ADVERTISEMENT

നാടകാചാര്യൻ, ചെറുകഥാകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകാരൻ, അഭിനേതാവ് എന്നീ എല്ലാ മേഖലകളിലും കൈയ്യൊപ്പു ചാർത്തിയിട്ടുള്ള ഒരു ബഹുമുഖപ്രതിഭയായിരുന്നു പി. ജെ. ആന്റണി. അദ്ദേഹം അമ്പത്തിനാലാം വയസ്സിൽ അകാലത്തിൽ നമ്മളെ വിട്ടു പോയിട്ട് നീണ്ട നാൽപത്തിമൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 

 

മലയാള സിനിമയിൽ പി. ജെ. ആന്റണി ആരായിരുന്നു എന്ന് ഇന്നത്തെ പുതിയ തലമുറയോട് ചോദിച്ചാൽ തൊണ്ണുറു ശതമാനം പേർക്കും അദ്ദേഹത്തെക്കുറിച്ചുള്ള അറിവിന്റെ പേടകം പെട്ടെന്ന് തുറക്കാനാവില്ല. അപ്പോൾ ഒരു ചോദ്യം ഉയരാം. ഗൂഗിളിൽ അടിച്ചു നോക്കിയാൽ നിമിഷനേരം കൊണ്ട് എല്ലാ വിവരവും അറിയാമല്ലോയെന്ന്. ശരിയാണ്. പക്ഷേ പി.ജെ. ആന്റണിയെപ്പോലുള്ളവരുടെ ഐഡിന്റിറ്റി അറിയാനുള്ള താൽപര്യമൊന്നും ഇന്നത്തെ തലമുറക്കില്ലെന്നുള്ള പക്ഷക്കാരനാണ് ഞാൻ. അങ്ങനെ പറയാനുള്ള ഒരു ഉദാഹരണവും എന്റെ പക്കലുണ്ട്. 

 

കുറേക്കാലം മുൻപ് സിനിമ ആസ്വാദകരായ രണ്ടു ന്യൂജെൻ ചെറുപ്പക്കാരുമായി ഞാൻ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഇൻഡ്യൻ പ്രസിഡന്റിൽ നിന്നും ഏറ്റവും മികച്ച നടനുളള ഭരത് അവാർഡ് കരസ്ഥമാക്കിയ ചലച്ചിത്രകാരനാണ് പി.ജെ. ആന്റണി എന്നു ഞാൻ പറഞ്ഞപ്പോൾ അതിൽ ഒരു കക്ഷി ചോദിക്കുകയാണ് "ഏത് പി. ജെ. ഏത് ആന്റണി " എന്ന്. രണ്ടാമത്തെ ആളുടെ ചോദ്യം അതിലും രസകരമായിരുന്നു. 

nirmalyam

 

"പണ്ടൊക്കെ വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവർക്കാണോ സാർ ഭരത് അവാർഡ് കൊടുത്തുകൊണ്ടിരുന്നത്? "

 

ആ ചോദ്യത്തിന്റെ സാംഗത്യം എനിക്കു മനസ്സിലായി. വില്ലൻ വേഷങ്ങളും ക്യാരക്ടർ റോളുകളും  ചെയ്തു കൊണ്ടിരുന്ന പി. ജെ. ആന്റണിക്കും ബാലൻ കെ നായര്‍ക്കും ഭരത് അവാർഡ് കിട്ടിയതിനെക്കുറിച്ചാണ്  വ്യംഗ്യമായി അവർ സൂചിപ്പിച്ചത്. അവർ മനഃപൂർവം പരിഹസിക്കാൻ വേണ്ടി പറഞ്ഞതല്ല നിഷ്കളങ്കമായി ഉരുവിട്ട വാക്കുകളായിരുന്നത്. 

 

pj-antony-2

ഇപ്പോഴത്തെ ചെറുപ്പക്കാരുടെ മനസ്സില്‍ അവർ സ്വരുക്കൂട്ടി വച്ചിരിക്കുന്ന ചില നായകത്വങ്ങളുണ്ട്. ചില പെക്കുലിയർ നടന്മാരുണ്ട്.  അച്ഛനും അമ്മാവനും, അമ്മയും അമ്മായിയമ്മയൊന്നും അവരുടെ സങ്കൽപങ്ങളിലെ സിനിമകളിൽ വേണ്ട.  പണ്ടൊക്കെ അങ്ങനെയുള്ള വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന പിജെ ആന്റണി, ശങ്കരാടി, ബഹദൂർ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ അഭിനയപ്രതിഭകൾ ജീവിച്ചിരുന്നതിനെക്കുറിച്ചോന്നും അവർക്കൊന്നും അറിയണമെന്നില്ല.  ഇന്നത്തെ പുതു സിനിമാസങ്കൽപം അങ്ങനെയാണെന്ന് എനിക്ക് തോന്നി.

 

ഓർക്കുകയെന്നതിനേക്കാൾ ഓർമിക്കപ്പെടാൻ വേണ്ടി പി. ജെ. ആന്റണി എന്ന സർഗധനന്റെ ജീവിതരേഖയിലേക്ക് ഞാൻ ഒന്നു കടക്കാം. 

 

1925 ജനുവരി 1 നാണ് പി. ജെ. ആന്റണിയുടെ ജനനം. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ തൊണ്ണൂറ്റിയേഴു വയസുണ്ടാകുമായിരുന്നു. 

 

യൗവനാരംഭത്തിൽ തന്നെ വിദ്യാഭ്യാസത്തോടൊപ്പം നാടകത്തോടായിരുന്നു പി. ജെ. ആന്റണിക്ക് ആഭിമുഖ്യമുണ്ടായിരുന്നത്. ആദ്യകാല നാടകങ്ങളുടെ നടപ്പു രീതിയിൽ നിന്ന് ഒരു വഴിമാറ്റ സഞ്ചാരം നടത്തിക്കൊണ്ടാണ് പി. ജെ. ആന്റണി നാടക ലോകത്തേക്ക് കടന്നു വന്നത്. സാമൂഹ്യപ്രശ്നങ്ങൾ കഥാപാത്രങ്ങളുടെ തർക്കവിഷയങ്ങളിലൂടെ മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെ പുതിയൊരു നാടകശൈലി കൊണ്ടു വന്ന് ജനഹൃദയങ്ങളുടെ കൈയ്യടി വാങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞു.  ആദ്യകാലത്ത് കെ.പി.എ.സി, ഗീതാ ആർട്ട്സ് തുടങ്ങിയ വലിയ നാടക‍ട്രൂപ്പിനു വേണ്ടിയാണ് അദ്ദേഹം എഴുതിയിരുന്നെങ്കിലും പിന്നീടു പി. ജെ. തിയറ്റേഴ്സ് എന്നു പേരുള്ള സ്വന്തം ട്രൂപ്പുണ്ടാക്കി. 

 

എന്റെ യൗവനാരംഭത്തിലാണ് പി. ജെ. ആന്റണിയെന്ന നാടക കലാകാരനെക്കുറിച്ചു ഞാൻ അറിയുന്നത്. അദ്ദേഹത്തിന്റെ നാടകം കണ്ടിട്ടുള്ള എന്റെ കൂട്ടുകാരുടെ പ്രചോദനമായിരുന്നു അത്.  സിനിമയിൽ  കാണുന്നതു പോലെയുള്ള രംഗവിതാനവും സന്ദര്‍ഭത്തിനനുസരിച്ചുള്ള കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളുമാണ് പി. ജെ. ആന്റണിയുടേതെന്ന് എന്റെ കൂട്ടുകാരുടെ വായ്മൊഴിയിൽ നിന്നറിഞ്ഞാണ് ഞാൻ അദ്യമായി ഒരു നാടകം കാണാൻ പോകുന്നത്.  അതിനു മുൻപൊക്കെ പള്ളിപ്പറമ്പിലും, ക്ഷേത്രമുറ്റത്തുമൊക്കെ നടത്തിയിരുന്ന കഥാപ്രസംഗവും, ഗാനമേളയും മോണോ ആക്റ്റുമൊക്കെയാണ് എന്റെ കൗമാരകാലത്തെ കാഴ്ചാനുഭവങ്ങൾ. 

 

അങ്ങനെയിരിക്കെയാണ് പൊന്നുരുന്തി അമ്പലത്തിലെ ഉത്സവത്തിന് പി.ജെ. ആന്റണിയുടെ "മണ്ണ്" എന്ന നാടകം ഉണ്ടെന്ന് ഞാൻ അറിയുന്നത്. ആ ദിവസം വരാൻ വേണ്ടി ഞാൻ കാത്തിരുന്നു.  അന്നൊക്കെ രാത്രി പത്തു മണിയാകുമ്പോഴാണ് നാടകം തുടങ്ങുന്നത്. സ്റ്റേജിന്റെ മുൻപിൽ തന്നെ ഇരുന്നു കാണാൻ വേണ്ടി ഞാനും കൂട്ടുകാരും കൂടി രാത്രി ഒൻപതു മണിക്ക് തന്നെ ക്ഷേത്രപറമ്പിൽ എത്തിയപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. ജനസമുദ്രം തന്നെയാണ് അവിടെ കണ്ടത്. ഇത്രയും ജനം നമ്മുടെ നാട്ടിലുണ്ടോ എന്ന് തോന്നിപ്പോയ ഒരു നിമിഷമായിരുന്നത്. ഞങ്ങൾക്ക് ഇരിക്കാൻ ഇടം ഒന്നും കിട്ടാതെ ഏറ്റവും പുറകിൽ നിന്നുകൊണ്ടു നാടകം കാണേണ്ടി വന്നു. 

 

pj-antony-movies

പ്രശസ്ത നടന്മാരായിരുന്ന തിലകനും, വർഗീസ് കാട്ടിപ്പറമ്പനും, ടി.കെ ജോണുമെല്ലാം കളം നിറഞ്ഞാടുന്ന നിരവധി മുഹൂർത്തങ്ങളുള്ള ഒരു തകർപ്പൻ നാടകമായിരുന്നു 'മണ്ണ്'. അതേപോലെ തന്നെ അദ്ദേഹത്തിന്റെ ‘രശ്മി’ എന്ന നാടകവും ഈ അമ്പലപ്പറമ്പിൽ തന്നെയാണ് ഞാൻ കണ്ടത്. ഇന്നും ആ നാടകത്തിലെ സംഭാഷണം എനിക്ക് ഓർമുണ്ട്. നാടകം മണ്ണാണോ രശ്മിയാണോ എന്നുള്ള ഒരു ചെറിയ സംശയം മാത്രമേയുള്ളൂ. അതിൽ പള്ളിയിലെ പുരോഹിതനായി അഭിനയിക്കുന്ന തിലകൻ പറയുന്ന ഒരു ഡയലോഗുണ്ട്.   

 

"എടീ മറിയേ.. ഈ ബൈബിൾ എഴുതിയിരിക്കുന്നത് നിന്നെ കണ്ടല്ല. ഇവിടെ നിന്നെപോലെതന്നെ വേറേം കുറെ മനുഷ്യരുണ്ട്".

pj-antony

 

അങ്ങനെയുള്ള സംഭാഷണങ്ങൾ വരുമ്പോൾ നിലയ്ക്കാത്ത കയ്യടിയായിരുന്നു. 

 

ഇതിനിടയിൽ പി. ജെ. ആന്റണിയുമായി ബന്ധപ്പെട്ട ഒരിക്കലും മറക്കാനാവാത്ത ഒരു അപൂർവാനുഭവം കൂടി എനിക്കുണ്ടായി. 

 

വർഷങ്ങൾ ചിലത് കഴിഞ്ഞപ്പോൾ ഞാനും കലാരംഗത്തെത്തി.  അപ്പോൾ ഞാനും കഥകളും, സിനിമാലേഖനങ്ങളുമൊക്കെ എഴുതാൻ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഞാൻ ഒരു ഏകാങ്ക നാടകം എഴുതിയിത്. നാൽപത്തിയഞ്ചു മിനിറ്റു ദൈർഘ്യമുള്ള ഈ കലാരൂപത്തിന് ‘നാടകക്കാരി’ എന്നായിരുന്നു ഞാൻ പേരിട്ടത്.  നാട്ടിൽ ഏകാങ്ക നാടക മത്സരങ്ങളൊക്കെ നടക്കുന്ന സമയമായിരുന്നു അത്. കലൂരിൽ ഞങ്ങൾക്ക് R.M.A.C എന്നു പേരുള്ള ഒരു ക്ലബ്ബുണ്ടായിരുന്നു. എന്റെ നാടകക്കാരിയെ എല്ലാവരും കൂടി ക്ലബ്ബിന്റെ പേരിൽ മത്സരത്തിനയച്ചു. മത്സരിക്കാൻ പറ്റിയ ഒന്നായിട്ടു എനിക്കത് തോന്നിയില്ലെങ്കിലും വെറുതെ പോയി ഒന്നു നോക്കാമെന്നാണ് ഞാനും കരുതിയത്. 

 

പൊന്നുരുന്തി ക്ഷേത്രത്തിന്റെ സ്റ്റേജിൽ വച്ചു തന്നെയായിരുന്നു ഏകാങ്കനാടക മത്സരം നടന്നത്. നാലഞ്ചു ഏകാങ്ക നാടകങ്ങളുണ്ടായിരുന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു എന്റെ നാടകക്കാരിക്ക് ഒന്നാം സമ്മാനം ലഭിച്ചത്.  സമ്മാനദാനം നിർവഹക്കുന്ന മുഖ്യാതിഥിയെ പ്രഖ്യാപിച്ചപ്പോഴാണ് ഞാൻ ശരിക്കും ത്രില്ലടിച്ചു പോയത്. നാടകാചര്യനായ  പി. ജെ. ആന്റണിയാണ് എനിക്ക് സമ്മാനം തന്നത്. 

 

അന്ന് സമ്മാനദാനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പ്രസംഗിച്ച വാക്കുകൾ എന്റെ ഹൃദയ ഫലകത്തിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. 

 

"നാടകകലാകാരന്മാരുടെ  ജീവിതം കണ്ടറിഞ്ഞ പുതിയൊരു നാടക യുവപ്രതിഭയാണ് കലൂർ ഡെന്നിസ്" 

 

അദ്ദേഹത്തിന്റെ വാക്കുകളുടെ ഊർജത്തിൽ "ജീവിക്കാൻ കൊതിച്ച ആത്മാക്കൾ", "മേഴ്സി" എന്നീ നാടകങ്ങള്‍ കൂടി ഞാൻ എഴുതുകയുണ്ടായി.  ആ സമയത്താണ് എന്നിൽ സിനിമാ മോഹം ജ്വലിച്ചു തുടങ്ങിയത്.  ഞാനങ്ങനെ നാടകമെഴുത്തൊക്കെ വിട്ട് സിനിമാ പത്രപ്രവർത്തനവുമായി നടക്കാൻ തുടങ്ങി. 

 

ഇതിനിടയിൽ പി. ജെ. ആന്റണി നാല്‍പതിൽ പരം നാടകങ്ങളാണ് എഴുതിയത്. അദ്ദേഹം നാടകരചനയും സംവിധാനവുമായി നടക്കുന്നതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ 1957 ൽ തകഴിയുടെ "രണ്ടിടങ്ങഴി" എന്ന സിനിമയില്‍ നായകനായി അഭിനിയിക്കുവാനുള്ള അവസരം വന്നു ചേർന്നത്. 

 

കർഷകസമരവും അതിജീവനുമായി നടക്കുന്ന പച്ചയായ കഥാപാത്രമായിരുന്നു രണ്ടിടങ്ങഴിയിൽ പി.ജെയ്ക്ക് ലഭിച്ചത്.  തുടർന്നു കുറേക്കാലത്തേക്ക് സിനിമയുടെ വട്ടാരത്തിൽ തന്നെയായിരുന്നു അദ്ദേഹം. നിണമണിഞ്ഞ കാൽപാടുകൾ, അതിഥി, ആദ്യകിരണങ്ങൾ, കാവാലം ചുണ്ടൻ, മുറപ്പെണ്ണ്, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഭാർഗവി നിലയം, റോസി, കാക്കത്തമ്പുരാട്ടി, ക്രോസ് ബെൽറ്റ്, കാട്ടു കുരങ്ങ്, മുടിയനായ പുത്രൻ, അമ്മയെ കാണാൻ, പുന്നപ്ര വയലാർ, ഇന്ക്വിലാബിന്റെ മക്കൾ, നദി, നിർമ്മാല്യം തുടങ്ങി ഒത്തിരി സിനിമകൾ അദ്ദേഹത്തിന്റെ പേരിൽ പുറത്തു വന്നു. എല്ലാം തന്നെ നിലവാരമുള്ള നല്ല സിനിമകളുമായിരുന്നു. ക്യാരക്ടർ റോളുകളായിരുന്നെങ്കിലും നാടകാഭിനയത്തിൽ നീന്നും വ്യത്യസ്തമായ ഒരു അഭിനയശൈലിയായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. 

 

1973 ൽ "പെരിയാർ" എന്നൊരു സിനിമ അദ്ദേഹം ആദ്യമായി സംവിധാനം.ചെയ്യുകയുണ്ടായി. തിലകനായിരുന്നു പ്രധാന വേഷത്തിൽ അഭിനയിച്ചത്. തിലകനെ ആദ്യമായി സിനിമയിലേക്ക് കൊണ്ടു വന്നത്. പി. ജെ. ആന്ററണിയാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ ഞാൻ ചിത്രപൗർണമിയുടെ പത്രാധിപരായി പിജെ യെ കാണാൻ പോയിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ പഴയ നാടകക്കാരിയുടെ ഓർമകൾ പുതുക്കി.  അപ്പോൾ വളരെ സന്തോഷത്തെടെയാണ് എന്നോട് അദ്ദേഹം പെരുമാറിയത്.  അന്നു രാത്രി ഞാൻ ലൊക്കേഷനിൽ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഭാർഗവി നിലയത്തിലെ വില്ലനും നിർമാല്യത്തിലെ പൂജാരിയും നദിയുടെ  വർക്കിച്ചനും പി.ജെ. യുടെ അഭിനയമികവുകൊണ്ട് സമ്പന്നമായ ചിത്രങ്ങളാണ്. 

 

1974 ൽ നിർമാല്യത്തിലൂടെയാണ് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് ഏറ്റവും മികച്ച നടനുള്ള ഭരത് അവാർഡ് അദ്ദേഹത്തിന് ലഭിക്കുന്നത്.  ആ വർഷത്തെ സംസ്ഥാന അവാർഡും  അദ്ദേഹത്തിനു തന്നെയാണ് കിട്ടിയത്. 

 

സിനിമയിൽ അദ്ദേഹം കൈവയ്ക്കാത്ത  മേഖല വളരെ കുറവായിരുന്നു റോസി, ശീലാവതി, സി.ഐ.ഡി നസീർ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും നൂറോളം ഗാനങ്ങളും പി. ജെ. ആന്റണി എഴുതിയിട്ടുണ്ട്. 

 

അദ്ദേഹത്തെ ഞാൻ അവസാനമായി കാണുന്നത് 1974 ൽ നിർമാല്യത്തിലെ അഭിനയത്തിന് നാഷണൽ അവാർഡ് കിട്ടിയപ്പോഴാണ്.  അന്ന് അദ്ദേഹം താമസിച്ചിരുന്നത് മാമംഗലത്ത് ഒരു വീട്ടിലാണെന്നാണ് എന്റെ ഓർമ. 

 

അദ്ദേഹം വീട്ടിലുണ്ടെന്നറിഞ്ഞ് ചിത്രാപൗർണമിയുടെ അഭിനന്ദനം അറിയിക്കാനും എക്സ്ക്ലൂസീവായ ഒരു വലിയ ഇന്റർവ്യൂ എടുക്കാനും വേണ്ടി ഞാനും ‍ജോൺ പോളും കൂടിയാണ് മാമംഗലത്തെ വീട്ടിലെത്തുന്നത്. 

 

ഇന്റർവ്യൂവിലൊന്നും തല്‍പരനല്ലാത്ത, സ്വയം പുകഴ്ത്തലും മേനിപറച്ചിലും ഒന്നും ഇല്ലാത്ത, അഭിനയം  സിനിമയിലല്ലാതെ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത, എന്ത് വിവാദപരമായ വിഷയമാണെങ്കിലും മുഖം നോക്കാതെ തുറന്നു പറയാനും മടിയില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരനായ മലയാള സിനിമയിലെ ഒറ്റയാൻ അവതാരമായിരുന്നു പി. ജെ. ആന്റണി. 

 

എന്നെ നേരത്തേ തന്നെ അറിയാവുന്നതു കൊണ്ട് ഇന്റർവ്യൂവിന് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ജോൺപോളാണ് ചോദ്യങ്ങളുമായി അദ്ദേഹത്തെ നേരിട്ടത്.

 

അവാർഡിലൊന്നും അദ്ദേഹത്തിന് അത്ര മതിപ്പുള്ളതായി  സംസാരത്തിൽ ഞങ്ങൾക്കു തോന്നിയിരുന്നില്ല. ജനത്തിന്റെ അവാർഡിനോളം വലിയൊരവാർഡ് വേറെ എന്താണുള്ളത്  പിന്നെ ഇന്ത്യാ ഗവണ്മെന്റ് അഭിമാനപുരസ്സരം നമ്മളെ ആദരിക്കുമ്പോൾ മലയാള സിനിമയുടെ സാംസ്കാരിക ഭൂപടത്തിൽ ഞാനും ഉണ്ടാകുമല്ലോ എന്നായിരുന്നു അവാർഡിനെക്കുറിച്ച് അദ്ദേഹത്തിന്റെ വിനീതമായ വാദമുഖം. 

 

അദ്ദേഹവുമായുള്ള വിശദമായ ഇന്റർവ്യൂ മലയാളമനോരമ ദിനപത്രത്തിന്റെ വലുപ്പത്തിലുള്ള ചിത്രപൗർണമിയിൽ ഫ്രണ്ട് പേജിലാണ് ഞങ്ങള്‍ അടിച്ചത്.  തുടർന്നും അദ്ദേഹം സിനിമയിൽ സജീവമായിരുന്നെങ്കിലും 1979 മാർച്ച് 14 ന്  അദ്ദേഹം പുതിയ മാനങ്ങൾ തേടി അനന്തവിഹായസ്സിലേക്കു പറന്നു പോകുകയായിരുന്നു. 

 

(തുടരും...)

 

മലയാള സിനിമയുടെ രസതന്ത്രം - സത്യൻ അന്തിക്കാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com