ADVERTISEMENT

തന്റെ ഒരു ഗാനം ദേവരാജൻ മാഷ് എടുക്കുമെന്ന് ആർ. കെ. ദാമോദരന് ഒരു വിശ്വാസമുണ്ടായിരുന്നില്ല. മദ്രാസിലെ ഹോട്ടൽ മുറിയിലിരുന്ന് പാട്ട് എഴുതിക്കൊണ്ടിരുന്നപ്പോൾ ദാമുവിന് ആശ്വാസം പകരാനായി ഞാനും കൂടെയിരുന്നു. 

 

പി. ഭാസ്കരൻ മാഷിന്റെ പാട്ടിന്റെ ലളിതത്വം മനസ്സിൽ കണ്ടു കൊണ്ട് "നീ ഒരു പിടിപിടിച്ചാൽ സംഭവം നന്നാകും".

 

അപ്പോഴും ദാമോദരന് ആശങ്കയായിരുന്നു.  തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പ്രയോഗിക്കാൻ തയാറെടുക്കുന്ന ഒരു യോദ്ധാവിന്റെ മനസ്സോടെ അൽപം സമയമെടുത്താണ് അവന്‍ പാട്ടെഴുതി തീർത്തത്. 

 

"താൻ ഒന്നു വായിച്ചു നോക്ക്. ഇതിൽ കൂടുതലായി വരികളിൽ ലളിതത്വമുണ്ടാക്കാൻ എനിക്കാവില്ല. " 

 

ദാമോദരന്റെ വലിയ അക്ഷരത്തിലുള്ള പാട്ടിന്റെ വരികൾ ഇങ്ങനെയായിരുന്നു. 

 

"ദേവന്റെ കോവിലിൽ കൊടിയേറ്റ്...

ദേവിതന്‍ കോവിലില്‍ മുടിയേറ്റ്...."

sathar-devarajan

 

വായിച്ചു നോക്കിയപ്പോൾ സിറ്റുവേഷനനുസരിച്ചുള്ള പാട്ടായിട്ട് വന്നിട്ടുണ്ടെന്ന് എനിക്കും തോന്നി. ഇത് മാഷ് തിരസ്കരിക്കാന്‍ വഴിയില്ലെന്ന് ഞാൻ ദാമുവിന് ധൈര്യം കൊടുത്തു. 

 

പിറ്റേന്ന് രാവിലെ ഞാനും ദാമോദരനും കൂടി പാട്ടുമായി മാഷിന്റടുക്കൽ ചെന്നു.  മാഷ് പാട്ടു വായിച്ചു നോക്കിയിട്ട് ദാമുവിന്റെയും എന്റെയും മുഖത്തേക്ക് നോക്കിയിട്ട് നന്നായി ഒന്നു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.  ചിരിയുടെ അർഥം മാഷിന് പാട്ട് ഇഷ്ടപ്പെട്ടു എന്നാണ്.  പി. സുശീലയും മാധുരിയും കൂടിയാണ് ആ പാട്ട് പാടിയത്. 

 

അതോടെ എന്നെപ്പോലെ തന്നെ ദാമോദരനും മാഷിന്റെ ഭക്തനായി മാറുകയായിരുന്നു.  ഞാൻ എഴുതിയ ‘അകലങ്ങളിൽ അഭയ’ത്തിലും വയലിലും ദാമോദരന്റെ വരികൾക്ക് ദേവരാജൻ മാഷാണ് സംഗീതം പകർന്നത്. 

 

ഈ കാലയളവില്‍ ദേവരാജൻ മാഷുമായി എനിക്ക് നല്ല ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു. 

 

ഞാൻ എപ്പോൾ മദ്രാസിൽ ചെന്നാലും  മാഷിനെ പോയി കാണാതിരിക്കില്ല.  ഞാൻ തിരക്കഥ എഴുതിയ രക്തവും കർത്തവ്യവുമൊക്കെ വൻ വിജയമായതോടെ മദ്രാസിലുള്ള നിർമാതാക്കളായ കെ. പി. കൊട്ടാരക്കര, പി. എൻ സുന്ദരം, ആർ. എസ്. പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങൾക്കു വേണ്ടി തിരക്കഥ എഴുതാനുള്ള അവസരവും എന്നെ തേടിയെത്തി. 

 

ഒരു ദിവസം ഞാൻ മദ്രാസില്‍ ചെന്നപ്പോൾ ദേവരാജൻ മാഷിനെ കാണാനായി  ഭരണി സ്റ്റുഡിയോയിൽ ചെന്നു.  ഏതോ ഒരു ചിത്രത്തിന്റെ റിക്കാർഡിങ്ങിന്റെ ലഞ്ച് ബ്രേക്ക് സമയത്ത് മാഷ് ഭക്ഷണവും കഴിച്ച് കൺസോളിൽ വിശ്രമിക്കുകയായിരുന്നു.  ഞാൻ മാഷിന്റെ അടുത്തേക്ക് ചെന്നു. 

 

"മാഷ് ഉണ്ണാൻ വീട്ടിൽ പോയില്ലേ’? ഞാന്‍ ആമുഖമെന്നവണ്ണം പതുക്കെ ചോദിച്ചു. 

 

"പോയില്ല.  ഈ ട്രാഫിക്കിൽ വീട്ടിൽ പോയി വരുമ്പോൾ വൈകും. റീറിക്കാർഡിങ്ങ് ഇന്ന് തീർക്കേണ്ടതാണ്".

 ഞാൻ അൽപസമയം മാഷിനരികിൽ ഇരുന്നു. 

 

ഞങ്ങൾ തമ്മിലുള്ള സംസാരത്തിനിടയിൽ മാഷ് എന്റെ കല്യാണക്കാര്യത്തിലേക്കു വന്നു. 

 

"താൻ ഇങ്ങനെ ഒറ്റയാനായി നടന്നാൽ മതിയോ? ഒരു കല്യാണമൊക്കെ കഴിക്കണ്ടേ? "

 

മാഷ് കല്യാണക്കാര്യം പറഞ്ഞപ്പോൾ ഞാനത് അത്ര സീരിയസ്സായി എടുത്തില്ല. അതു കണ്ട് മാഷ് പറഞ്ഞു. 

 

"ജീവിതത്തിൽ ഒരടുക്കും ചിട്ടയും ഉണ്ടാവണമെങ്കിൽ ഒരു വിവാഹം കഴിക്കണം.  പുതിയതായി ജീവിതത്തിലേക്കു വരുന്ന ഭാര്യയെന്ന സ്ത്രീ സാന്നിധ്യം നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റി മറിക്കും." 

 

ഞാൻ മാഷിന്റെ വായ്മൊഴികൾ കേട്ട് അനുസരണയുള്ള ഒരു കുട്ടിയെപ്പോലിരുന്നു. 

 

മാഷ് ഒരു നിമിഷനേരം എന്തോ ആലോചിച്ചിരുന്ന ശേഷം എന്റെ മുഖത്തേക്കു നോക്കി. 

 

"എന്റെ ഒരു സുഹൃത്ത് ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞിരുന്നു. തോപ്പുംപടിയിലാണ് പെണ്ണിന്റെ വീട്. ആ കുട്ടിയുടെ സഹോദരനെ എനിക്ക് നന്നായിട്ടറിയാം. അയാളും എന്നോട് ഈ താൽപര്യം പറഞ്ഞെന്ന് കൂട്ടിക്കോളൂ. ഫാമിലിയൊക്കെ നല്ലതാ. തനിക്കൊന്നു പോയി ആ കുട്ടിയെ കണ്ടു കൂടെ". 

 

മാഷ് വെറുതെ എന്റെ മനസ്സ് അറിയാൻ വേണ്ടി പറഞ്ഞതാണെന്നാണ് ഞാൻ ആദ്യം കരുതിയത്. 

 

ഞാൻ മാഷിനോട് എന്താണ് പറയേണ്ടതെന്ന് ആലോചിച്ചിരിക്കുമ്പോൾ മാഷ് വീണ്ടും തുടർന്നു. 

 

"അടുത്ത ആഴ്ച എന്റെ ശിഷ്യന്റെ കല്യാണമാണ്. ജോൺസൺ.  തന്റെ ആന്റണി ഈസ്റ്റ്മാന്റെ പടത്തിലാണ് അവന്‍ ആദ്യമായി മ്യൂസിക് ചെയ്തത്. അവന്റെ കല്യാണത്തിന് ഞാൻ വരുകയാണെങ്കിൽ നമുക്ക് ഒന്നിച്ചു പോയി പെണ്ണിനെ കാണാം. താൻ എന്തു പറയുന്നു." 

 

പെട്ടെന്ന് എന്താണ് ഒരു മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.  മാഷിനെപ്പോലെ ഇത്രയും തിരക്കുള്ള ഒരു സംഗീതജ്ഞൻ എനിക്കു വേണ്ടി പെണ്ണു കാണാൻ വരികയെന്നതു തന്നെ എനിക്കു ഓർക്കാൻ പോലും കഴിയാത്ത കാര്യമാണ്.  ഞാൻ മൗനം സമ്മതം പോലെ മാഷിനെ നോക്കി. 

 

ഒരാഴ്ച കഴിഞ്ഞപ്പോൾ മാഷ് എന്നെ വിളിച്ച് ജോൺസന്റെ കല്യാണത്തിന് വരുന്ന കാര്യം കൺഫേം ചെയ്തു. പെണ്ണുകാണാൻ വരുമ്പോൾ കൂടെ ഒരു കൂട്ടുകാരനെയും വിളിച്ചോളാനും,  വിളിച്ചോളാനും തോപ്പുംപടിയിൽ ഞാൻ കാത്തു നിൽക്കേണ്ട സ്ഥലവും സമയവും ഒക്കെ മാഷ് പറഞ്ഞു തന്നു. 

 

ഞാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കിത്തോയെയും കൂട്ടിയാണ് പെണ്ണുകാണാൻ പോയത്. 

 

ഉച്ചകഴിഞ്ഞ് രണ്ടര മണിക്കാണ് മാഷ് വരാമെന്നു പറഞ്ഞിരിക്കുന്നത്. 

 

ഞങ്ങൾ പെൺ വീട്ടുകാരുടെ വീടിനടുത്തുള്ള ഒരു ബസ് സ്റ്റോപ്പിലാണ് നിന്നിരുന്നത്.  രണ്ട് നാൽപ്പതായപ്പോൾ ഒരു കറുത്ത അംബാസിഡർ കാർ വന്ന് ഞങ്ങളുടെ മുന്നിൽ നിന്നു.  മുൻ സീറ്റിൽ മാഷിരിക്കുന്നതു ഞങ്ങൾ കണ്ടു.  ഞാൻ വേഗം ചെന്ന് ഫ്രണ്ട് ഡോർ തുറന്നപ്പോൾ ശുഭ്രവസ്ത്രധാരിയായി മാഷ് ചിരിച്ചുകൊണ്ടിരിക്കുന്നു.   ബാക്ക് സീറ്റിലേക്കു നോക്കിയപ്പോഴാണ് അദ്ഭുതപ്പെട്ടു പോയത്. മാഷിന്റെ ഭാര്യ ലീലാമണി ചേച്ചിയും ഗായിക മാധുരിയും ഇരിക്കുന്നതാണ് ഞാൻ കണ്ടത്.  എന്റെ മനസ്സിൽ ആശ്ചര്യം വിടർന്നു. ഒരു വി. ഐ. പി. പെണ്ണുകാണൽ ചടങ്ങാണല്ലോ നടക്കാൻ പോകുന്നത്?  ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാനായി  പെണ്ണിന്റെ ഒരു ബന്ധു അവിടെ കാത്തുനിൽപുണ്ടായിരുന്നു. 

 

ഞങ്ങൾ പെൺവീടിന്റെ പൂമുഖത്തെത്തിയപ്പോൾ പെൺകുട്ടിയുടെ അപ്പനും ഏതോ ഒന്നു രണ്ടു ബന്ധുക്കളും കൂടി ഞങ്ങളെ അകത്തേക്ക് ആനയിച്ചു കൊണ്ടു പോയി. 

 

ഞാനും കിത്തോയും കസേരകളിലും മാഷും ഭാര്യയും മാധുരിയും സെറ്റിയിലും ഇരുന്നു.  

 

ദേവരാജൻ മാഷ് എന്നെ പെണ്ണിന്റെ അപ്പന് പരിചയപ്പെടുത്തി. പെണ്ണിന്റെ ബന്ധുക്കളിൽ ചിലർ എന്റെ സിനിമകളെക്കുറിച്ചൊക്കെയാണ് ചോദിച്ചത്. 

 

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പെണ്ണിന്റെ അപ്പൻ അകത്തേക്ക് ചെന്ന് കുട്ടിയുമായി വന്നു. പെണ്ണിന്റെ അമ്മ ചായയും പലഹാരങ്ങളുമായി പുറകെയും. 

 

പെണ്ണിനെ കണ്ടപ്പോൾ ഞാനാകെ വല്ലാതായി. കാണാൻ ഒരു മുഖഭംഗിയുമില്ല. നല്ല ഉയരവും സ്ലിമ്മുമൊക്കെയാണ്. കിത്തോ ഒരു പന്തികേടു പോലെ എന്നെ നോക്കി. മാഷിന്റെ മുഖത്തും ഇവിടെ വന്നപ്പോഴുണ്ടായ ആ തെളിച്ചവും കാണുന്നില്ല. 

 

ഒരു പെണ്ണു കാണൽ ചടങ്ങിൽ മുറപോലെ നടക്കേണ്ട പതിവു പരിപാടികളൊക്കെ കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി കാറിൽ കയറി.  ആരും ഒന്നും മിണ്ടാതെ കാർ അൽപം മുന്നോട്ടു നീങ്ങിയപ്പോൾ മാഷാണ് ആദ്യം മൗനം വെടിഞ്ഞത്. 

 

"നമുക്ക് ഇത് വേണ്ടല്ലേ?"

 

അപ്പോഴാണ് എനിക്കാശ്വാസമായത്. പെൺകുട്ടിയെ മാഷ് കാണാതെ എന്നെ കാണിക്കാൻ കൊണ്ടുവന്നതിൽ മാഷിന് ചെറിയ ഒരു കുറ്റബോധമുണ്ടെന്ന് എനിക്ക് മനസ്സിലായി.

 

അങ്ങനെ എന്റെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ് എനിക്ക് ഒരനുഭവമായി. 

 

പിന്നെയും ഒന്നു രണ്ടു പെണ്ണുകാണൽ ചടങ്ങു കൂടി ഞാൻ നടത്തിയെങ്കിലും അതും നടന്നില്ല. ഒന്നു മുടങ്ങിയാൽ മൂന്നു മുടങ്ങുമെന്ന് പറയുന്നതു പോലെ നാലാമത്തെ പെണ്ണുകാണലാണ് യാഥാർഥ്യമായത്. 

 

1982 ലായിരുന്നു എന്റെ വിവാഹം. എന്റെ വിവാഹത്തിന് ഉറപ്പായും വരാമെന്നു പറഞ്ഞിരുന്ന ദേവരാജൻ മാഷിനും ജോൺസനും വരാൻ കഴിഞ്ഞില്ല. അവരുടെ ജോലിത്തിരക്കായിരുന്നു തടസ്സമായത്. 

 

വിവാഹത്തിന്റെ അന്നു രാത്രി ദേവരാജൻ മാഷ് എന്നെ വിളിച്ചു. വിവാഹത്തിന് വരാൻ പറ്റാത്തതിന്റെ സാഹചര്യങ്ങളൊക്കെ എന്നോടു പറഞ്ഞു.  ശേഷം ഞാനും ഭാര്യയും കൂടി മാഷിന്റെ വീട്ടിൽ അടുത്തൊരു ദിവസം വരണമെന്ന് പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. 

 

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മാഷിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു ഞാനും ഭാര്യയും കൂടി മദ്രാസിലേക്ക് പുറപ്പെട്ടു.  മാന്യമായ ഒരു സ്വീകരണവും സൽക്കാരവുമാണ് മാഷും ഭാര്യയും കൂടി ഞങ്ങൾക്കു നൽകിയത്.  അപ്പോഴാണ് ഞങ്ങൾ വന്നതറിഞ്ഞ് ജോൺസൺ വിളിക്കുന്നത്. 

 

ജോൺസൺ ഒരു സിനിമയുടെ റീറിക്കോർഡിങ്ങിലാണ്.  ഞങ്ങളെ കാണണമെന്ന് ജോൺസന് വലിയ ആഗ്രഹമുണ്ട്.  മാഷിന്റെ വീട്ടിലേക്ക് വന്നാൽ റീറിക്കാർഡിങ്ങ് മുടങ്ങും.  മാഷിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ റിക്കാർഡിങ്ങ് സ്റ്റുഡിയോ വരെ ഒന്നു വരാമോ എന്ന് ജോൺസൺ ഒരു റിക്വസ്റ്റ് പോലെ എന്നോടു ചോദിച്ചു.

 

ഞങ്ങൾക്കു മറ്റ് പ്രോഗ്രാമൊന്നുമില്ലാത്തതുകൊണ്ട് വൈകിട്ട് അഞ്ചു മണി കഴിഞ്ഞപ്പോൾ ഞാനും ഭാര്യയും കൂടി ജോൺസന്റെ റിക്കാർഡിങ്ങ് സ്റ്റുഡിയോയിലെത്തി. 

 

ഞങ്ങൾ ചെല്ലുമ്പോൾ ജോൺസൺ റീറിക്കാർഡിങ്ങിന്റെ തിരക്കിലായിരുന്നു.  ഞങ്ങൾ സ്റ്റുഡിയോയ്ക്കകത്തേക്ക് കയറി.  ഭാര്യ റിക്കാർഡിങ്ങും റീറിക്കാർഡിങ്ങും ഒക്കെ ആദ്യമായി കാണുകയാണ്.  ചെയ്തു കൊണ്ടിരുന്ന റീലിന്റെ ടേക്ക് ഓക്കെയായി കഴിഞ്ഞപ്പോൾ ജോൺസൺ വേഗം തന്നെ ഞങ്ങളുടെ അടുത്തേക്ക് വന്നു. 

 

ഞാൻ ഭാര്യയെ ജോൺസനു പരിചയപ്പെടുത്തി.  ജോൺസൺ ചെറിയ നർമത്തിന്റെ പൊടി നമ്പറുകൾ വിട്ടു നിൽക്കുമ്പോഴാണ് കസവു സാരിയുടുത്തു നല്ല ഉയരം കൂടിയ ഒരു പെൺകുട്ടി അൽപം ഒതുങ്ങി മാറി നിൽക്കുന്നതു ഞാൻ കണ്ടത്. തിയറ്ററിലെ മങ്ങിയ വെളിച്ചത്തിൽ ആളെ വ്യക്തമായി മനസ്സിലാക്കാനാവുന്നില്ല. ആ കുട്ടി എന്നെ നന്നായിട്ട് ശ്രദ്ധിക്കുന്നത് എനിക്ക് കാണാം. ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? പെട്ടെന്നാണ് എന്റെ ഓർമകൾക്ക് ചിറകു വയ്ക്കുന്നത്. ആറേഴു മാസം മുൻപ് ദേവരാജൻ മാഷിനോടൊപ്പം തോപ്പുംപടിയിൽ പോയി പെണ്ണു കണ്ടത് ഈ കുട്ടിയേയല്ലേ? ഈ കുട്ടി ഇവിടെ എന്തിനാണ് വന്നത്?

 

അവൾ കേൾക്കാതെ ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ പതുക്കെ ജോൺസനോടു ചോദിച്ചു. 

 

"ഈ കുട്ടി ഏതാ റീറിക്കാർഡിങ്ങ് ട്രോപ്പിൽ ഉള്ളതാണോ? "

 

ഹേയ് അത് നിന്റെ നാട്ടുകാരിയാ കൊച്ചി തോപ്പുംപടിയിലാ വീട്.  ഇവിടത്തെ വയലിനിസ്റ്റ് ജോസിന്റ ഭാര്യയാ ഈയിെടയാണ് വിവാഹം കഴിഞ്ഞത്." 

 

ജോൺസൺ അത്രയും പറഞ്ഞു കൊണ്ട് ആ കുട്ടിയെ ഞങ്ങളുടെ അടുത്തേക്കു വിളിച്ചു.  അവർ ചെറുതായി ഒന്നു മടിച്ചെങ്കിലും അൽപം നാണത്തോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു. 

 

ജോൺസൺ എന്നെയും ഭാര്യയെയും പരിചയപ്പെടുത്തി. 

 

"കലൂർ ഡെന്നിസിനെ അറിയില്ലേ?  ഈയിടെയാണ് ഇവന്റെ വിവാഹം കഴിഞ്ഞത്." 

 

പെൺകുട്ടി പാതി ചമ്മിയ മുഖവുമായി അറിയുമെന്ന് പതുക്കെ തലയാട്ടി.  രണ്ടു മണവാട്ടിമാരും തമ്മിൽ ചെറുതായി എന്തോ സംസാരിക്കുന്നത് ഞാൻ കണ്ടു. 

 

എന്നാലും ഈ കുട്ടിയെ ഇവിടെ വച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല.  ജീവിതത്തിൽ എന്തെല്ലാം ആകസ്മികതകളാണ് നമ്മൾ അറിയാതെ വന്നു സംഭവിക്കുന്നത്. 

 

സ്റ്റുഡിയോയിൽ നിന്ന് കാറിൽ തിരിച്ചു പോകുമ്പോള്‍ ഞാന്‍ ഭാര്യയോടു ചെറു രസത്തോടെ പറഞ്ഞു. 

 

"നമ്മൾ പരിചയപ്പെട്ട ആ പുതുമണവാട്ടി കാണാന്‍ എങ്ങനെയുണ്ട്.? " 

 

"കുഴപ്പമില്ല." 

 

"ഞാൻ പോയി ആ കുട്ടിയെ പെണ്ണുകണ്ടതാണ്." 

 

"എന്നിട്ടെന്താണ് കെട്ടാതിരുന്നത്? "

 

"അതിന്റെ ശരിക്കുള്ള ഉത്തരമാണ് നീ." 

 

അതുകേട്ട് അവൾ നിഷ്കളങ്കമായി ചിരിച്ചു. 

 

(തുടരും)

 

അടുത്തത് : എസ് എൽ പുരത്തിന്റെ കുറുന്തോട്ടി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com