ADVERTISEMENT

സിബിഐ അഞ്ചാം ഭാഗത്തിൽ സത്യദാസായി ഒരിക്കൽ കൂടി അഭിനയിക്കാൻ കഴിഞ്ഞത് സുകുമാരൻ എന്ന അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണെന്ന് സായികുമാർ. സുകുമാരനോടൊപ്പം അഭിനയിക്കാനും അനുജനെപ്പോലെ ഒപ്പം കൂടി അദ്ദേഹത്തിന്റെ ജീവിതത്തോട് കൂടുതൽ ചേർന്ന് നില്‍ക്കാനും കഴിഞ്ഞതുകൊണ്ടാണ് സത്യദാസിനെ മികച്ചവോടെ അവതരിപ്പിക്കാനായതെന്നും സായികുമാർ പറഞ്ഞു. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സായികുമാറിന്റെ വാക്കുകൾ:

സിബിഐ സീരീസിൽ അഞ്ചു ഭാഗങ്ങൾ വന്നതിൽ രണ്ടെണ്ണത്തിലാണ് എനിക്ക് അവസരം കിട്ടിയത്. അഭിനയിക്കാൻ ചെന്നപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയത്. ലൊക്കേഷനിൽ ചെന്നപ്പോഴാണ് ഞാനറിയുന്നത് സുകുമാരൻ ചേട്ടൻ തകർത്താടി വച്ചു പോയ കഥാപാത്രത്തിന്റെ മകനെയാണ് ചെയ്യേണ്ടതെന്ന്. ആ വഴി ഓടാനാണ് ആദ്യം തോന്നിയത്. സുകുവേട്ടൻ ശരീരവും ശബ്ദവും നോട്ടവുമൊക്കെ ഒരുപോലെ അഭിനയിക്കുന്ന ഒരാർട്ടിസ്റ്റാണ്. ഞാൻ അതൊക്കെ എവിടെ നിന്നുകൊണ്ടുവരുമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.

ഞാൻ ഓടിച്ചെന്നു സ്വാമിയോട് ചോദിച്ചു, സ്വാമി, സുകുവേട്ടൻ പറയുന്ന പോലെ ആണോ സ്വാമി സ്ക്രിപ്റ്റിലും എഴുതുന്നതെന്ന്. ‘‘പോടാ അവിടുന്ന്. ഞാൻ ഒരുത്തനും വേണ്ടി എഴുതാറില്ല. ഞാൻ എഴുതുന്നത് അവൻ അവന്റെ രീതിയിൽ പറയുന്നു’’. ഇതായിരുന്നു സ്വാമിയുടെ മറുപടി. അതോടുകൂടി എന്റെ ഗ്യാസ് വീണ്ടും പോയി. സുകുവേട്ടൻ പറയുന്ന ചില കാര്യങ്ങൾ ഉണ്ടല്ലോ ‘ഞാനീ പറയുന്നത്’ എന്നൊക്കെ, അത് ഒന്നു കിട്ടുമോ എന്ന് ചോദിച്ചപ്പോൾ അതും കിട്ടിയില്ല. പിന്നെ എനിക്കൊരു ഭാഗ്യമുണ്ടായിരുന്നത്, സുകുവേട്ടന്റെ അവസാന നാളുകളിൽ ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ അനിയനായി അഭിനയിക്കാൻ സാധിച്ചു എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഏതു സമയത്തും സുകുവേട്ടന്റെ കൂടെ നടക്കാൻ പറ്റുന്ന, മുറിയുടെ വാതിലിൽ മുട്ടാതെ കയറിച്ചെല്ലാൻ പറ്റുന്ന ഒരു ബന്ധം ഉണ്ടായിരുന്നു.

അദ്ദേഹം സംസാരിക്കുന്ന രീതി ഏകദേശം എനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നു തോന്നുന്നു, അത് മനസ്സിലുള്ളതുകൊണ്ട് സിബിഐ നാലാം ഭാഗം ചെയ്യാൻ കഴിഞ്ഞു. അത് ചെയ്തു തീർത്ത ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് സ്വാമിയും മധുച്ചേട്ടനും വിളിച്ചിട്ട് പറയുന്നത് വീണ്ടും സുകുമാരൻ വേണമെന്ന്. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടുതന്നെയാണ് എനിക്ക് ഈ സീരിസിൽ അഭിനയിക്കാൻ പറ്റിയത്. അദ്ദേഹത്തിന് പേരുദോഷം കേൾപ്പിക്കാതെ എനിക്ക് ചെയ്യാൻ സാധിച്ചു എന്നാണ് വിശ്വാസം. ആ വിശ്വാസത്തിലാണ് എന്റെ മുന്നോട്ടുള്ള പോക്ക്.

സിബിഐയിൽ അഭിനയിക്കുമ്പോൾ അടുത്ത ഷോട്ട് എന്തുചെയ്യും, എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു വിമ്മിഷ്ടപ്പെട്ടായിരിക്കും മുഴുവൻ സമയവും ഞാനിരിക്കുന്നത്. ഓപ്പോസിറ്റ് നിൽക്കുന്നത് മമ്മൂക്കയാണ്, അദ്ദേഹത്തോട് പറയുമ്പോൾ മമ്മൂക്ക പറയും, ‘‘അങ്ങേരു വളരെ കൃത്യമായിട്ട് പറയുന്ന ആളാണ്, ശകലം തെറ്റിക്കഴിഞ്ഞാൽ മൊത്തം പോക്കാവും.’’ അതുകേൾക്കുന്നതോടെ പേടി കൂടും. ഈ പേടി ഉള്ളിൽ ഉള്ളതുകൊണ്ട് സുന്ദരമായ നിമിഷങ്ങളൊന്നും എനിക്ക് ഷൂട്ടിനിടെ കാണാൻ സാധിച്ചില്ല. സിനിമ തിയറ്ററിൽ വന്നതിനുശേഷമാണ് ആ സുന്ദര മുഹൂർത്തങ്ങൾ കാണാൻ സാധിച്ചത്. അതിന് അവസരം ഒരുക്കിത്തന്ന മധു ചേട്ടനും എസ്.എൻ. സ്വാമി സാറിനും മമ്മൂക്കയ്ക്കും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു. ഒപ്പം സുകുമാരൻ സാറിന്റെ ആത്മാവിനും നന്ദി."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com