മധുസാറിന്റെ വലിയ മനസ്സ്

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 16
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
madhu-dennis
SHARE

അറുപതാണ്ടുകളായി മലയാളി മനസ്സിനൊപ്പം സഞ്ചരിക്കുന്ന ഒരു നടന നക്ഷത്രം നമുക്കുണ്ട്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും നിറസാന്നിധ്യമറിയിച്ചുകൊണ്ടു ഇന്നും നിറഞ്ഞു നിൽക്കുന്ന ഈ ബഹുമുഖപ്രതിഭയെ നമ്മൾ മധു എന്നു പേരു ചൊല്ലി വിളിക്കാൻ തുടങ്ങിയിട്ടു നീണ്ട അറുപതു വർഷങ്ങൾ ഓടി മറഞ്ഞിരിക്കുന്നു. 

ആഢ്യത്വം നിറഞ്ഞ വെളുത്ത മുഖവും, ചുണ്ടിൽ  വിരിയാതെ തെളിയുന്ന മന്ദഹാസവുമായി ഒരു കൈകൊണ്ടു മുണ്ടിന്റെ കോന്തലയും തെരുപിടിപ്പിച്ചു കൊണ്ട് ഏതു മഹാവേദിയിലേക്കും  സിനിമായൂണിറ്റിലേക്കും കയറി ചെല്ലുമ്പോൾ സൂപ്പർ താരങ്ങൾ മുതൽ പ്രൊഡക്ഷൻ ബോയി വരെയും ഒരു പോലെ എഴുന്നേറ്റ് നിന്ന് സ്നേഹാദരങ്ങൾ ചൊരിഞ്ഞ് ബഹുമാനപുരസ്സരം സ്വീകരിച്ചാനയിക്കുന്ന മറ്റൊരു മഹാനടനും വേറെ കാണുമെന്ന് തോന്നുന്നില്ല. 

എന്റെ കൗമാരക്കാലത്ത് ഞാൻ ആരാധിച്ചിരുന്ന നായകസ്വരൂപങ്ങളായിരുന്നു സത്യനും, നസീറും. സത്യന്റെ അഭിനയ മികവും നസീറിന്റെ സൗന്ദര്യവുമാണ് അവരിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചത്. ഒന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞ് തമിഴ്നടൻ കാതൽ മന്നൻ ജമിനിഗണേശന്റെ ചിത്രങ്ങൾ കാണാൻ തുടങ്ങിയപ്പോൾ ഞാൻ നസീറിനെ വിട്ടു ജമിനിയുടെ കടുത്ത ആരാധകനായി മാറി. ജമിനി ഗണേശന്റെ മനംമയക്കുന്ന സൗന്ദര്യവും പ്രണയരംഗങ്ങളിലെ വശ്യതയും കണ്ട് ഞാൻ ആ പ്രണയമിത്തിന്റെ ആരാധകനായി അദ്ദേഹത്തിന്റെ സിനിമകൾക്കു ചുറ്റും വലയം വയ്ക്കാൻ തുടങ്ങി. 

joshiy-pappan

ആ സമയത്താണ് എൻ. എൻ. പിഷാരടിയുടെ നിണമണിഞ്ഞ കാൽപാടുകളിലൂടെ തിരുവനന്തപുരം ഗൗരീശപട്ടണത്തുള്ള മാധവൻനായർ എന്നപേരുള്ള മധുവിന്റെ സിനിമാ പ്രവേശനം. അതിൽ നായകനായ നസീറിനൊപ്പം ഉപനായകനായിട്ടാണ് മധു അഭിനയിച്ചത്. 

നമ്മുടെ സാമ്പ്രദായിക നായകന്മാരുടെ യാതൊരു കെട്ടു കാഴ്ചയുമില്ലാതെ സാധാരണ മനുഷ്യരുടെ നടപ്പു ശീലങ്ങളുമായി കടന്നു വന്ന, നീണ്ടു മെലിഞ്ഞ് ഉയരം കൂടിയ ഈ ചെറുപ്പക്കാരൻ മലയാള സിനിമയ്ക്കൊരു പ്രതീക്ഷയായിരുന്നു.

എന്നത്തെപ്പോലെ തന്നെ എന്റെ ചങ്ങാതിക്കൂട്ടങ്ങളായ കിത്തോയ്ക്കും, ജോൺപോളിനും, സെബാസ്റ്റ്യൻ പോളിനും, ആന്റണി ഈസ്റ്റുമാനുമെല്ലാം മധുസാറിന്റെ ചിത്രങ്ങളുടെ സ്ഥിരം കാഴ്ചക്കാരായി മാറുകയായിരുന്നു.

നസീറും മധുവും നായകന്മാരായി അഭിനയിച്ച ‘ഭാര്‍ഗ്ഗവിനിലയത്തി’ൽ ആദ്യ ഭാഗം നിറയെ ഒറ്റയാൾ പട്ടാളം പോലെ നിന്ന് കളം നിറഞ്ഞാടിയത് മധുവാണ്. എഴുത്തുകാരന്റെ വേഷമായിരുന്നതു കൊണ്ട് സംഭാഷണങ്ങളിൽ സാഹിത്യത്തിന്റെ അതിപ്രസരം കടന്നു കൂടിയപ്പോഴുണ്ടായ അരോചകം മധുവിന്റെ മിതമായ അഭിനയം കൊണ്ടാണ് ബോറടിക്കാതിരുന്നത്. 

ഈ സമയത്തു തന്നെ മണവാട്ടി, കുട്ടിക്കുപ്പായം, ആദ്യകിരണങ്ങൾ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിക്കുകയുണ്ടായി. രണ്ടിലും സത്യനും നസീറും തന്നെയായിരുന്നു നായകന്മാരെങ്കിലും മധുവിന്റെ അയത്നലളിതമായ അഭിനയശൈലി കൊണ്ട് പെട്ടെന്നു തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

nazir-kamal
ജെമിനി ഗണേശനൊപ്പം കമൽഹാസൻ, നസീർ (വലത്)

എന്നാൽ 1966 ൽ പുറത്തിറങ്ങിയ ‘ചെമ്മീനാ’ണ് മധുവിന്റെ കരിയറിലെ വെള്ളിവെളിച്ചമായി മാറിയത്. ചെമ്മീനിലെ നിരാശാകാമുകന്റെ വേഷം ചെയ്തതോടെയാണ് മധു ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അങ്ങിനെയാണ് ‘സാത് ഹിന്ദുസ്ഥാനി’ എന്ന ഹിന്ദി ചിത്രത്തിന്റെ നിർമാതാക്കൾ അമിതാഭ്ബച്ചന്റെ കൂടെ അഭിനയിക്കാൻ മധുവിനെ തിരഞ്ഞെടുത്തത്. ഹിന്ദി ചിത്രം വിജയമായിരുന്നെങ്കിലും, മലയാളത്തിൽ തിരക്കേറിയതു കൊണ്ട് കുറേക്കാലത്തേക്ക് മറ്റു ഭാഷാചിത്രങ്ങളിലൊന്നും അഭിനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിനിടയിൽ സത്യന്റെ മരണവും സംഭവിച്ചതോടെ, സത്യൻ അഭിനയിക്കേണ്ട വ്യത്യസ്തങ്ങളായ ഒത്തിരി കഥാപാത്രങ്ങളാണ് മധുവിനെ തേടിയെത്തിയത്.

1991 ൽ  പി എൻ മേനോന്റെ ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ കരുത്തനും തന്റേടിയുമായ ബാപ്പൂട്ടി എന്ന കഥാപാത്രത്തിലൂടെയാണ് മധുവിന്റെ അഭിനയത്തിന് പുതിയ മാനം വരുന്നത്. തുടർന്ന് ഉമ്മാച്ചുവും കൂടി വന്നപ്പോൾ മുസ്ലിം വേഷങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന നായക നടൻ എന്നൊരു വിശേഷണവും കൂടി അദ്ദേഹത്തിന്റെ പേരിൽ എഴുതി ചേർക്കപ്പെട്ടു.

ഈ സിനിമകളൊക്കെ കണ്ടതോടെ ഞാനും മധുവിന്റെ കടുത്ത ആരാധകനായി മാറുകയായിരുന്നു. ആ നടനസ്വരൂപത്തെ ഒന്നു നേരിൽ കാണുവാനും, പരിചയപ്പെടാനും ആഗ്രഹിച്ചു നടക്കുമ്പോഴാണ് ഭാഗ്യംപോലെ ‘ചിത്രപൗർണമി’ സിനിമാവാരിക ഏറ്റെടുത്തു നടത്താനുള്ള ഒരു സുവർണാവസരം വന്നു ചേർന്നത്.

മധു സാർ അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ എറണാകുളത്തു വച്ചാണ് ചിത്രപൗർണമിയുടെ പത്രാധിപരെന്ന നിലയിൽ ‍ഞാൻ മധു സാറിനെ ആദ്യമായി കാണുന്നത്. പത്രക്കാരെന്നു പറഞ്ഞാൽ മറ്റു നടന്മാർ കാണിക്കുന്ന അമിതമായ സ്നേഹപ്രകടനമൊന്നും അദ്ദേഹം കാണിക്കാറില്ല. മാന്യമായ ഒന്നു രണ്ടു കൊച്ചു കൊച്ചു വാക്കുകൾ... അത്രതന്നെ. കൂടുതലൊന്നും ഞാനും ചോദിക്കാൻ നിന്നില്ല. ഗുരുവായൂർ കേശവന്റെ തലയെടുപ്പും പ്രൗഢിയുമുള്ള അദ്ദേഹത്തോട് പെട്ടന്ന് കയറി ഇടപഴകാൻ ആർക്കും കഴിയില്ല. ആ ഭയഭക്തബഹുമാനവും ആദരവും എനിക്കുമുണ്ടായിരുന്നതു കൊണ്ട് ഞാൻ അൽപം അകലം പാലിച്ച് ഒതുങ്ങി നിന്നു. 

വർഷങ്ങൾ നാലഞ്ചു കഴിഞ്ഞപ്പോൾ ഞാനും സിനിമ എന്ന മായാലോകത്തേക്കു കടന്നുവന്നു. ‘ഈ മനോഹര തീരം’ എന്ന ചിത്രത്തിന്റെ നിർമാതാക്കാളുമായുള്ള അടുപ്പവും ഐ.വി. ശശിയുമായുള്ള സൗഹൃദകൂട്ടായ്മയുമാണ് ഈ ചിത്രത്തിന്റെ കൂടെ ഓള്‍റൗണ്ടറായി ഓടിനടക്കാൻ എനിക്കു കഴിഞ്ഞത്. ഇതിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാൻ ചിത്രകൗമുദി വാരികയിൽ എഴുതിയിരുന്ന ‘അനുഭവങ്ങളെനന്ദി’ എന്ന നോവൽ ചലച്ചിത്രമാക്കണമെന്ന താൽപര്യവുമായി പൂർണശ്രീ ആർട്ട്സിന്റെ നിർമാതാവായ രാമഭദ്രൻ തമ്പുരാനും, എന്റെ സുഹൃത്തായ സി.സി. ആന്റണിയും കൂടി വരുന്നത്. 

സിനിമയോടുള്ള പാഷൻ ഉണ്ടായിരുന്നെങ്കിലും സിനിമാകഥാകാരനാകണമെന്ന ഒരു മോഹവും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. അതൊക്കെ അപ്രാപ്യമായ ഒരു കാര്യമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഭാഗ്യമെന്നത് ഒരു സത്യാന്വേഷിയെപ്പോലെ നമ്മളെ തേടിയെത്തുമ്പോൾ അറിയാതെ ആ ഭാഗ്യത്തോടൊപ്പം നമ്മളും സഞ്ചരിക്കുമല്ലോ ? 

kaloor-dennis-22
കുടുംബസമേത’ത്തിലൂടെ 1992 ലെ ഏറ്റവും മികച്ച തിരക്കഥാകാരനുള്ള സംസ്ഥാന അവാർഡ് വാങ്ങുന്ന കലൂർ ഡെന്നിസ്

അങ്ങനെയാണ് ഞാൻ ‘അനുഭവങ്ങളെ നന്ദി’യുടെ കഥാകാരനാകുന്നത്. എന്റെ കഥ ആരെങ്കിലും സിനിമയാക്കുകയാണെങ്കിൽ നായകൻ മധുസാറായിരിക്കണമെന്ന് ഞാൻ ആദ്യമെ മനസ്സില്‍ കുറിച്ചിട്ടിരുന്നു. എല്ലാം അതേപോലെ സംഭവിക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ  നിലമ്പൂരിലെ ലൊക്കേഷനിൽ വച്ചാണ് ഞാനും മധുസാറുമായി കൂടുതൽ അടുക്കുന്നത്. വളരെ ധിക്കാരിയും, പ്രശ്നക്കാരനുമാണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എന്റെ അനുഭവം മറിച്ചായിരുന്നു. മധുസാറിന്റെ സൗമ്യമായ പെരുമാറ്റവും, കുട്ടികളെപ്പോലെ കണ്ണിറുക്കിയുള്ള ചിരിയും നർമ്മം നിറഞ്ഞ സംസാര രീതിയുമൊക്കെയാണ് അദ്ദേഹത്തിൽ നിന്ന് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. 

ഞാൻ കഥ എഴുതിയ ‘അനുഭവങ്ങളെ നന്ദി’, അകലങ്ങളിൽ അഭയം, ഇവിടെ കാറ്റിന് സുഗന്ധം എന്നീ ചിത്രങ്ങളിൽ രണ്ടിലും നായകൻ മധുസാറായിരുന്നു. ഈ സമയത്താണ് ‘ചാമരം’ എന്ന സിനിമയെടുത്ത സാഗാ അപ്പച്ചൻ നസീർ സാറിനെയും മധു സാറിനെയും വച്ചെടുക്കാൻ പറ്റിയ കച്ചവട മൂല്യമുള്ള കഥ വല്ലതും ഉണ്ടോയെന്നു ചോദിച്ച് എന്നെ വിളിക്കുന്നത്. അപ്പച്ചന്റെ മനസ്സിലുള്ളത് ഒരു മൾട്ടിസ്റ്റാർ ചിത്രമാണ്. അപ്പോൾ എന്റെ മനസ്സിൽ വന്നത് ‘ആകാശത്തിന് കീഴെ’ എന്ന പേരിൽ ഞാൻ എഴുതിയ നീണ്ട കഥയാണ്. നാടൻ പശ്ചാത്തലത്തിലുള്ള രണ്ടു സുഹൃത്തുക്കളുടെ ഒരു കഥയാണത്. അപ്പച്ചന് കഥ ഇഷ്ടപ്പെട്ടു. ഇനി ഇത് സംവിധാനം ചെയ്യാനൊരു സംവിധായകനെ വേണം. ഇന്നത്തെ പ്രശസ്ത തിരക്കഥാകാരനായ എസ്. എൻ. സ്വാമി അപ്പച്ചന്റെ അടുത്ത സുഹൃത്തായിരുന്നു. സിനിമയോട് താൽപര്യമുള്ളയാളാണെങ്കിലും സ്വാമി അന്ന് ചെറിയ ഒരു കോൺട്രാക്ടറായാണ് അറിയപ്പെട്ടിരുന്നത്. കഥാ ഡിസ്ക്കഷനും മറ്റുമായി സ്വാമിയെയാണ് അപ്പച്ചന്‍ എന്റെ കൂടെ അയച്ചത്. 

ഞാൻ തിരക്കഥ എഴുതാൻ തുടങ്ങിയെങ്കിലും സംവിധായകന്റെ കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല. പല പേരുകളും വന്നെങ്കിലും ഒന്നും കൺഫേം ചെയ്യാൻ ‍ഞങ്ങൾക്കായില്ല. 

അപ്പോഴാണ് ജയൻ നായകനായിട്ടഭിനയിച്ച ‘മൂർഖൻ’ റിലീസ് ചെയ്യുന്നതിന്റെ പരസ്യം വരുന്നത്. സംവിധായകനായ ജോഷിയെക്കുറിച്ച് എന്റെ സുഹൃത്തായ  കൊച്ചിൻ ഹനീഫ നല്ല അഭിപ്രായം പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് എന്റെ മനസ്സ് അറിയാതെ ജോഷിയിലേക്ക് നീണ്ടു. 

മൂർഖൻ റിലീസിന്റെ അന്ന് ഞാനും അപ്പച്ചനും കിത്തോയും കൂടി എറണാകുളം പദ്മയിൽ മാറ്റിനി ഷോ കാണാൻ കയറുന്നു. ചിത്രത്തിന്റെ തുടക്കം ഗംഭീരമായിരുന്നു. ജയന്റെ ജയിൽ ചാട്ടവും പൊലീസു നായ്ക്കളെയും കൂട്ടിയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ചെയ്സും വളരെ ത്രില്ലടിപ്പിക്കുന്ന വിധത്തിലാണ് ജോഷി എടുത്തു വച്ചിരിക്കുന്നത്. 

ഇന്റർവെൽ സമയത്ത് ഞങ്ങൾ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോൾ ‘രക്ത’ത്തിന്റെ സംവിധായകനായി ജോഷിയെ തീരുമാനിക്കുകയായിരുന്നു. 

നസീറും മധുവും സോമനുമടക്കമുള്ള എല്ലാ ആർട്ടിസ്റ്റുകളെയും നേരത്തേതന്നെ ഞങ്ങൾ ബുക്ക് ചെയ്തിരുന്നു. അടുത്തദിവസം ലൊക്കേഷന്‍ കാണാൻ പോകാനിരിക്കുമ്പോഴാണ് മദ്രാസില്‍ നിന്നും പെട്ടെന്ന് നസീർ സാറിന്റെ വിളി വരുന്നത്. ഷൂട്ടിങ് ഒരുമാസത്തേക്ക് നീട്ടി വയ്ക്കണമെന്ന സന്ദേശമായിരുന്നു അത്. കേട്ടപ്പോള്‍ ‍ഞങ്ങളെല്ലാവരും വല്ലാതായി. 

നസീർ സാർ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പടം പെട്ടെന്ന് ഷെഡ്യൂളായത്രേ.  അത് രണ്ടാഴ്ചക്കകത്ത് തീർത്തു കൊടുത്തില്ലെങ്കിൽ ആ സിനിമാ നിർമാതാവ് വല്ലാത്ത പരിതാപാവസ്ഥയിലാകുമെന്ന് നസീർ സാർ പറഞ്ഞപ്പോൾ ഞങ്ങൾക്കും അദ്ദഹത്തോടൊപ്പം നിൽക്കേണ്ടി വന്നു. അപ്പച്ചൻ അപ്പോൾ തന്നെ ഈ വിവരം മധു സാറിനെ വിളിച്ചറിയിക്കുകയും ചെയ്തു. ഒരു മാസം കഴിഞ്ഞപ്പോൾ നസീർ സാറിന്റെ ഡേറ്റ് ഓക്കെയായി. 

മധു സാറിനെ വീണ്ടും കാണാനായി ഞാനും അപ്പച്ചനും കൂടിയാണ് തിരുവനന്തപുരത്തു പോയത്. അദ്ദേഹം വീട്ടിലുണ്ടായിരുന്നു. വളരെ സ്നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. കോൾഷീറ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഞങ്ങൾ ആവശ്യപ്പെട്ട ഡേറ്റ് തരാൻ അദ്ദേഹത്തിനാവില്ല എന്ന മറുപടിയാണ് വന്നത്. അതുകേട്ട് ശരിക്കും ഞെട്ടിയത് ഞാനാണ്.  നസീർ സാർ എപ്പോൾ ഡേറ്റ് വിളിച്ചു പറഞ്ഞാലും മധു സാർ തരുമെന്നാണ് ഒരാഴ്ച മുൻപ് അപ്പച്ചനോടു ഫോണില്‍ പറഞ്ഞത്.  പിന്നെ മധുസാറ് എന്താണ് ഇങ്ങനെ പറയുന്നത് ? ഞാൻ നിന്ന് വിയർക്കുകയാണ്. എനിക്ക് ആദ്യമായി കിട്ടുന്ന വലിയൊരു പ്രോജക്റ്റാണ്. ഇതു നടക്കാതെ പോകുമോ എന്നുള്ള ടെൻഷനിൽ നിൽക്കുമ്പോൾ പെട്ടെന്നാണ് എന്റെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചത്. അപ്പച്ചനെ മാറ്റി നിർത്തി മധുസാറിനോട് ഒന്നു സംസാരിച്ചു നോക്കിയാലോ ? എന്റെ അവസ്ഥയൊക്കെ പറഞ്ഞ് നന്നായി സെന്റിയടിക്കാമെന്നും ഞാൻ കരുതി. 

ഞാൻ അപ്പച്ചനെ മാറ്റി നിർത്തി മധു സാറിനോട് സംസാരിച്ചപ്പോൾ ആദ്യം അദ്ദേഹം ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഞാൻ വിടാൻ ഭാവമില്ലായിരുന്നു. അവസാനമാണ് മധു സാർ  ആ വിവിരം പറഞ്ഞത്. അപ്പച്ചൻ കൊടുത്ത അഡ്വാൻസ് ചെക്ക് മടങ്ങിയത്രെ! അപ്പച്ചന്റെ ചെക്ക് മടങ്ങിയ ചരിത്രമില്ല. പിന്നെന്തു പറ്റി?  എന്തോ ടെക്നിക്കൽ തകരാറു കൊണ്ടുണ്ടായതാണ് ഈ ചെക്ക് മടക്കമെന്ന് പറഞ്ഞെങ്കിലും അപ്പച്ചനു പറ്റിയ ഒരബദ്ധമാണെന്ന് എനിക്ക് മനസ്സിലായി. ഈ ഒരബദ്ധം എന്താണെന്ന് മധു സാറിനെ അറിയിച്ചിട്ടുമില്ല. 

എന്റെ സെന്റിമെന്റിൽ മധു സാറിന്റെ മനസ്സു മാറിയതു കൊണ്ടാണ് ഈ സിനിമ നടന്നത്. മധു സാർ അഭിനയിച്ചില്ലെങ്കിൽ ആ സിനിമ അന്ന് ക്യാൻസലാകും. 

മധു സാർ പറഞ്ഞപോലെ വാക്കു പാലിച്ചു. അദ്ദേഹം രക്തത്തിൽ അഭിനയിക്കാൻ എറണാകുളത്തു വന്നു   പതിനാറു ദിവസം കൊണ്ട് ഷൂട്ടിംഗ് തീർത്തു. പടം റിലീസായപ്പോൾ പ്രമുഖ കേന്ദ്രങ്ങളിൽ നൂറു ‍ദിവസത്തിലധികം ഓടി വൻ ഹിറ്റായി മാറുകയും ചെയ്തു.  ഇതെത്തുടർന്ന് എനിക്ക് ഒത്തിരി സിനിമകൾ വരാൻ തുടങ്ങി. 

മധുസാർ അന്ന് അഭിനയിക്കാൻ വന്നില്ലായിരുന്നെങ്കിൽ കലൂർ ഡെന്നീസ് എന്ന തിരക്കഥാകൃത്ത് മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ ആ നല്ല മനസ്സിന്റെ മഹത്വമായിട്ടാണ് ഞാനതിനെ കാണുന്നത്.   തുടർന്ന് അപ്പച്ചന്റെ 'ഞാൻ എഴുതിയ കർത്തവ്യം', 'ചക്കരയുമ്മ' എന്നീ ചിത്രങ്ങളിലും മധു സാർ അഭിനയിക്കുകയും ചെയ്തു. 

ഇതെ തുടർന്ന് ഞാൻ എഴുതിയ ഇരുപതോളം പടങ്ങളിൽ മധുസാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. മധുസാർ അഭിനയിച്ച ജയരാജ് അണിയിച്ചൊരുക്കിയ ‘കുടുംബസമേത’ത്തിലൂടെ 1992 ലെ ഏറ്റവും മികച്ച തിരക്കഥാകാരനുള്ള സംസ്ഥാന അവാർഡ് നേടാനും എനിക്ക് കഴിഞ്ഞു. ആ ചിത്രത്തിലെ അഭിനയത്തിന് മധുസാറിന് പ്രത്യേക ജൂറി അവാർഡും ലഭിക്കുകയുണ്ടായി. 

പോയ കാലത്തും, പുതുകാലത്തും മലയാള സിനിമയിലെ കുലപതിയായി വിരാജിക്കുന്ന ഈ മഹാനടൻ നിറഞ്ഞാടിയ ഒത്തിരി കഥാപാത്രങ്ങൾ മലയാളം ഉള്ളിടത്തോളം കാലം ജനമനസ്സുകളിൽ മായാതെ നിൽക്കുന്നവയാണ്.

(തുടരും)

അടുത്തത്: ഗന്ധർവ്വനായ പത്മരാജൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA