ADVERTISEMENT

എന്റെ യൗവ്വനകാലത്താണ് ഞാൻ രാമുകാര്യാട്ടിന്റെ ‘ചെമ്മീൻ’ സിനിമ കാണുന്നത്. തകഴിയുടെ പ്രശസ്തമായ നോവലാണെങ്കിലും അതിന്  അഭ്രഭാഷ്യം ഉണ്ടായപ്പോൾ പിന്നെയത് രാമു കാര്യാട്ടിന്റെ സിനിമയായി മാറുകയായിരുന്നു. സാധാരണ സാഹിത്യ കൃതികൾ സിനിമയായി വരുമ്പോൾ മൂലകൃതിയുടെ ആത്മാവ് നഷ്ടപ്പെട്ടെന്ന് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ തകഴിയുടെ ‘ചെമ്മീൻ’ ചലച്ചിത്രമായപ്പോൾ നോവലിനേക്കാൾ കാര്യാട്ടിന്റെ ചെമ്മീനെ വെള്ളിത്തിരയിലെ വിസ്മയമായി പ്രേക്ഷകരും ബുദ്ധിജീവി വിമർശകരുമൊക്കെ ഒരേ ഈണത്തിൽ ഏറ്റു പാടി നടക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.

 

തകഴിയുടെ ചെമ്മീൻ വായിച്ചിട്ടുള്ളതുകൊണ്ട് ഈ കേള്‍ക്കുന്ന ജനസ്വരത്തിന് എന്തെങ്കിലും സത്യമുണ്ടോ എന്നറിയാൻ വേണ്ടി കൂടിയാണ് ഞാൻ കാര്യാട്ടിന്റെ ചെമ്മീൻ കാണാൻ പോയത്. ഫോർട്ടു കൊച്ചിയിലും വൈപ്പിനിലുമൊക്കെയായി ഒത്തിരി വട്ടം കടലു കണ്ടു നടന്നിട്ടുള്ള എനിക്ക് കാര്യാട്ടിന്റെ ‘ചെമ്മീൻ’ കണ്ടപ്പോഴാണ് കടലിന് ഇത്രമാത്രം സൗന്ദര്യമുണ്ടെന്ന് മനസ്സിലായത്. 

 

അതേ പോലെ തന്നെ അക്കാലത്തു ഇറങ്ങിയിട്ടുള്ള പല പ്രണയ ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ടെങ്കിലും, ചെമ്മീനിലെ പരീക്കുട്ടിയുടെയും, കറുത്തമ്മയുടെയും പോലെ മനോഹരമായ ഒരു രാഗവിസ്താരം വേറെ ഒരു സിനിമയിലും എനിക്ക് ദർശിക്കാനായില്ല.  അവരുടെ പ്രണയപരാജയം ഒരു വിഷാദപർവം പോലെയാണ് എന്റെ മനസ്സിൽ പതിഞ്ഞിട്ടുള്ളത്. 

 

മുക്കുവരുടെ ജീവിതവും പ്രണയവും കഥാപരിസരവുമൊക്കെ എത്ര സ്വാഭാവികതയോടെയാണ് കാര്യാട്ട് സന്നിവേശിപ്പിച്ചിരിക്കുന്നത്.  അരയ സമൂഹത്തിന്റെ പ്രത്യേക ഭാഷയും, ഉച്ചാരണ രീതിയുമൊക്കെ ജനം ആദ്യമായി കേൾക്കുന്നത് ഒരു പക്ഷെ ‘ചെമ്മീനി’ലൂടെയായിരിക്കാം.

 

തകഴിയുടെ നോവൽ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ തന്നെ കാര്യാട്ട് മുക്കുവരുടെ ജീവിതവും അവരുടെ സാമൂഹ്യാവസ്ഥയുമൊക്കെ നന്നായിട്ടറിയാവുന്ന ഒരു തിരക്കഥാകാരനെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്.  പല അന്വേഷണങ്ങൾക്കിടെ പി. ഭാസ്കരനാണ് എസ്.എൽ. പുരത്തിന്റെ പേര് പറഞ്ഞതെന്നാണ് അന്ന് സിനിമാവൃത്തങ്ങളിൽ നിന്ന് എനിക്കറിയാൻ കഴിഞ്ഞത്.

 

ചെമ്മീനിലെ കഥാപാത്രങ്ങൾക്ക് പറ്റിയ ആർട്ടിസ്റ്റിനെ കണ്ടു പിടിച്ചതു പോലെ തന്നെയാണ് അവരുടെ മൊഴികളിലെ ‘അരയഭാഷ’ എഴുതാൻ പറ്റിയ എസ്. എൽ പുരത്തിലേക്കും രാമു കാര്യാട്ട് എത്തിയത്.  ചെമ്മീനിൽ സത്യനും, കൊട്ടാരക്കരയും അടൂർഭാസിയും എസ്. പി. പിള്ളയുമൊക്കെ ഉരുവിടുന്ന ചില സംഭാഷണങ്ങൾ ഇതിനു മുൻപൊന്നും കടലിന്റെ കഥ പറയുന്ന ഒരു ചിത്രങ്ങളിലും ഞാൻ കണ്ടിട്ടില്ല. 

 

ഈ സിനിമ കണ്ടതോടെയാണ് ഞാൻ എസ്. എൽ. പുരത്തിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇതിനു മുൻപ് എസ്.എൽ. പുരം എഴുതിയ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും തിരക്കഥാകാരന്റെ പേരൊന്നും ഞാൻ നോക്കാറില്ല. ചെമ്മീന്‍ കണ്ടതോടെയാണ് എഴുത്തിലും വായനയിലും കമ്പം കയറി നടന്നിരുന്ന ഞാൻ എസ്.എൻ. പുരത്തിന്റെ ഒട്ടുമിക്ക സിനിമകളും കാണാൻ തുടങ്ങിയത്. അഗ്നിപുത്രി, ഒരു പെണ്ണിന്റെ കഥ, തെമ്മാടി വേലപ്പൻ തുടങ്ങിയ സിനിമകളിലെ ഷാർപായ ഡയലോഗ് കേട്ട് ഞാൻ ഒത്തിരി കൈയടിച്ചിട്ടുണ്ട്. അന്നൊന്നും ഞാൻ സിനിമയില്‍ വരുമെന്നോ, ഒരു തിരക്കഥാ സംഭാഷണ രചയിതാവാകുമെന്നോ സ്വപ്നത്തിൽ പോലും കരുതിയതല്ല.  എന്നാൽ പ്രപഞ്ചവും കാലവും എന്നെ സിനിമ എന്ന വിസ്മയലോകത്തിലേക്ക് കൈ പിടിച്ചു കൊണ്ടു പോവുകയായിരുന്നു . 

 

എന്റെ ഒരു കഥ ആദ്യമായി സിനിമയാക്കാൻ പോയപ്പോൾ ഞാൻ നിർമാതാക്കളോടും സംവിധായകനായ ഐ.വി. ശശിയോടും ഒരേ ഒരു നിബന്ധനയേ വച്ചുള്ളൂ.  എന്റെ കഥയ്ക്ക് എസ്.എൽ. പുരത്തിനെക്കൊണ്ട് സംഭാഷണം എഴുതിക്കണമെന്ന്.  ശശി ഇതിനു മുൻപ് എസ്. എൽ. പുരത്തിനെ കൊണ്ട് തിരക്കഥ എഴുതിക്കാത്തതുകൊണ്ട് എന്റെ ഈ അഭിപ്രായത്തോട് ചേർന്നു നിൽക്കുകയും ചെയ്തു. 

 

പിറ്റേന്ന് രാവിലെ തന്നെ ഞാനും കിത്തോയും നിർമാതാവിന്റെ നോമിനിയും എന്റെ സുഹൃത്തുമായ സി.സി. ആന്റണിയും കൂടി എസ്. എൽ. പുരത്തിനെ കാണാൻ ചേർത്തലയ്ക്ക് പുറപ്പെട്ടു.  അദ്ദേഹത്തിന്റെ നാടകട്രൂപ്പായ സൂര്യസോമയിലാണ് ഞങ്ങൾ ചെന്നത്. അപ്പോൾ അദ്ദേഹം എത്തിയിട്ടുണ്ടായിരുന്നില്ല.  സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മറ്റെല്ലാ കാര്യങ്ങളും അദ്ദേഹത്തോട് സംസാരിച്ചതു ഞാനായിരുന്നു.  ഞാന്‍ ചിത്രാകൗമുദിയിൽ എഴുതിയിരുന്ന നോവലിന്റെ കഥാസംഗ്രഹം മുഴുവൻ പറഞ്ഞു കേൾപ്പിച്ചപ്പോൾ നോവൽ അദ്ദേഹത്തിനും ഇഷ്ടപ്പെട്ടെന്നു എനിക്കു തോന്നി. 

 

അദ്ദേഹം തന്റെ കണ്ടീഷനൊക്കെ ഞങ്ങളുടെ മുന്നിൽ നിരത്തി.  അന്ന് 1978 ൽ 25000 രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. അഡ്വാൻസ് പതിനായിരം.  സ്ക്രിപ്റ്റ് കൈമാറ്റം നടത്തുമ്പോൾ കടം പറയാതെ ബാക്കി തരാനുള്ള തുക കൃത്യമായി തന്നിരിക്കുകയും വേണം.  ഇങ്ങനെയുള്ള കണ്ടീഷൻസൊക്കെ ഞാൻ ആദ്യമായി കേൾക്കുകയാണ്.  അദ്ദേഹത്തിന്റെ ആവശ്യങ്ങളൊക്കെ സമ്മതിച്ച ശേഷം ഞാൻ എന്റെ ഒരാഗ്രഹം പറഞ്ഞു. 

 

‘സർ, എന്റെ കഥയ്ക്ക് ഞങ്ങളുടെയെല്ലാം സുഹൃത്തായ ജോണ്‍ പോളിനെക്കൊണ്ട് തിരക്കഥ എഴുതിക്കണമെന്നാണ് എന്റെ ആഗ്രഹം.  സാറിന് ഡയലോഗ് മാത്രം എഴുതി തരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"

 

ജോണ്‍പോൾ ആരാണെന്നോ എന്താണെന്നോ ചോദിക്കാതെ തന്നെ അദ്ദേഹത്തിന്റെ മറുപടി വന്നു. 

 

" കഥയോ, തിരക്കഥയോ ആരുവേണമെങ്കിലും എഴുതിക്കോട്ടെ. എന്റെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാവില്ല.  അതിന് സമ്മതമാണെങ്കിൽ മാത്രം അഡ്വാൻസ് തരിക"

 

അതുകേട്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. ജോണിനെക്കൊണ്ട് തിരക്കഥ എഴുതിക്കാൻ അദ്ദേഹം സമ്മതിച്ചല്ലോ.

 

ഞങ്ങൾ അപ്പോൾ തന്നെ അഡ്വാൻസും കൊടുത്ത് എറണാകുളത്തേക്ക് തിരിച്ചു. ശശിയെ വിളിച്ചു പറഞ്ഞപ്പോൾ കക്ഷി ഒരു സംശയം പ്രകടിപ്പിച്ചു. 

 

"എസ്. എൽ. പുരം സ്ഥിരമായി മദ്രാസിലെ സ്വാഗത് ഹോട്ടലിലിരുന്നാണ് സ്ക്രിപ്റ്റ് എഴുതുന്നത്. ജോണിന് ബാങ്കിൽ നിന്ന് ലീവെടുത്ത് അവിടെ ചെന്നിരിക്കാൻ പറ്റുമോ?"

 

അതു േകട്ടപ്പോൾ അത് ശരിയാണല്ലോയെന്നു ഞങ്ങൾക്കും തോന്നി. 

 

"തിരക്കഥയും സംഭാഷണവുമൊക്കെ അദ്ദേഹം തന്നെ എഴുതുന്നതാണ് പ്രായോഗികത.  അദ്ദേഹം നല്ല തിരക്കുള്ള ആളാ, അല്ലെങ്കിൽ അയാളും ഉഴപ്പും." 

 

ശശിയുടെ അഭിപ്രായം തന്നെയായിരുന്നു ജോൺപോളിനും.  എസ്. എൽ. പുരം തന്നെ എഴുതട്ടെ, ഞങ്ങളും തീരുമാനിച്ചു. 

 

ഒരു മാസത്തിനുള്ളിൽ സ്ക്രിപ്റ്റ് എഴുതി തരാമെന്നാണ് എസ്. എൽ. പുരം പറഞ്ഞിരുന്നത്.  മലയാളത്തിെല ഏറ്റവും വിലപിടിപ്പുള്ള ആർട്ടിസ്റ്റുകളെയാണ് ഞങ്ങൾ പറഞ്ഞു വച്ചിരിക്കുന്നത്.  മധു, ജയഭാരതി, സീമ, സോമൻ, ബാലൻ .കെ. നായർ, ഹനീഫ, കെ.പി. എസി. ലളിത തുടങ്ങിയവർക്ക് അഡ്വാൻസ് കൊടുക്കാനായി പ്രൊഡക്‌ഷൻ കൺട്രോളർ അരവിന്ദാക്ഷനെ ഏൽപിക്കുകയും ചെയ്തു.  

 

ഒരു മാസം കഴിഞ്ഞപ്പോൾ ഞാനും കിത്തോയും സി. സി. ആന്റണിയും  കൂടി എസ്. എൽ. പുരത്തിനെ കാണാനായി മദ്രാസിലേക്ക് പുറപ്പെട്ടു. ഞങ്ങൾ ആദ്യം പോയി ശശിയെ കണ്ട ശേഷം സ്ക്രിപ്റ്റ് വായിച്ചു കേള്‍ക്കാനായി എപ്പോൾ വരണമെന്നറിയാൻ എസ്. എൽ. പുരത്തിനെ വിളിച്ചു.  സ്ക്രിപ്റ്റ് തീർന്നിട്ടില്ല.  രണ്ടു ദിവസം കഴിഞ്ഞു ചെല്ലാനാണ് എസ്. എൽ. പുരം പറഞ്ഞത്.  രണ്ടു ദിവസം ഒരു പണിയുമില്ലാതെ ഇതിനുവേണ്ടി മാത്രം ഇവിടെ നിൽക്കണമല്ലോ എന്നോർത്തപ്പോൾ എനിക്ക് വിഷമമായി. 

 

ശശിയാണെങ്കിൽ അപ്പോൾ ഒരേ സമയത്ത്  മൂന്ന് സിനിമകളുെട ജോലികളുമായി ഓടി നടക്കുന്ന സമയമാണ്.  രണ്ടു ദിവസം കഴിഞ്ഞ് രാവിലെ എങ്ങനെയെങ്കിലും ശശിയെ വിളിച്ചു കൊണ്ടു പോയി സ്ക്രിപ്റ്റ് കേൾപ്പിക്കണം.

 

എസ്. എൻ. പുരം പറഞ്ഞതുപ്രകാരം ശശിയുമായി ഞങ്ങൾ രാവിലെ തന്നെ അദ്ദേഹത്തിന്റെ മുറിയിലെത്തി.  വളരെ സന്തോഷത്തോടെ അദ്ദേഹം ഞങ്ങളോട് കുശലങ്ങൾ പറയാൻ തുടങ്ങി. ശശിയാണെങ്കിൽ മുള്ളിന്മേൽ നിൽക്കുന്നതു പോലെയാണ് നില്‍ക്കുന്നത്.  അത് മനസ്സിലാക്കി വളരെ സൗമ്യതയോടെ എസ്.എൽ. പുരം പറഞ്ഞു.  

 

"കുറച്ചു കൂടി സ്ക്രിപ്റ്റ് തീരാനുണ്ട്. ശശികുമാറിന്റെ പടത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ നാളെ തുടങ്ങുന്നതു കൊണ്ട് അതിന്റെ അൽപം തിരക്കുണ്ടായിരുന്നു.  രണ്ടു ദിവസം കഴിഞ്ഞു നമ്മൾക്ക് ഫുൾ സ്ക്രിപ്റ്റ് വായിക്കാം. " 

 

ശശി അതു കേൾക്കേണ്ട താമസം അപ്പോൾ തന്നെ എഴുന്നേറ്റു.  എനിക്ക് നിരാശയായി. എറണാകുളത്തു ചെന്നിട്ട് ചിത്രപൗർണമിയുടെ പുതിയ ലക്കത്തിന്റെ ജോലിയുള്ളതാണ്.  ഇനിയും രണ്ടു ദിവസം കൂടി വെറുെത ഇവിടെ നിൽക്കണമല്ലോ?  ശശിയാണെങ്കില്‍ അദ്ദേഹത്തോടൊന്നും പറയുന്നുമില്ല.

 

ഞങ്ങൾ അപ്പോൾ തന്നെ അവിടുന്ന് തിരിച്ചു പോന്നു. രണ്ടു ദിവസം കഴിഞ്ഞ് ഒന്നു വിളിച്ചു ചോദിച്ചിട്ട് ശശിയെയും കൂട്ടി പോകാമെന്ന് കരുതി എസ്. എൽ. പുരത്തിന് ഫോൺ ചെയ്തപ്പോൾ വീണ്ടും രണ്ടു ദിവസം കൂടി താമസം വരുമെന്ന് അദ്ദേഹം പറഞ്ഞു.  അതു കേട്ടപ്പോൾ ഞാൻ വല്ലാതായി. 

 

‘ഇങ്ങനെയാണെങ്കിൽ എങ്ങനെയാണ് സാർ ശരിയാവുക. എത്ര ദിവസമായി ഞങ്ങൾ ഇവിടെ വന്ന് വെറുതെ ഹോട്ടൽ ബില്ലും കൊടുത്തു കിടക്കുന്നു." 

 

അപ്പോഴുളള ഈർഷ്യയിലാണ് പെട്ടെന്ന് ഞാൻ അങ്ങനെ പറഞ്ഞത്. 

 

ഞാൻ പറഞ്ഞത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം എന്റെ നേരെ ചൂടായി. 

 

"നിങ്ങളാരാ ഇതൊക്കെ പറയാൻ! "

 

"ഞാൻ പറഞ്ഞിട്ടാണ് സാറിനെക്കൊണ്ട് എഴുതിക്കുന്നത്."  ​ഞാൻ സത്യത്തിന്റെ വഴി തുറന്നു. 

 

"ഇതു പച്ചമരുന്നു കടയിൽ കിട്ടുന്ന കുറുന്തോട്ടിയും ഞെരിഞ്ഞിലുമൊന്നുമല്ല. കൃത്യമായി തൂക്കി വാങ്ങാൻ. തല കൊണ്ടുള്ള പണിയാ. "

 

എന്നു പറഞ്ഞ് അദ്ദേഹം പെട്ടെന്ന് ഫോൺ കട്ടു െചയ്തു. 

 

ഈ വിവരം ഞാൻ അപ്പോൾ തന്നെ ശശിയെ വിളിച്ച് പറഞ്ഞു. 

 

"നീ ഇനിയൊന്നും പറയാൻ നിൽക്കണ്ട. എങ്ങനെയെങ്കിലും വേഗം എഴുതി വാങ്ങാൻ നോക്ക്." 

 

രണ്ടു ദിവസം കഴിഞ്ഞ് കൃത്യ സമയത്തുതന്നെ ഞങ്ങൾ വീണ്ടും ചെന്നു. കഴിഞ്ഞ ദിവസത്തെ നീരസ്സമൊന്നും അദ്ദേഹം കാണിച്ചില്ല. ഒന്നര മണിക്കൂറു കൊണ്ടു അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു. ശശി ഒരഭിപ്രായവും പറഞ്ഞില്ല. അദ്ദേഹം ഞങ്ങളോട് ഒരഭിപ്രയാവും ചോദിച്ചതുമില്ല. 

 

അഡ്വാൻസ് കഴിച്ചുള്ള ബാക്കി തുക കൊടുത്തപ്പോൾ സ്ക്രിപ്റ്റിന്റെ ഫയൽ ആന്റണിയുടെ കയ്യിൽ കൊടുത്തു കൊണ്ട് അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു.  ഇതായിരുന്നു തിരക്കഥാകാരനായ എസ്. എൽ പുരത്തിന്റെ അന്നത്തെ ശീലം.

 

‘അനുഭവങ്ങളെ നന്ദി’യുടെ ഷൂട്ടിങ് നിലമ്പൂർ കാട്ടിൽ വച്ചായിരുന്നു. ശശിയുടെ തിരക്കു കൊണ്ട് ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞ് രണ്ടു മൂന്നു മാസം കഴിഞ്ഞെ അടുത്ത ഷെഡ്യൂൾ നടക്കുകയുള്ളൂ എന്നറിഞ്ഞ നിർമാതാക്കാൾ ഇതിനിടയിൽ കെ. ജി. ജോർജ്, പത്മരാജൻ ടീമിനെ വച്ച് ഒരു ചെറിയ പടം എടുക്കാൻ തീരുമാനിച്ചു.  ഈ പ്രോജക്ട് ജോർജു സാറിലേക്കെത്താൻ പ്രേരകശക്തിയായി നിന്നത് ഞാനായിരുന്നു. സോമനും, വിധുബാലയുമായിരുന്നു നായികാ നായകന്മർ. "രാപ്പാടികളുടെ ഗാഥ" എന്നായിരുന്നു പടത്തിന്റെ പേര്.  ചിത്രം സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും കലാപരമായി മികച്ച അഭിപ്രായം നേടിയിരുന്നു. 

 

മൂന്നു മാസം കഴിഞ്ഞ് ‘അനുഭവങ്ങളെ നന്ദി’യുടെ ഷൂട്ടിങ് പൂർത്തിയാക്കി 1979 മാർച്ചിൽ ചിത്രം പുറത്തിറങ്ങുകയും ചെയ്തു. 

 

ഈസമയത്താണ് ഇതിന്റെ നിർമാതാക്കൾ എസ്. എൽ. പുരത്തിന്റെ പ്രശസ്ത നാടകമായ ‘നിധി’ ചലച്ചിത്രമാക്കാൻ തീരുമാനിക്കുന്നത്.  മധുവും ഷീലയുമാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ജേസിയാണ് സംവിധായകന്‍.  തിരുവനന്തപുരത്തായിരുന്നു ലൊക്കേഷൻ.  ഷൂട്ടിംഗ് തുടങ്ങി നാലഞ്ചു ദിവസം ആയപ്പോഴേക്കും പെട്ടെന്ന് ചില സാമ്പത്തിക പ്രശ്നങ്ങളൊക്കെ വന്നു ചേർന്നു. എല്ലാവർക്കും അഡ്വാൻസ് മാത്രമേ കൊടുത്തിട്ടുള്ളൂ.  അന്നൊക്കെ എല്ലാവരും സഹകരണ മനോഭാവത്തോടെയാണ് ഒരു പ്രോജക്റ്റിന്റെ ഭാഗമാകുന്നത്.  

 

എസ്. എൽ. പുരം മുഴുവൻ തുകയും കിട്ടാതെ ഫുൾ സ്ക്രിപ്റ്റ് കൊടുക്കുന്ന ആളല്ലെങ്കിലും നാടകനടൻ കൂടിയായിരുന്ന സംവിധായകൻ ജേസിയുമായുള്ള അടുപ്പംകൊണ്ടാണ് ബാക്കി തുക ഒരാഴ്ച കഴിഞ്ഞു തരാമെന്നുള്ള ധാരണയിൽ സ്ക്രിപ്റ്റ് മുഴുവനും അദ്ദേഹം കൊടുത്തത്.  പക്ഷെ പറഞ്ഞതു പോലെ ജേസിക്കു വാക്കു പാലിക്കാന്‍ കഴിഞ്ഞില്ല.  എസ്. എൽ. പുരം പല പ്രാവശ്യം പണം ആവശ്യപ്പെട്ടെങ്കിലും നിർമാതാക്കൾക്ക് കൊടുക്കാനായില്ല.  ഒരു ദിവസം രാവിലെ അദ്ദേഹം നേരെ ലൊക്കേഷനിലേക്ക് ചെന്ന്  പൈസ തരാതെ ഷൂട്ടിംഗ് നടത്താൻ സമ്മതിക്കാതെ ക്യാമറയുടെ മുൻപിൽ കയറി നിന്നു.  എല്ലാവരും സ്തബ്ധരായിപ്പോയ നിമിഷമാണത്.  നിർമാതാക്കൾ എവിടെയൊക്കെയോ ഓടി നടന്ന് ബാക്കി തുക സംഘടിപ്പിച്ച് അപ്പോൾത്തന്നെ കൊണ്ടുവന്നു കൊടുത്തു. 

 

ഈ വിവരം അറിഞ്ഞു എറണാകുളത്തുള്ള എനിക്ക് വല്ലാത്ത വിഷമവും ദേഷ്യവുമായിരുന്നു.  എസ്. എൽ. പുരം ഇങ്ങനെ ചെയ്തതിനെക്കുറിച്ച് ഞാൻ പെട്ടെന്ന് എന്തോ പറഞ്ഞത് അദ്ദേഹം അറിഞ്ഞു. പിന്നീട് നാലഞ്ചു ദിവസം കൂടിയെ ‘നിധി’യുടെ ഷൂട്ടിങ് നടന്നുള്ളൂ.  എസ്. എൽ. പുരം നിധി പോലെ കൊണ്ടു നടന്നിരുന്ന ജനപ്രിയ നാടകമായ നിധിക്ക് ചലച്ചിത്ര ഭാഷ്യമുണ്ടാവാനുള്ള ഭാഗ്യം വിധി അനുവദിച്ചില്ല. 

 

വര്‍ഷങ്ങൾ പലത് കടന്നു പോയി. 1981 ആയപ്പോഴേക്കും ഞാനും ഒരു തിരക്കഥാകാരന്റെ മേലങ്കിയണിഞ്ഞു കൊണ്ട് സിനിമ എന്ന മായാലോകത്തേക്കു കടന്നു വന്നു.  അപ്പോൾ എസ്. എൽ. പുരത്തിന്  സിനിമാ തിരക്കുകളൊക്കെ കുറഞ്ഞിരുന്നു.  ജോഷി–കലൂർ ഡെന്നീസ് മമ്മൂട്ടി ടീമുണ്ടാക്കി എറണാകുളം ബെൽറ്റുമായി ഞാൻ ഓടി നടക്കുമ്പോൾ ഒരു ദിവസം അവിചാരിതമായിട്ടാണ് എസ്. എൽ. പുരം ഞങ്ങളുടെ  ഓഫിസിലേക്ക് കടന്നു വന്നത്.  ആരോ പറഞ്ഞ പ്രകാരം കിത്തോയെക്കൊണ്ട് അദ്ദേഹത്തിന്റെ ഒരു നാടകത്തിന്റെ ഡിസൈൻ ചെയ്യിക്കാനായുള്ള വരവായിരുന്നു അത്. ആദ്യമായിട്ടാണ് എസ്. എൽ. പുരം ഞങ്ങളുടെ സങ്കേതത്തിലേക്ക് വരുന്നത്.  അദ്ദേഹത്തിനെ കണ്ട് ഞങ്ങള്‍ അത്ഭുതം കൂറി. 

 

അദ്ദേഹം വളരെ സൗമ്യനായി ചുണ്ടു തുറക്കാതെ എപ്പോഴുമുള്ള ഐശ്വര്യമുള്ള ആ ചിരിയുമായി ഞങ്ങളുടെ അടുത്തു വന്നിരുന്നു ആഗമനോദ്ദേശം അറിയിച്ചു.  ശേഷം കുശലം പറയുന്നതിനിടയിൽ അദ്ദേഹം പഴയ ‘നിധി’ക്കാലത്തിലേക്കു കടന്നു. 

 

"ഞാൻ അന്ന് ക്യാമറയുടെ മുൻപിൽ കയറി നിന്ന് ഷൂട്ടിങ് തടസ്സപ്പെടുത്തി എനിക്ക് ബാക്കി കിട്ടാനുള്ള പ്രതിഫലം വാങ്ങിച്ചെടുത്തപ്പോൾ ഡെന്നീസ് വളരെ രോഷാകുലനായെന്ന് ഞാൻ അറിഞ്ഞു.  നമ്മൾ എന്തിനാണ് ജോലി എടുക്കുന്നത്? പ്രതിഫലം കിട്ടാൻ, അതുകൊണ്ട് ജീവിക്കാൻ. അതു കിട്ടിയില്ലെങ്കിൽ നമ്മൾ എന്തു ചെയ്യും?  അതു കിട്ടാനുള്ള എല്ലാ മാർഗങ്ങളും നോക്കും. അതു തന്നെ ഞാനും ചെയ്തുള്ളൂ. നമുക്ക് ജീവിക്കേണ്ടെ.  അന്ന് ഡെന്നീസിന് അതൊന്നും മനസ്സിലാവില്ല. ഇപ്പോൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഞാൻ അറിഞ്ഞു. നിധിയ്ക്ക് ആകെക്കൂടി ഫുൾ എമൗണ്ട് കിട്ടിയിരിക്കുന്നത് എനിക്കു മാത്രമാണ്. ആ പടം നിന്നു പോയി ഇന്നുവരെ എനിക്ക് സ്ക്രിപ്റ്റ് എഴുതിയ വകയിൽ ഒരു പൈസ പോലും ആരും തരാനില്ല.  ഡെന്നീസ് ഇങ്ങനെ പോയാൽ അവസാനം ദുഃഖിക്കേണ്ടി വരും."

 

അദ്ദേഹം അന്നു അങ്ങനെ പറഞ്ഞപ്പോഴാണ് എനിക്ക് പ്രതിഫലം കിട്ടാത്ത അനുഭവങ്ങളെക്കുറിച്ച് ഞാൻ ഓർത്തുപോയത്.

 

(തുടരും)

 

അടുത്തത്:  കെ സേതുമാധവന്റെ പുനർജ്ജന്മം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com