ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ്: തുറന്നുപറഞ്ഞ് അനുശ്രീ

anusree
SHARE

സംവിധായകൻ ലാൽ ജോസിന് നന്ദി പറഞ്ഞുകൊണ്ട് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടി അനുശ്രീ. അഭിനയരംഗത്തു വന്നതിന്റെ തുടക്കത്തിൽ തനിക്കു നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചും അതിൽ ലാല്‍ ജോസ് നൽകിയ പിന്തുണയെക്കുറിച്ചും നടി തുറന്നു പറയുന്നു.

അനുശ്രീയുടെ വാക്കുകൾ:

ലാൽജോസ് സാർ കൊടുത്ത അഭിമുഖത്തിലെ ഈ വാക്കുകൾ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ അതെന്നെ 2011-2012 കാലഘട്ടത്തിലെ എന്റെ ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതെഴുതുമ്പോൾ എത്ര വട്ടം എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി എന്നു എനിക്കറിയില്ല. സർ പറഞ്ഞ പോലെ റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയിൽ ഞാൻ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പൽ തന്നെ ആയിരുന്നു. അതേ ഉണ്ടായിരുന്നുള്ളു അന്ന്...അന്നു മത്സരിക്കാൻ എത്തിയ ബാക്കി ആൾക്കാരുടെ ലുക്കും വസ്ത്രവും ഒക്കെ കണ്ട്‌ നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിർത്തിയത് ടിവിയിലെ ഷോ കോഓർഡിനേറ്റർ വിനോദ് ചേട്ടനാണ്.

ആദ്യദിവസങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടി...ഞാൻ ഒന്നും ഒന്നും അല്ല എന്ന ഒരു തോന്നൽ മനസിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു അന്നൊക്കെ... പക്ഷേ ഒരു നിയോഗം പോലെ ആ ഷോയിൽ ഞാൻ വിജയിച്ചു...അന്ന് ഷോയിൽ കൂടെ ഉണ്ടായിരുന്ന സ്വാസികയും, ഷിബ്‌ലയും ഇന്നും എന്റെ പ്രിയ സുഹൃത്തുക്കളാണ്...പിന്നീടുള്ള ദിവസങ്ങൾ ലാൽജോസ് സർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു...ഏകദേശം ഒരു വർഷം ആയിക്കാണും ഡയ്മണ്ട് നെക്ലേസ് തുടങ്ങാൻ...അങ്ങനെ ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത് ദുബായിയിൽ...എന്റെ കൂടെ വരാനായി അമ്മക്കും പാസ്പോർട്ട് എടുത്തു.

തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ഒന്നും അറിയാത്ത ഞാൻ ദുബായിയിലേക്ക്... കൂടെ ഉള്ളത് എന്റെ അത്രയും പോലെ അറിയാത്ത എന്റെ പാവം അമ്മ ഒരു മോറൽ സപ്പോര്‍ട്ടിന്. ഒടുവിൽ ദുബായ് എത്തി...ഷൂട്ടിങ് ഒക്കെ ഒന്നു കണ്ടു പഠിക്കാൻ 2, 3 ദിവസം മുന്നേ ലാൽ സർ എന്നെ അവിടെ എത്തിച്ചിരുന്നു. അവിടെ ചെന്ന് അവിടെ ഉള്ളവരെ ഒക്കെ കണ്ടപ്പോൾ വീണ്ടും ഞാൻ ഒന്നും അല്ല എന്നൊരു ചിന്ത എന്നെ അലട്ടാൻ തുടങ്ങിയിരുന്നു....ഒരു കമുകുംചേരികാരിക്ക് ആ തോന്നൽ സ്വാഭാവികം ആയിരുന്നു എന്ന് അന്ന് എനിക്ക് മനസ്സിലായില്ല...അന്ന് ലാൽജോസ് സർ തന്ന പ്രചോദനത്തിൽ എന്റെ കോംപ്ലെക്സ് ഒക്കെ മാറ്റിനിർത്തി ഒടുവിൽ ഞാൻ കലാമണ്ഡലം രാജശ്രീ ആയി...ഭർത്താവായ അരുണിനെ കാണാൻ എയർപോർട്ട് എസ്കലേറ്ററിൽ കയറുന്ന രാജശ്രീ...അതായിരുന്നു എന്റെ സിനിമയിലെ ആദ്യത്തെ ഷോട്ട്.

anusree-lal-jose

അങ്ങനെ അന്ന് മുതൽ മനസിലുള്ള ഇൻഹിബിഷന്‍ ഒക്കെ മാറ്റി അഭിനയിക്കാൻ തുടങ്ങി. ഒരു നടി ആകാൻ തുടങ്ങി...ദുബായ് ഷെഡ്യൂൾ കഴിഞ്ഞു,നാട്ടിലെ ഷെഡ്യൂൾ കഴിഞ്ഞു വീണ്ടും കമുകുചേരിയിലേക്ക്...ഒരുപാട് സന്തോഷത്തോടെ ആണ് വരവ്...ആൾക്കാര്‍ വരുന്നു, സപ്പോർട്ട് ചെയ്യുന്നു,അനുമോദിക്കുന്നു, പ്രോഗ്രാം വയ്ക്കുന്നു എന്നൊക്കെ ആണ് മനസിലെ പ്രതീക്ഷകൾ. പക്ഷ‌േ ഇടയ്ക്ക് എപ്പഴൊക്കെയോ നാട്ടിൽ എത്തിയപ്പോൾ നാട്ടുകാരുടെ ആറ്റിറ്റ്യൂഡിൽ എന്തോ ഒരു മാറ്റം തോന്നിയിരുന്നു... ഡബ്ബിങ് ഒക്കെ കഴിഞ്ഞു വീണ്ടും നാട്ടിലെത്തിപ്പോഴേക്കും ഞാനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാർത്തപ്പെട്ടിരുന്നു...

ആ സമയത്തൊക്കെ അണ്ണൻ  ഗൾഫിൽ ആയിരുന്നു...അച്ഛൻ ഞങ്ങളോട് ഒന്നും പറഞ്ഞതും ഇല്ല..വിഷമിപ്പിക്കണ്ട എന്നു കരുതിയാകും..പക്ഷേ നാട്ടിൽ ഞങ്ങളെ പറ്റി പറയുന്ന കഥകൾ എല്ലാം എന്റെ കസിൻസ് എന്നോട് പറയുന്നുണ്ടായിരുന്നു...എന്തോരം കഥകളാണ് ഞാൻ കേട്ടത്...ആ ദിവസങ്ങളിൽ ഞാൻ കരഞ്ഞ കരച്ചിൽ ഒരു പക്ഷേ ഞാൻ ജീവിതത്തിൽ പിന്നീട് കരഞ്ഞു കാണില്ല...കരച്ചിൽ അടക്കാൻ വയ്യാതെ സഹിക്കാൻ വയ്യാതെ പഴയ വീടിന്റെ അലക്കു കല്ലിൽ പോയിരുന്നു ഞാൻ ലാൽജോസ് സാറിനെ വിളിച്ചു കരഞ്ഞിട്ടുണ്ട്‌....

നീ അതൊന്നും മൈൻഡ് ചെയ്യേണ്ട ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം, പക്ഷേ മനുഷ്യന്റെ വായ മൂടി കെട്ടാൻ പറ്റില്ല എന്നായിരുന്നു  സാറിന്റെ മറുപടി..ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്ക് ആദ്യമായി കിട്ടിയ  ഉപദേശം അതായിരുന്നു.. അന്നൊക്കെ നാട്ടിലെ റോഡിൽ കൂടി നടക്കുമ്പോൾ പണ്ട് കൂട്ടായിരുന്നവർ തിരിഞ്ഞു നിന്നതും,,തിരിഞ്ഞു കൂട്ടുകാരോട് എന്നെയും അമ്മയെയും ഓരോന്നു പറഞ്ഞു ചിരിച്ചതും ഒക്കെ അന്ന് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു....ഒരു മീഡിയ ടീം എന്റെ വീട്ടിൽ വന്നു അഭിമുഖം എടുത്തപ്പോൾ സംസാരിക്കുന്നതിന്റെ ഇടയിൽ അച്ഛൻ പൊട്ടിക്കരഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുന്നു..

എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അച്ഛൻ അന്ന്  കരഞ്ഞു പോയത്..ഇതൊക്കെ ഞാൻ പറയുന്ന ഒരേ ഒരാൾ ലാൽജോസ് സർ ആയിരുന്നു..ഒരു പക്ഷ‌േ എന്റെ കോൾ ചെല്ലുമ്പോഴൊക്കെ സർ മനസിൽ വിചാരിച്ചിരുന്നിരിക്കാം ഇന്ന് എന്തു പ്രശ്‌നം പറയാൻ ആണ് അനു വിളിക്കുന്നത് എന്ന്..പക്ഷേ ഒരു പ്രാവശ്യം പോലും എന്നെ സമാധാനിപ്പിക്കാതെ സാർ ഫോൺ വച്ചിട്ടില്ല...പിന്നീട് പതിയെ പതിയെ എനിക്ക് ആ നാടിനോടും നാട്ടുകാരോടും അകൽച്ച തോന്നാൻ തുടങ്ങി... എന്തിനും അമ്പലത്തിലേക്കും,അമ്പലം ഗ്രൗണ്ടിലേക്കും ഓടിയിരുന്ന ഞാൻ എവിടെയും പോകാതെ ആയി.... 

എന്റെ നാടിനെ സംബന്ധിച്ച്‌  എന്തേലും ഒക്കെ പഠിച്ചു, കല്യാണം കഴിച്ചു ഒരു കുടുംബമായി അടങ്ങി ഒതുങ്ങി  ജീവിക്കാതെ  സിനിമാനടി ആയി എന്നതാകാം അന്ന് അവരുടെ കണ്ണിൽ ഞാൻ ചെയ്ത തെറ്റ്. But it had already become my passion....അതിനു ഒരു അവസരം വന്നപ്പോൾ ഞാൻ അതിലേക്കു ആയി അത്രേ ഉള്ളു...പക്ഷേ എന്റെ പാഷനു പിന്നാലെ ഞാൻ പോയ ആദ്യ വർഷങ്ങളിൽ എന്റെ കുടുംബത്തിനും എനിക്കും മാനസികമായി കുറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു...ഞങ്ങൾ ചെയ്യുന്ന ഓരോരോ കാര്യങ്ങളും ഭൂതക്കണ്ണാടിയിലൂടെ നോക്കി പുതിയ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നതിൽ ആയിരുന്നു എല്ലാവരുടെയും താല്പര്യം....

പക്ഷേ പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു ഞാൻ ഉയരാൻ തുടങ്ങി. അപ്പൊ  നാട്ടുകാരുടെ മനോഭാവത്തിനും പതിയെ മാറാൻ തുടങ്ങി...പിന്നീട് നാട്ടിൽ നടന്ന ഒരു പ്രോഗ്രാമിൽ ഞാൻ അതു പൊതുവായി പറയുകയും ചെയ്തു ..ഏതു കാര്യത്തിലായാലും വളർന്നു വരാൻ അവസരം കിട്ടുന്ന ഒരാളെ പിന്തുണച്ചില്ലെങ്കിലും എന്നോട് ചെയ്തത് പോലെ വാക്കുകൾ കൊണ്ട് പറഞ്ഞു ഇല്ലാതെ ആക്കരുതെന്ന്...ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ട്,താൽപര്യങ്ങൾ ഉണ്ട് അതിനു അവരെ അനുവദിക്കുക...ഒരാളുടെ ഇഷ്ടങ്ങളും, രീതികളും  വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക...വളർന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാൻ സഹായിക്കുക....

അന്നും ഇന്നും എന്നും എന്റെ ഗുരുവായി എന്റെ മുന്നിൽ ഉണ്ടായിരുന്നത് എന്റെ ലാൽജോസ് സർ തന്നെ ആയിരുന്നു...എന്റെ സന്തോഷങ്ങളും,സങ്കടങ്ങളും,മന്ദബുദ്ദിതരങ്ങളും എല്ലാം സർ നു അറിയാം.. ഇടക്ക് സർ പറഞ്ഞു തന്നിരുന്ന ഉപദേശങ്ങൾ  മറന്നു പോയതിന്റെ മണ്ടത്തരങ്ങളും എനിക്ക്  ഉണ്ടായിട്ടുണ്ട്...പക്ഷേ എന്നും എന്റെ മനസിൽ ആദ്യ ഗുരു ആയി സർ ഉണ്ടാകും...എന്റെ ജീവിതത്തിൽ ഞാനും,എന്റെ കുടുംബവും എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ലാൽ സർ ആണ്..thanku so much sir for always being for me

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA