‘മരക്കാർ’ വച്ച മുദ്ര, ഇനി വരുന്ന ദൃശ്യ വിസ്മയങ്ങൾക്കുള്ള പാദമുദ്ര: ആർ. രാമാനന്ദ്

mohanlal-r-ramanand
മോഹൻലാൽ, ആർ. രാമാനന്ദ്
SHARE

മലയാള സിനിമയുടെ ചരിത്രത്തിൽ ‘മരക്കാർ’ വച്ച മുദ്ര, ഇനി വരുന്ന ദൃശ്യ വിസ്മയങ്ങൾക്കുള്ള പാദമുദ്രയാണെന്ന് തിരക്കഥാകൃത്ത് ആർ. രാമാനന്ദ്. ചിത്രം സിനിമയായി ആവിഷ്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സ്വാതന്ത്ര്യ സമരം പോലെ ഉജ്ജ്വലതയുണ്ടെന്നും അതിനെ അംഗീകരിക്കണമെന്നും അദ്ദേഹം പറയുന്നു.

ആർ. രാമാനന്ദിന്റെ വാക്കുകൾ:

'ചത്തും കൊന്നും  അടക്കി കൊള്ളുക', പള്ളിവാള്‍ വിക്രമൻ ഏറാടിക്കും  മാനിച്ചൻ ഏറാടിക്കും നൽകിക്കൊണ്ടു പ്രതാപത്തോടെ മഹോദയപുരം വാണ ചേരമാൻ പെരുമാൾ ചൊല്ലിയതാണീ വാക്കുകൾ. അതിൽ പിന്നീട് കുന്നും അലയും അതിരു കോറിയിട്ട കോഴിക്കോടിന്റെ സുവർണ സിംഹാസനത്തിൽ ഏതാണ്ട് 750 വർഷം ഇളക്കം ഇല്ലാതെ കുന്നലക്കോനാതിരിമാർ സംസ്കൃതത്തിൽ 'സമുദ്രഗിരിരാജ' അഥവാ സാമൂതിരിമാർ എന്ന പേരിൽ നാട് ഭരിച്ചു. നെടിയിരിപ്പ് സ്വരൂപം കോഴിക്കോട് കേന്ദ്രമാക്കി ഭരണം തുടങ്ങിയത് മുതൽ, ആ രാജസിംഹാസനത്തിലേക്ക് അരിയിട്ടുവാഴ്ച നടത്തി ചെങ്കോൽ പിടിച്ച സാമൂതിരിമാർ എല്ലാം തന്നെ അതീവ പരാക്രമശാലികളായിരുന്ന മാനിച്ചനെയും വിക്രമനെയും സ്മരിച്ചുകൊണ്ട് മാനവിക്രമൻ, മാനവേദൻ എന്നീ പേരുകൾ സ്വീകരിച്ചു പോന്നു. 

ലോകഭൂപടത്തിൽ സമുദ്രാന്തര യാത്രകളെയും, സമുദ്ര വാണിഭത്തിനെയും, നാവിക ശക്തിയേയും ഒരുമിച്ചുചേർത്ത് കെട്ടാവുന്ന വളരെ ചുരുക്കം തുറമുഖങ്ങൾ മാത്രമേ ഉയർന്നു വന്നിട്ടുള്ളൂ. അങ്ങനെ തന്ത്രപ്രധാനമായ തുറമുഖങ്ങൾ കയ്യാളിയ സമുദ്രാധിപത്യം സാമൂതിരിമാർക്കുണ്ടായിരുന്നു. പറങ്കിപ്പട, വാസ്കോയുടെ രൂപത്തിൽ കാലുകുത്തുന്നത് വരെ ഏതാണ്ട് സമ്പൂർണാധിപത്യം. 

ഭാരതത്തിലെ സ്വാഭിമാനമുള്ള മറ്റേത് രാജ്യത്തെയും പോലെയായിരുന്നു കോഴിക്കോടും. പീരങ്കിയുള്ള പറങ്കിപ്പടയെ കരയിലും കടലിലും ഒന്നിലധികം തവണ മുട്ടുകുത്തിച്ച ചരിത്രവും സാമൂതിരിമാർക്കുണ്ട്. എങ്കിലും നമ്മുടെ സിനിമകളിലും മറ്റും ധൈര്യമില്ലാത്ത, സ്വാഭിമാനമില്ലാത്ത, വഞ്ചകർ ആയാണ് സാമൂതിരിയെ പൊതുവിൽ കാണിച്ചു വന്നിട്ടുള്ളത്. വിദേശികളുമായുള്ള സന്ധിയുടെ ഘട്ടങ്ങൾ വീര പഴശ്ശിക്കും, വേലുതമ്പിക്കും, മാർത്താണ്ഡ വർമ്മയ്ക്കുമെല്ലാം ഉണ്ടായിട്ടുണ്ട്. അത്തരം സന്ധികൾ രാജ്യതാൽപ്പര്യം, യുദ്ധതന്ത്രം എന്നിവയെ മുൻ നിർത്തിയായിരുന്നു എന്ന് ചരിത്ര പഠിതാക്കൾക്ക് കാണാൻ സാധിക്കും. എന്നാൽ സാമൂതിരിമാരെ മാത്രം ഇതിന്റെ പേരിൽ ഇകഴ്ത്തുന്നത് എന്തെന്ന് ? ഉത്തരമില്ല. 

മരയ്ക്കാർ സിനിമയിൽ സ്വാഭിമാനിയായ സാമൂതിരിയെ കണ്ടു. നീതി ബോധം രാജകാര്യ നിർവഹണത്തിൽ പ്രത്യക്ഷപ്പെട്ടു നിൽക്കുന്ന വിധമുള്ള മങ്ങാട്ടച്ചന്റെ അവതരണം കണ്ടു. ചരിത്രത്തിലെ മനപൂർവ്വമായ ചില തിരസ്കരിക്കലുകളെ ചർച്ചയാക്കിയത് കണ്ടു. മരയ്ക്കാർ കുടുംബത്തിന്റെ രാജ്യതാൽപര്യവും സന്ധിയില്ലാത്ത അഭിമാനബോധവും കണ്ടു. 

കുഞ്ഞാലി നാലാമൻ ഫലത്തിൽ സാമൂതിരിയുടെ നാവിക പടത്തലവൻ ആയിരുന്നു, ചരിത്രകാരമാർക്കതിൽ അഭിപ്രായയൈക്യം ഇല്ലെങ്കിലും പറങ്കിപ്പടയുടെ മേൽ തീരാത്ത അഗ്നിവർഷമായി കുഞ്ഞാലി പെയ്തു എന്നത് സംശയമില്ല. 1600 ൽ ഗോവയിൽ വിചാരണ ചെയ്ത് അതിദാരുണമായി കുഞ്ഞാലി വധിക്കപ്പെടുമ്പോൾ  കടലിനപ്പുറം, ഇനി വരുന്ന രണ്ട് നൂറ്റാണ്ട് നാം ചോര കൊടുത്ത്  പൊരുതേണ്ട നമ്മുടെ  യഥാർത്ഥ ശത്രു - ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിറ കൊള്ളുന്നേയുള്ളു . 

മരയ്ക്കാർ സിനിമയുടെ എല്ലാ പൊടിപ്പും തൊങ്ങലും മാറ്റി വെച്ചാൽ നമ്മുടെ ജനത സാമ്യാജ്യ ശക്തികളോട് നടത്തിയ ഐതിഹാസികമായ ചെറുത്തു നിൽപ്പുകളുടെ ഓർമപ്പെടുത്തലാണത്. 1947 ൽ സ്വാതന്ത്ര്യത്തിന്റെ അമൃതം രുചിക്കുന്നത് വരെ നാം ഒഴുക്കിയ ചോരയുടെ കഥയാണ്. ഇന്നത്തെക്കാലത്ത് അനവധി കഥാതന്തുക്കൾ അനസ്യൂതം പറഞ്ഞു പോകാവുന്ന അവസരമുള്ളപ്പോൾ, കടലൊരുക്കി,കപ്പലൊരുക്കി, നൂറു ദിനങ്ങൾക്കു മീതെ കഷ്ടപെട്ട് അതു പ്രേക്ഷകർ തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹിച്ച് മരക്കാർ വരുമ്പോൾ. അതു കാണണം, കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം ഇതാ തല കുനിക്കാതെ പിടിച്ച നമ്മുടെ നാടിന്റെ കഥ കാണൂ എന്ന്. സ്വാതന്ത്ര്യ സമരം പോലെ ഉജ്ജ്വലതയുണ്ട് അതു സിനിമയായി ആവിഷ്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും. മലയാള സിനിമയുടെ ചരിത്രത്തിൽ കുഞ്ഞാലി വച്ച മുദ്ര, ഇനി വരുന്ന ദൃശ്യ വിസ്മയങ്ങൾക്കുള്ള പാദമുദ്രയാണ്. നാം വലുതാകുകായാണ് വിശ്വസിനിമയോളം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA