ADVERTISEMENT

സിനിമയിൽ അഭിനയിക്കുന്നതിനെക്കാൾ അതിഗംഭീരമായി ജീവിതത്തിൽ അഭിനയിക്കുന്ന ചില അഭിനയവിദ്വാന്മാരെ കണ്ട് ഞാൻ പലവട്ടം അദ്ഭുതം കൂറി നിന്നുപോയിട്ടുണ്ട്. തമിഴിലെ നമ്മുടെ ശിവാജി ഗണേശനെയും എം.എൻ. നമ്പ്യാരെയും വെല്ലുന്ന നാട്യഭാവങ്ങൾ പ്രകടിപ്പിക്കുന്ന ഇക്കൂട്ടർ അതിന്റെ ഒരു പത്തു ശതമാനം ഭാവപ്രകടനങ്ങളെങ്കിലും അഭിനയിക്കുന്ന സിനിമകളിൽ കാണിച്ചിരുന്നെങ്കിൽ പലവട്ടം സംസ്ഥാന അവാർഡെങ്കിലും ലഭിക്കുമായിരുന്നു.

ഇത്രയും ആമുഖമായി സൂചിപ്പിക്കാൻ കാരണം നമ്മുടെ ചില നടീനടന്മാർ വളരെ നാളുകൾക്കു ശേഷം സഹപ്രവർത്തകരെ കാണുമ്പോൾ പ്രകടിപ്പിക്കുന്ന കെട്ടിപ്പിടുത്തവും ഉമ്മകൊടുക്കലും സൗഹൃദം പറച്ചിലുമൊക്കെ വെറും പ്രഹസനമാണല്ലോ എന്നോർത്തുപോയപ്പോഴാണ്.

എന്നാൽ എല്ലാവരും അങ്ങനെയാണെന്നും പറയാനാവില്ല. എന്റെ അനുഭവത്തിൽ, ജീവിതത്തിലും സിനിമയിലും അഭിനയിക്കാത്ത അപൂർവം ചില നല്ല മനസ്സുകളെയും ഞാൻ കണ്ടിട്ടുണ്ട്. അതിൽ ഒരാളായി എനിക്ക് തോന്നിയിട്ടുള്ളത് നമ്മുടെയെല്ലാം പ്രിയപ്പെട്ട നടി കെപിഎസി ലളിതയാണ്.

നാൽപത്തിനാലു വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഒത്തിരി നടീനടന്മാരെ കണ്ടിട്ടുള്ളവനാണ് ഞാൻ. അവരുടെ ഓരോരുത്തരുടെയും രൂപഭാവങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അതിൽ ആദ്യത്തെ താരം ഉർവശി–ശാരദയാണ്. തൊട്ടടുത്തുതന്നെ നിൽക്കുന്നത് കെപിഎസി ലളിത. എന്റെ ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവരുമുണ്ടാകാം. ഓരോരുത്തരുടെയും കാഴ്ചപ്പാടിലൂടെയാണല്ലോ ഓരോ വ്യക്തിത്വത്തിനും നിറച്ചാർത്തുണ്ടാകുന്നത്. ശാരദയെക്കുറിച്ച് തുടർ ഭാഗങ്ങളിൽ പറയാം.

ആദ്യം ലളിത എന്ന അഭിനേത്രിയിലേക്കു തന്നെ വരാം. ലളിതയെ ഞാൻ ആദ്യം കാണുമ്പോൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന സാധാരണക്കാരായ ചേച്ചിമാരെയും അമ്മമാരെയും പോലെയാണ് എനിക്കു തോന്നിയത്. അവരുടെയെല്ലാം കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും കുശുമ്പും കുന്നായ്മയും ആത്മനൊമ്പരങ്ങളും ഇത്രയും സ്വാഭാവികതയോടെ അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ കഴിവുള്ള മറ്റൊരു നടിയുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. ലളിത അഭിനയിക്കുമ്പോൾ സ്വാഭാവികമായ ഒരു പരിചരണ രീതിയായിട്ടേ എനിക്കു തോന്നിയിട്ടുള്ളൂ. അവർ ഒരിക്കലും അഭിനയിക്കുകയാണെന്ന് എനിക്കു തോന്നിയിട്ടേയില്ല. അതുകൊണ്ടാണ് ഞാനവരെ അഭിനയിക്കാനറിയാത്ത നടിയെന്ന് വിശേഷിപ്പിച്ചത്. ചെറുപ്രായത്തിൽത്തന്നെ ഉണ്ടായ ജീവിതാനുഭവങ്ങളിലും നാടകാനുഭവങ്ങളിലുംനിന്ന് സ്വായത്തമായ ഒരനുഭവസമ്പത്താണത്. ഈശ്വരന്റെ തിരുമുഖത്തുനിന്നു നേരിട്ടു കിട്ടിയ വരപ്രസാദമാണെന്നു വേണമെങ്കിലും പറയാം.

kpac-lalitha-3

1968 ൽ കെ.എസ്.സേതുമാധവന്റെ ‘കൂട്ടുകുടുംബ’ത്തിലൂടെയാണ് ലളിത എന്ന കൃശഗാത്രിയായ നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. നല്ല ഒരു കാറ്റടിച്ചാൽ പറന്നു പോകുന്ന തരത്തിൽ ഏറെ ശോഷിച്ചിരുന്നതു കൊണ്ട് നായികമാരുടെ അനിയത്തി കഥാപാത്രങ്ങളായിട്ടാണ് മിക്ക സിനിമകളിലും അവസരം കിട്ടിയത്. സേതുമാധവന്റെ തന്നെ ‘അടിമകളി’ലെയും ‘വാഴ്‌വേ മായ’ത്തിലേയും വേഷങ്ങളിലൂടെയാണ് ലളിതയെ ജനം നെഞ്ചിലേറ്റാൻ തുടങ്ങിയത്. സ്വാഭാവികാഭിനയത്തിന്റെ ലാളിത്യവും സംഭാഷണത്തിലുള്ള നീട്ടലും കുറുക്കലുമൊക്കെ അന്നേവരെ ഒരു നടിയിലും കാണാത്ത ഒരു പ്രത്യേക ലളിതമുദ്രയായിരുന്നു.

ലളിതയെ ആദ്യമായി കണ്ട നിമിഷം എന്റെ മനസ്സിൽ ഒരു നേർകണ്ണാടിയിലെന്നവണ്ണം ഇന്നും തെളിഞ്ഞു നിൽപുണ്ട്. 1973 ൽ നാൽപത്തിയെട്ടു വർഷം മുൻപ് ലളിതയുടെ മുഖം ഒരു മീഡിയം ഷോട്ടിലൂടെയാണ് എന്റെ കണ്ണിൽ ആദ്യം പതിഞ്ഞത്. ആ ഷോട്ടിൽ കൂടെ ജയഭാരതിയും ഉണ്ട്. സത്യൻ മരിച്ചതിനു ശേഷം സുധീറിനെ നായകനാക്കി സേതുമാധവൻ സംവിധാനം ചെയ്ത ‘കലിയുഗ’ത്തിന്റെ, ആലുവാ പാലസിനു മുൻപിലുള്ള ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അത്. ഞാനും സെബാസ്റ്റ്യൻ പോളും കൂടി ചിത്രപൗർണമിക്ക് വേണ്ടി ജയഭാരതിയെ കാണാനായി ലൊക്കേഷനിൽ ചെന്നതായിരുന്നു. അന്ന് ലളിതയെ ഞാൻ കണ്ടെങ്കിലും അവർ എന്നെ കാണുകയോ പരിചയപ്പെടുകയോ ഒന്നുമുണ്ടായില്ല. ഞങ്ങളുടെ ലക്ഷ്യം ജയഭാരതി മാത്രമായിരുന്നു.

lalitha-bharathan

‘കലിയുഗ’ത്തിന്റെ ലൊക്കേഷനിൽ വച്ചു കണ്ടതിനുശേഷം പിന്നീട് നാലുവർഷം കഴിഞ്ഞാണ് ലളിതയെ ഞാൻ കാണുന്നത്. ഐ.വി.ശശി സംവിധാനം ചെയ്ത ‘ഈ മനോഹര തീരം’ എന്ന ചിത്രത്തിൽ അവരെ ബുക്ക് ചെയ്യാൻ വേണ്ടി മദ്രാസിൽ പോയപ്പോൾ കോടമ്പാക്കത്തെ വീട്ടിൽ വച്ചാണ് ആ കൂടിക്കാഴ്ചയുണ്ടായത്. ചിത്രത്തിന്റെ നിർമാതാവിനോടൊപ്പം കുതിരവട്ടം പപ്പുവിന്റെ ജോഡിയായി ലളിതയെ ബുക്കു ചെയ്യാൻ വേണ്ടി പോയതാണ്.

അന്ന് ഒരു ചെറിയ വീട്ടിലായിരുന്നു ലളിത താമസിച്ചിരുന്നത്. ഞങ്ങൾ ചെല്ലുമെന്ന് പ്രൊഡക്‌ഷൻ കൺട്രോളർ അരവിന്ദാക്ഷൻ വിളിച്ചറിയിച്ചിരുന്നതു കൊണ്ട് വളരെ സ്നേഹപൂർവമായ ആതിഥ്യമര്യാദയോടെയുള്ള പെരുമാറ്റവും വിനയവും ഒരു നാടൻ പെൺകുട്ടിയുടെ ശാലീനതയുമൊക്കെ കണ്ടപ്പോൾ ഞാൻ നിർമാതാവിനോടു പറഞ്ഞു: ‘‘നമ്മുടെ കഥാപാത്രത്തിന് ആപ്റ്റായ ആളെത്തന്നെയാണ് നമുക്കു കിട്ടിയിരിക്കുന്നത്.’’

പാറപ്പുറത്തിന്റേതായിരുന്നു തിരക്കഥയും സംഭാഷണവും. ഞാൻ നിർമാതാവിന്റെ ആളായതു കൊണ്ടും ചിത്രപൗർണമിയുടെ പത്രാധിപരായിരുന്നതു കൊണ്ടുമുള്ള ഒരു പരിഗണനയിലാണ് എന്നെയും കൊണ്ടു പോയിരിക്കുന്നത്.

പ്രൊഡക്‌ഷൻ കണ്‍ട്രോളർ അരവിന്ദാക്ഷൻ പ്രതിഫലമൊക്കെ പറഞ്ഞ് ഉറപ്പിച്ചു, നിർമാതാവ് അഡ്വാൻസ് കൊടുക്കാനായി ചെക്കെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ഭുതമെന്നു പറയട്ടെ, ഞാൻ കാണണമെന്ന് ഒത്തിരി ആശിച്ചിരുന്ന ഒരു വലിയ പ്രതിഭാധനന്റെ കടന്നുവരവുണ്ടായത്; നാടകാചാര്യനും സംവിധായകനും തിരക്കഥാകാരനുമായ സാക്ഷാൽ തോപ്പിൽ ഭാസി എന്ന ബഹുമുഖ പ്രതിഭ. തോപ്പിലാശാൻ തിരക്കഥ എഴുതിയ സിനിമകൾ കണ്ടിട്ടുള്ള ആരാധനയായിരുന്നു എനിക്ക് അദ്ദേഹത്തോട്.

ലളിതയാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. കൊച്ചു കൊച്ചു വാക്കുകളിലുള്ള സംസാരവും മാനറിസവും കണ്ട് ഞാൻ ബഹുമാനപുരസ്സരം അദ്ദേഹത്തിന്റെ സിനിമകളിലെ സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചൊക്കെ ചെറിയ വാചകങ്ങളിൽ സംസാരിച്ചതിനുശേഷമാണ് അവിടെ നിന്നിറങ്ങിയത്.

എറണാകുളത്തു വച്ചായിരുന്നു ‘ഈ മനോഹര തീരത്തി’ന്റെ ഷൂട്ടിങ്. മധു, സുകുമാരൻ, ജയൻ, ജയഭാരതി, വിധുബാല തുടങ്ങി ധാരാളം താരങ്ങളുള്ള സിനിമയായിരുന്നു അത്. ആ ലൊക്കേഷനിൽ വച്ചാണ് ലളിതയുമായി വളരെ ഹൃദ്യമായ സൗഹൃദമുണ്ടായത്. ആ ഇഴയടുപ്പത്തിന്റെ പേരിലാണ്, ഞാൻ സിനിമയ്ക്കു േവണ്ടി ആദ്യമായി കഥ എഴുതിയ ‘അനുഭവങ്ങളേ നന്ദി’യിൽ കൊച്ചിൻ ഹനീഫയുടെ ജോഡിയായി അഭിനയിക്കാനുള്ള അവസരം ലളിതയ്ക്ക് വന്നു ചേരുന്നത്. ശശി ആദ്യം വേറേ ഏതോ നടിയുടെ പേരാണ് പറഞ്ഞത്. ഏതു വേഷം കൊടുത്താലും ആ കഥാപാത്രമായി മാറുന്ന ലളിതയുെടെ കഴിവിനുമപ്പുറത്തുള്ള മറ്റൊരു നടിയുടെയും രൂപം എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നതുമില്ല. ശശിയും ഞാനുമായി നല്ല ബന്ധമായതുകൊണ്ട് എന്തു വേണമെങ്കിലും കക്ഷിയോടു പറയാം. കാര്യകാരണം സഹിതം അതിന്റെ സാംഗത്യം പറഞ്ഞു മനസ്സിലാക്കിയാൽ പിന്നെ വലിയ സംവിധായകനാണെന്നുള്ള കോംപ്ലക്സൊന്നും ശശി കാട്ടാറില്ല.

നിലമ്പൂർ വനത്തിൽ വച്ചായിരുന്നു ‘അനുഭവങ്ങളേ നന്ദി’യുടെ ഷൂട്ടിങ്. നായികയായ ജയഭാരതിക്കും ലളിതയ്ക്കും താമസിക്കാൻ രണ്ടു മുറിയുണ്ടെങ്കിലും രാത്രിയിൽ ഇരുവരും ഉറങ്ങുന്നത് ജയഭാരതിയുടെ മുറിയിലാണ്. ‘കലിയുഗ’ത്തിന്റെ ലൊക്കേഷനിൽ വച്ചും ഇങ്ങനെ തന്നെയായിരുന്നു. അത്ര വലിയ ആത്മബന്ധമാണ് ജയഭാരതിയും ലളിതയും തമ്മിലുണ്ടായിരുന്നത്.

‘അനുഭവങ്ങളേ നന്ദി’യുടെ സമയത്താണ് ഭരതനും ലളിതയുമായുള്ള പ്രണയവും ജയഭാരതിയും സത്താറുമായുള്ള ആത്മബന്ധവുമൊക്കെ വളരുന്നത്. അധികം താമസിയാതെ ഭരതൻ ലളിതയെ വിവാഹം കഴിച്ചു. സന്തോഷകരമായ ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തു. വിവാഹത്തിനു ശേഷം ലളിത കുറേ കാലത്തേക്ക് സിനിമയിൽ അഭിനയിക്കാതെ മക്കളും കുടുംബവുമൊക്കെയായി ഒതുങ്ങി കഴിയുകയായിരുന്നു.

വർഷങ്ങൾ ഹേമന്തത്തിലെ പാഴിലകൾ പോലെ കൊഴിഞ്ഞു വീണപ്പോൾ ലളിത വീണ്ടും സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. ഞാനും അപ്പോൾ തിരക്കുള്ള ഒരു തിരക്കഥാകാരനായി മാറിയിരുന്നു.

ഗജകേസരിയോഗം, കൂടിക്കാഴ്ച, ഇന്നത്തെ പ്രോഗ്രാം, തിരുത്തൽവാദി, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കിംഗ് സോളമൻ, മാർക്ക് ആന്റണി തുടങ്ങിയ എന്റെ വളരെയധികം സിനിമകളിൽ വളരെ വ്യത്യസ്തങ്ങളായ വേഷങ്ങളിലാണ് ലളിത പ്രത്യക്ഷപ്പെട്ടത്. ഗജകേസരിയോഗം എന്ന സിനിമയിൽ ഇന്നസന്റ് ചെയ്ത ആനപാപ്പാന്റെ നിഷ്കളങ്കയായ ഭാര്യയുടെ വേഷത്തിൽ അവർ തകർത്താടുകയായിരുന്നു. അതേപോലെതന്നെ മാർക്ക് ആന്റണിയിലെ തന്റേടിയായ സത്യക്രിസ്ത്യാനിയമ്മച്ചിയായി മുണ്ടും ചട്ടയുമണിഞ്ഞു കൊണ്ട് ജനാർദ്ദനനോടൊപ്പം അഭിനയത്തിൽ ഒരു മത്സരം തന്നെ നടത്തുകയായിരുന്നു.

jayaram-kpac-lalitha

എന്റെ സിനിമകളെക്കാൾ സത്യൻ അന്തിക്കാടിന്റെയും ഭരതന്റെയും ചിത്രങ്ങളിലൂടെയാണ് ലളിതയുടെ അഭിനയത്തിന്റെ പത്തരമാറ്റു പ്രകടനം കൂടുതലും പുറത്തു കണ്ടിട്ടുള്ളത്. സത്യന്റെ ‘കനൽക്കാറ്റി’ൽ മമ്മൂട്ടിയുടെ ഭാര്യയായി വരുന്ന ലളിതയുടെ മുഖം പെട്ടെന്നൊന്നും ആർക്കും മറക്കാനാവുമെന്നു തോന്നുന്നില്ല.

ഷൊർണൂരിലായിരുന്നു ഞാൻ തിരക്കഥ എഴുതി പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഗജകേസരിയോഗ’ത്തിന്റെ ഷൂട്ടിങ്. ആ സമയത്ത് ഭരതന്റെ ഒരു സിനിമയുടെ ഷൂട്ടിങ്ങും അവിടെ നടന്നിരുന്നു. രണ്ടു ചിത്രങ്ങളിലും ലളിതയ്ക്കു വേഷമുണ്ട്. ‘ഗജകേസരിയോഗ’ത്തിൽ ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുന്ന വേഷമാണ്. ഭരതന്റെ പടത്തിന്റെ ഷൂട്ടിങ് വിചാരിച്ചതു പോലെ മുന്നോട്ടു പോകാഞ്ഞതുകൊണ്ടു ലളിതയുടെ കോൾഷീറ്റിൽ ക്ലാഷ് വന്നു. ലളിത ഭരതന്റെ നിർമാതാവിന് കൊടുത്തിരുന്ന ഡേറ്റും കഴിഞ്ഞിരുന്നു. ക്ലൈമാക്സും ഒന്നു രണ്ടു സീനുകളും കൂടി തീരാനുണ്ട്. ഭരതൻ ലളിതയെ വിളിച്ചു വിവരം പറ‍ഞ്ഞു. ‘ഗജകേസരിയോഗ’ത്തിന്റെ സെറ്റിൽനിന്നു രണ്ടു ദിവസം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു വന്ന് അഭിനയിക്കാനാണ് ഭരതൻ പറയുന്നത്. പി.ജി.വിശ്വംഭരൻ ലളിതയെ വിട്ടു കൊടുക്കില്ലെന്നു പറഞ്ഞിരിക്കുകയാണ്. ഭരതൻ എന്നെ വിളിച്ചു. ആ വിളിക്കും സംസാരത്തിനുമൊക്കെ ഒരു രസമുള്ള ഭരതൻ ടച്ചുണ്ട്.

‘‘എടാ ഡെന്നീസേ നീയൊക്കെ എന്നാ ദ്രോഹമാടാ ഈ ചെയ്യുന്നേ. ഞാ‍ൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ലെന്ന് പറയുന്നത് ഇതെവിടുത്തെ നിയമമാടാ? ഞാൻ കേസു കൊടുത്താല്‍ പുഷ്പം പോലെ ലളിതയെ ഇവിടെ കൊണ്ടുവന്ന് വിട്ടിട്ട് ഒരു പാട്ടുംപാടി കേൾപ്പിച്ചിട്ട് പോകേണ്ടി വരും. അതുകൊണ്ട് ആ വിശ്വംഭരനോട് ലളിതയെ വേഗം വിട്ടു തരാൻ പറഞ്ഞേക്ക്.’’

ഭരതന്റെ നർമം കേട്ട് ഞാൻ ഒത്തിരി നേരമിരുന്ന് ചിരിച്ചു. അവസാനം നിർമാതാവായ സിംപിൾ ഫിലിംസ് ബഷീറിനോടും പി.ജി വിശ്വംഭരനോടും പറഞ്ഞ് ഒരു കണക്കിനാണ് രണ്ടു ദിവസം ലളിതയെ ഭരതനു വിട്ടു കൊടുത്തത്.

വേറേ ഏതെങ്കിലും നടിമാരായിരുന്നെങ്കിൽ അച്ഛനു സുഖമില്ല, അമ്മയ്ക്ക് ആക്സിഡന്റ് എന്നൊക്കെ കളളം പറഞ്ഞു പോയി അഭിനയിക്കുമായിരുന്നു. അവിടെയൊക്കെയാണ് ലളിത എന്ന അഭിനേത്രിയുടെ മഹത്വം നാം കാണേണ്ടത്.

ഭരതൻ ലളിതയെ വിവാഹം കഴിച്ചതോടെയാണ് ലളിതയുടെ ജീവിതത്തിൽ വസന്തം ഉണ്ടായതും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതെന്നുമൊക്കെ ചില ലൊക്കേഷനുകളില്‍ വച്ചു കാണുമ്പോൾ ഞാൻ തമാശയോടെ പറയുമായിരുന്നു. അപ്പോൾ പല്ലു പുറത്തു കാണാതെ അഭിമാനപുരസ്സരമുള്ള മനം മയക്കുന്നൊരു ചിരിയുമായി നിൽക്കുന്ന വിനയാന്വിതയായ ലളിതയുടെ ആ സ്വഭാവത്തിന് കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ് അവരുടെ വ്യക്തിത്വത്തിന്റെ മകുടോദാഹരണമായി നാം കാണേണ്ടത്.

എന്നാൽ ഒട്ടും നിനച്ചിരിക്കാത്ത നേരത്തുള്ള ഭരതന്റെ വിയോഗം അവരുടെ ജീവിതത്തിന്റെ ഗതിവേഗം തന്നെ മാറ്റിമറിച്ചു. പിന്നെ തന്റെ പൊന്നോമനകൾക്കു വേണ്ടിയാണ് അവർ വീണ്ടും അഭിനയക്കളരിയിലേക്ക് ഇറങ്ങിയത്.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമാണെങ്കിലും സ്വന്തം മക്കൾക്കു വേണ്ടി ജീവിക്കുമ്പോൾ കിട്ടുന്ന നൊമ്പരമുണർത്തുന്ന ആശ്വാസക്കാറ്റിൽ നിന്നുണ്ടായിരുന്ന കൊച്ചു കൊച്ചു സന്തോഷപ്രദമായ നിമിഷങ്ങളിലൂടെയായിരുന്നു പിന്നീടുള്ള ലളിതയുടെ ജീവിതയാത്ര. സിനിമാലോകം മുഴുവനും അവരുടെ സഞ്ചാരപാതയിൽ വഴിവിളക്കുമായി എപ്പോഴും കൂടെയുണ്ടായിരുന്നു.

ഇന്നവർ രോഗശയ്യയിലാണ്. രോഗം ഒരു കള്ളനെപ്പോലെ പതുങ്ങി വന്ന് അവരുടെ ശരീരത്തിൽ കുടിയേറിയതും പെട്ടെന്നായിരുന്നു.

കെപിഎസി ലളിതയെപ്പോലുള്ള അഭിനേത്രികളൊന്നും രോഗശയ്യയിൽ കിടക്കാൻ പാടില്ല. അവർ കയ്യാളിയതു പോലുള്ള വേഷങ്ങൾ ചെയ്യാൻ മലയാളത്തിൽ ആരും ഇല്ലാത്തിടത്തോളം കാലം ഇവരെപ്പോലെയുള്ള അഭിനേത്രികൾക്ക് ആയുസ്സ് ഒരു നൂറു വയസ്സെങ്കിലും ആക്കിക്കൊടുക്കേണ്ടതാണെന്നാണ് എനിക്ക് പറയാനുള്ളത്.

(തുടരും)

അടുത്തത്: ഒരു ദിവസം നാല് സിനിമകള്‍ ചെയ്ത ഗിരീഷ് പുത്തഞ്ചേരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com