ADVERTISEMENT

കടലിലെ കൊടുങ്കാറ്റും യുദ്ധവും കടലിൽ തന്നെ ചിത്രീകരിക്കാൻ കഴിയുമോ? മീറ്ററുകളോളം ഉയരുന്ന തിരകൾ, കപ്പലിനെ വട്ടംകറക്കുന്ന കൊടുങ്കാറ്റുകൾ, യുദ്ധത്തിൽ തകർന്നു മുങ്ങുന്ന കപ്പലുകൾ.... ഇതൊന്നും കടലിൽ ചിത്രീകരിക്കാൻ കഴിയില്ലേ. പിന്നെയോ? മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഒരു ടാങ്ക് നിർമിച്ചു. അതിൽ വെളളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സിനിമയ്ക്കായി സൃഷ്ടിച്ചെടുത്തത്. 

34
സിദ്ധാർഥ് പ്രിയദർശനും അനി ഐ.വി. ശശിക്കുമൊപ്പം പ്രിയദർശൻ

 

33

20 അടി ഉയരമുള്ള ടാങ്കുകളിൽ െവള്ളം നിറച്ച് ഒരുമിച്ചു തുറന്നുവിട്ടാണു തിരയുണ്ടാക്കിയത്. മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന യമഹ എൻജിനുകൾ ഒരുമിച്ചു പ്രവർത്തിപ്പിച്ച് തിരയ്ക്കു ശക്തി കൂട്ടി. മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവച്ച് ആഞ്ഞടിച്ചു തിരയുടെ ഇളക്കമുണ്ടാക്കി. ടൺ കണക്കിനു സോപ്പുപൊടിയിട്ട് അതിൽ കടലിലെ വെളുത്ത പതയുണ്ടാക്കി. കംപ്യൂട്ടർ ഗ്രാഫിക്സിലൂടെ ഇതു വൻ തിരകളാക്കി മാറ്റി. 

32

 

29

ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടർ ഗ്രാഫിക്സുകളിലൊന്നാണ് ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശന്റെ മകൻ കൂടിയായ സിദ്ധാർഥ് സൃഷ്ടിച്ചെടുത്തത്. സാബു സിറിളായിരുന്നു കലാസംവിധായകൻ. വാട്ടർ ടാങ്കിലെ ഓരോ ഷോട്ടിനും പിന്നിൽ ബ്ളൂസ്ക്രീനുകൾ വയ്ക്കണം. അതിലാണു കംപ്യൂട്ടർ ഗ്രാഫിക്സ് (സിജി) ചെയ്ത് പിന്നീട് അതിനെ കടലാക്കി മാറ്റുന്നത്. കപ്പലിനുതന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്. അതിലും 40 അടി കൂടി ഉയരത്തിൽ സ്ക്രീൻ നിന്നാലെ ഗ്രാഫിക്സ് ചെയ്യാനാകൂ.

 

ടാങ്കിനു ചുറ്റും റോഡുണ്ടാക്കി വലിയ ട്രക്കുകളിൽ സ്ക്രീൻ വയ്ക്കുകയാണു സാബു സിറിൾ ചെയ്തത്. ടാങ്കിനു ചുറ്റും ആ ലോറി പതുക്കെ ഓടിച്ചു വേണ്ടിടത്ത് സ്ക്രീൻ എത്തിച്ചു. സാധാരണ ഇത്രയും വലിയ സ്ക്രീൻ മാറ്റിവയ്ക്കാൻ മാത്രം 150 പേരുടെ മണിക്കൂറുകൾ നീളുന്ന അധ്വാനം വേണം. ലോറിയിൽ സ്ക്രീൻ വയ്ക്കാമെന്ന സാബുവിന്റെ ചിന്തയിൽ സമയവും പണവും അധ്വാനവുമാണ് ലാഭിച്ചത്. 

 

31

ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ഒരുകഥയാണ് ചിത്രത്തിന്റേതെന്നു സംവിധായകൻ പ്രിയദർശൻ പറയുന്നു. മോഹൻലാലിന്റെ മരക്കാർ മുതൽ സിനിമയിലെ പുരുഷ കഥാപാത്രങ്ങളെല്ലാം ശരിക്കുള്ളവരാണ്. എന്നാൽ അവരെല്ലാം പല കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാകാം. സിനിമയുടെ കഥയിൽ അവർ ഒരുമിച്ചുവെന്നു മാത്രം. മങ്ങാട്ടച്ചൻ ജീവിച്ചതു പൂന്താനം ജീവിച്ച കാലത്താണെന്നു കേട്ടിട്ടുണ്ട്. അന്നത്തെ സാമൂതിരി ആരാണെന്നു പറയാൻ രേഖയില്ല.

30

 

ഇതിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം രചയിതാവിന്റെയും സംവിധായകന്റെയും സൃഷ്ടിയാണ്. അവരെക്കുറിച്ചു ചരിത്ര രേഖ ഇല്ല എന്നുതന്നെ പറയാം.  കുഞ്ഞാലി മരക്കാരുടേതെന്നല്ല 17–ാം നൂറ്റാണ്ടിനു മുൻപുണ്ടായിരുന്ന രാജാക്കന്മാരുടെയോ പടനായകന്മാരുടെയോ ചരിത്രം ആരും എഴുതിവച്ചിട്ടില്ല. മലബാർ ഭരിച്ചിരുന്ന സാമൂതിരിയുടെ കൊട്ടാരം എവിടെയായിരുന്നു എന്നതുപോലും ആർക്കുമറിയില്ല. അതിന്റെ ഒരു കല്ലുപോലും കണ്ടെടുത്തിട്ടില്ല.– പ്രിയദർശനും മോഹൻലാലും ‘മനോരമ’യോടു പറഞ്ഞു. 

26

 

27

യഥാർഥ യുദ്ധമല്ല

 

28

സിനിമയിൽ കാണിച്ച യുദ്ധം യഥാർഥത്തിൽ നടന്ന യുദ്ധത്തിന്റെ തനിപ്പകർപ്പല്ല. കേരളത്തിൽ യുദ്ധങ്ങളുണ്ടായി എന്നു പലയിടത്തും പരാമർശമുണ്ട്. അതിന്റെ കൃത്യമായ വിവരണമില്ല. ഇതിൽ പലതും വലിയ ശണ്ഠകളാണ്. വെടിക്കോപ്പും മികച്ച ആയുധങ്ങളുമെല്ലാം ഉപയോഗിച്ചത് അപൂർവം യുദ്ധങ്ങളിൽ മാത്രമാണ്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മഹായുദ്ധങ്ങൾ നമുക്കുണ്ടായിട്ടില്ല.

23

 

21

അത്തരമൊരു ഏകീകൃത സൈനിക സംവിധാനം ഉണ്ടായിരുന്നതായും രേഖയില്ല. മരക്കാരുടെ കാലത്തിനു ശേഷം തോക്കുമായി വന്നവർ നമ്മുടെ നാടിനെ വലിയ പ്രതിരോധമില്ലാതെ തകർത്തിട്ടുണ്ട്. കെട്ടിടങ്ങൾ നശിപ്പിച്ചിട്ടുണ്ടാകാം. നമ്മുടെ നാട്ടിൽ യുദ്ധങ്ങൾകൊണ്ടു മാസങ്ങളോളം നീളുന്ന പലായനങ്ങൾ ഉണ്ടായിട്ടില്ല. വിദേശികൾ ഇവിടെ ആദ്യം വന്നതു കച്ചവടക്കാരായാണ്, നാടു പിടിച്ചെടുക്കാനല്ല.

 

ശരാശരി ആയിരം അഭിനേതാക്കൾ

 

ശരാശരി 1000 പേരാണു പല ഷോട്ടുകളിലും ഉണ്ടായിരുന്നത്. പല ദിവസങ്ങളിലായി 12,000 പേർ ക്യാമറയ്ക്കു മുന്നിൽ ജൂനിയർ ആർട്ടിസ്റ്റുകൾ മാത്രമായി എത്തി. നടന്മാർ വേറെയും. ഇവരുടെ വേഷം, മേക്കപ്പ് എന്നിവയെല്ലാം നടത്തണമായിരുന്നു.സാബു സിറിൾ ലോകോത്തര ആർട്, പ്രൊഡക്‌ഷൻ ഡിസൈറാണെന്ന് ഈ സിനിമ കണ്ടാൽ മനസ്സിലാകുമെന്നും പ്രിയദർശൻ പറയുന്നു.

 

ചിത്രത്തിലെ കമ്മലിൽ മുതൽ കപ്പലിൽ വരെ സാബുവിന്റെ മുദ്രയുണ്ട്. കപ്പലുകളെയും ആയുധങ്ങളെയും കുറിച്ചും കാലഘട്ടത്തെക്കുറിച്ചും ഏറെക്കാലം സാബു പഠിച്ചു.നൂറിലേറെ പീരങ്കികളാണു സാബു ഉണ്ടാക്കിയത്. സാമൂതിരിയും പോർച്ചുഗീസുകാരും വെവ്വേറെ പീരങ്കികളാണ് ഉപയോഗിക്കുന്നത്. 

 

പീരങ്കിയുടെ കുഴലിന്റെ ഒരു ഭാഗത്തു സാമൂതിരിയുടെയും മറുഭാഗത്തു പോർച്ചുഗീസുകാരുടെയും അടയാളം കൊത്തിവച്ചു. കുഴൽ മറിച്ചുവച്ചാൽ രാജ്യം മാറി. സാബു പറഞ്ഞത് ‘മലയാള സിനിമയ്ക്ക് ഇത്രയേ പറ്റൂ’ എന്നാണ്. ബാഹുബലിക്കു  കലാസംവിധാനത്തിന് ചെലവാക്കിയത് 200 കോടി രൂപയാണ്.   16 കോടി രൂപയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ  ഈ ചിത്രത്തിന്റെ കലാസംവിധാനത്തിനായി ചെലവാക്കിയത്. 

 

സിനിമയ്ക്കായി ഫാക്ടറി 

 

ഈ സിനിമയ്ക്കു വേണ്ടി സാധനങ്ങളുണ്ടാക്കാൻ മാത്രമായി പ്രത്യേക ഫാക്‌ടറിയുണ്ടാക്കി. അവിടെ നൂറുകണക്കിനു പീരങ്കികളും ആയിരക്കണക്കിനു വാളുകളും തോക്കുകളും പടച്ചട്ടകളും കിരീടങ്ങളും മുഖാവരണങ്ങളും കാൽചട്ടകളും ചെരുപ്പുകളും ഷൂസുകളും ഉണ്ടാക്കി. നൂറുകണക്കിനാളുകൾ ഒരു കൊല്ലത്തോളം ജോലി ചെയ്തു.

 

ഓരോ ദിവസത്തെ ഷൂട്ടിനു ശേഷവും അവയിൽ പലതും തകർന്നു. രാത്രികളിൽ അവയുടെയെല്ലാം അറ്റകുറ്റപ്പണി നടത്തി. പുതിയതുണ്ടാക്കാൻ ബജറ്റുണ്ടായിരുന്നില്ല. തെങ്ങിൻ മടലു ചീകി കാലിലും കയ്യിലും കെട്ടിയും പനയോലയിൽ ശർക്കര ഉരുക്കിയൊഴിച്ചു പടച്ചട്ട ഉണ്ടാക്കിയുമാണത്രേ ആദ്യ കാലത്തു മലയാളി യുദ്ധം ചെയ്തത്. അതു സിനിമയിൽ കാണിക്കാനാകില്ല.  

 

സ്ത്രീകഥാപാത്രങ്ങൾക്കെല്ലാം അ ടിസ്ഥാനമാക്കിയതു രവിവർമ ചിത്രങ്ങളിലെ സ്ത്രീകളുടെ വസ്ത്രവും ആഭരണവുമാണ്. സാമൂതിരിയുടെ കാലത്തു ൈചനയിൽനിന്നുള്ള സിൽക്ക് റൂട്ട് ശക്തമായിരുന്നു. അന്നു സിൽക്കു വസ്ത്രങ്ങൾ ഇവിടെ കിട്ടിയിരുന്നു. വസ്ത്രവും വേഷവും ഇതായിരുന്നില്ല എന്ന് ആർക്കും പറയാം. എന്തായിരുന്നു എന്നു പറഞ്ഞു തരാനുമാകില്ല. കള്ളി മുണ്ടുടുത്തു തോർത്തു തലയിൽ കെട്ടി അരയിൽ ബെൽറ്റും കെട്ടി കുഞ്ഞാലി മരക്കാർ യുദ്ധത്തിനുപോയിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. കാരണം, ആ വസ്ത്രവുമായി കടൽ യുദ്ധം ചെയ്യാനാകില്ലോ– പ്രിയദർശൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com