ആരെയും വിഷമിപ്പിക്കരുതെന്നു മാത്രമല്ല, ‘നോ’ പറയാനും പഠിക്കണം കുട്ടികൾ– ഒരു ‘മേപ്പടിയാൻ’ വായന
"താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ
താന്താനനുഭവിച്ചീടുകെന്നേ വരൂ "
സാർവത്രികമായ സത്യം കർമം !
വിശ്വജനീനമായ കാര്യവും കാരണവും, കർമം !!
ഒരിക്കലും മേൽവിലാസക്കാരനെ വിട്ടു പോകാതെ പിന്തുടരുന്ന കർമം എന്ന മഹാതത്വം ‘മേപ്പടിയാൻ’ മനുഷ്യത്വത്തിന് മൂല്യം നൽകുന്ന മലയാളിയോട് ഊന്നിപ്പറയുന്നു.
ആരെയും വിഷമിപ്പിക്കരുത് എന്ന ആശയം സാംസ്കാരികമായി പകർന്നു കൊടുക്കുന്ന ഒരു പൊതു പരിപാടിയുണ്ട് രക്ഷിതാക്കൾക്ക്. അങ്ങനെ വളരുന്ന കുട്ടികൾക്ക് ‘നോ’ എന്നു പറയാൻ ബുദ്ധിമുട്ടായിരിക്കും. എന്നു കരുതി അവർ കഴിവുകെട്ടവരല്ല. അവരിലെ നന്മയും കാരുണ്യം നിറഞ്ഞ മനസ്സും ചൂഷണം ചെയ്യുന്ന, കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ചില ചങ്ങാതിമാരിൽനിന്ന് ഒഴിഞ്ഞു നിൽക്കാനും കൂടി നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു,
‘വാക്ക്’ എന്നതിലും വലിയ പരമസത്യം ഇല്ല എന്ന് മനസ്സിലാക്കി, അതു പാലിക്കുന്നതിന് വേണ്ടി ഉണ്ണി മുകുന്ദന്റെ ജയകൃഷ്ണൻ എന്ന നായകൻ എടുക്കുന്ന ശ്രമങ്ങൾ ചെറുതൊന്നുമല്ല. പ്രേക്ഷകർ ഈ സമ്മർദവുമായി താദാത്മ്യം പാലിക്കുന്നുവെന്നതിന്റെ സൂചനയാണ് പലപ്പോഴായി തിയറ്ററിൽ ഉയർന്നു കേട്ട കയ്യടി. ഞാനും നിങ്ങളും ഉൾപ്പെട്ട സാധാരണക്കാരുടെ ഒരു സമൂഹത്തിൽ ആർക്കും സംഭവിക്കാവുന്ന, കാലിന്നടിയിലെ മണ്ണ് ചോർത്തിക്കളയുന്ന ജീവിതപ്രശ്ന സാധ്യതയിലേക്കുള്ള ഒരു ഉൾകാഴ്ച കൂടിയാണീ ചിത്രം.
വിഷമസന്ധിയിലുള്ളവരെ വിറ്റു കാശാക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കളാകുന്ന കാപട്യം നിറഞ്ഞ സുഹൃത്തുക്കളും അതേ ദുർഘടാവസ്ഥയിൽ വാക്കു പാലിച്ചു കൂടെ നിൽക്കുന്ന അപരിചിതരും (ജഡ്ജി, വക്കീൽ, പൊലീസ്) മനുഷ്യവ്യക്തിത്വങ്ങളിലെ ദ്വന്ദ്വത്തെ സൂചിപ്പിക്കുന്നു.
നന്നായി പെരുമാറണമോ വേണ്ടയോ എന്നതു ജനിതകത്തിൽ ഉള്ളതുമാത്രമല്ല, പഠിച്ചെടുക്കാവുന്നതു കൂടിയാണ്. ഒരാളിന്റെ ന്യായദീക്ഷയും ആർജവവും അയാൾ കുടുംബത്തിൽനിന്ന് നേടുന്നതാണ് അയാളുടെ രക്ഷിതാക്കളുടെ വിജയം. കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും പലരും കാണിക്കുന്ന തിടുക്കം സത്യത്തിൽ ഭീരുത്വവും സഹായിക്കാനുള്ള സന്നദ്ധതയില്ലായ്മയുമാണ്.
സകുടുംബം കാണാവുന്ന മനോഹരമായ ഈ ത്രില്ലർ കണ്ടിറങ്ങുമ്പോൾ ‘വിതച്ചത് കൊയ്യും’ എന്ന പഴഞ്ചൊല്ല് മേപ്പടിയാൻ നിങ്ങളെ ആയിരം വട്ടം ഓർമിപ്പിച്ചിരിക്കും.