ADVERTISEMENT

പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രമാണ് തന്നിൽ ആവേശമുണ്ടാക്കിയതെന്ന് നിർമാതാവ് എസ്. ജോർജ്. ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിൽ തനിക്കേറ്റവും വലിയ എക്സൈറ്റ്മെന്റ് ഉണ്ടാക്കിയ ചിത്രമാണ് പുഴുവെന്നും ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ജോർജിന്റെ വാക്കുകൾ:

ആലുവയിൽ വൺ സിനിമയുടെ സെറ്റില്‍ രത്തീനയും ഹര്‍ഷദും മമ്മൂക്കയെ കണ്ട് തിരിച്ചു പോയ ശേഷം ഞാന്‍ കാരവാനിലേക്ക് വിളിക്കപ്പെട്ടു. ജോർജേ, രത്തീനയുടെ ആ സിനിമ നമുക്ക് ചെയ്യാം, ജോര്‍ജ് പ്രൊഡ്യൂസ് ചെയ്‌തോളൂ.– ഇതായിരുന്നു മമ്മൂക്കയുടെ വാക്കുകൾ.

പക്ഷേ പിന്നീട് വന്ന പാന്‍ഡമിക് അവസ്ഥ കാരണം ആ സിനിമ നടന്നില്ല. പിന്നെയും കുറേ നാള്‍ കഴിഞ്ഞ് ഞങ്ങൾ പുഴുവിന്റെ സബ്ജക്റ്റിലേക്ക് എത്തി. വളരെ വലിയൊരു കാന്‍വാസിലുള്ള സിനിമയല്ലെങ്കിലും ഉള്ളത് മനോഹരമായും പെര്‍ഫെക്ടായും പ്രൊഡക്‌ഷൻ ചെയ്തു തീര്‍ക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് ഡിസ്‌കഷനായി എഴുത്തുകാരായ ഹര്‍ഷദും ഷറഫുവും സുഹാസും രത്തീനയോടൊപ്പം മമ്മൂക്കയുടെ വീട്ടിലെത്തി.

മുഴുവന്‍ സ്ക്രിപ്റ്റും കേട്ടു കഴിഞ്ഞപ്പൊഴേ ഇത് മമ്മൂക്ക ഇതുവരെ ചെയ്തപോലുള്ള ഒരു കഥാപാത്രമല്ല എന്നത് വലിയ ആവേശമുണ്ടാക്കിയിരുന്നു. പ്രൊഡക്‌ഷന്‍ പങ്കാളികളായി സുഹൃത്തുക്കളായ ശ്യാം മോഹനും റെനീഷും രാജേഷ് കൃഷ്ണയും കൂടെ കൂടി. കാസ്റ്റിങ്ങിലായാലും ക്രൂവിലായാലും ഏറ്റവും ബെസ്റ്റ് തന്നെ കൊടുക്കണം എന്ന തീരുമാനത്തിലാണ് പാര്‍വതിയും തേനി ഈശ്വറും ജെയ്ക്‌സ് ബിജോയും മനു ജഗത്തും ദീപു ജോസഫും സമീറയും ബാദുഷയും പ്രോജക്ടിലേക്ക് വരുന്നത്. ചാര്‍ട്ട് ചെയ്തതിലും കുറഞ്ഞ ദിവസത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും എക്‌സൈറ്റ്‌മെന്റുണ്ടാക്കിയ പ്രോജക്ടാണ് പുഴു. അതിലേറ്റവും പ്രധാനം പ്രിയപ്പെട്ട മമ്മൂക്കയുടെ കഥാപാത്രം തന്നെ! ഒടുവില്‍ ഞങ്ങളുടെ ഈ പുഴു സോണി ലിവിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്. ഈ സിനിമ ഭംഗിയായി പൂർത്തിയാക്കുന്നതിൽ തുടക്കത്തിലെ കോവിഡ് കാലം മുതൽ ഇന്നുവരെ കൂടെ നിന്ന് എല്ലാ സഹായസഹകരണങ്ങളും ചെയ്തു തന്ന ഓരോരുത്തരെയും ഈ സന്ദർഭത്തിൽ നന്ദിപൂർവം ഓർക്കുന്നു. ഈ പുഴുവിനെ നിങ്ങളേവരും ഏറ്റെടുക്കും എന്ന വിശ്വാസത്തോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com