ADVERTISEMENT

ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ തട്ടിപ്പ് കേസിൽ സണ്ണി ലിയോണി നായികയാകുന്ന  ‘ഷീറോ’ എന്ന മലയാള ചിത്രത്തിന്റെ പങ്കും പരിശോധിക്കും. ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)  ‘ഷീറോ’ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ അൻസാരി നെക്സ്റ്റലിന്റെ ഓഫിസിലും റെയ്ഡ് നടത്തിയിരുന്നു.

 

‘കുട്ടനാടൻ മാർപാപ്പയ്ക്കു’ ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ‘ഷീറോ’യുടെ ചിത്രീകരണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിനായി അൻസാരി മുടക്കിയിരിക്കുന്ന തുകയുടെ സോഴ്സ് അറിയുകയാകും ഇഡിയുടെ ഉദ്ദേശ്യം.

 

ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഇഡി നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. തട്ടിപ്പു നടത്തിയ തുക പല മലയാള സിനിമകൾക്കുമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പല നിർമാണ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്.

 

ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍  നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ലോങ് റീച്ച് ടെക്നോളജീസ് എന്ന  വെബ്സൈറ്റ് വഴി 1200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് എന്‍ഫോഴ്സമെന്‍റിന്‍റെ കണ്ടെത്തല്‍. രണ്ടുമുതല്‍ 8 ശതമാനം വരെ ലാഭവിഹിതം ക്രിപ്റ്റോ കറന്‍സിയില്‍ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വന്‍തോതില്‍ നിക്ഷേപം വന്നതോെട പണവുമായി തട്ടിപ്പ് സംഘം മുങ്ങി. ഇവരില്‍ നിന്ന് പണം വാങ്ങിയ ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്, അന്‍സാരി നെക്സ്റ്റെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്സ്, എലൈറ്റ് എഫ് എക്സ് എന്നീ കമ്പനികളില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി.

 

നടൻ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫിസിലും ഉൾപ്പെടെ സംസ്ഥാനത്തെ 3 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കേരളത്തിലെ മോറിസ് കോയിൻ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ കളിയിടുക്കൽ നിഷാദിന്റെ അക്കൗണ്ടിൽ നിന്ന് ഉണ്ണി മുകുന്ദന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന. ലോങ്റിച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ എംഡിയായ നിഷാദാണ് കേസിലെ പ്രധാന പ്രതി.  

 

നിഷാദുമായി സിനിമാ ബന്ധം മാത്രമെന്ന് ഉണ്ണി മുകുന്ദൻ

 

‘ 2019 ലാണ് നിഷാദ് അഡ്വാൻസ് നൽകിയത്. പിന്നീട് കോവിഡും മറ്റു പ്രശ്നങ്ങളും മൂലം സിനിമയൊന്നും നടന്നില്ല. രണ്ടു തവണ മാത്രമാണ് നിഷാദ് എന്നെ ബന്ധപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റ് ടൂർണമെന്റിന്റെ പരസ്യ ആവശ്യത്തിനായി ഒരിക്കലും പിന്നീട് സിനിമാ ആവശ്യവുമായും. നിഷാദിനെതിരെ ആരോപണങ്ങൾ ഉള്ള വിവരമൊന്നും എനിക്ക് അറിയില്ല. നിഷാദിന്റെ അക്കൗണ്ടുകൾ പരിശോധിച്ചാണ് ഇഡി എന്റെ സിനിമാ കമ്പനിയിൽ എത്തിയത്. എന്റെ പിതാവാണ് കാര്യങ്ങൾ നോക്കുന്നത്. പുതിയ ചിത്രമായ ‘മേപ്പടിയാ’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തുമ്പോഴേക്കും ഇഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർക്ക് ബോധ്യം വന്നിട്ടുണ്ട്. നിഷാദിന് പണം തിരികെ കൊടുക്കുമ്പോൾ ഇഡിയുടെ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിർദേശം തന്നിട്ടുണ്ട്–’ ഉണ്ണി മുകുന്ദൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com