൾ ചില മനുഷ്യര്‍ ആത്മഹത്യയിൽ അഭയം തേടിയിട്ടുള്ള പലരുടെയും അനുഭവസാക്ഷ്യങ്ങൾ കേട്ടിട്ടുണ്ട്. അവളുടെ മരണത്തെക്കുറിച്ചുള്ള പല കഥകളും കേൾക്കുന്നുണ്ടെങ്കിലും അതിലെ ദുരൂഹതകൾക്ക് ഇന്നും  ശരിയായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു സത്യവും മൂടി വയ്ക്കാനാവില്ല. വർഷങ്ങൾ എത്ര കഴിഞ്ഞാലും മൂടി വയ്ക്കപ്പെട്ട സത്യങ്ങൾ ആയിരം നാവുകളോടെ ഉയർത്തെഴുന്നേൽക്കുമെന്നാണല്ലോ ബൈബിളില്‍ പറഞ്ഞിട്ടുള്ളത്. 

എന്നാണ് ഞാൻ ആദ്യമായി സ്മിതയെ കണ്ടത്? ഓര്‍മകൾ നാൽപത്തിമൂന്ന് വർഷങ്ങൾക്കു മുൻപുള്ള ഒരു ഡിസംബറിന്റെ ആദ്യ ഞായറാഴ്ചയിലേക്ക് റിവേഴ്സടിക്കുകയാണ്. ആന്റണി ഈസ്റ്റ്മാന്റെ ആദ്യ സംവിധാന സംരംഭമായ 'ഇണയെ തേടിയിൽ' അഭിനയിക്കാനായി എത്തിയിരിക്കുകയാണ് സ്മിത. അന്ന് സിൽക്ക് സ്മിതയായിട്ടില്ല. െവറും സ്മിതയാണ്. ആന്റണിയാണ് വിജയമാല എന്ന ഒറിജിനൽ പേര് മാറ്റി സ്മിത എന്ന പുതിയ പേര് നൽകുന്നത്. ആന്റണി ഈസ്റ്റ്മാൻ, കലൂര്‍ ഡെന്നിസ്, ജോൺ പോൾ, ആർട്ടിസ്റ്റ് കിത്തോ എന്നീ നാൽവർ സംഘത്തിന്റെ സൗഹൃദ പെരുമയിൽ ഉണ്ടായതാണ് ‘ഇണയെ തേടി’.

ആദ്യം ആന്റണിക്ക് ഒരു നിർമാതാവിന്റെ കുപ്പായമായിരുന്നു. പീന്നീടാണതിന് മാറ്റം വന്നത്. ആന്റണിയുടെ കൈയ്യിലുള്ള സാമ്പത്തികത്തിനകത്ത് പടം തീർക്കുന്ന ഒരു സംവിധായകനെക്കൊണ്ട് ചെയ്യിക്കാനായിരുന്നു ആന്റണി ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ അങ്ങിനെയുള്ള ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ ഞാനാണ് ആന്റണി തന്നെ സംവിധാനം ചെയ്യട്ടെയെന്നു പറഞ്ഞത്. ആദ്യം ആന്റണി താൽപര്യം കാണിച്ചില്ലെങ്കിലും അവസാനം എല്ലാവരുടെയും നിർബന്ധത്തിനു മുൻപിൽ വഴങ്ങുകയായിരുന്നു. ജോൺ പോളിന്റേതായിരുന്നു തിരക്കഥ. കിത്തോ കലാസംവിധായകനും ഞാൻ ഫൈനാൻസ് മാനേജരുമായിരുന്നു. 

antony-silk
സിൽക്ക് സ്മിത, ആന്റണി ഈസ്റ്റ്മാൻ

ഞായറാഴ്ച രാവിലെ പത്തു മണിയോടെ ഒരു സ്കൂട്ടറിന്റെ പുറകിലിരുന്നാണ് ഞാൻ YMCA ക്യാംപ് സൈറ്റിലെത്തുന്നത്. നായികയായ പുതുമുഖതാരത്തെ കാണാനുള്ള ആകാംക്ഷയോടെ ഞാൻ ആന്റണിയുടെ മുറിയിലേക്ക് ചെന്നപ്പോൾ നായികയും അവളുടെ അമ്മയുമായി ആന്റണി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. 

ആന്റണി സ്മിതയെ പരിചയപ്പെടുത്തി ‘ഇത് കലൂർ ഡെന്നിസ്. ചിത്രപൗർണമി സിനിമാ വാരികയുടെ എഡിറ്ററാണ്. ഐ.വി. ശശിയുടെ 'അനുഭവങ്ങളെ നന്ദി' എന്ന ഫിലിമിന്റെ കഥ ഇന്ത ആളുടേതാണ്.’ 

അവസാനം മാത്രം 'ഇന്ത' എന്ന തമിഴ് മൊഴി പറഞ്ഞവസാനിപ്പിക്കുമ്പോൾ അമ്മയ്ക്കും മകൾക്കുമൊന്നും അത് മനസ്സിലായില്ല. എങ്കിലും അവർ എഴുന്നേറ്റ് രണ്ടു കൈകളും കൂപ്പി എന്നെ തൊഴുതു. 

ഞാൻ സ്മിതയെ ശ്രദ്ധിക്കുകയായിരുന്നു. പെട്ടെന്നുള്ള കാഴ്ചയിൽ അത്ര നിറമൊന്നും തോന്നിയില്ലെങ്കിലും അവളുട വശ്യമായ കണ്ണുകളും, നിഷ്കളങ്കമായ ചിരിയും എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഇനി നന്നായി  അഭിനയിക്കാനും കൂടി സാധിച്ചാൽ നല്ലൊരു നായികാ താരത്തിനെ മലയാള സിനിമയ്ക്കു സമ്മാനിക്കാൻ സാധിച്ചതിന്റെ ക്രെഡിറ്റ് ആന്റണിക്ക് സ്വന്തം.

സ്മിത സിനിമയിൽ ആദ്യമായി അഭിനയിക്കാൻ പോകുന്നതു കൊണ്ട് നന്നായിട്ട് റിഹേഴ്സലൊക്കെ എടുക്കാൻ വേണ്ടിയാണ് ഷൂട്ടിങിനു രണ്ടു ദിവസം മുൻപേ സ്മിതയെ വരുത്തിയത്. 

YMCA ഹാളിൽ വച്ചായിരുന്നു അഭിനയക്ലാസ്സിനു തുടക്കമിട്ടത്. സ്മിതയും നായകനായി വേഷമിടുന്ന കലാശാല ബാബുവുമായുള്ള ചില ഇമോഷനൽ സീൻസാണ് ആദ്യം റിഹേഴ്സൽ ചെയ്തത്. ക്യാമറാമാൻ വിപിൻ ദാസുമുണ്ട്. സ്മിതയ്ക്ക് അഭിനയമെന്താണെന്നോ അതിന്റെ സീരിയസ്നെസ് എത്രത്തോളമാണെന്നോ ഒന്നും അറിയില്ല. അഭിനയം ശരിയാകാതെ വരുമ്പോൾ ആന്റണി ഒച്ചത്തിൽ വഴക്കു പറയും എന്തു കേട്ടാലും അവൾ ചിരിച്ചുകൊണ്ടിരിക്കും. ഈ പോക്കു പോകുകയാണെങ്കിൽ ഇവളെ പറഞ്ഞയച്ചിട്ടു വേറെ ഏതെങ്കിലും അഭിനയിക്കാനറിയാവുന്ന നല്ലൊരു നടിയെ കണ്ടുപിടിക്കേണ്ടി വരുമല്ലോ എന്നെനിക്കു തോന്നി. എന്നാൽ ആന്റണിക്കു അവളിൽ നല്ല വിശ്വാസമായിരുന്നു. 

silk-3

ഷൂട്ടിങ് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ സ്മിതയുടെ അഭിനയത്തിൽ സാരമായ മാറ്റം വരാൻ തുടങ്ങി. എന്നാലും അവളുടെ മണ്ടത്തരങ്ങൾക്കും കുസൃതിചോദ്യങ്ങൾക്കുമൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നുണ്ടായ നിഷ്കളങ്കമായ ചില അബദ്ധങ്ങളുടെയും പ്രതികരണങ്ങളുടെയും രസകരമായ ചില ‍കഥകൾ ​ഞാൻ പറയാം. 

ഒരു ദിവസം ഒരു ബെഡ്റൂം സീൻ എടുത്തുകൊണ്ടിരിക്കുകയാണ് ഒരു യുവ അഭിസാരികയുടെ വേഷമാണ് സ്മിതയുടേത്. ഒരു രാത്രിഉറക്കത്തിനു ശേഷം സ്മിത ഉറച്ചടക്കവോടെ ഉണർന്നു വരുന്നതാണ് സീൻ. പെട്ടെന്നാണ് ആന്റണി കട്ട് പറഞ്ഞത്. സ്മിത ഉറക്കമുണർന്നു വന്നപ്പോൾ ഉറക്കച്ചടവോടെ കൈ പൊക്കി കക്ഷത്തിൽ രോമം വളർന്നിരിക്കുന്നത് കണ്ടാണ് ആന്റണി കട്ട് പറഞ്ഞത്. ആന്റണി അവളുടെ നേരെ ചൂടായി.

"എന്താണ് നീ ഈ കാണിക്കുന്നത്. നീ കക്ഷമൊന്നും വടിക്കാറില്ലേ"

"കക്ഷമാ, അതെന്ന സാർ" ആന്റണി എന്താണ് പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല. അവൾ നിഷ്കളങ്കമായി ചോദിച്ചു. 

ആന്റണി അവളുടെ കൈ പിടിച്ചുയർത്തി കക്ഷം കാണിച്ചുകൊണ്ടു പറഞ്ഞു. 

" ഇത് കട്ട് പണ്ണണം" റിമൂവ് ദിസ്"

" എതുക്ക്. അത് കൊഞ്ചനാളായി അങ്കെ ഇറുക്ക്ത് സർ " 

" ങാ എന്നാൽ ബാത്റൂമിൽ പോയി  വേഗം വടിച്ചു കളഞ്ഞിട്ടു വാ.."

" നാൻ എപ്പടി റിമൂവ് ചെയ്യും എനക്കറിയില്ല" അവളുടെ സംസാരം കേട്ട് യൂണിറ്റിലുള്ളവരുടെ ചിരി ഉയർന്നു. 

ആന്റണി വേഗം തന്നെ അടുത്തു നിൽക്കുന്ന കിത്തോയോടു പറഞ്ഞു. 

" എടാ നീ വേഗം ഇവളുടെ കക്ഷം ഒന്നു വടിച്ചു കൊടുക്ക് " അത് കേട്ടപ്പോൾ കിത്തോ ആദ്യമൊന്നു ചമ്മിയെങ്കിലും അവളെ ബാത്റൂമിൽ കൊണ്ടു പോയി കക്ഷം വടിച്ചു ക്ലീനാക്കി കൊണ്ടു വന്നു. 

ഇനി മറ്റൊരു കഥ കൂടി പറയാം....

'ഇണയെ തേടി 'യുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ആ വർഷത്തെ ക്രിസ്മസ് വരുന്നത്.  ഞാൻ വീട്ടിലുണ്ടാക്കിയ ചില നാടൻ പലഹാരങ്ങൾ കൊണ്ടു വന്ന് സ്മിതയ്ക്കും അമ്മയ്ക്കും കൊടുത്തു. അതിൽ അവലോസുണ്ടയും ഉണ്ടായിരുന്നു. എന്തു കൊടുത്താലും 'ഇതെന്നാ' എന്നവൾ ചോദിക്കും. അവലോസുണ്ട അവൾക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു. 

" എന്ന സാര്‍ ഇതിന്റെ പേര്"

" ഇതിനെ അവലോസുണ്ട എന്ന് പറയും"

"പൗലോസുണ്ടയോ? നല്ല ടേസ്റ്റ് "

"പൗലോസുണ്ടയോ മാർക്കോസുണ്ടയോ ഒന്നുമല്ല, അവലോസുണ്ട. അവലോസുണ്ട.’

അതുകേട്ട് അവൾ ചിരിച്ചു മറിഞ്ഞു...

പിന്നെയും ഇടയ്ക്ക് എന്നെ കാണുമ്പോൾ അവൾ "അവലോസുണ്ട ഇരിക്കാ സാർ" എന്നു ചോദിക്കും. 

ഒരു ദിവസം ശങ്കരാടിച്ചേട്ടനും സ്മിതയും കൂടിയുള്ള സീനെടുത്തുകൊണ്ടിരിക്കുമ്പോൾ ഞാൻ ലൊക്കേഷനിൽ ചെന്നു. ശങ്കരാടിച്ചേട്ടനുമായി ഞാന്‍  കുശലം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്മിത ഞങ്ങളുടെ അടുത്തേക്കു വന്നു. സംസാരത്തിനിടയിൽ എന്തോ ചില ഫുഡ് ഐറ്റംസിനെക്കുറിച്ച് ശങ്കരാടിച്ചേട്ടൻ പറയുന്നതു കേട്ട് അവൾ എന്നെനോക്കി പറഞ്ഞു. 

"സാർ ഡെന്നിസ് സാറിന്റെ ഉണ്ടയും വളരെ പ്രമാദം സാർ"

"ഉണ്ടയോ" ശങ്കരാടിക്ക് എന്താണവർ പറഞ്ഞതെന്നു മനസ്സിലായില്ല.

"ഇല്ല ചേട്ടാ. നമ്മുടെ നാടൻ പലഹാരമായ അവലോസുണ്ടയുടെ കാര്യമാണവൾ പറഞ്ഞത്".

പിന്നെയും എന്തൊക്കെയോ മണ്ടത്തരങ്ങൾ പറയുന്നതു കേട്ട് ശങ്കരാടിച്ചേട്ടൻ ചിരിച്ചുകൊണ്ടിരുന്നു.

"ഇവൾക്ക് ഈ സൗന്ദര്യം മാത്രമേ ഉള്ളല്ലേ, തലയ്ക്കകത്ത് ഒന്നുമില്ലല്ലേ"

ശങ്കരാടിച്ചേട്ടൻ ചോദിച്ചതിന്റെ അർഥം മനസ്സിലായില്ലെങ്കിലും അവൾ പറയും. ' നിറയെ ഇരിക്കു സാർ'.

ഇതു പോലെ നിര്‍ദോഷങ്ങളായ അബദ്ധങ്ങളുടെയും മണ്ടത്തരങ്ങളുടെയും രാജ്ഞിയെന്ന 'വിശേഷണ'ങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ് കുറേക്കാലം കഴിഞ്ഞ് അവൾ സ്വന്തമായി ട്യൂഷൻ ടീച്ചറെ വച്ച് ഇംഗ്ലിഷ് പഠിക്കാനും, ലോകപരിജ്ഞാനം ലഭിക്കാനുമുള്ള പുതു വഴികളിലേക്ക് കടന്നത്. അവൾക്കതിന് പറ്റിയ നല്ലൊരു ആൺസുഹൃത്തിനെയും കിട്ടി. ആ ബന്ധമാണ് അവളെ ഒരു വലിയ താരപദവിയിലേയ്ക്ക് എത്തിച്ചത്. (ആ കഥ പുറകെ പറയാം).

'ഇണയെ തേടി' ക്കു ശേഷം ഈസ്റ്റുമാൻ ആന്റണിയുടെ 'വയൽ' എന്ന ചിത്രത്തിലും സ്മിതയ്ക്ക് നല്ലൊരു വേഷമാണ് കിട്ടിയത്. ഇതിനിടയിലാണ് 'വണ്ടിചക്ര'മെന്ന തമിഴ് സിനിമയിൽ അവൾ നായികയാവുന്നത്. അതിലെ കഥാപാത്രത്തിന്റെ പേരിലാണ് പിന്നീട് അവൾ അറിയപ്പെടാൻ തുടങ്ങിയത് 'സിൽക്ക് സ്മിത'.

പിന്നീട് സ്മിതയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തമിഴിലെ സൂപ്പർസ്റ്റാറുകളായ കമൽഹാസന്റെയും രജനികാന്തിന്റെയും ചിത്രങ്ങളിൽ വരെ സ്മിതയുടെ സാന്നിധ്യം അനിവാര്യമാണെന്നുള്ള ഒരു സ്ഥിതിവിശേഷം വരെ ഉണ്ടായി. മലയാളത്തിലും ഒരു സിൽക്ക് തരംഗം തന്നെയാണുണ്ടായിരുന്നത്. നമ്മുടെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലും സിൽക്കിന്റെ ഒരു ഡാൻസോ, മൂന്നാലു സീനുകളോ ഉണ്ടാവണമെന്ന് പറയുന്ന ഒരു സിൽക്ക് ട്രെൻഡ് ഒരു വ്യാഴവട്ടക്കാലം വരെ ഇവിടെയും നിലനിന്നിരുന്നു. 

silk-kama;l

ഞാനും സ്മിതയുമായിട്ടുള്ള സൗഹൃദം അറിയാവുന്ന നിർമാതാക്കൾ ഞാൻ എഴുതാത്ത ചിത്രങ്ങളിൽ പോലും അവളുടെ ഡേറ്റിനു വേണ്ടി എന്നെയാണ് വിളിക്കാറുള്ളത്. അവൾ എത്ര തിരക്കായാലും ഞാൻ വിളിച്ച് പറഞ്ഞാൽ ഒരിക്കലും 'നോ' പറയാറില്ല. 

മലയാളത്തിൽ സ്മിതയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് പേന ചലിപ്പിച്ചിട്ടുള്ളത് ഞാനാണ്. വയൽ, ന്യൂഇയർ, ശ്രീമാൻ ചാത്തുണ്ണി, സൺഡെ 7 PM, പ്രതിജ്ഞ, ഇടവേളയ്ക്കു ശേഷം, സ്പെഷൽ സ്ക്വാഡ്, മിസ് പമീല, തുമ്പോളി കടപ്പുറം തുടങ്ങിയവയാണത്. 

സ്മിത താരപദവിയുടെ ഉത്തുംഗ ശൃംഗത്തിൽ നിൽക്കുമ്പോഴും വന്ന വഴികൾ ഒന്നും മറക്കാതെ കടപ്പാടുകൾക്കും ബന്ധങ്ങൾക്കും വലിയ വില കൊടുത്തു കൊണ്ട് എല്ലാ സ്നേഹ ബഹുമാനങ്ങളും മനസ്സിൽ സൂക്ഷിച്ചു കൊണ്ടുള്ള അവളുെട ഹൃദ്യമായ പെരുമാറ്റത്തിന് ഞാൻ പലവുരു സാക്ഷിയായിട്ടുണ്ട്. 

അതിന് ഒരു ഉദാഹരണം പറയാം. 

തൊണ്ണൂറു കാലഘട്ടത്തിന്റെ ആദ്യ പകുതിയിലെ ഏതോ ഒരു ദിവസം ഞാൻ മദ്രാസിൽ എഡിറ്റർ ശങ്കുണ്ണിയേട്ടന്റെ എഡിറ്റിങ് റൂമിൽ ചെന്നപ്പോൾ സംസാരത്തിനിടയിൽ ശങ്കുണ്ണിച്ചേട്ടൻ പറഞ്ഞു. 

'നിങ്ങളുടെ സിൽക്ക് ഇവിടെ എ.വി.എം സ്റ്റുഡിയോയിലുണ്ട്'– രജനികാന്തിന്റെ സിനിമയാ'

മദ്രാസിൽ വരുമ്പോഴൊക്കെ ഞാൻ അവളെ വിളിക്കാറുള്ളതാണ്. ഇത്തവണ വന്നിട്ടു വിളിച്ചില്ല. എന്നാൽ ഇത്ര തൊട്ടടുത്തുള്ളപ്പോൾ ഒന്നു കണ്ടിട്ടു പോകാമെന്നു കരുതി ഞാൻ സ്റ്റുഡിയോയിലേക്കു ചെന്നു. 

ഞാൻ ഷൂട്ടിങ് ഫ്ലോറിനടുത്തേക്ക് ചെന്നപ്പോൾ പുറത്ത് ആർട്ടിസ്റ്റുകൾ ആരൊക്കെയോ ഇരിക്കുന്നതു കണ്ടു. ഞാൻ അടുത്തേക്കു ചെന്നപ്പോഴാണ് സ്ലീവ് ലസ് ടോപ്പും ഷോർട്സും ധരിച്ചിരിക്കുന്ന സ്മിതയെ കണ്ടത്. തൊട്ടടുത്ത കസേരയിൽ രജനികാന്തും ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും അദ്ഭുതത്തോടെ അവള്‍ ചാടി എഴുന്നേറ്റു കൊണ്ടു പറഞ്ഞു. 

" സർപ്രൈസായിരിക്കുന്നല്ലോ സാർ?"

"നീങ്കെ എപ്പ വന്താച്ച്"

‘ഇന്നലെ രാവിലെ’

‘പിന്നെ എന്താ സാർ‍ എന്നെ കൂപ്പിടാഞ്ഞത്’

‘അൽപം തിരക്കായിപ്പോയി. ഇന്നു വിളിക്കാനിരിക്കുകയായിരുന്നു. ’

ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന രജനിയുെട കാര്യം അവള്‍ അപ്പോഴാണോർത്തത്. 

അവള്‍ വേഗം തന്നെ എന്നെ രജനിക്ക് പരിചയപ്പെടുത്തി. 

‘സാർ ഇതു കേരളാവിലെ പെരിയ സ്ക്രിപ്റ്റ് റൈറ്റർ – കലൂർ ഡെന്നീസ് സാർ. എന്റെ ഗുരുവും ഫിലോസഫറും ഒക്കെയാണ്.’

അവൾ പറയുന്നതു കേട്ട് ഞാൻ വല്ലാതെ എക്സൈറ്റഡ് ആയിപ്പോയി. എന്തൊക്കെയാണ് അവൾ രജനിയോടു പറയുന്നത്?

രജനി എഴുന്നേറ്റു എനിക്ക് ഷേക്ക് ഹാൻഡ് തന്നു കൊണ്ടു പറഞ്ഞു 

"അപ്പടിയാ നാൻ നിറയെ കേൾവിപ്പെട്ടിറിക്ക്. ഉക്കാറുങ്കോ സാർ"

രജനി എന്നെ വിളിച്ച് അടുത്തുള്ള കസേരയിലിരുത്തി. 

(തുടരും)

അടുത്തത് – സ്മിതയുടെ ജീവിതത്തിന്റെ താളം തെറ്റുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA