6 മാസം പ്രണയം, 21ാം വയസ്സിൽ വിവാഹം; ധനുഷും ഐശ്വര്യയും ഇനി രണ്ടു വഴികളിൽ

dhanush-aishwarya-1
SHARE

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം ഇന്നലെയാണു പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. വിവാഹ മോചനവും പ്രണയത്തകർച്ചകളുമൊന്നും സിനിമാ രംഗത്ത് പുതുമയല്ല. പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യങ്ങളും മാസങ്ങൾ തികയാത്തവയും ഒരു നിമിഷം കൊണ്ടു തകർന്നു വീഴുന്നത് സിനിമാമേഖലയിൽ എത്രയോ കണ്ടതാണ്.

അതുകൊണ്ടു തന്നെ ധനുഷ് – ഐശ്വര്യ വിവാഹ മോചനവും കുറേക്കാലത്തെ ചർച്ചകൾക്കും വാർത്തകൾക്കുമൊടുവിൽ വിസ്മൃതിയിലേക്കു പോകാം. എന്നാൽ സൂചനകളൊന്നുമേയില്ലാതെ, പെട്ടെന്നൊരുനാളിലുണ്ടായ അപ്രതീക്ഷിത വാർത്തയെന്നതാണ് ധനുഷ് – ഐശ്വര്യ വിവാഹ മോചനത്തെ വ്യത്യസ്തമാക്കുന്നത്. ഇരുവരും പരസ്യമായി, തങ്ങള്‍ പിരിയുന്നുവെന്നു പ്രഖ്യാപിക്കും വരെ, കുടുംബവൃത്തങ്ങളിലും സുഹൃത്തുക്കൾക്കിടയിലും ഈ വാർത്ത ഒതുങ്ങി നിന്നു.

ട്വിറ്ററിൽ വെളിപ്പെടുത്തൽ വന്നതിനു തൊട്ടുപിറകെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യ രജനികാന്ത് തന്റെ ട്വിറ്റർ അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രം മാറ്റി. അച്ഛന്‍ രജനികാന്തിനും സഹോദരി ഐശ്വര്യയ്ക്കുമൊപ്പമുള്ള ഫോട്ടോയാണു പുതിയ ട്വിറ്റര്‍ ഡിപി. ഐശ്വര്യയും സഹോദരി സൗന്ദര്യയും കുട്ടികളായിരുന്ന കാലത്തെ ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അപ്രതീക്ഷിത വേര്‍പിരിയല്‍ പ്രഖ്യാപനം

ഇന്നലെ രാത്രി പത്തുമണിയോടെയാണു തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്. ധനുഷ് ട്വിറ്ററിലൂടെയും ഐശ്വര്യ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഒരേ സമയം തീരുമാനം പ്രഖ്യാപിച്ചത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിനു സമയം കണ്ടെത്താനും തീരുമാനിച്ചതായി ഇരുവരും ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സുഹൃത്തും പങ്കാളിയും മാതാപിതാക്കളും അഭ്യുദയകാംക്ഷികളുമായി 18 വര്‍ഷം നീണ്ട ജീവിതം. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.

വഴികള്‍ പിരിയുന്ന ഒരിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിനു സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ വേണ്ട സ്വകാര്യത ഞങ്ങള്‍ക്കു നല്‍കൂവെന്നാണു കുറിപ്പിലുള്ളത്.

6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യയും നിർമാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനും യുവതാരവുമായിരുന്ന ധനുഷും തമ്മിലുള്ള വിവാഹം എല്ലാ നിലയിലും വലിയ വാർത്തയായി. അക്കാലത്ത് ധനുഷ് ഇന്നത്തെയത്ര താരമല്ല. കരിയറിൽ‌ അത്ര നല്ല കാലവുമായിരുന്നില്ല. എന്നാൽ ഐശ്വര്യയുമായുള്ള വിവാഹത്തോടെ ധനുഷിന്റെ സിനിമാ ജീവിതം അസാമാന്യ വേഗതയിൽ മുന്നോട്ടു കുതിച്ചു.

സൂപ്പർസ്റ്റാറിന്റെ മരുമകനെന്നത് പ്രേക്ഷക സ്വീകാര്യതയിലും ധനുഷിന് ഗുണമായി. ധനുഷുമായുള്ള ദാമ്പത്യജീവിതത്തിനൊപ്പം ഐശ്വര്യയും സിനിമയിൽ സജീവമായി. സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകൻ. ധനുഷ് താരമെന്നതിനൊപ്പം നല്ല നടൻ എന്ന നിലയിലേക്കും ഇതിനോടകം ഉയർന്നിരുന്നു. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും തിളങ്ങി നിൽക്കുകയാണ് ധനുഷ്. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.

തങ്ങളുടെ ദാമ്പത്യത്തിലെ ഇഴയടുപ്പം കുറയുന്നതായുള്ള സൂചനകളൊന്നും ഇക്കാലത്തിനിടെ ഇരുവരും പ്രകടിപ്പിച്ചിരുന്നില്ല. ഇത്രയേറെ താരപ്രൗഢിയിൽ നിൽക്കുന്നതിനാലും ഇരുവരുടെയും കുടുംബങ്ങൾ തമിഴ് സിനിമയിലെ പ്രമുഖനിരയിലെ സാന്നിധ്യങ്ങളായതിനാലും ഒരു ചെറിയ തീപ്പൊരി പോലും ഗോസിപ്പ് കോളങ്ങളിൽ കത്തിപ്പടരുമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ ഇവരും ചുറ്റമുള്ളവരും ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ ഈ വാർത്ത സൃഷ്ടിച്ച ഞെട്ടൽ നിസ്സാരമല്ല.

ഇപ്പോൾ തമിഴിലെ വിലയേറിയ താരങ്ങളിലൊരാളാണ് ധനുഷ്. നല്ല സിനിമകൾക്കൊപ്പം കച്ചവട വിജയങ്ങളുടെയും ഭാഗമായി മുന്നോട്ടു പോകുന്ന തരത്തിലാണ് അദ്ദേഹം കരിയർ പരുവപ്പെടുത്തിയിരിക്കുന്നത്. ഐശ്വര്യയും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കാനുള്ള ഒരുക്കത്തിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA