ADVERTISEMENT

ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി നടന്‍ ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി' എന്ന ചലച്ചിത്രത്തിലെ മികച്ച  അഭിനയമാണ്  ജയസൂര്യയെ ഈ അവാർഡിന് അര്‍ഹനാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഫിലിം ഫെസ്റ്റിവല്‍ അധികൃതർ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ  അറിയിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചടങ്ങില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും പങ്കെടുക്കാൻ സാധിച്ചില്ല. സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരം കൂടിയാണ് ജയസൂര്യയെ തേടിയെത്തിയത്.

 

best-actor

ഇന്ത്യയിൽ നിന്നുള്ള ഓസ്കർ എൻട്രി ആയിരുന്ന തമിഴ്‌ സിനിമ 'കൂഴങ്ങൾ' ആണ് മികച്ച ഫീച്ചർ സിനിമ. 'സണ്ണി ' യെ കൂടാതെ ഡോ.ബിജു സംവിധാനം ചെയ്ത ദ് പോർട്രെയ്റ്റ്സ്, ഷരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാൾ , മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് , സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവർ എന്നീ സിനിമകളാണ് ഫിക്‌ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.  നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്നും രാംദാസ് കടവല്ലൂർ ഒരുക്കിയ 'മണ്ണ്' മാത്രമാണ് പ്രദർശന യോഗ്യത നേടിയിരുന്നത്. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ജയസൂര്യയുടെ നൂറാമത്തെ ചിത്രമായിരുന്നു ‘സണ്ണി’. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനായിരുന്നു. തന്റെ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി (ജയസൂര്യ) എന്ന  കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അവൻ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം,  അവന്റെ സ്നേഹം, പണം, ഉറ്റ സുഹൃത്ത്, എല്ലാം അവന് നഷ്ടമായി. 

 

പൂർണമായി  തകർന്നും നിരാശനുമായ അദ്ദേഹം ആഗോള പകർച്ചവ്യാധിയുടെ നടുവിൽ ദുബായിൽ നിന്ന് കേരളത്തിലേക്ക്  എത്തുകയും  സമൂഹത്തിൽ നിന്ന് സ്വയം  പിൻവലിഞ്ഞ് ഒരിടത്ത് ഒതുങ്ങി കൂടുകയും ചെയ്യുന്നു. ഒരു വൈകാരിക പ്രക്ഷുബ്ധതയിൽ  കുടുങ്ങി,  സാവധാനത്തിൽ  സ്വയം നശിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, സണ്ണി അപരിചിതരായ ചിലരുമായി സൗഹൃദം സ്ഥാപിച്ചു.  ഏഴ് ദിവസങ്ങൾക്കുള്ളിൽ സണ്ണിയുടെ കാഴ്ചപ്പാട് മാറി മറിയുന്നു. ഇതായിരുന്നു സണ്ണിയുടെ കഥ. ചിത്രം പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും മികച്ച പ്രശംസ പിടിച്ചുപറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com