വരുന്നൂ, വെള്ളിമൂങ്ങ 2; ഇനി മന്ത്രി മാമച്ചൻ
Mail This Article
വെള്ളിമൂങ്ങ മലയാള സിനിമയ്ക്കു നൽകിയ ചിരിയുടെ അലകൾ ഇന്നും നമ്മളെ പിന്തുടരുന്നുണ്ട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിലെല്ലാം പലവട്ടം മാമച്ചനും കൂട്ടരും കയറിയിറങ്ങാറുണ്ട്. മാമച്ചൻ മന്ത്രിയായതോടെയാണു വെള്ളമൂങ്ങ എന്ന ചിത്രം അവസാനിക്കുന്നത്. സൂപ്പർ ഹിറ്റായിരുന്ന വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിനായുള്ള നീക്കം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞതായാണു റിപ്പോർട്ടുകൾ. മാമച്ചനായി അരങ്ങുതകർത്ത ബിജു മേനോനും സംവിധായകൻ ജിബു ജേക്കബും വെള്ളിമൂങ്ങയുടെ കഥയും തിരക്കഥയും എഴുതിയ ജോജി തോമസുമെല്ലാം രണ്ടാം ഭാഗം സംബന്ധിച്ചുള്ള ചർച്ചയിലും ചിന്തയിലുമാണ്. ഹാസ്യത്തിന്റെ പുതിയൊരു തലത്തിലൂടെയായിരുന്നു വെള്ളിമൂങ്ങയുടെ സ്ക്രിപ്റ്റ് തയാറാക്കിയത്. തികച്ചും ഗ്രാമീണമായ തമാശകൾ. നാട്ടിൻപുറത്തിന്റെ നന്മകൾക്കൊപ്പമുള്ള ഹൃദ്യമായ കോമഡികൾ.
ഒട്ടേറെ ട്വിസ്റ്റുകൾ. ബിജുമേനോനും അജു വർഗീസും നിക്കി ഗൽറാണിയും ടിനി ടോമും സാജു നവവോദയുയും സിദ്ദിഖും കലാഭവൻ ഷാജോണും വീണാ നായരും ലെനയുമെല്ലാം അവരവരുടെ വേഷങ്ങളിലേക്ക് ഇഴുകിച്ചേർന്നത് കഥാപാത്രത്തെ എഴുതിഫലിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയായിരുന്നു. ആസിഫ് അലി അതിഥി വേഷത്തിലെത്തി ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചതും ഈ ചിത്രത്തിലാണ്. ബിജിബാലിന്റെ സംഗീതത്തിൽ മികച്ച ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ... എന്ന ഗാനം അക്കാലത്തു കുട്ടികൾക്കിടയിൽ പോലും വലിയ സ്വാധീനമാണുണ്ടാക്കിയത്. ശശിധരൻ ഉള്ളാട്ടിലും സോനു സിങ്ങും ചേർന്നായിരുന്നു വെള്ളി മൂങ്ങ നിർമിച്ചത്.
ക്യാമറാമാനായിരുന്ന ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു വെള്ളിമൂങ്ങ. ഈ ഒറ്റച്ചിത്രത്തോടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ ഗണത്തിലേക്കു ജിബു ജേക്കബ് ഉയരുകയും ചെയ്തു. കണ്ണൂർ ആലക്കോട് ചപ്പാരപ്പടവ് സ്വദേശിയായ ജോജി തോമസിന്റെയും ആദ്യചിത്രമായിരുന്നു വെള്ളിമൂങ്ങ. തുടർന്നു ജോണി ജോണി യെസ് അപ്പാ എന്ന മാർത്താണ്ഡൻ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രത്തിനു സ്ക്രിപറ്റ് എഴുതിയെങ്കിലും മനസ്സിൽ തട്ടുന്ന കോമഡിയെഴുതി ശീലിച്ച ജോജി വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗത്തിലൂടെ വീണ്ടുമൊരു തിരിച്ചു വരവ് നടത്തുമെന്നു പ്രതീക്ഷിക്കാം. ജോജിയുടെ നാടായ വടക്കൻ കേരളത്തിന്റെ അങ്ങേയറ്റത്തു നടക്കുന്ന കഥയായാണു വെള്ളിമൂങ്ങയിലെ കഥയും കഥാപാത്രങ്ങളും വളരുന്നത്.
മന്ത്രിയായി മാറിയ മാമച്ചന്റെ കഥ രണ്ടാം ഭാഗത്തിൽ ഏതായാലും ഗ്രാമത്തിലൊൊതുങ്ങുന്നതാവില്ലെന്നുറപ്പിക്കാം. രാഷ്ട്രീയത്തിന്റെ ഉള്ളകങ്ങളിലെ ചടുലവും രുചികരവുമായ മുഹൂർത്തങ്ങളെ മനസ്സിൽ വന്നു തൊടുന്ന ചിരിയിലേക്കു പരിണമിപ്പിക്കുന്ന ജോജിയുടെ രചനാരീതി തന്നെയാവും വെള്ളമൂങ്ങയുടെ രണ്ടാം ഭാഗത്തിലും കാണാനാവുക എന്നു പ്രതീക്ഷിക്കാം. നായകൻ ബിജു മേനോനും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതിൽ വലിയ താൽപര്യം കാട്ടിയിട്ടുണ്ട്. സംവിധായകൻ ജിബു ജേക്കബിനും രണ്ടാം ഭാഗത്തിനോടു താൽപര്യമാണ്. കഥയുടെ വളർച്ചയും മറ്റുമുള്ള ചർച്ചകൾ എഴുത്തുകാരനും സംവിധായകനും നായകനുമൊക്കെ ഈയടുത്ത ദിവസങ്ങളിൽ തന്നെ ചർച്ച ചെയ്യും. 2022ൽ തന്നെ വെള്ളമൂങ്ങ–2 ചിത്രീകരണം തുടങ്ങാനുള്ള നീക്കങ്ങൾ നടക്കുന്നതായാണു ചിത്രത്തിന്റെ അണിയറയിൽ നിന്നറിയുന്നത്.