ADVERTISEMENT

അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് നടൻ മമ്മൂട്ടിയും മോഹന്‍ലാലും. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലാണ് ഇരുവരും ഐക്യദാർഢ്യമറിയിച്ചത്. അഞ്ചുവർഷത്തെ അതിജീവന പോരാട്ടത്തെ വിവരിച്ചുകൊണ്ട് നടി സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പ് പങ്കുവച്ചായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും പിന്തുണ നല്‍കിയത്.

 

‘ധൈര്യം’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവച്ചത്. പൃഥ്വിരാജനെ കൂടാതെ താരങ്ങളായ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്,  കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, നിവിൻ പോളി, ആസിഫലി, അജു വർഗീസ്, മഞ്ജു വാരിയർ, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍, ആര്യ, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. 

 

ഇരയാക്കപ്പെടലിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഈ യാത്രയിൽ തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടു. എങ്കിലും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

 

നടിയുടെ വാക്കുകൾ: ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com