ADVERTISEMENT

മലയാളി മനസ്സ് ന്യൂജെൻ സിനിമ എന്ന വാക്കു കേൾക്കുന്നതിന് മുപ്പതാണ്ടുകൾക്കു മുൻപേതന്നെ ഒരു ന്യൂജെൻ ചലച്ചിത്ര സംസ്കാരവുമായി കടന്നു വന്ന പത്മരാജന്‍ വിടപറഞ്ഞിട്ട് ഈ ജനുവരി 23 ന് മുപ്പത്തൊന്നു വർഷം തികയുകയാണ്.

അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇതിവൃത്തപരമായി നവംനവങ്ങളായ, കലാലാവണ്യമുള്ള ചിത്രങ്ങളുടെ ഒരു വസന്തകാലം തന്നെ സൃഷ്ടിക്കുമായിരുന്നു. ഒന്ന് മറ്റൊന്നിൽനിന്ന് വിദൂരബന്ധം പോലുമില്ലാത്ത കഥാപ്രപഞ്ചം ഒരുക്കാൻ പത്മരാജനല്ലാതെ മറ്റേതു ചലച്ചിത്രകാരനാണ് കഴിഞ്ഞിട്ടുള്ളത്? രതിക്കും സെക്സിനും വശ്യമായ സൗന്ദര്യമുണ്ടെന്ന് നമ്മളെ കാണിച്ചു തന്ന സർഗധനനായിരുന്ന ചലച്ചിത്രകാരനായിരുന്നു പത്മരാജൻ. എത്രയെത്ര വൈവിധ്യമുള്ള കഥകളാണ് അദ്ദേഹത്തിൽ നിന്നും പിറവിയെടുത്തത്.

പത്മരാജന്റെ കഥയിലെ പെൺസ്വരൂപങ്ങൾ ചെറിയ ഒരപശ്രുതിയിൽ താളം തെറ്റിപ്പോയവരാണെങ്കിലും, അവരാരും ദുർബലകളല്ലായിരുന്നു. ശരീരത്തെക്കാൾ ശക്തിയുള്ള മനസ്സുമായി അതിജീവനത്തിനു വേണ്ടി പോരാടുന്ന സ്ത്രീബിംബങ്ങളായിരുന്നു.

എന്റെ യൗവനത്തിൽ സാഹിത്യവും എഴുത്തുമായി നടക്കുന്ന കാലത്ത് എന്നെ ഏറെ സ്വാധീനിച്ച യുവ എഴുത്തുകാരനായിരുന്നു പത്മരാജൻ. ആ ഭാഷയുടെ പദസമ്പത്തും സൗന്ദര്യവും എന്നെ ഏറെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ നോവലുകളുടെയും സിനിമയുടെയും പേരുകളിൽത്തന്നെ ഒരു ന്യൂജെൻ സ്പർശമുണ്ടായിരുന്നു. അന്നൊന്നും സാഹിത്യകൃതികളോടുള്ള ആഭിമുഖ്യമല്ലാതെ അതിന്റെ സ്രഷ്ടാക്കളെ കാണണമെന്നോ പരിചയപ്പെടണമെന്നോ ഉള്ള മോഹമൊന്നും എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. പുസ്തകത്തിന്റെ കവർ പേജിൽ കൊടുത്തിട്ടുള്ള നോവലിസ്റ്റിന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ കണ്ടു സായൂജ്യമടയുകയല്ലാതെ നേരിൽ കാണാനുള്ള അവസരമൊന്നും അന്ന് കിട്ടാറില്ല.

1972 ൽ ‍ഞങ്ങൾ ചിത്രപൗർണമി സിനിമാ വാരിക തുടങ്ങിയപ്പോഴാണ് പത്മരാജനെ കാണാനുള്ള അവസരം എനിക്ക് വന്നു വീണത്. അധികം വൈകാതെ തന്നെ പത്മരാജനും തിരക്കഥാകാരന്റെ മേലങ്കിയണിഞ്ഞു സിനിമയിലേക്കു കടന്നുവന്നു.

1975 ൽ ഭരതന്റെ ‘പ്രയാണം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് പത്മരാജന്റെ സിനിമാപ്രവേശം. ഒരു മധ്യവർത്തി തിരക്കഥാശൈലിയുമാണ് പത്മരാജൻ പ്രയാണത്തിലൂടെ തുടക്കമിട്ടത്. കലാപരവും വാണിജ്യപരവുമായ മധ്യവർത്തി സിനിമയുടെ പുതിയ വക്താക്കളായിട്ടാണ് പത്മരാജനെയും ഭരതനെയും അന്ന് സിനിമാലോകം കണ്ടിരുന്നത്. തുടർന്ന് ഇതാ ഇവിടെ വരെ, സത്രത്തിൽ ഒരു രാത്രി, തകര, രതി നിർവേദം, രാപ്പാടികളുടെ ഗാഥ, വാടകയ്‌ക്കൊരു ഹൃദയം തുടങ്ങിയ ചിത്രങ്ങൾക്കും പത്മരാജൻ തിരക്കഥ എഴുതി. എല്ലാ ചിത്രങ്ങളെയും ജനം നെഞ്ചിലേറ്റിയതോടെ പെരുവഴിയമ്പലത്തിലൂടെ ഒരു സംവിധായകന്റെ മേലങ്കിയണിയുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

പ്രയാണം റിലീസ് ചെയ്ത് കഴിഞ്ഞ് അതിന്റെ പ്രമോഷനു വേണ്ടി എറണാകുളത്തു വന്നപ്പോഴാണ് ഞാൻ പത്മരാജനെ ആദ്യമായിട്ടു കാണുന്നത്. ഞങ്ങൾ ചിത്രപൗർണമിയുടെ പേരിൽ ഒരു ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചിരുന്ന സമയമാണത്. ഏറ്റവും മികച്ച സംവിധായകനും തിരക്കഥാകാരനുമാണ് അവാർഡുള്ളത്. ‘പ്രയാണം’ കണ്ടതോടെ ഞങ്ങളുടെ കൂട്ടായ്മയിലുള്ളവരുടെ സാന്നിധ്യത്തിൽ ഒരു അവാർഡ് കമ്മിറ്റിയുണ്ടായപ്പോൾ പ്രയാണത്തിനാണ് നറുക്കു വീണത്. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ അവാർഡ് പ്രഖ്യാപനവും നടത്തി.

മലയാള സിനിമയ്ക്ക് ആശയപരവും സൗന്ദര്യപരവുമായ പുതിയൊരു സമാന്തരപാത വെട്ടിത്തുറന്ന യുവചലച്ചിത്രകാരന്മാരായ പത്മരാജനും ഭരതനും ചിത്രപൗർണമിയുടെ ആദ്യത്തെ ചലച്ചിത്ര പുരസ്കാരം എന്ന് ഒരു പത്രവാർത്തയാണ് ഞങ്ങൾ ആദ്യം കൊടുത്തത്. അന്ന് ഇങ്ങനെ ചലച്ചിത്ര അവാർഡുകളൊന്നും ഇല്ലാത്ത സമയമാണ്.

ഞാനാണ് മദ്രാസിലുള്ള ഭരതന്റെ ഫോൺ നമ്പർ കണ്ടു പിടിച്ച് ആദ്യം അവാർഡ് സന്ദേശം അറിയിച്ചത്. അന്ന് ഭരതൻ പറഞ്ഞ വാചകങ്ങൾ ഇന്നും എന്റെ മനസ്സിൽ ഒരു ഓർമക്കുറിപ്പു പോലെ കിടപ്പുണ്ട്.

‘‘എന്റെ ആദ്യ ചിത്രത്തിനു തന്നെ ഇങ്ങനെ ഒരു അവാർഡ് കിട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് നിങ്ങൾ പത്രക്കാരുടെ പുരസ്കാരം പ്രത്യേക ഒരു അംഗീകാരമാണല്ലോ?’’

ഭരതനെ വിളിച്ചു കഴിഞ്ഞ് ഉടനെത്തന്നെ പത്മരാജനെ വിളിച്ചപ്പോൾ കക്ഷി ഇപ്പോള്‍ എറണാകുളത്താണെന്നുള്ള വിവരമാണ് കിട്ടിയത്.

pranamam-2

ഞങ്ങൾ അന്വേഷിച്ചപ്പോൾ പത്മരാജൻ ബിടിഎച്ച് ഹോട്ടലിൽ ഉണ്ടെന്ന് അറിഞ്ഞു. ഫോണിൽ വിളിച്ച് വിവരം പറയാതെ ഒരു സർപ്രൈസായിക്കോട്ടെ എന്നു കരുതി ഞാനും കിത്തോയും നേരെ ഹോട്ടലിലേക്ക് ചെന്നു. രണ്ടാം നിലയിൽ കായലിന് അഭിമുഖമായുള്ള ഒരു മുറിയിലായിരുന്നു പത്മരാജൻ. ഞാൻ കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് പത്മരാജൻ തന്നെയായിരുന്നു. സ്വപ്നം വിരിയുന്ന പാതിമയങ്ങിയ കണ്ണുകളും ചുരുണ്ടു പറന്ന മുടിയുമുള്ള സുന്ദരനായ പദ്മരാജനെ കണ്ട് ഒരു നിമിഷ നേരം ഞാൻ അങ്ങനെ നിന്നുപോയി. ഞങ്ങളെ അപരിചിത ഭാവത്തിൽ നോക്കുന്നതു കണ്ടപ്പോൾ ഞാൻ സ്വയം പരിചയപ്പെടുത്തി.

‘‘ഞാൻ കലൂർ ഡെന്നീസ്. ചിത്രപൗര്‍ണമിയുടെ പത്രാധിപരാണ്. ഇത് ആർട്ടിസ്റ്റ് കിത്തോ, ചിത്രപൗർണമിയുടെ മാനേജിങ് എഡിറ്ററാണ്.’’

ചിത്രപൗർണമി എന്നു കേട്ടപ്പോൾ ആ മുഖത്തെ അപരിചിതത്വത്തിന് അൽപം അയവു വന്നു. മുഖത്തെ നിസ്സംഗ ഭാവം വിടാതെ തന്നെ ഉടനെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

‘‘വരൂ.’’

ഞങ്ങൾ അകത്തേക്കു കയറി. ശീതീകരിച്ച മുറിയിലെ സോഫയിൽ ഇരുന്നു കൊണ്ടു യാതൊരു മുഖവുരയുമില്ലാതെ ഞാൻ ഉരുവിട്ടു.

‘‘കൺഗ്രാജുലേഷൻസ്’’

എന്തിനുള്ള അഭിനന്ദനമാണെന്ന് അറിയാതെ എന്നെ നോക്കുന്നതു കണ്ട് ഞാൻ തുടർന്നു.

‘‘ഞങ്ങള്‍ പ്രയാണം കണ്ടു വളരെ നന്നായിട്ടുണ്ട്.’’
‘‘താങ്ക്സ്’’

വളരെ പതിഞ്ഞ സ്വരത്തിലുള്ള നന്ദി പ്രകടനം.

അപ്പോഴും പ്രത്യേക ഒരു സന്തോഷമൊന്നും ആ മുഖത്തു കണ്ടില്ല.

ഞാൻ അൽപം ഒന്നിളകിയിരുന്നു കൊണ്ട് പത്രക്കാരന്റെ ഗരിമയിൽ ഇങ്ങിനെ പറഞ്ഞു.

‘‘ ഒരു പ്രത്യേക അഭിനന്ദനം കൂടിയുണ്ട്. ഞങ്ങളുടെ ചിത്രപൗർണമി ഈ വർഷം മുതൽ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും മികച്ച തിരക്കഥാകാരനായി അവാർഡ് കമ്മിറ്റി തിര‍ഞ്ഞെടുത്തിരിക്കുന്നത് പത്മരാജനെയാണ്. സംവിധായകനായി ഭരതനെയും.’’

‘‘ഓഹോ ഇതിനിടയിൽ ഇങ്ങനെ ഒരു സംഭവമൊക്കെ നടന്നോ?’’

‘‘ഞങ്ങൾ ഭരതനെ വിളിച്ചാണ് ആദ്യം പറഞ്ഞത്. രണ്ടാമത് വിളിക്കുന്നത് താങ്കളെയാണ്.’’

‘‘താങ്ക്യൂ’’

അപ്പോഴും നന്ദിപ്രകടനത്തിന് അല്പം പിശുക്ക് കാണിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. വെളുത്തു ചുവന്ന മുഖത്ത് വെട്ടിയൊതുക്കി നിർത്തിയിട്ടുള്ള കറുത്ത താടിയിൽ തലോടിക്കൊണ്ടു നിസ്സംഗനായി എന്തോ ആലോചിച്ചു കൊണ്ട് ഇരിക്കുന്നതു കണ്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും സാഹിത്യസൃഷ്ടികളെക്കുറിച്ചുമൊക്കെ പറഞ്ഞ് വാചാലനാകാൻ തുടങ്ങി. പത്മരാജന്റെ നോവലിനെക്കുറിച്ചുള്ള എന്റെ അറിവിന്റെ ചെറുഭാണ്ഡം അഴിച്ചപ്പോൾ മുഖസ്തുതിയിലും പ്രശംസയിലുമൊന്നും വഴങ്ങാത്ത അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്ന് ഒരു നിഷ്കളങ്ക ഭാവം തെളിഞ്ഞു വന്നു. പിന്നെ അൽപനേരം കൂടി അവിടിരുന്ന് അദ്ദേഹത്തിന്റെ നാവിൻ തുമ്പിൽനിന്നു വീഴുന്ന അറിവിന്റെ നുറുങ്ങു മൊഴികളും കേട്ടുകൊണ്ടിരുന്നപ്പോൾ ‘പ്രയാണ’ത്തിന്റെ വിതരണക്കാരൻ അങ്ങോട്ടു വന്നു. പിന്നെ ഒട്ടും വൈകാതെ തന്നെ പത്മരാജനോട് യാത്രയും പറഞ്ഞു ഞങ്ങൾ അവിടെ നിന്നിറങ്ങി. അപ്പോൾ എന്റെ മനസ്സ് ഇങ്ങനെയാണ് മന്ത്രിച്ചത്. – മലയാള സാഹിത്യത്തിലെ യൗവന തീക്ഷ്ണമായ ഒരു ഊർജപ്രവാഹം.

‘പ്രയാണ’ത്തോടെ മലയാള സിനിമയിലെ മധ്യവർത്തി-കച്ചവടസിനിമാ സംവിധായകരായ ഐ.വി. ശശി, കെ.ജി. ജോർജ്, ഭരതൻ, മോഹൻ, എൻ. ശങ്കരൻ നായർ തുടങ്ങിയവരൊക്കെ പത്മരാജന്റെ തിരക്കഥയ്ക്കുവേണ്ടി തിരുവനന്തപുരത്തെ ഹോട്ടലുകളിൽ റൂമെടുത്തു കാത്തിരിക്കാൻ തുടങ്ങി.

‘പ്രയാണ’ത്തിനു ശേഷം പത്മരാജൻ െചയ്തത് ജനപ്രിയ സംവിധായകനായ ഐ. വി. ശശിയുടെ ‘ഇതാ ഇവിടെ വരെ’യാണ് മലയാളത്തിൽ അന്നേവരെ വരാത്ത വളരെ പുതുമയുള്ള ഒരു പ്രമേയമായിരുന്നു. മധുവും സോമനും കളം നിറ‍ഞ്ഞാടിയ ആ വർഷത്തെ മെഗാഹിറ്റു സിനിമയായി അതു മാറി.

1975 മുതൽ 91 വരെ മറ്റു സംവിധായകർക്കു വേണ്ടി തിരക്കഥ എഴുതിയതടക്കം. മുപ്പത്തിയേഴോളം സിനിമകളാണു പത്മരാജന്റെ ക്രെഡിറ്റിലുള്ളത്. ഭൂരിഭാഗവും സാമ്പത്തികമായി വിജയം വരിച്ചതും കലാപരമായി മികച്ചു നിൽക്കുന്നവയുമായിരുന്നു.

iv-sasi

1978 ൽ ഞാൻ വീണ്ടും പത്മരാജനെ കാണുന്നത് എറണാകുളത്തു കലൂരിലുള്ള സീനാ ഇന്റർനാഷനൽ ഹോട്ടലിൽ വച്ചാണ്. കെ.ജി.ജോർജ് സാറിന്റെ ‘രാപ്പാടികളുടെ ഗാഥ’യ്ക്ക് തിരക്കഥ ഒരുക്കാൻവേണ്ടിയാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഐ.വി. ശശി ചെയ്ത ‘അനുഭവങ്ങളെ നന്ദി’യുടെ രാമഭദ്രൻ തമ്പുരാനായിരുന്നു ഇതിന്റെയും നിർമാതാവ്. ജോർജ് സാർ ഇതിന്റെ സംവിധായകനായി വരാൻ നിമിത്തമായതു ഞാനായതു കൊണ്ടാണ് ഈ സിനിമയുടെ കൂടെ സഹകരിക്കാൻ എനിക്കായത്

ഒരു ദിവസം വൈകിട്ട് ഞാൻ ഹോട്ടലിൽ ചെല്ലുമ്പോൾ പത്മരാജൻ ഇരുന്ന് സ്ക്രിപ്റ്റ് എഴുതുകയാണ്. മൂന്നു വർഷത്തിനു ശേഷം ആദ്യമായി കാണുകയാണ്. പത്മരാജൻ പതിവിലും സുന്ദരനായിരിക്കുന്നു. എന്നോടു കുശലം പറയുന്നതിനിടയിലും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുകയാണ്. പത്മരാജന്റെ എഴുത്തു കാണാൻ നല്ല രസമാണ്. തിരക്കഥയുടെ പശ്ചാത്തല വിവരണങ്ങൾ വളരെ ഡീറ്റെയിലായാണ് കുറിച്ചു വച്ചിരിക്കുന്നത്. അതു വായിച്ചാൽ കഥ വായിക്കുന്ന സുഖം കിട്ടും. പക്ഷേ അന്നൊക്കെ അത്രയും വിശദമായിട്ടുള്ള പശ്ചാത്തല വിവരണമൊന്നും ആരും എഴുതാറില്ലെന്നാണ് പിന്നീട് ഞാൻ പറഞ്ഞു കേട്ടിട്ടുള്ളത്.

എന്നും വൈകുന്നേരമാകുമ്പോൾ ഡിസ്കഷനുവേണ്ടി ജോർജ് സാറെത്തും. പിന്നെ മദ്യസേവയും ഡിസ്കഷനും തമാശകളുമൊക്കെയായി സമയം പോകുന്നതേയറിയില്ല. ഞാൻ മദ്യപിക്കാത്ത ആളായതു കൊണ്ട്, സത്യക്രിസ്ത്യാനികൾ ആരെങ്കിലും മദ്യം കഴിക്കാതിരിക്കുമോ എന്നു പറഞ്ഞ് അവര്‍ എന്നെ കളിയാക്കും.

രണ്ടാഴ്ച കൊണ്ട് തിരക്കഥ എഴുതിത്തീർത്ത് പത്മരാജൻ തിരുവനന്തപുരത്തേക്കു പോയി. സോമനും വിധുബാലയുമായിരുന്നു പ്രധാന വേഷങ്ങളിൽ. എറണാകുളമായിരുന്നു ലൊക്കേഷൻ.

padmarajan-koodevide

‘രാപ്പാടികളുടെ ഗാഥ’ റിലീസായപ്പോൾ കലാപരമായ മികവു പുലർത്തിയെങ്കിലും സാമ്പത്തികമായി പരാജയമായിരുന്നു. പിന്നീടു ഞാൻ തിരക്കഥാകാരനായ ശേഷം മദ്രാസ് വുഡ്‌ലാൻഡ് ഹോട്ടലിൽവച്ചാണ് അദ്ദേഹത്തെ പലപ്രാവശ്യം കണ്ടിട്ടുള്ളത്. ആദ്യ കാഴ്ചയിലുണ്ടായ നിസ്സംഗതയ്ക്കു പകരം വളരെ സൗഹൃദപരമായാണ് പെരുമാറിയിരുന്നത്.

വർഷങ്ങൾ പലത് കടന്നു പോയി. പത്മരാജന്റെ അവസാന ചിത്രമായ ‘ഞാൻ ഗന്ധർവ’ന്റെ ഷൂട്ടിങ് തൃശൂരിൽ നടക്കുമ്പോൾ ഞാൻ എന്റെ ഒരു ചിത്രത്തിന്റെ ഷൊർണൂരിലെ ലൊക്കേഷനിൽനിന്ന് അദ്ദേഹത്തിന്റെ ലൊക്കേഷനിലെത്തി. പിന്നെ അൽപം നേരം അവിടെ ഇരുന്ന് ഗന്ധർവന്റെ വിശേഷങ്ങളൊക്കെ കേട്ടിട്ടാണ് ഞാൻ തിരിച്ചു പോന്നത്.

പിന്നീട് അവസാനമായി പത്മരാജനെ കാണുന്നത് ‘ഞാൻ ഗന്ധർവൻ' കളിക്കുന്ന തിരുവനന്തപുരത്തെ ധന്യാ-രമ്യാ തിയറ്റർ കോംപ്ലക്സിൽ വച്ചാണ്. അരോമ മണി നിർമിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത് ഞാൻ എഴുതിയ ‘സൗഹൃദം’ എന്ന ചിത്രവും പത്മരാജന്റെ ‘ഞാൻ ഗന്ധർവനും’ ധന്യാ–രമ്യയിലാണ് കളിച്ചു കൊണ്ടിരുന്നത്.

സൗഹൃദത്തിന്റെ കലക്‌ഷനൊക്കെ എങ്ങനെയുണ്ടെന്നറിയാനായി ഞാനും ഷാജിയും കൂടി തിയറ്ററിൽ എത്തിയപ്പോൾ അവിടെ പത്മരാജനും ഗാന്ധിമതി ബാലനും നിൽക്കുന്നത് കണ്ടു.

palappoove-padmarajan

ഞാനും ഷാജിയും അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു. ഞങ്ങളെ കണ്ടപ്പോൾത്തന്നെ സ്വതസിദ്ധമായ പിശുക്കൻ ചിരിയോടെ തമാശയായി ഇങ്ങനെയാണ് പറഞ്ഞത്.

‘‘എന്താണ് രണ്ടാളും കൂടി ‘സൗഹൃദ’വുമായി എന്റെ ഗന്ധർവനോട് ഏറ്റു മുട്ടാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണോ? ഗന്ധർവനോട് കളിക്കുന്നത് സൂക്ഷിക്കണം. സർവവ്യാപിയാണ് ഗന്ധർവൻ.’’

ഞാൻ ആ ഫലിതത്തിൽ ലയിച്ചു നിന്നപ്പോൾ ഗന്ധർവൻ സർവ വ്യാപിയാണെന്ന വാക്കിന്റെ അർഥം ഒന്നും ആലോചിച്ചിതേയില്ല. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ പത്മരാജന്റെ മരണവാർത്തയാണറിയുന്നത്. മരണം സർവവ്യാപിയായ ഗന്ധർവന്റെ രൂപത്തിൽ വന്ന് അദ്ദേഹത്തെ അനന്തതയിലേക്ക് കൂട്ടിക്കൊണ്ട് പോയിട്ട് നീണ്ട മുപ്പത്തിയൊന്നു വർഷമായിരിക്കുന്നു.


അടുത്തത്

പി.ജെ. ആന്റണി എന്ന ഒറ്റയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com