‘പൃഥ്വിയുടെ ഡാഡിയാകാൻ മോഹൻലാൽ കാണിച്ച ധൈര്യം’; പ്രശംസിച്ച് വി.എ. ശ്രീകുമാർ

shrikumar-daddy
SHARE

പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ സിനിമയെ പ്രശംസിച്ച് സംവിധായകൻ വി.എ. ശ്രീകുമാർ. കാലികപ്രാധാന്യമുള്ള സിനിമയാണ് ബ്രോ ഡാഡിയെന്നും മോഹൻലാൽ, പൃഥ്വിരാജ്, ലാലു അലക്സ് തുടങ്ങി സിനിമയെ അഭിനേതാക്കളെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്നും ശ്രീകുമാർ പറയുന്നു.

വി.എ. ശ്രീകുമാറിന്റെ വാക്കുകൾ:

മകൾ ലക്ഷ്മി പാട്ടെഴുതിയ സിനിമ. സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടൻ, പൃഥി വരെയുള്ള അനേകം കാരണങ്ങളാൽ കണ്ണുമടച്ച് ബ്രോഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം.അക്കാരണങ്ങൾക്ക് എല്ലാം മുകളിൽ ബ്രോഡാഡി കണ്ട് സന്തോഷിച്ചു. വ്യക്തിപരമായി മകളുടെ അച്ഛന്റെ സ്ഥാനത്തു നിന്നാണ് എനിക്കീ സിനിമ കണക്ട് ചെയ്യുന്നത്. ലാലു അലക്സിന്റെ കുര്യന്റെ സ്ഥാനത്തു നിന്ന്. നീ ഇതെല്ലാം എന്നിൽ നിന്ന് മറച്ചു വച്ചത് ഞാൻ എന്തു ചെയ്യും എന്നു കരുതിയാണ് എന്ന കുര്യന്റെ ചോദ്യം ഹൃദയത്തിൽ പതിഞ്ഞു.

ശ്രീജിത് പൃഥിയോട് കഥ പറഞ്ഞതും മുതലുള്ള കഥകൾ സുഹൃത്തുക്കളിൽ നിന്ന് കേൾക്കുന്നുണ്ട്. ലാലേട്ടനും പൃഥിയും ആ കഥാപാത്രങ്ങളെ ഏറ്റെടുത്തിടത്താണ് ഈ സിനിമയുടെ രസതന്ത്രം.  പിടപിടക്കുന്ന ക്ലൈമാക്സുകൾ ലാലു അലക്സ് മുൻപും തന്നിട്ടുണ്ട്.  കല്യാണി, കനിഹ, മല്ലികേച്ചി, ജഗദീഷ്, മീന, ഉണ്ണി തുടങ്ങി ഫോട്ടോയായി സിനിമയിലുള്ള സുകുമാരൻ സാർ വരെ സിനിമയെ ജീവിപ്പിച്ചു.

പവിത്രം സിനിമയിൽ നിന്ന് ബ്രോ ഡാഡിയിലേക്ക് കാലവും മലയാള സിനിമയും സഞ്ചരിച്ച ദൂരം വലുതാണ്. ശ്രീജിത്തിന്റെയും ബിപിന്റെയും എഴുത്ത് കാലികമാണ്. ഇക്കാലത്തിന്റെ സകുടുംബ ചിത്രം. ഇന്ത്യയിലെ സൂപ്പർസ്റ്റാറുകൾക്ക് പലർക്കും ജോണും ഈശോയുമാകാൻ പൂതി തോന്നും. ബ്രോ ഡാഡി പല ഭാഷകളിലേയ്ക്കും പരക്കും- ഉറപ്പ്.

ലാലേട്ടന്റെ മെയ്യൊഴുക്ക്. പൃഥിയുടെ അനായാസ തമാശ- മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും. പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന് അദ്ദേഹത്തിലെ നടനിലുള്ള ആത്മവിശ്വാസം. ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർ സ്റ്റാറിന് ആ ധൈര്യമുണ്ടാകും? നൈസായി, ഈസിയായി രണ്ടാം സിനിമ സംവിധാനം ചെയ്ത് പൃഥി അദ്ദേഹത്തിന്റെ പ്രതിഭയുടെ മറ്റൊരു തിളക്കം കൂടി കാണിച്ചു തന്നു. പൃഥിയുടെ മൂന്നാം സിനിമ എന്ന വലിയ പ്രതീക്ഷ കൂടി തന്നു ഈ സിനിമ.

മകൾ ലക്ഷ്മി എഴുതിയ ഗാനം സിനിമയിൽ  കണ്ട നിമിഷം എനിക്കുണ്ടായ അഭിമാനം പ്രത്യേകം പറയണ്ടല്ലോ... സിനിമയിലെ എല്ലാ അംശങ്ങളും ആശയത്തോട് അഴകോടെ ഇഴുകി ചേർന്ന ക്ലീൻ എന്റർടെയ്നർ. കുര്യനെ പോലെ പരസ്യക്കമ്പനിയുമായി ജീവിക്കുന്ന ഒരാളാണ് ഞാനും. എനിക്കയാളെ നന്നായി മനസിലായി. സ്നേഹം ലാലേട്ടൻ, പൃഥി, ആന്റണി... മക്കൾക്കൊപ്പം ജനിക്കുന്ന മാതാപിതാക്കളെ ഇങ്ങനെ തൊട്ടടുത്തു തന്നതിന്. ഇക്കാലത്തിനു ചേരുന്ന കുടുംബം എന്ന നിലയിലുള്ള മെച്ചപ്പെടലിന് ബ്രോ ഡാഡി നമ്മെ സഹായിക്കും- തീർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA