ഉണ്ണി മുകുന്ദൻ വാക്ക് പറഞ്ഞാൽ വാക്കാണ്: കുറിപ്പുമായി അനീഷ് രവി

unni-aneesh
SHARE

‘‘അടുത്ത പ്രോജക്ടിൽ ചേട്ടനുണ്ടാവും. അതിനായി ഒരോർമപ്പെടുത്തൽ കൂടി വേണ്ട’’ – നടൻ അനീഷ് രവിയോട് ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകളാണിത്. അതു വെറും വാക്കല്ലായിരുന്നു.

വന്നവഴി മറക്കാത്തവർക്ക് എന്നും സ്നേഹബന്ധങ്ങൾ ഏറെയുണ്ടാവും. ഒരിക്കൽ പറഞ്ഞ വാക്ക് കാലമെത്ര കഴിഞ്ഞാലും ഓർത്തെടുത്ത്, അത് ചെയ്യാൻ അവർ ബാധ്യസ്ഥരായിരിക്കും. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് നടന്‍ അനീഷ് രവി എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്ത സിനിമയിൽ തന്നെയും ഉൾപ്പെടുത്തുമെന്ന ഉണ്ണിയുടെ വാക്ക് വെറും വാക്കല്ലായിരുന്നുവെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും അനീഷ് പറയുന്നു.

അനീഷ് രവിയുടെ വാക്കുകൾ:

അതൊരു വെറും വാക്കല്ലായിരുന്നു ...
‘അടുത്ത പ്രോജക്ടിൽ ചേട്ടനുണ്ടാവും അതിനായി ഒരോർമപ്പെടുത്തൽ കൂടി വേണ്ട’, ഒടുവിൽ കണ്ടു പിരിഞ്ഞപ്പോൾ അദ്ദേഹം തന്ന വാക്കായിരുന്നു. അത് സംഭവിച്ചു എന്നതാണ് സത്യം. സിനിമ അല്ലേ, ഇത് പോലെ എത്രയോ പേർ വാഗ്ദാനങ്ങൾ തരാറുണ്ടായിരുന്നു. പക്ഷേ ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം എനിക്കു കാണാമായിരുന്നു,
അത് സത്യത്തിന്റേതായിരുന്നു...
കുറച്ചു ദിവസങ്ങൾക്ക് മുൻപ് തിയറ്ററിൽ സുമിയും ഞാനും സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു കോൾ.
പരിചയമില്ലാത്ത നമ്പർ ..?
ഫോണെടുത്തു.
‘‘അനീഷേട്ടനല്ലേ ..?’’
‘‘അതെ ..!’’
‘‘ഞാൻ അനൂപ്.’’
‘ഷഫീഖിന്റെ സന്തോഷം’ സിനിമയുടെ സംവിധായകനാണ്.
‘‘ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു പുതിയ സിനിമയിൽ ഒരു നല്ല കഥാപാത്രം നൽകണമെന്ന്.’’
അറിയാതെ എന്റെ കണ്ണ് നനയുന്ന പോലെ ...
ആദ്യമായി എനിക്കു വേണ്ടി പറയാനൊരാൾ ...
അനൂപ് ഒന്നു കൂടി കൂട്ടി ചേർത്തു, ‘‘ചേട്ടനെന്നെ അറിയാം ...’’

ഓർമയിലെവിടെയോ മറഞ്ഞു കിടന്ന ഒപ്പമുണ്ടായിരുന്ന ചില നല്ല ദിനങ്ങളെ ഓർമപ്പെടുത്തിക്കൊണ്ട് അനൂപ് വാചാലനായി. ഒരുപാട് സന്തോഷം തോന്നി. നേട്ടങ്ങൾക്കരികിലൂടെ ചേർന്ന് പോകുമ്പോ പഴയത് മറക്കാറാണ് പതിവ്. പക്ഷേ ഉണ്ണിയും അനൂപും ഓർമകളുടെ വസന്തത്തിൽ ‘സന്തോഷം’ കണ്ടെത്തുന്നവരാണെന്നറിയുമ്പോൾ അടക്കാനാകാത്ത ‘സന്തോഷം’. അങ്ങനെ ‘ഷഫീഖിന്റെ സന്തോഷം’ സുബൈറിന്റെ കൂടി സന്തോഷമായി ....(എന്റെ കഥാപാത്രം )

ഏപ്രിൽ 16 ന് ഷൂട്ട് തുടങ്ങി 21 ന് ഞാൻ അളിയൻസിന്റെ ലൊക്കേഷനിൽനിന്ന് ഈരാറ്റുപേട്ടയിലെത്തി. ഒപ്പം കൂടി. ചെറിയ പെരുന്നാൾ ദിനത്തിൽ ഞങ്ങൾ എല്ലാവരും രാവിലെ തന്നെ ഈരാറ്റുപേട്ടയിലെ ഷെഫീക്കിന്റെ വീട്ടിലെത്തി.

ഷൂട്ട് തകൃതിയായി നടക്കുന്നു. ഒന്നരമണിയായി. ക്ലൈമാക്സ് സീൻ ആണ്. ബ്രേക്ക് ആയിട്ടില്ല. മട്ടൻ ബിരിയാണി എത്തി പക്ഷേ ..! രണ്ട് ഷോട്ട് ബാക്കി ഉണ്ട്.. പെട്ടെന്ന് നടൻ ബാല പറഞ്ഞു: ‘‘വിശക്കുന്നവർ ...ഒരൽപം വെയ്റ്റ് ചെയ്യണേ ...’’

പൊട്ടിച്ചിരി ഉണർന്നു. സീൻ കഴിഞ്ഞു. സ്പെഷൽ ദം ബിരിയാണി തുറന്ന് ഉണ്ണി വിളമ്പാൻ തുടങ്ങി. അങ്ങനെ വ്രത ശുദ്ധിയുടെ 30 നാളുകൾക്കൊടുവിൽ എത്തിയ ചെറിയ പെരുന്നാൾ ഷഫീക്കും കൂട്ടരും "സന്തോഷ"പൂർവം ഒരുമിച്ച് ആഘോഷിച്ചു ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA