വിക്കി കൗശല്‍–കത്രീന കൈഫ് വിവാഹത്തെക്കുറിച്ച് ബോളിവുഡില്‍ ചൂടുപിടിച്ച ചർച്ച. വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും ചടങ്ങുകൾക്കും വലിയ നിബന്ധനകളാണ് ഇരുവരും വച്ചിരിക്കുന്നത്. വിവാഹത്തിന് പങ്കെടുക്കുന്നവർക്കൊക്കെ രഹസ്യ കോഡ് അയച്ചിട്ടുണ്ടത്രേ. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി. ബോളിവുഡിൽ നിന്നുപോലും അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്.
ഇത് കൂടാതെ മറ്റ് ചില നിബന്ധനകള്‍ കൂടിയുണ്ട്. അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനോ പാടില്ല. വിവാഹം നടക്കുന്ന ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വിഡിയോ റീല്‍സ് ആയി ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത്.

നിബന്ധനകള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് താരജോഡിക്ക് കിട്ടുന്നത്. നടൻ ഗജ്‌രാജ് റാവുവിന്റെ പ്രതികരണവും രസകരമായിരുന്നു. ഫോണിൽ സെൽഫി എടുക്കാന്‍ പറ്റില്ലെങ്കിൽ ഈ കല്യാണത്തിനേ താനില്ല എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗജ്‌രാജ് പ്രതികരിച്ചത്.
ഇത്രയേറെ നിബന്ധനകള്‍ ഉണ്ടെങ്കില്‍ ആരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തുക എന്ന് ആരാധകരും ചോദിക്കുന്നത്. ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക. കൊവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ. സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനില്‍ ഡിസംബര്‍ 9ന് വിവാഹത്തിന് ശേഷം മുബൈയില്‍ റിസപ്ഷന്‍ ഒരുക്കും. രാജസ്ഥാനില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് റിസപ്ഷന്‍ ഒരുക്കുന്നത്.