മലയാളസിനിമയിൽ പരാതി പറയാനിടമില്ല, ഇത് അവിശ്വസനീയം: റിമ കല്ലിങ്കൽ

rima-iffk
SHARE

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവം നേരിടേണ്ടി വന്നാല്‍ അതുപറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമാണെന്ന് നടി റിമ കല്ലിങ്കല്‍. ഇന്റേണല്‍ കമ്മിറ്റി എന്നത് വളരെ എളുപ്പം നടപ്പിലാക്കാവുന്നതാണ്, നമ്മളിത് പണ്ടേ ചെയ്യേണ്ടതായിരുന്നുവെന്നും റിമ പറഞ്ഞു. റീജനല്‍ ഐഎഫ്എഫ്കെയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ ഓപ്പണ്‍ ഫോറത്തിലായിരുന്നു പ്രതികരണം.

‘ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐസി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണിത്. മൂന്നേ മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ അറിയുന്നയാളായിരിക്കണം, മുതിര്‍ന്ന ഒരാളായിരിക്കണം.

നമ്മള്‍ ഒരു തൊഴിലിടത്തെ ഒരുമിച്ച് കൊണ്ടുവരുമ്പോള്‍, ഒരുപാട് പേരെ ഒരു സിനിമാ നിര്‍മാണ ഇടത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അവിടം കളങ്കരഹിതമാവണം എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം അത് ഒതുക്കിനിര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നില്ല. മോശം അനുഭവമുണ്ടായാൽ അത് പറയാൻ ഒരു സ്ഥലം കേരളം പോലൊരു സംസ്ഥാനത്ത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയമാണ്. നമ്മളിത് പണ്ടേ ചെയ്യേണ്ടിയിരുന്നതാണ്.

ഒരു സിനിമാ സെറ്റിന്റെ ചിത്രമെടുത്ത് നോക്കിയാല്‍ അതില്‍ ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ്, അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇന്റേണല്‍ കമ്മിറ്റിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെങ്കില്‍പ്പോലും, ഐസി വേണമെന്ന് പറഞ്ഞ് ഡബ്ലുസിസി സമ്മര്‍ദ്ദം ചെലുത്തുന്നത്. അത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വേണ്ടികൂടിയാണ്. തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നതിനെപ്പറ്റി കൃത്യമായി ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക തന്നെ വേണം.

ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിന്റെ സൈഡില്‍നിന്ന് വരുന്ന കമന്റുകളും ജോലി കിട്ടാതിരിക്കാനുള്ള സാധ്യതകളുണ്ട് എന്ന രീതിയില്‍ സംസാരിക്കുന്നതുമെല്ലാം ഇതേ വിഭാഗത്തില്‍പ്പെടുമെന്ന് വൈശാഖ തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ യൂണിയനുകളും വരിസംഖ്യ വാങ്ങി അംഗത്വം നല്‍കുന്നതിനൊപ്പം തന്നെ അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദേശങ്ങളും അറിവുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തം കൂടി കാണിക്കണം.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS