ADVERTISEMENT

‘കടലിൽ ജാലവിദ്യ കാണിക്കുന്ന ഒരു മാന്ത്രികനുണ്ട്... കുഞ്ഞാലി’- മരക്കാറിന്റെ ട്രെയിലർ റിലീസ് മുതൽ പ്രേക്ഷകരുടെ ഉള്ളിൽ കയറിക്കൂടിയ ശബ്ദവും ഡയലോഗുമാണ് ഇത്. സിനിമയിൽ, സാമൂതിരിയുടെ പടത്തലവനായ അനന്തൻ മങ്ങാട്ടച്ചനാണ് ഇതു പറയുന്നത്. തെന്നിന്ത്യൻ താരം അർജുൻ സർജ അവിസ്മരണീയമാക്കിയ കഥാപാത്രമാണ് അനന്തൻ. പോരാട്ടങ്ങളും പോർവിളികളും വൈകാരിക മുഹൂർത്തങ്ങളും ഏറെയുള്ള ആ കഥാപാത്രം അർജുന്റെ കയ്യിൽ ഭദ്രമായിരുന്നു. ആ പ്രകടനമികവിന്റെ അംഗീകാരം അർജുനൊപ്പം തീർച്ചയായും ആ കഥാപാത്രത്തിന് ശബ്ദം നൽകിയ വിനീതിനും കൂടി അവകാശപ്പെട്ടതാണ്. ലൂസിഫറിൽ കൂൾ വില്ലനായി അവതരിച്ച വിവേക് ഒബ്റോയിക്ക് ശബ്ദം നൽകി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ വിനീതിന്റെ മറ്റൊരു ഇന്ദ്രജാലം മരക്കാറിൽ അനുഭവിക്കാം. ശബ്ദാനുകരണത്തിലെ മികവിന് വിനീതിനെ അർഹനാക്കിയ ചിത്രങ്ങളിലൊന്നാണ് മരക്കാർ. വലിയ കാത്തിരിപ്പിനു ശേഷം സിനിമ പ്രേക്ഷകരിലേക്കെത്തുമ്പോൾ വിനീതും ഏറെ സന്തോഷത്തിലാണ്. വിനീത് മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽനിന്ന്.

മൈക്കിന് തൊട്ടടുത്ത് പ്രിയദർശൻ

സംസ്ഥാന പുരസ്കാരത്തിന് എന്നെ അർഹനാക്കിയ സിനിമകൾ ലൂസിഫറും മരക്കാറുമാണ്. രണ്ടു വിഭിന്ന ശൈലിയിലുള്ള കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയതിനെ ജൂറി പ്രത്യേകം പരാമർശിച്ചിരുന്നു. ബോബി എന്ന വില്ലനും അനന്തൻ എന്ന യോദ്ധാവിനും ശബ്ദമാകാൻ എനിക്കു കഴിഞ്ഞു. ഞാൻ ഡബ്ബ് ചെയ്തത് 2019 സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ്. മരക്കാറിന്റെ ഡബ്ബിങ്ങിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് മൈക്കിനു മുമ്പിൽ എന്റെ തൊട്ടടുത്തു നിന്നിരുന്ന പ്രിയേട്ടനെയാണ്. പ്രിയേട്ടൻ എന്റെ അടുത്തിരുന്ന് ഡബ്ബ് ചെയ്യിപ്പിച്ച സിനിമയാണിത്. സാധാരണ സംവിധായകർ കൺസോൾ റൂമിലാണ് ഇരിക്കുക. പക്ഷേ, പ്രിയേട്ടൻ എനിക്കൊപ്പം വോയ്സ് ബൂത്തിൽ ഇരുന്നു. സത്യത്തിൽ ഞാൻ നെർവസ് ആയിപ്പോയി. എങ്ങനെ വേണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു തന്നു. തിരക്കഥയിൽ എഴുതി വച്ചിരുന്ന സംഭാഷണങ്ങൾ അങ്ങനെ തന്നെ പറയുകയായിരുന്നു.

മനോഹരമായി എഴുതപ്പെട്ട കഥാപാത്രം

അർജുൻ സാറിനെ ആ കഥാപാത്രമായി തിരശീലയിൽ കാണുമ്പോൾത്തന്നെ ആ കഥാപാത്രത്തിന്റെ ഫീൽ ലഭിച്ചു. മങ്ങാട്ടച്ചന്റെ മകനും ധീരനായ പോരാളിയുമാണ് അനന്തൻ. അതെല്ലാം അദ്ദേഹത്തിന്റെ സംഭാഷണത്തിൽ പ്രതിഫലിക്കണം. അത്തരത്തിൽത്തന്നെ പ്രേക്ഷകർക്ക് അനുഭവപ്പെട്ടു എന്നറിയുമ്പോൾ സന്തോഷം. അർജുൻ സാറുമായുള്ള ബന്ധം ഏറെ വർഷങ്ങളായുള്ളതാണ്. ശങ്കർ സർ സംവിധാനം ചെയ്ത ‘ജെന്റിൽമാൻ’ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. അന്നു മുതലുള്ള ബന്ധമാണ്. പിന്നീട്, അദ്ദേഹം സംവിധാനം ചെയ്ത വേദം എന്ന സിനിമയിൽ ഞാൻ അഭിനയിക്കുകയും ചെയ്തു. ഞാനും ദിവ്യ ഉണ്ണിയുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു. കൂടാതെ ഡോ.പദ്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഞങ്ങളുടെ എല്ലാ പരിപാടികളും കാണാൻ അർജുൻ സർ വരും. മരക്കാറിൽ അതിമനോഹരമായ ഒരു കഥാപാത്രത്തെയാണ് അർജുൻ സർ അവതരിപ്പിച്ചത്. ലാലേട്ടനുമായുള്ള കോംബിനേഷൻ സീക്വൻസുകളും കുഞ്ഞാലിയെക്കുറിച്ചു പറയുന്ന ഭാഗവുമൊക്കെ മനോഹരമായി എഴുതപ്പെട്ടതാണ്. എന്റെ ശബ്ദം അദ്ദേഹത്തിന്റെ പ്രകടനത്തെ കോംപ്ലിമെന്റ് ചെയ്തു. അതിൽ കയ്യടി അർഹിക്കുന്നത് തീർച്ചയായും സംവിധായകൻ പ്രിയദർശനാണ്. അദ്ദേഹമാണല്ലോ ഈ ചിത്രം ആവിഷ്കരിച്ചത്.

ആ സീക്വൻസ് രണ്ടാമത് ചെയ്യേണ്ടി വന്നു

ശശിയേട്ടന്റെ മകൻ അനിയെക്കുറിച്ച് പറയാതിരിക്കാനാവില്ല. സിനിമയിലെ ഒരു ഭാഗം രണ്ടാമത് ഡബ്ബ് ചെയ്യേണ്ടി വന്നപ്പോൾ, അന്ന് എനിക്കു കാര്യങ്ങൾ പറഞ്ഞു തന്നത് അനി ആയിരുന്നു. ‘കടലിൽ ജാലവിദ്യ കാണിക്കുന്ന ഒരു മാന്ത്രികനുണ്ട്’ എന്ന രീതിയിൽ കുഞ്ഞാലിയെക്കുറിച്ച് അർജുൻ സാറിന്റെ കഥാപാത്രം പറയുന്ന സീക്വൻസുണ്ട്. അതു രണ്ടാമത് ചെയ്യേണ്ടി വന്നിരുന്നു. അതിന് എന്നെ സഹായിച്ചത് അനി ആയിരുന്നു. അദ്ദേഹം കൃത്യമായി എല്ലാം പറഞ്ഞു തന്നു. അനിയുടെയൊക്കെ വലിയ പിന്തുണ സിനിമയിലുണ്ടായിട്ടുണ്ട്. മരക്കാർ പോലുള്ള സിനിമയുടെ ഭാഗമാകുന്നത് തീർച്ചയായും വലിയൊരു അംഗീകാരമാണ്. അതിൽ വലിയ സന്തോഷം. മരക്കാർ ടീം വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. എനിക്കിതുവരെ സിനിമ കാണാൻ സാധിച്ചിട്ടില്ല. ഡബ്ബ് ചെയ്തപ്പോൾ അർജുൻ സർ ചെയ്ത ഭാഗങ്ങൾ മാത്രമാണല്ലോ കാണാൻ കഴിയുക. ഇപ്പോൾ ചെന്നൈയിലാണ്. വൈകാതെ സിനിമ കാണും.

arjun-marakkar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com