ADVERTISEMENT

അതുല്യ പ്രതിഭ പത്മരാജന്റെ കൈയ്യൊപ്പ് പതിഞ്ഞ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്‌ റൊമാന്റിക് സിനിമയായാണ് തൂവാനത്തുമ്പികൾ. മഴ നനഞ്ഞു ക്ലാര മലയാളിയുടെ ഹൃദയത്തിലേക്ക് കയറിവന്നിട്ട് മുപ്പത്തിനാല് വർഷങ്ങൾ കഴിഞ്ഞു. ഹൃദയത്തിൽ ചെന്നൈ മെയിലിന്റെ സെക്കൻഡ് ക്ലാസ് കോച്ചിൽ അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരൻ മഴ പെയ്യുന്ന ഒരു രാത്രിയിൽ യാത്ര തുടങ്ങിയപ്പോൾ പ്രണയമായി മലയാളിക്കരികിലേക്ക് മഴ ഒരിക്കൽ കൂടി എത്തിയതു പോലെയാണ് എനിക്ക് തോന്നിയത്. 

 

മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾക്ക് പൊളിച്ചെഴുത്തു നടത്തിയ ക്ലാരയും ജയകൃഷ്ണനും രാധയും തൂവാനത്തുമ്പികളായി പ്രേക്ഷകരുടെ മനസ്സിലിന്നും നിറഞ്ഞാടുകയാണ്. വർഷങ്ങൾക്കിപ്പുറം നമ്മിലേക്ക് ഹൃദയത്തിലൂടെ അരുൺ എത്തിയപ്പോൾ അയാൾക്കൊപ്പം കണ്ണുകളിൽ പ്രണയം നിറച്ച ദർശനയും നിത്യയുമുണ്ട്.

തൂവാനത്തുമ്പികൾ ജയകൃഷ്ണന്റെ കഥയാണ്. ഹൃദയം അരുൺ നീലകണ്ഠന്റേയും. അരുണിലേക്ക് ദർശനയും നിത്യയും നിയോഗം പോലെ വന്നു ചേർന്നപ്പോൾ തൂവാനത്തുമ്പികളിൽ രാധയും ക്ലാരയും ജയകൃഷ്ണനിലേക്ക് വന്നു ചേർന്നിരുന്നു. ക്ലാരയുടെയും ജയകൃഷ്ണന്റെയും പ്രണയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കടൽ ഇന്ന് ദർശനയുടെയും അരുണിന്റെയും സൗഹൃദത്തിനും സാക്ഷിയാകുന്നു. 

 

Pranav Mohanlal, Kalyani Priyadarshan and Darshana Rajendran are playing the lead in the movie 'Hridayam.'
Pranav Mohanlal, Kalyani Priyadarshan and Darshana Rajendran are playing the lead in the movie 'Hridayam.'

ഹൃദയത്തിൽ എടുത്തു പറയേണ്ട ഒന്നാണ് പ്രണവിന്റെ പ്രകടനം. അരുണിന്റെ ഭാവം ഉൾക്കൊണ്ട അയാളെയും അയാളുടെ ചിരിയും കണ്ടുകൊണ്ടിരിക്കാൻ തന്നെ രസമാണ്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുന്ന ഒരു യുവാവിന് വർഷാവർഷമുണ്ടാകുന്ന പക്വത പ്രണവിന്റെ അഭിനയത്തിലും കൃത്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ ജീവിതം ആസ്വദിക്കുന്ന അരുൺ പിന്നീട് പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും നമുക്ക് ഹൃദയത്തിൽ കാണാൻ സാധിക്കും. മോഹൻലാൽ അനായാസമായാണ് തൂവാനത്തുമ്പികളിലെ ജയകൃഷ്ണനായി നിറഞ്ഞത്. ഇപ്പോൾ അരുൺ ആയി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വിധത്തിൽ അനശ്വരമാക്കിയിരിക്കുകയാണ് മകൻ പ്രണവ് മോഹൻലാൽ. മറ്റൊരു ആംഗിളിലൂടെ നോക്കിയാൽ ജയകൃഷ്ണന്റെ ഈ നൂറ്റാണ്ടിലെ തിരിച്ചു വരവാണ് അരുൺ എന്നും തോന്നിയേക്കാം. താര പുത്രൻ എന്ന ലേബലിൽ നിന്നും അയാൾ ഹൃദയത്തിലൂടെ പുറത്തു കടക്കുകയാണ്. സ്വത്വവും സ്വാതന്ത്ര്യവുമുള്ള മറ്റൊരു ലോകത്തേക്ക്.

 

ഭംഗിയായി പുഞ്ചിരിക്കുന്ന, കറുത്ത പൊട്ടു തൊടുന്ന കാമുകിയായ ദർശനയും ക്ലാരയും പ്രണയത്തിന്റെ തൂവാനത്തുമ്പികളായി ഇന്നും ഹൃദയത്തിൽ പാറുകയാണ്. ക്ലാര തിരികെ വരില്ലെന്നു വിശ്വസിക്കുന്ന രാധയും ദർശന തിരികെ വരില്ല എന്നാശ്വസിക്കുന്ന നിത്യയും ഒരേ തൂവൽ പക്ഷികളല്ലേ?  ഏതു സാഹചര്യത്തിലും ഒപ്പം നിൽക്കുന്ന ജയകൃഷ്ണന്റെ രാധയും അരുണിന്റെ നിത്യയും യഥാർത്ഥ പ്രണയത്തിന്റെ മുഖമാണ്. 

 

നമുക്ക് ചുറ്റും നടക്കാനിടയുള്ള അല്ലെങ്കിൽ നടന്ന സംഭവങ്ങളെ കൂട്ടിച്ചേർത്തു നെയ്തെടുക്കുന്ന കഥകളിലെ കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയായി സ്ക്രീനിലേക്ക് പകർത്തുന്ന സംവിധായകനാണ് വിനീത്‌ ശ്രീനിവാസൻ. മതത്തെയോ സംസ്കാരത്തെയോ ജീവിതരീതിയേയോ ഒക്കെ പ്രതിക്കൂട്ടിലാക്കി മാറ്റങ്ങൾ അടിച്ചേൽപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. പകരം അവയെ കൃത്യമായി സ്ഥാനത്ത് പറയേണ്ടത് മാത്രം പറഞ്ഞ് തന്റെ വ്യക്തിത്വം പ്രകടമാക്കാനും വിനീത് മറന്നിട്ടില്ല. 

 

വിനീതിന്റെ എഴുത്തും സംവിധാനവും വിശ്വജിത്തിന്റെ ക്യാമറയും ഹിഷാം അബ്ദുൽ വഹാബിന്റെ പാട്ടുകളും ഹൃദയത്തിന്റെ ജീവനാഡികളാണ്. നായകന്റെ പ്രണയവും വിരഹവും അയാളുടെ വീഴ്ചയും മുന്നേറ്റവും കാണാൻ രസമുള്ളതാക്കിയതിൽ സംഗീതത്തിനും വലിയ പങ്കുണ്ട്. ആന്റണി താടിക്കാരനും, മായയും, സെൽവയും, കാളിയും നമ്മുടെ ജീവിതത്തിൽ ഇതുപോലെയോ ഇതിനു സമാനമായതോ അല്ലെങ്കിൽ ഇതേ വികാരങ്ങളോടെ മറ്റേതൊക്കെയോ ഭാവത്തിൽ നമുക്ക് ചുറ്റിലുമുണ്ട്. കാരണം ജീവിതത്തിൽ നിന്നും പെറുക്കിയെടുത്ത് ക്രമമായും ഭംഗിയായും അടുക്കിവച്ച ഒരു സാധാരണ കഥയുടെ അതിഗംഭീര അവതരണമാണ് ഹൃദയം.

 

ഹൃദയം കണ്ടതിനു ശേഷം ഹൃദയത്തിന്റെ നാലറകളിലും ഒരിക്കൽ കൂടി പോകണം, ഒന്നുകൂടി ഹൃദയം കാണണം എന്ന ചിന്തയാണ് ഉള്ളത്. കാരണം ഹൃദയം എന്ന സിനിമ ഒരു മഹാകാവ്യമാണ്. ഹൃദയം കൊണ്ടെഴുതിയ മഹാകാവ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com