ADVERTISEMENT

‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ ചെയ്യുന്നില്ലെന്ന് ഒരുഘട്ടത്തിൽ തീരുമാനിച്ചിരുന്നുവെന്ന് സുരേഷ് ഗോപി. തന്റെ ഷൂട്ട് തുടങ്ങുന്ന ആദ്യ ദിനം ഇക്കാര്യം സംവിധായകനായ അനൂപ് സത്യനെ വിളിച്ചു പറഞ്ഞുവെന്നും അനൂപിന്റെ വാക്കുകളാണ് തന്റെ മനസ്സു മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഈ സംഭവങ്ങളും സിനിമയിൽനിന്നു മാറി നിന്ന കാലത്തെക്കുറിച്ചും സുരേഷ്ഗോപി മനസ്സു തുറന്നത്.

‘നിഥിൻ (നിഥിൻ രൺജി പണിക്കർ) ആദ്യം സമീപിക്കുന്നത് ലേലം രണ്ടാംഭാഗം ചെയ്യാനാണ്. ഒരുപാട് വർഷം മുമ്പാണ്. അന്ന് ഞാൻ പറഞ്ഞു, നിന്റെ അച്ഛൻ എഴുതിത്തരുമെങ്കിൽ ഞാൻ അഭിനയിക്കാം, അതുപോലെ ജോഷി സാറും സമ്മതിക്കണം. അതൊക്കെ ശരിയാക്കിക്കൊള്ളാമെന്ന് നിഥിൻ പറഞ്ഞു. 2016 മുതൽ രൺജി ‘ലേലം 2’ എഴുതുന്നുണ്ട്. എഴുതുന്നതിനേക്കാൾ കൂടുതൽ കീറി കളയുകയാണെന്ന് പറയുന്നതായിരിക്കും ശരി.

2018 ൽ അനൂപ് സത്യൻ ഒരു ചിത്രവുമായി വരുന്നു. കഥ കേട്ട് ഇഷ്ടപ്പെട്ടു. അത് ചെയ്യാമെന്ന് സമ്മതിച്ചു. ആ ചിത്രം താമസിക്കാൻ കാരണം, ശോഭന ഡേറ്റ് നൽകാൻ ഒരു വർഷമെടുത്തതുകൊണ്ടാണ്. കേരളത്തിലേക്ക് യാത്ര ചെയ്യാൻ പറ്റില്ല, ഷൂട്ടിങ് ചെന്നൈയിൽ വേണം എന്നൊക്കെ അവർക്ക് നിബന്ധനയുണ്ടായിരുന്നു. അതിനിടെയാണ് ‘തമ്പാനു’മായി നിഥിൻ വീണ്ടും വരുന്നത്. ‘തമ്പാൻ’ ആയിരുന്നു ആദ്യം നടക്കേണ്ടിയിരുന്നത്. പക്ഷേ ഇത് നടത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞ ഒരാള്‍ അതിനിടയിൽവന്നു. അയാളുടെ ഇംഗിതം നടന്നു. ആദ്യം ആ ചിത്രം നടന്നില്ല. ആ ഇടവേളയിലാണ് ‘വരനെ ആവശ്യമുണ്ട്’ ചെയ്യുന്നത്. ഈ ചിത്രത്തിന്റെ റിലീസ് സമയത്ത് ‘തമ്പാൻ’ തുടങ്ങി.

ഇപ്പോൾ ഞാനല്ല സിനിമ വേണ്ടെന്നു വയ്ക്കുന്നത്. 2001ൽ അത് സംഭവിച്ചിട്ടുണ്ട്. ഞാൻ തന്നെ മാറി നിന്ന സമയം. അതിന് പല കാരണങ്ങളുമുണ്ട്. അതിൽ പ്രധാനകാരണം എന്റെ മനസ്സ് നൊന്തുപോയ ഒരു സിനിമയുടെ റിസൽട്ട് ആണ്– രണ്ടാം ഭാവം. ഞാൻ ഇനി സിനിമയിൽ അഭിനയക്കണോ എന്നതിന്റെ സൂചനയാണോ ആ സിനിമയുടെ പരാജയമെന്നുപോലും ചിന്തിച്ചു. അതിനുശേഷം കുറേ വർഷം കഴിഞ്ഞ് രൺജിപണിക്കരെ വിളിച്ചു, നമുക്കൊരു സിനിമ ചെയ്യണം. വീണ്ടും എന്റെ ഫ്ലക്സ് വരണം എന്ന് പറഞ്ഞു. രൺജി രണ്ടാഴ്ച കഴിഞ്ഞ് വിളിച്ചിട്ട് പറഞ്ഞു, സിനിമയൊക്കെ ചെയ്യാം, ഫ്ലക്സും വരും. പക്ഷേ നീ പഴയതുപോലെ തെറി പറയണം, സിഗരറ്റും വലിക്കണം. അങ്ങനെയുണ്ടെങ്കിൽ ചെയ്യാമെന്ന്. അതിന് രൺജിയോട് പറഞ്ഞ മറുപടി നാട്ടുകാരോട് പറയാൻ കൊള്ളില്ല. ‘ഭരത്ചന്ദ്രൻ ഐപിഎസ്’ സംഭവിക്കുന്നത് അങ്ങനെയാണ്.

‘വരനെ ആവശ്യമുണ്ട്’ സിനിമ സെപ്റ്റംബർ 30ന് തുടങ്ങണമെന്നത് അനൂപ് സത്യന്റെ നിർബന്ധമായിരുന്നു. ഒന്നാം തീയതി ചെന്നൈയ്ക്കുപോകാന്‍ തീരുമാനിക്കുന്നു. രണ്ടാം തീയതിയാണ് എന്റെ ഷൂട്ട് തുടങ്ങുന്നത്. ചെന്നൈയിലെ സെറ്റിലേക്ക് പോകാൻ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടിൽ ഒരു സന്ദർശകനെത്തി. അദ്ദേഹം ഒരു കാര്യം പറഞ്ഞു, അതുകേട്ട് അതിയായ വിഷമം തോന്നിയിട്ട് അനൂപിനെ വിളിച്ചു, ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. എനിക്ക് അഡ്വാൻസും തന്നിട്ടില്ലായിരുന്നു. നിനക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞു.

അപ്പോൾ അനൂപ് പറഞ്ഞു, ‘സർ വന്നില്ലെങ്കിൽ ഈ സിനിമ ഞാൻ ചെയ്യില്ല. ഇത് മുടങ്ങിയാൽ അതിന്റെ പാപം ഞാൻ സാറിന്റെ മുകളിൽ ഇടും. സർ ഇല്ലെങ്കിൽ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട. ഈ സിനിമ നിർത്തുന്നു.’ അനൂപിന്റെ വാക്കുകൾ മനസ്സിൽ കൊണ്ടു. അവിടെ എനിക്ക് വാശി വന്നു. സന്ദർശകനോട് മുഖത്തുനോക്കി പറഞ്ഞു, ‘നിങ്ങൾ നിങ്ങളുടെ പണിനോക്കി പോകുക, ഞാൻ ഇത് ചെയ്തിരിക്കും.’ പിറ്റേ ദിവസം ഞാൻ ചെന്നൈയ്ക്ക് പോയി. അപ്പോഴും എനിക്ക് അഡ്വാൻസ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ 10,000 രൂപ അഡ്വാൻസ് തന്നിട്ട്, സർ കയ്യിൽ ഇപ്പോൾ ഇതേ ഉള്ളൂ എന്ന് അറിയിച്ചു. അനൂപ് ആണ് ആ പൈസ എനിക്ക് തരുന്നത്. അതുമതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂർത്തിയാക്കുന്നത്.

ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട്. അത് ആരാണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ഇപ്പോൾ വിമർശിക്കുന്നവർ ഞാൻ മരിച്ചാൽ എല്ലാം തിരുത്തിപ്പറയും. അന്ന് അവർ എന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അപ്പോൾ അതെല്ലാം മുകളിലിരുന്ന് ഞാന്‍ കേട്ടുകൊള്ളാം.

ഞാൻ എന്റെ മകൻ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തിയറ്ററിൽ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിർബന്ധിച്ചിട്ടാണ്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസികമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ‘ഇര’ സിനിമ കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി.’ സുരേഷ്ഗോപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com