ADVERTISEMENT

ഋതുപർണഘോഷിന്റെ ക്ലാസിക് ബംഗാളി ഫ്രെയിമുകൾ നിങ്ങൾക്ക് ഈ ചിത്രത്തിലെമ്പാടും കാണാം. കൊൽക്കത്തയിലെ ഹൗറപാലവും ഹുബ്ലിനദിയും നവരാത്രിയുടെ നിറഭേദങ്ങളും നിങ്ങൾക്കൊപ്പം ഈ ചിത്രത്തിൽ നിന്ന് ഇറങ്ങിപ്പോരാതെ മനസ്സിൽ‍ നിൽക്കും.ശ്യാം സിങ്ക റോയ് ഒരു ബംഗാളി ചിത്രമോ തെലുങ്കു ചിത്രമോ എന്ന സന്ദേഹം പോലും നിങ്ങൾക്കുണ്ടാകാം.

 

തെലുങ്കിൽ പുറത്തിറങ്ങിയ വ്യത്യസ്തമായ പീരിയഡ് ഡ്രാമ ചിത്രമാണ് ശ്യാം സിങ്ക റോയ്. തെലുങ്ക് സൂപ്പർ താരം നാനി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി തുടങ്ങിയ താരനിരയും ആവേശോജ്വലമായ കഥയും ചരിത്രപരമായി അവതരണവും ആക്ഷൻ രംഗങ്ങളും പ്രണയവും ചിത്രത്തെ മികച്ചതാക്കുന്നു. 1970കളിലെ കൊൽക്കത്ത നഗരവും ഇന്ത്യയിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ ജാതി വേർതിരിവ് തുടങ്ങിയ വികല ചിന്തകളും ദേവദാസി സമ്പ്രദായവും കുടിപ്പകയും ചതിയുമൊക്കെ കാണിക്കുന്ന കഥയിൽ നാനി ഇരട്ട വേഷത്തിലാണ് എത്തുന്നത്. 

 

ശ്യാം സിങ്ക റോയ് എന്ന കേന്ദ്രകഥാപാത്രമായും അദ്ദേഹത്തിന്റെ പുനർജന്മമായ വാസുവായും നാനി എത്തുമ്പോൾ ദേവദാസി കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. ടാക്സിവാല എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രശസ്തമായ സംവിധായകൻ രാഹുൽ സങ്കൃത്യനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡിസംബർ 24ന് തിയറ്ററിൽ റിലീസായ ചിത്രം 21 മുതൽ നെറ്റ്ഫ്ലിക്സിലും ലഭ്യമാണ്. ചിത്രം തെലുങ്കിലും മലയാളത്തിലും തമിഴിലും നെറ്റ്ഫ്ലിക്സിൽ കാണാം.

 

kritinani
സായി പല്ലവിക്കും കൃതി ഷെട്ടിക്കുമൊപ്പം നാനി

സായ് പല്ലവിയും നൃത്തരംഗവും നാനിയുടെ ആക്ഷൻ രംഗങ്ങളുമാണ് ശ്യാം സിങ്ക റോയിയിലെ മുഖ്യ ആകർഷണം. ദേവദാസി കഥാപാത്രമായി എത്തുന്ന സായ് പല്ലവിയുടെ ഒട്ടേറെ നൃത്ത രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

വാസു

 

heroins

ചിത്രം ആരംഭിക്കുന്നത് വാസുവിനെ തിരക്കഥ മോഷണത്തിന് പൊലീസ് അന്വേഷിച്ചു വരുന്നിടത്തു നിന്നാണ്. സിനിമാ സംവിധായകനാകാൻ നടക്കുന്ന വാസു ആദ്യം ഒരു ഷോർട്ട് ഫിലിം എടുക്കുന്നു. ഷോർട്ട് ഫിലിം കണ്ട് നിർമാതാവ് ചിത്രം എടുക്കാൻ തയാറാകുന്നു. തുടർന്നു വാസു തിരക്കഥയെഴുതുകയും ചിത്രമെടുക്കുകയും ചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്യുന്നു. ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റി എടുക്കാനുള്ള അനൗൺസ്മെന്റ് നടത്തുന്ന വേളയിലാണ് പൊലീസ് എത്തുന്നത്. ശ്യം സിങ്ക റോയ് എന്ന പ്രശസ്ത എഴുത്തുകാരൻ ബംഗാളിയിലെഴുതിയ കഥയുടെ തനിപ്പകർപ്പാണ് ചിത്രമെന്ന വിവരം പുറത്തു വരുന്നതോടെയാണ് ചിത്രം രസകരമാകുന്നു. അവിടെ നിന്ന് കഥ മാറുന്നു. പിന്നീട് കഥ ശ്യം സിങ്ക റോയിയുടേതാണ്.

 

ശ്യം സിങ്ക റോയ്

 

ജാതി വ്യവസ്ഥയ്ക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുന്ന, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ധീരനായ നായകനാണ് ശ്യം സിങ്ക റോയ്. നാടുവിടാനിറങ്ങിയ രാത്രി അവിചാരിതമായി ഉത്സവ പറമ്പിലെത്തിയ അയാൾ ദേവദാസികളുടെ മനോഹര നൃത്തശിൽപം കാണുന്നു. മൈത്രേയിയെ കാണുന്നു. പ്രണയത്തിലാകുന്നു. ശ്യം സിങ്ക റോയിയുടെയും മൈത്രേയിയുടെയും പ്രണയം മനോഹരമാണ്. പലപ്രശ്നങ്ങൾക്കൊടുവിൽ അവർ കൊൽക്കത്തയിലെത്തുന്നു, വിവാഹിതരാകുന്നു. ശ്യം സിങ്ക റോയി എന്ന നായകനെ അവതരിപ്പിക്കുമ്പോൾ പ്രണയവും ആക്ഷനും ധീരപോരാട്ടവും ഒക്കെ സ്ക്രീനിൽ നിറയുന്നു.

 

മൈത്രേയി

 

സുന്ദരിയാണ് മൈത്രേയി. മനോഹരമായി നൃത്തച്ചുവടുമായി എത്തുന്നത് സായി പല്ലവിയാകുമ്പോൾ പ്രത്യേകിച്ചും. കാണാതിരിക്കാനാകില്ല അവരുടെ മനോഹര പ്രണയം. കാവ്യാത്മകമായ പ്രണയ രംഗങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിൽ വാസുവിന്റെയും ശ്യം സിങ്ക റോയിയുടെയും പ്രണയ രംഗങ്ങളുണ്ട്. രണ്ടും രണ്ട് കാലഘട്ടത്തിന്റെ പ്രണയമാണ്, രണ്ടും ഒരുപോലെ ആസ്വാദ്യമാണ്.

 

ആദ്യാവസാനം ആവേശത്തോടെ‌ കണ്ടിരിക്കാവുന്ന ചിത്രമാണ് ശ്യം സിങ്ക റോയ്. സ്ഥിരം തെലുങ്ക് ചിത്രങ്ങളിലേതു പോലെ ആക്‌ഷൻ രംഗങ്ങളുടെ അതി പ്രസരം ചിത്രത്തിലില്ല, ഉള്ള രംഗങ്ങളാകട്ടെ മികച്ചവയാണ്. ചിത്രത്തിലെ പ്രണയ രംഗങ്ങളും സാമൂഹിക പ്രശ്നങ്ങളെ അവതരിപ്പിക്കുന്ന രംഗങ്ങളും മലയാള സിനിമയോട് സമാനമായ അവതരണമാണ്. പുനർജന്മവുമായി ബന്ധപ്പെടുത്തി ധാരാളം ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്, അവയിൽ മികച്ച ചിത്രങ്ങളിലൊന്നു തന്നെയാണ് ശ്യം സിങ്ക റോയ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com