‘ഹോളിവുഡ് ലെവൽ’; ചില്ലറ പുള്ളിയല്ല, ഈ പൂജപ്പുരക്കാരൻ
Mail This Article
ഹോളിവുഡ് അനിമേറ്റഡ് സിനിമകൾ ചില്ലറക്കളിയല്ല. പൂജപ്പുരയിൽനിന്നു മുംബൈ വഴി ഹോളിവുഡിലേക്കു വിമാനം പിടിച്ച ഹരിനാരായണൻ രാജീവും കളിച്ചതു ചില്ലറക്കളിയല്ല. കുറെയേറെ ആത്മവിശ്വാസം, അതിലേറെ കഠിനപ്രയത്നം. രണ്ടും കൂടിയായപ്പോൾ ഈ ചെറുപ്പക്കാരൻ ഹോളിവുഡിലെ എണ്ണം പറഞ്ഞ ലീഡ് അനിമേറ്ററായി. ഹോളിവുഡിലെ പുതിയ താരത്തിളക്കമാണ് ഈ മുപ്പത്തിയഞ്ചുകാരൻ. ഹോളിവുഡ് അനിമേറ്റഡ് ഫിലിം ഇൻഡസ്ട്രിയിലെ അവഗണിക്കാനാകാത്ത പേരുകാരൻ. ‘വെനം 2– ലെറ്റ് ദേർ ബി കാർണേജ്’, ‘ഫിഞ്ച്’, ‘മാൽഫിഷന്റ് 2’, ‘റെഡി പ്ലേയർ വൺ’, ‘കുങ്ഫു പാണ്ട 3’, ‘അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ’, ‘ട്രോൾസ്’ തുടങ്ങി ലോകം നിറഞ്ഞോടിയ ചിത്രങ്ങളിലെയെല്ലാം ലീഡ് അനിമേറ്റർ സൂപ്പർവൈസർ ഹരിനാരായണനും അദ്ദേഹത്തിന്റെ ടീമുമായിരുന്നു. വിഖ്യാതമായ വിഷ്വൽ ഇഫക്ട്സ് സൊസൈറ്റിയുടെ (വിഇഎസ്) ‘ഔട്ട്സ്റ്റാൻഡർ അനിമേറ്റഡ് കാരക്ടർ ഇൻ എ ഫൊട്ടോറിയൽ ഫീച്ചർ –സ്പെസിഫിക് കാറ്റഗറി’പുരസ്കാരം നേടിയാണ് ഹരിനാരായൺ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ഫിഞ്ച്’ എന്ന ചിത്രത്തിലെ ‘ജെഫ്’ എന്ന കഥാപാത്ര നിർമിതിക്കാണ് പുരസ്കാരം.
മനുഷ്യരൂപമുള്ള റോബട്ടുകളാണ് ഹരിനാരായണൻ ചിത്രത്തിനായി രൂപകൽപന ചെയ്തത്. ടോം ഹാങ്ക്സ് ആണ് ചിത്രത്തിൽ ഫിഞ്ച് ആയി പ്രത്യക്ഷപ്പെടുന്നത്. മിൽ ഫിലിംസിന്റെ മോൺട്രിയൽ ഡിവിഷനിൽ അനിമേഷൻ സൂപ്പർവൈസറായിരുന്ന കാലത്താണ് ഹരിനാരായണൻ ഈ സിനിമ ചെയ്യുന്നത്. 2003 ൽ നടക്കുന്ന സംഭവങ്ങളാണ് ‘ഫിഞ്ചി’ന്റെ കഥയ്ക്ക് ആധാരം. സൂര്യവിസ്ഫോടനത്തിന്റെ ഫലമായി ഭൂമി മനുഷ്യർക്കു വാസയോഗ്യമല്ലാതായിത്തീരുന്നു. ഫിഞ്ച് തന്റെ നായയുമായി അതിജീവനത്തിനായി പൊരുതുമ്പോൾ ‘ഡ്യൂവി’ എന്ന റോബോട്ടും ‘ഡെഫ്’ എന്നു പേരുള്ള ഹ്യൂമനോയ്ഡ് റോബോട്ടും അവിടെയെത്തുന്നു. തന്റെ സ്രഷ്ടാവിന്റെ വളർത്തു നായയെ രക്ഷിക്കാനെത്തുന്ന ജെഫ്, ജീവിതം, സഹജീവി സ്നേഹം, സൗഹൃദം എന്നീ മാനുഷിക മൂല്യങ്ങളും മനുഷ്യവ്യക്തിയായിരിക്കുക എന്നതിന്റെ യഥാർഥ അർഥവും തിരിച്ചറിയുകയാണ്. മിഗുവേൽ സ്പോച്നിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫ്രിഞ്ചിന്റ പ്രീ പൊഡക്‌ഷൻ സമയത്തുതന്നെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങിയ ഹരിനാരായണൻ കഥാപാത്രത്തിന്റെ വികസനത്തിലും ‘ജെഫ്’, ‘ഡ്യൂവി’ എന്നീ റോബോട്ടുകളുടെ സൃഷ്ടിയിലും സാക്ഷാത്കാരത്തിലും നിർണായക പങ്കാണു വഹിച്ചത്. ഹരിനാരായണൻ ലീഡ് അനിമേഷൻ നിർവഹിച്ച ‘വെനം 2ലെറ്റ് ദേർ ബി കാർണേജ്’ എന്ന സിനിമയും മത്സരത്തിന്റെ അവസാനഘട്ടത്തിലെത്തിയെങ്കിലും പുരസ്കാരം ലഭിച്ചത് ഫിഞ്ചിനായിരുന്നു.
ഇന്ത്യാക്കാർ വിഇഎസ് പുരസ്കാരങ്ങൾ നേടിയിട്ടുണ്ടെങ്കിലും മികച്ച ആനിമേറ്റർ കാരക്ടർ ഇൻ ഫൊട്ടോറിയൽ ഫീച്ചർ വിഭാഗത്തിൽ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഹരിനാരായണൻ
പ്ലസ് ടു പഠനത്തിനു ശേഷം അനിമേഷൻ പഠിക്കാൻ പോകണമെന്നു പറഞ്ഞപ്പോൾ ഗവൺമെന്റ് സ്പെഷൽ സെക്രട്ടറിയായിരുന്ന അച്ഛൻ ജി.രാജീവും അമ്മ കരമന എൻഎസ്എസ് കോളജിലെ പ്രഫസറായിരുന്ന ഡോ. ഡി.തങ്കമണിയും മകനോട് ഒന്നുകൂടി ആലോചിക്കാൻ പറഞ്ഞു. അതുവരെ അനിമേഷൻ സീരീസുകളും മനസ്സിൽ പേറി നടക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്ത ഹരിനാരായണൻ തന്റെ വഴി ഇതുതന്നെയെന്ന് ആലോചിച്ച് ഉറപ്പിച്ചിരുന്നു. ടെക്നോപാർക്കിലെ ടൂൺസ് അനിമേഷനിൽ പഠിക്കാൻ ചേർന്നു. കോഴ്സിനു ശേഷം വിഎഫ്എക്സ് ആർട്ടിസ്റ്റായും അനിമേറ്ററായും കുറച്ചുകാലം മുംബൈയിലെയും യുകെയിലെയും കാനഡയിലെയും മേജർ സ്റ്റുഡിയോകളിൽ ജോലി ചെയ്തു. ‘ഡ്രീംവർക്സ് അനിമേഷനി’ലും ‘ലണ്ടൻ ഇൻഡസ്ട്രിയൽ ലൈറ്റ് ആൻഡ് മാജിക്കി’ലും പ്രവർത്തിച്ചത് ഹോളിവുഡിലേക്കുള്ള പ്രവേശനം എളുപ്പമാക്കി. തുടർന്ന് കാനഡയിൽ ‘സോണി പിക്ചേഴ്സ് ഇമേജ് വർക്സി’ലെത്തി.
സ്റ്റീവൻ സ്പിൽബർഗ് അടക്കമുള്ള സംവിധായരുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചതാണ് കരിയറിൽ മുന്നേറാൻ സഹായിച്ചതെന്നു ഹരിനാരായണൺ പറയുന്നു. ‘‘അവിടെ സിനിമ നിർമാണം ഏറെക്കാലം നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്. അനിമേറ്റഡ് സിനിമകളുടെ പ്ലാനിങ് വളരെ നേരത്തേ ആരംഭിക്കും. വലിയൊരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുള്ള സ്റ്റുഡിയോകളിലിരുന്ന് ഒട്ടേറെപ്പേർ ജോലിയെടുക്കുന്നുണ്ടാകും. അക്കൂട്ടത്തിൽ സംവിധായകരും ക്രിയേറ്റീവ് യൂണിറ്റുകളുമുണ്ടാകും. കഥാപാത്രത്തിന്റെ മുഖം, നോട്ടം, ചലനങ്ങൾ, ആയുധങ്ങൾ പ്രയോഗിക്കുന്ന രീതി ഒക്കെയും സൂക്ഷ്മമായി സൃഷ്ടിച്ചെടുക്കണം. ഏറെ ചർച്ചകളിലൂടെയാണ് ഓരോ കഥാപാത്രവും പൂർണരൂപം പ്രാപിക്കുന്നത്.’’
വിഇഎസ് പുരസ്കാര നേട്ടത്തിനു മുൻപു തന്നെ ഹരിനാരായണനിലെ പ്രതിഭയെ തിരിച്ചറിഞ്ഞവരിൽ ഒരാൾ സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു. അദ്ദേഹത്തിന്റെ‘റെഡി പ്ലെയർ വൺ’ എന്ന സിനിമയ്ക്കു വേണ്ടി ഹരിനാരായണൻ ചെയ്ത സ്വീകൻസുകൾ പ്രശംസ നേടിയിരുന്നു. അനിമേഷനു പുറമെ ചലച്ചിത്രനിർമാണത്തിലും കൈവച്ച ഹരിനാരായണൻ സംവിധാനം ചെയ്ത ‘സാവ’, ‘അടിമ’ എന്നീ ഹ്രസ്വചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി. ‘സാവ’ ഫ്രഞ്ചിലാണ് നിർമിച്ചിരിക്കുന്നത്. മലയാളത്തിൽ ‘ഗുണ്ണാസ്’ എന്ന പേരിലുള്ള ഹ്രസ്വചിത്രവും ഒരുക്കി.
‘‘സിനിമ പൂർണതയുടെ കലയാണെന്നു ഞാൻ വിശ്വസിക്കുന്നു. ഭാവനയനുസരിച്ച് അവിടെ ഏതു ജോലിയും ചെയ്യാം. എന്നും അനിമേറ്ററോ സംവിധായകനോ മാത്രമായിരിക്കണമെന്ന് ഞാൻ കരുതുന്നില്ല. എഴുത്തും എഡിറ്റിങ്ങും കൊറിയോഗ്രഫിയും വിഎഫ്എക്സും ഉൾപ്പെടെ ഇപ്പോൾ ചെയ്യുന്നുണ്ട്.’’ വാൻകൂവർ കേന്ദ്രമാക്കിയാണ് ഹരി നാരായണന്റെ ഇപ്പോഴത്തെ സിനിമാ പ്രവർത്തനം.
കലിഫോർണിയയിലെ പ്രശസ്തമായ ബെവേർലി ഹിൽസിലായിരുന്നു വിഇഎസ് പുരസ്കാരച്ചടങ്ങ്. ‘സ്പൈഡർമാൻ 2’, ‘സ്പെഡർമാൻ നോ വേ ഹോം’ എന്നീ ചിത്രങ്ങളിലെ ഓട്ടോ ഒക്ടേവിയസിലൂടെ പ്രശസ്തനായ ആൽഫ്രഡ് മോലിനയാണ് പുരസ്കാരം സമ്മാനിച്ചത്. അവാർഡ് പ്രഖ്യാപനം വന്നപ്പോൾ വാങ്ങാൻ പോകില്ലെന്ന് ഹരിനാരായണൻ വീട്ടുകാരോടു പറഞ്ഞു. കാരണം കോട്ടു ധരിച്ച് പോകാൻ വയ്യ. ഒടുവിൽ അച്ഛന്റെ നിർബന്ധം സഹിക്കവയ്യാതെ, പുരസ്കാരം സ്വീകരിച്ചു നിൽക്കുന്ന ചിത്രത്തിനു വേണ്ടി മാത്രം കോട്ടിടുകയായിരുന്നു.