ADVERTISEMENT

നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹതിരാകുന്നു. ജൂൺ 9ന് തിരുപ്പതിയിൽ വച്ചാണ് വിവാഹം. തമിഴ് മാധ്യമങ്ങളിലൂടെയാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽവച്ചാകും നടത്തുക.

 

ഏഴ് വർഷം നീണ്ട പ്രണയബന്ധത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽവച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്.

 

നയൻസ്–വിഘ്നേഷ്; സൂപ്പർ പ്രണയം; നാൾവഴികൾ

 

സിംഗപ്പൂരിലെ സിനിമാ അവാർഡ് വേദി. മികച്ച ഡയറക്ടർക്കുള്ള അവാർഡ് വാങ്ങി വിഘ്നേഷ് ശിവൻ ആ കഥ പറഞ്ഞു. നയൻതാര ‘മാഡ’ത്തെ ആദ്യമായി കാണാൻ പോയത്, പുതുമുഖ സംവിധായകനായ തന്നെ അവർ പ്രോൽസാഹിപ്പിച്ചത്, കൗതുകത്തോടെ കഥ കേട്ടിരുന്നത്, കഥാപാത്രത്തെക്കുറിച്ചു ചോദിച്ചറിഞ്ഞത്....ഒടുവിൽ എന്നു പറഞ്ഞു വിഘ്നേഷ് ഒന്നു നിർത്തി. എന്നിട്ട് പൂരിപ്പിച്ചു, She fell in love with the story... 

 

കാണികൾ കിടുകിടാ കയ്യടി. സ്റ്റോറിയോടു മാത്രമേ പ്രേമം തോന്നിയുള്ളോ എന്ന് അവതാരകരുടെ കുസൃതി. നയൻതാര കണ്ണുനിറഞ്ഞു ചിരിയോടു ചിരി. 2015ൽ തുടങ്ങിയ വിക്കി–നയൻസ് സൗഹൃദം പ്രണയത്തിലേക്കും ഇപ്പോഴിതാ വിവാഹത്തിലേക്കും എത്തിയിരിക്കുന്നു. അതിന്റെ ആദ്യ ‘പബ്ലിക് അപ്പിയറൻസ്’ ആയിരുന്നു ആ അവാർഡ് ചടങ്ങ്. സിംഗപ്പൂരിലെ രംഗങ്ങൾ അവിടെ തീർന്നില്ല. മികച്ച നടിക്കുള്ള അവാർഡ് വിക്കിയുടെ കയ്യിൽ നിന്നു തന്നെ വാങ്ങണമെന്നു കൂടി നയൻതാര പറഞ്ഞതോടെ, ക്ലൈമാക്സ് സൂപ്പറായി. 

 

ലേഡി സൂപ്പർസ്റ്റാർ

 

നയൻതാര – തിരുവല്ലക്കാരി ഡയാന മറിയം കുര്യനിൽ നിന്ന് ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി വളർന്ന കിടിലൻ താരം‌. തമിഴിലും തെലുങ്കിലും കന്നഡയിലും കൈനിറയെ ഹിറ്റുകൾ. മലയാളത്തിലും ഒരു പിടി നല്ല ചിത്രങ്ങൾ. പ്രതിഫലം കോടികൾ. 2003ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെ സിനിമയിലെത്തിയ നയൻതാര, ഇപ്പോൾ 37–ാം വയസ്സിൽ അതിനേക്കാൾ പതിന്മടങ്ങ് സുന്ദരി, ചെറുപ്പക്കാരി. 

 

ചിമ്പുവും പ്രഭുദേവയുമായുള്ള പ്രണയവും പ്രണയത്തകർച്ചയും ഉലച്ചെങ്കിലും മാധ്യമങ്ങൾ ഉൾപ്പെടെ തള്ളിപ്പറഞ്ഞെങ്കിലും ഗംഭീരമായി തിരിച്ചുവന്ന് താരറാണിക്കിരീടം സ്വന്തമാക്കിയ മിടുക്കി. 15 വർഷത്തിലേറെയായി ലൈംലൈറ്റിൽ തിളങ്ങിത്തന്നെ നിൽക്കുന്നു.  ഒറ്റയ്ക്കൊരു ചിത്രം വിജയിപ്പിക്കാനാകുമെന്നുറപ്പുള്ള നായികയായി സൂപ്പർസ്റ്റാറുകളുടെതുപോലെ പുലർച്ചെയ്ക്കുൾപ്പെടെ പുതിയ ചിത്രം റിലീസ് ചെയ്യുന്ന ഏക പെൺതാരമായി, ഗ്ലാമറിലും സീരിയസ് റോളിലും ഒരേപോലെ മികച്ച വേഷങ്ങളുമായി.

 

സംവിധായകൻ

 

മറുവശത്ത് വിഘ്നേഷ് ശിവനോ – സിനിമ സ്വപ്നം കണ്ടുകണ്ടു സെറ്റുകളിൽ നിന്നു സെറ്റുകളിലേക്കു കറങ്ങിനടന്ന ചെറുപ്പക്കാരൻ. ഒടുവിൽ അസിസ്റ്റന്റ് ഡയറക്ടർമാരുടെ കൂട്ടത്തിൽ കയറിപ്പറ്റി. ചില ഷോർട് ഫിലിമുകൾ ചെയ്തു. 2008ൽ ചിമ്പുവുമായി ചേർന്നു ‘പോടാ പോടീ’ എന്ന സിനിമ അനൗൺസ് ചെയ്തെങ്കിലും റിലീസായത് നാലു കൊല്ലം കഴിഞ്ഞ്. തരക്കേടില്ലാതെ ഓടിയെ‌ന്നല്ലാതെ മികച്ചതെന്ന് ആരും പറയാത്ത ചിത്രം. 

 

പിന്നീടു സിനിമാഗാനങ്ങൾ എഴുത്തായി. വേലയില്ലാ പട്ടധാരി എന്ന ധനുഷ് ചിത്രത്തിൽ ചിന്ന വേഷം. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ കഥയുമായി പലരുടെയും അടുത്ത് അലഞ്ഞതിനൊടുവിലാണു വിജയ് സേതുപതിയും നയൻതാരയും അഭിനയിക്കാൻ തയാറായത്. ചിത്രം കയ്യടി നേടിയതോടെ വിഘ്നേഷ് ശിവൻ എന്ന പേരും ശ്രദ്ധിക്കപ്പെട്ടു. സൂര്യയും കീർത്തി സുരേഷും അഭിനയിച്ച തനാ സേർന്ത കൂട്ടം എന്ന അടുത്ത ചിത്രവും മാസ് എന്നു പേരെടുത്തു. 

 

കണ്ടത്, അടുത്തത്

 

സംവിധായകനും നടിയും; നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ അങ്ങനെ തുടങ്ങിയ ബന്ധമാണു നയൻതാരയുടെയും വിക്കിയുടെയും. എങ്ങനെ പ്രണയമായി എന്നു ചോദിച്ചാൽ വിഘ്നേഷിന്റെ മറുപടി ഇങ്ങനെ ‘‘ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണു നയൻതാര. അങ്ങേയറ്റം കഴിവുള്ള വ്യക്തിത്വം. അതുപോലെ വിനയവും സ്വകാര്യതയും ഒപ്പം കൊണ്ടുനടക്കുന്നയാളും. പിന്നെയെങ്ങനെ അവരെ ഇഷ്ടപ്പെടാതിരിക്കും.’’. നയൻതാരയോടു ചോദിച്ചാലോ, ‘‘ ചിന്തകളിലും സ്വപ്നങ്ങളിലും തന്നോട് ഏറ്റവും ചേർന്നുനിൽക്കുന്നയാൾ’’എന്ന കാൽപനിക മറുപടി. വിഘ്നേഷുമായുള്ള സൗഹൃദം ആദ്യം ആരും അറിഞ്ഞതേയില്ല. 

 

നാളുകൾക്കു ശേഷം പൊടുന്നെ വിക്കിയുമൊത്തുള്ള ഹോളിഡേ ചിത്രം നയൻതാര പോസ്റ്റ് ചെയ്യുകയായിരുന്നു. വാലന്റൈൻസ് ഡേ, ഹോളി, ദീപാവലി, പിറന്നാൾ അങ്ങനെ എല്ലാ വേളകളിലും പിന്നീടു സൂപ്പർ സ്നേഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com