ADVERTISEMENT

150 കോടി രൂപ മുതൽമുടക്കിയ ബാഹുബലി സീരിസ് വേണ്ടെന്നുവച്ച് നെറ്റ്ഫ്ലിക്സ്. ബാഹുബലി സിനിമകളുടെ കൂറ്റന്‍ വിജയത്തിന് ശേഷം നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്ന് ഒരു പ്രീക്വല്‍ നിര്‍മിക്കുമെന്ന് സംവിധായകന്‍ രാജമൗലി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്‌ഷനും ശേഷം പരമ്പര വേണ്ടെന്നു വച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ടീം. ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്ടപ്പെടാത്തതാണ് കാരണം. രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍.

എസ്.എസ്.രാജമൗലിയുടെ പിന്തുണയോടെയാണു നെറ്റ്ഫ്ലിക്സ് ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ പ്രഖ്യാപിച്ചത്. ബാഹുബലിയുടെ അമ്മ ശിവകാമിയുടെ ഉദയം ഇതിവൃത്തമാവുന്ന വെബ് പരമ്പരയിൽ കേന്ദ്രകഥാപാത്രമായി മണാൾ താക്കൂറിനെ നിശ്ചയിച്ചു. 2021 ല്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷം കുനാല്‍ ദേശ്മുഖ്, റിബു ദസ്ഗുപ്ത എന്നീ സംവിധായകര്‍ക്ക് പകരക്കാരനായി ദേവ കട്ട എത്തി. പിന്നീട് രാഹുൽ ബോസും അതുൽ കുൽക്കർണിയും പരമ്പരയിൽ ചേർന്നു. ഹൈദരാബാദില്‍ ഒരുക്കിയ കൂറ്റൻ സെറ്റിലായിരുന്നു 100 കോടിയിലേറെ രൂപ ബജറ്റ് കണക്കാക്കിയ സീരിസിന്റെ ചിത്രീകരണം. പോസ്റ്റ് പ്രൊഡക്‌ഷൻ ചെലവുകൾ വേറെയും.

mrunal-bahubali
മൃണാള്‍ താക്കൂർ

എന്നാൽ എഡിറ്റിങ് ഘട്ടത്തിൽ, പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തി ദേവകട്ടയുടെ പരമ്പര ഉപേക്ഷിച്ച് പുതിയ ടീമിനെ പരീക്ഷിക്കാൻ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചു. പരമ്പരയുടെ സംവിധാന ചുമതല വീണ്ടും കുനാലിന് കൈമാറി. 2021 ജൂലൈയിൽ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും പദ്ധതി വീണ്ടും സ്തംഭിച്ചു. ആഗ്രഹിച്ച നിലവാരം കൈവരുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ നെറ്റ്ഫ്ലിക്സ് പരമ്പര തന്നെ ഉപേക്ഷിച്ചു. രണ്ട് ഘട്ടത്തിലായി 150 കോടിയോളം രൂപയാണ് നെറ്റ്ഫ്ലിക്സിന് ഇതിലൂടെ നഷ്ടമായത്.

പുതിയ സംവിധായകനെയും താരങ്ങളേയും വച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്ലിക്‌സ് ആലോചിക്കുന്നുണ്ട്. മാധവനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘ഡീകപ്പിൾഡ്’ എന്ന പരമ്പരയുടെ സ്രഷ്ടാക്കളായ ബോംബെ ഫേബിൾസിന് ഈ പ്രോജക്ട് കൈമാറിയതായും റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com