ADVERTISEMENT

മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ ? സൂപ്പർ ഹീറോ സിനിമയിലൂടെ സൂപ്പർ സ്റ്റാർ പദവി കൈവന്നോ ? ഗുരു സോമസുന്ദരം എന്ന വില്ലനെ എങ്ങനെ കണ്ടെത്തി എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് മറുപടിയുമായി ടൊവീനോ തോമസും ബേസിൽ ജോസഫും ഗുരു സോമസുന്ദരവും ആദ്യമായി ഒന്നിച്ച് മിന്നൽ മുരളി റിലീസിനു ശേഷം സംസാരിക്കുന്നു.

 

മിന്നൽ മുരളി ടീസറിന്റെ ഹൈലൈറ്റ് ആയിരുന്ന ബി ജി എം എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യത്തിനിടയിലാണ് മിന്നൽ മുരളിക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രതീക്ഷ സംവിധായകൻ ബേസിൽ ജോസഫ് പങ്കുവെച്ചത്. ‘ആ ബിജിഎം വരും. എല്ലാം കൂടി ഒരു സിനിമയിൽ ഉൾപ്പെടുത്തേണ്ടതില്ലല്ലോ. ഇനി ഒരു രണ്ടാം ഭാഗം ഉണ്ടായാൽ, ഇപ്പോൾ പലരും പ്രവചിച്ചിരിക്കുന്ന കഥകൾ എല്ലാം വായിക്കണം. എന്നിട്ട് അതൊന്നുമല്ലാത്ത ഒരു കഥ എഴുതണം. അല്ലെങ്കിൽ മിന്നൽ മുരളി 2 പ്രെഡിക്റ്റബിൾ ആയിരുന്നു എന്ന് ജനങ്ങൾ പറയും.’ ബേസിൽ പറഞ്ഞു. 

 

ഗുരുവിന്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് ബേസിലിന് പറയാനുള്ളതിങ്ങനെ. ‘ഈ സിനിമയിൽ ഏറ്റവുമധികം പ്രശംസ ലഭിക്കുക വില്ലനായിരിക്കും എന്ന് ആദ്യമേ അറിയാമായിരുന്നു. അത്തരത്തിൽ നല്ല രീതിയിൽ എഴുതപ്പെട്ട കഥാപാത്രം തന്നെയാണ് ഗുരു സാറിന്റെത്. അങ്ങനെയൊരു കഥാപാത്രവും കഥയുമായി ഗുരു സാറിനെ സമീപിച്ചപ്പോൾ അത് പത്തിരട്ടിയായി വളരുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ അതൊന്നു കൂടി വ്യക്തമായി. പല ഭാഷകളിൽ അഭിനയിക്കുകയും പ്രഗത്ഭരായ പല നടീനടന്മാരെയും ട്രെയിൻ ചെയ്യിപ്പിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ഗുരു സാർ. സത്യത്തിൽ അദ്ദേഹത്തെ പോലൊരു അഭിനേതാവ് അർഹിക്കുന്ന അംഗീകരമാണിത്.’

 

‘പല റിസ്ക്കി ഷോട്ടുകളും സീനുകളും ഉണ്ടായിരുന്നു. അതെല്ലാം വളരെ ആസ്വദിച്ചു ചെയ്തവയാണ്. ഇതിനെല്ലാം സത്യത്തിൽ നന്ദി പറയേണ്ടത് സംവിധായകനോടും സമീർ താഹിറിനോടുമാണ്. എല്ലാം ഭംഗിയായി പകർത്തിയത് അദ്ദേഹമാണ്.’ ഗുരു അഭിമുഖത്തിനിടയിൽ പറഞ്ഞു. 

 

മിന്നൽ മുരളി സൂപ്പർ ഹിറ്റായി, അതിൽ അഭിനയിച്ചതിനു ശേഷം ടോവിനോയും സൂപ്പർ ഹീറോ ആയി മാറിയോ എന്ന ചോദ്യത്തിന് താരം കൊടുത്ത മറുപടി ഇങ്ങനെ. ‘സൂപ്പർ ഹീറോ എന്നതിലുപരി ഉത്തരവാദിത്വങ്ങൾ വർധിച്ചു. എന്തൊക്കെ വന്നാലും പരിപാടികൾ പഴയതൊക്കെ തന്നെ. പുതിയ സിനിമകൾ ചെയ്യുക, സിനിമകളുടെ വിജയം ആഘോഷിക്കുക, പരാജയങ്ങൾ ഉണ്ടായാൽ അഭിമുഖീകരിക്കുക, പിന്നെയും അടുത്ത സിനിമ ചെയ്യുക. അതൊക്കെ തന്നെ. എന്നാൽ ഈ വിജയം, അതിലൊരു രസമുണ്ട്. അടുത്ത സിനിമകൾക്ക് ഈ സിനിമയുടെ സ്വാധീനം ഉണ്ടാകുമെന്നതും സന്തോഷം തരുന്ന കാര്യമാണ്. അതോടൊപ്പം തന്നെ അതിനെ എന്റെ ഉത്തരവാദിത്തമായി കൂടിയാണ് കാണുന്നത്. അടുത്ത സിനിമകൾ ചെയ്യുമ്പോൾ അത്രയധികം ശ്രദ്ധിക്കണം. ഓരോ സിനിമയും നന്നാക്കേണ്ടത് ആവശ്യമാണ്’.

 

മിന്നൽ മുരളിയുടെ റിലീസിന് ശേഷം സിനിമയ്ക്കകത്തും പുറത്തുമുള്ള ഒട്ടനേകം പേർ അഭിനന്ദിച്ചിരുന്നു. എന്നാൽ തന്നെ ഏറ്റവും സ്പർശിച്ചത് മറ്റേതോ രാജ്യത്തെ കുട്ടികൾ കൂട്ടമായിരുന്നു മിന്നൽ മുരളി കാണുന്നതും അത് കണ്ടു ചിരിക്കുന്നതുമായ ഒരു വീഡിയോ ആണെന്നാണ് ബേസിൽ പറഞ്ഞത്. ‘ആ കുട്ടികൾ അറിയാതെ ആരോ പകർത്തിയ ചിത്രം, കറങ്ങി തിരിഞ്ഞു എങ്ങിനെയോ ഞങ്ങൾക്ക് കിട്ടുകയായിരുന്നു. അന്യനാടുകളിൽ, പ്രത്യേകിച്ച് അവിടെയുള്ള കുട്ടികൾക്കൊക്കെ സിനിമ കണക്ട് ആയെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി’.

 

സിനിമ മുപ്പത് രാജ്യങ്ങളിൽ ട്രെൻഡിങ്ങിൽ വന്നപ്പോൾ ടോവിനോ അതേതേത് രാജ്യങ്ങളാണെന്ന് പരിശോധിക്കുകയുണ്ടായി.  ‘സിനിമ ഇറങ്ങുമ്പോൾ ലോകം മുഴുവനുമുള്ള മലയാളികൾ കാണുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ബഹാമസ്, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലൊക്കെ ട്രെൻഡിങ്ങിൽ വരാൻ മാത്രം മലയാളികൾ ഉണ്ടോ എന്ന് സംശയമാണ്. അതാണ് ഏറ്റവും കൂടുതൽ സന്തോഷം തരുന്ന കാര്യം. ഭാഷയ്ക്കപ്പുറത്തേക്ക് സിനിമ സഞ്ചരിച്ചപ്പോൾ, ഞങ്ങളുടെയെല്ലാം സ്വപ്നം യാഥാർഥ്യമായി.’ - ടോവിനോ പറഞ്ഞു.

 

മിന്നൽ മുരളി എല്ലാ പ്രായക്കാർക്കും കണക്ട് ആവണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് ചെയ്തത്. എന്റെ അച്ഛനും അമ്മയും സിനിമ കണ്ടാൽ അവർക്ക് മനസിലാകണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. സിനിമ ഷൂട്ട്‌ ചെയ്തപ്പോളും അങ്ങിനെ തന്നെയായിരുന്നു എന്നാണ് ബേസിൽ പറയുന്നത്. ‘വെറുമൊരു സൂപ്പർ ഹീറോ സിനിമ മാത്രമായാൽ മിന്നൽ മുരളി അവർക്ക് കണക്ട് ആവണമെന്നില്ല. അത് അത്തരം സൂപ്പർ ഹീറോ സിനിമകൾ കാണുന്നവർക്ക് മാത്രമേ മനസ്സിലാവുകയുള്ളു. അതുകൊണ്ടാണ് അത്തരത്തിൽ തന്നെ നീങ്ങിയത്.’ 

 

അച്ഛൻ വീട്ടിലോരുക്കിയ തീയറ്റർ സംവിധാനത്തെ കുറിച്ചു ബേസിൽ പറയുന്നതിങ്ങനെയാണ്, ‘മകന്റെ സിനിമ ആരും ചെറിയ സ്ക്രീനിലോ മൊബൈലിലോ കാണരുത് എന്നാഗ്രഹിച്ച്, അച്ഛൻ വീട്ടിൽ തന്നെ ഒരു ഹോം തീയറ്ററും സൗണ്ട് സിസ്റ്റവും തയ്യാറാക്കുകയായിരുന്നു. അയൽക്കാരെല്ലാം സിനിമ കണ്ടത് വീട്ടിലിരുന്നാണ്. ഇപ്പോളതിൽ അച്ഛൻ വാർത്തയാണ് കാണുന്നത്.’ - ബേസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.

 

‘ആദ്യ സിനിമയായ കുഞ്ഞിരാമായണത്തിൽ നിന്നും ബേസിൽ ഗോദ ലക്ഷ്യം വച്ചു. അവിടെ നിന്നും മിന്നൽ മുരളി ലക്ഷ്യം വച്ചു. അടുത്തത് എന്താണ് എന്ന ആകാംക്ഷയിലാണ് ഞാൻ.’- ബേസിലിന്റെ വളർച്ചയെ  ടോവിനോ ഇങ്ങനെ നോക്കിക്കാണുമ്പോൾ, പ്രേക്ഷകരും അതേ പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com