ADVERTISEMENT

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് വിനോദ് കോവൂർ. ലളിതമായ വേഷങ്ങൾ കൊണ്ടും സ്വതസിദ്ധമായ നിഷ്കളങ്കതകൊണ്ടും കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരം. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച അപൂർവ സൗഹൃദത്തിന്റെ കഥ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ഹോമിലെ നിത്യ സന്ദർശകനായിരുന്ന വിനോദിന് സഹോദരീതുല്യയായിരുന്നു. മഞ്ജുളയെന്ന ആ സഹോദരിയെ വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടിയതിന്റെ കഥ വിനോദ് തന്നെ പറയുന്നു.

 

‘സന്തോഷവും സങ്കടവും ഇടകലർന്ന ഒരു നിമിഷം. പെരിന്തൽമണ്ണയ്ക്കടുത്ത് പച്ചീരി എൽപി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവവിദ്യാർഥി സംഗമത്തിൽ അതിഥിയായി ചെന്നതായിരുന്നു. ആകസ്മികമായി അവിടെ വച്ച്, ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന അനിയത്തിക്കുട്ടി മഞ്ജുളയെ കാണാനിടയായി.

 

ഹോമിലെ സന്ദർശകനായിരുന്ന എനിക്ക് കുട്ടിക്കാലം മുതലേ മഞ്ജുളയെ അറിയാം. പിന്നീട് വർഷങ്ങൾക്ക് മുമ്പ് മഞ്ജുളയെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള ഒരു സഹൃദയൻ വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വലിയ ഒരു ഇടവേളയ്ക്കു ശേഷം ഈ ചടങ്ങിൽ വച്ചാണ് കണ്ടുമുട്ടിയത്. ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു. ചടങ്ങിൽ നാടൻ പാട്ട് പാടി ഓഡിയൻസിനിടയിലേക്ക് ചെന്ന ഞാൻ മഞ്ജുളയെ ചേർത്ത് നിർത്തി ഓഡിയൻസിന് പരിചയപ്പെടുത്തിക്കൊണ്ട് പാടി. എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു. വികാരനിർഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസൽക്ക ക്യാമറയിൽ പകർത്തി.

 

ഒരുപാട് ഇഷ്ടം തോന്നിയ ഫോട്ടോ. മനസ്സിന് വലിയ സന്തോഷം തോന്നിയ നിമിഷം. ഏറെ സന്തോഷം തോന്നിയ ദിനം. അടുത്ത ദിവസം, ഹോമിൽനിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാർ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു. അത് മനസ്സിന് ഇരട്ടിമധുരം സമ്മാനിച്ചു.’–വിനോദ് കോവൂർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com