ADVERTISEMENT

നടൻ കൈലാഷിന്റെ അച്ഛനും വിമുക്ത സൈനികനുമായ എ.ഇ. ഗീവർഗീസിനെക്കുറിച്ച് നിർമാതാവ് ജോളി ജോസഫ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. അച്ഛനെ ജീവനുതുല്യം സ്നേഹിക്കുന്ന മകനാണ് കൈലാഷെന്നും അവസാനശ്വാസം വരെയും ആ പിതാവിനെ സന്തോഷത്തോടെയാണ് പരിപാലിച്ചിരുന്നതെന്നും ജോളി ജോസഫ് പറയുന്നു.

 

ജോളി ജോസഫിന്റെ വാക്കുകൾ:

 

kailash-father

തമ്പിച്ചായന്റെ മകൻ കൈലാഷ് ! 

 

നാട്ടുകാർക്ക് നന്മയുള്ളവനും പക്ഷേ വീട്ടുകാർക്ക് കർക്കശക്കാരനുമായിരുന്ന എന്റെ അപ്പച്ചൻ സഖാവുമായി ഊഷ്മളമായൊരു ബന്ധം ഒരിക്കലും എനിക്കുണ്ടായിരുന്നില്ല . സുഹൃത്തും നടനുമായ കൈലാഷിന്റെ കുടുംബവുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.. ! പട്ടാളക്കാരനായിരുന്ന പപ്പയെ അവൻ ' മോനെയെന്നും ' മമ്മിയെ ' ' മോളെയെന്നും ' ചിലപ്പോൾ '' പപ്പക്കുട്ടൻ മമ്മികുട്ടി ' പിന്നെ എന്തൊക്കെയോ വിളിച്ച് ലാളിച്ച് കൊഞ്ചിക്കുന്നത് പലപ്പോഴും ഞാൻ അസൂയയോടെ കേൾക്കാറുണ്ട് ..! ഒരൊറ്റ സന്താനം എന്ന നിലയിൽ അവന് കിട്ടിയ എല്ലാ ലാളനകളും മാതാപിതാക്കൾക്ക് തിരികെ നൽകുന്നത്, കയ്യിലിരിപ്പുകൊണ്ട് വീട്ടിലെ എല്ലാത്തരം ശിക്ഷണ നടപടികൾ നേരിട്ട ഞാൻ ആശ്ചര്യത്തോടെയാണ് കണ്ടിരുന്നത് .!

 

മലയാള സിനിമയിലെ എല്ലാ നല്ല കലാകാരന്മാരോടൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ പിന്നിൽ ഒരുപാട് പ്രയത്നങ്ങൾ ഉണ്ടെങ്കിലും, തിരുവല്ലക്കടുത്ത കുമ്പനാട് എന്ന കുഗ്രാമത്തിൽ നിന്നും മലയാളത്തിലും തമിഴിലുമായി എണ്ണം പറഞ്ഞ ഏകദേശം അറുപതോളം സിനിമകളിൽ കൈലാഷിന് അഭിനയിക്കാൻ സാധിച്ചതിന്റെ പിന്നിലെ ഏറ്റവും വലിയ ശക്തി , ഭാരതത്തിന്റെ അതിരു കാത്ത ധീര സേനാനിയായിരുന്ന പപ്പയുടെയും അവന്റെ മമ്മിയുടെയും പ്രാർത്ഥനകളും , അവന്റെ സഹധർമിണി ദിവ്യയുടെ അമൂല്യമായ പിന്തുണയുമാണ് എന്നതാണ് സത്യം. ക്ഷണിക്കപ്പെട്ട ചില വേദികളിൽ മകന്റെ കൂടെ പോയിരുന്ന പപ്പ ഒരിക്കലും വേദിയിൽ കയറിരുന്നില്ല മറിച്ച് കാണികളിൽ ഒരാളായി തന്റെ മകൻ പങ്കിടുന്ന വേദികൾ കണ്ട് ആയിരം നാവുള്ള അനന്തനായി അഭിമാനപെടുമായിരുന്നു!

 

എറണാകുളത്ത് വാടകവീട്ടിൽ ഇപ്പോഴും താമസിക്കുന്ന കൈലാഷ് പുതിയ വീട് പണിയാൻ തീരുമാനിച്ചപ്പോൾ ഞാനുൾപ്പെടെ പലരുടെയും അഭിപ്രായങ്ങൾക്ക് വഴങ്ങാതെ മാതാപിതാക്കളുടെ സ്വന്തം ഗ്രാമമായ കുമ്പനാട്ട് അന്നേ വരെയുണ്ടായിരുന്ന എല്ലാ സമ്പാദ്യങ്ങളും പിന്നെ ബാങ്കിൽ നിന്നെടുത്ത കടംകൊണ്ടും സ്വരൂപിച്ചതും ചേർത്ത് നല്ലൊരു വീടുണ്ടാക്കി അവരെ പുനരധിവസിപ്പിച്ചു.

 

ഭാരതസൈന്യത്തിലെ മദ്രാസ് റെജിമെന്റിന്റെ വിശ്വസ്തനായ ഫുട്ബോൾ കളിക്കാരായിരുന്ന, മാസങ്ങളായി പല രോഗങ്ങളോടും മല്ലടിച്ച പപ്പക്ക് ഇന്ത്യയിൽ സാധിക്കുന്ന എല്ലാത്തരം ചികിത്സയും ഉറപ്പുവരുത്തിയതിന്റെ യാതനകൾക്കും വേദനകൾക്കും വളരെ കനത്ത ചികിത്സാ ബില്ലുകൾക്കും ഞാൻ സാക്ഷി...! 

 

സുഗന്ധദ്രവ്യങ്ങളെ ഇഷ്ടപ്പെട്ടിരുന്ന, സ്വന്തം സഹോദരി സഹോദരന്മാരെ മാറോട് ചേർത്ത് കാത്തു പരിപാലിച്ച, കഴിഞ്ഞ പത്താം തിയതി സ്വർഗത്തിലേക്ക് പോയ പപ്പയോട് എനിക്ക് പറയാനുള്ളത് ഇതാണ് '' ഇനിയും പപ്പയെ സ്നേഹിച്ചു കൊതിതീരാത്ത മകൻ, വിരഹ വേദനയോടെ എല്ലാം ഉള്ളിലൊതുക്കി രാജകീയമായിത്തന്നെ വിടപറയൽ ശുശ്രുഷ നടത്തിയെന്നും , പപ്പയുടെ പേരക്കുട്ടികൾക്ക് അതെ കരുതലും സ്നേഹവും പങ്കുവെക്കുന്നുണ്ടെന്നു , അങ്ങനെയുള്ള ഒരു മകന്റെ പിതാവാണ് താനെന്ന സന്തോഷം സ്വർഗ്ഗത്തിലുള്ളവരുമായി പങ്കിടണം '' ... അത്രമാത്രം മതി എനിക്ക്. സസ്നേഹം കൈലാഷിന്റെ സാഹസിക യാത്രകളിലെ സ്ഥിരം കിളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com