ADVERTISEMENT

ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങളിലൂടെ ജീവിതഗന്ധിയായ കഥപറഞ്ഞ സൗഹൃദ കൂട്ടായ്മയാണ് പ്രജേഷ് സെൻ-ജയസൂര്യ. യഥാർഥ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത ചോരപൊടിയുന്ന ഈ ചിത്രങ്ങൾ മലയാളിയെ ഒട്ടൊന്നുമല്ല കരയിപ്പിച്ചത്.  ഈ സൗഹൃദ കൂട്ടായ്മയുടെ പുതിയ ചിത്രമായ മേരി ആവാസ് സുനോയും മറ്റൊരു ജീവിതകാഴ്ചയിലേക്കാണ് ആരാധകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച ശങ്കര്‍ എന്ന കഥാപാത്രം മാഹിർ ഖാൻ എന്ന ആളുടെ ജീവിതത്തിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്.

 

ശങ്കർ എന്ന ഏറെ ആരാധകവൃന്ദമുള്ള ആർജെ യും അദ്ദേഹത്തിന്റെ കുടുംബവും സ്‌ക്രീനിൽ വിതുമ്പലടക്കുമ്പോൾ നെഞ്ച് പൊടിഞ്ഞു തിയറ്ററിൽ മറ്റൊരു കുടുംബവുമുണ്ടായിരുന്നു.  യഥാർഥ ജീവിതത്തിൽ ശങ്കറിന്റെ അവസ്ഥയിലൂടെ കടന്നുപോയ തിരുവനന്തപുരം അമ്പലത്തറ സ്വദേശി മാഹിർ ഖാനും കുടുംബവുമാണത്.  അഭിനയമായിരുന്നു മാഹിറിന് എല്ലാം.  ചെറുതും വലുതുമായി ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച മഹീർ മോഡലിങിലും ഒരു കൈ നോക്കിയിരുന്നു.  ഘനഗംഭീര ശബ്ദത്തിനുടമയായ ഈ താരത്തിന് സിനിമയിൽ മികച്ച അവസരങ്ങൾ തേടിയെത്തിയ സമയത്തുതന്നെയാണ് വിധി മറ്റൊരു രൂപത്തിൽ ജീവിതത്തിൽ വില്ലനായെത്തിയത്.  

manju-mahir

 

prajesh-mahir

കുടുംബത്തിന്റെ സ്‌നേഹപൂർണമായ പരിചരണവും എലിസബത്ത് ഐപ്പ് എന്ന ഡോക്ടറുടെ സമയോചിതമായ ഇടപെടലും മൂലം ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തൊഴിലിന് ഏറെ ആവശ്യമായ ശബ്ദം മാഹിറിന് നഷ്ടപ്പെട്ടിരുന്നു. പക്ഷേ ആത്മവിശ്വാസം കൈവിടാതെ ഏത്  പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കരുത്ത് മാഹിറിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നു.  ഒരു പുതിയ കഥ തേടിക്കൊണ്ടിരുന്ന പ്രജേഷ് സെന്നിനെ സുഹൃത്തായ സനീഷ് ആണ് മാഹിറിന് മുന്നിലെത്തിക്കുന്നത്. 

sshivada-mahir

 

jayasurya-mahir-3

മാഹിറിന്റെ കഥ കേട്ട പ്രജേഷ് അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തിക്കണമെന്നു ആഗ്രഹിച്ചു.  ആ ആഗ്രഹമാണ് ആർജെ യുടെ കഥപറയുന്ന മേരി ആവാസ് സുനോ ആയി മാറിയത്.  ജീവിതത്തിലെ തന്നെക്കാൾ സിനിമയിലെ ജയസൂര്യ തന്നെ ഞെട്ടിച്ചുവെന്ന് മാഹിർ ഖാൻ പറയുന്നു.  മേരി ആവാസ് സുനോ തന്റെ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവായിരിക്കും എന്നും മാഹിർ ഖാൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.   

mahir-police

 

‘എന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ കേട്ട പ്രജേഷ് സെൻ എന്റെ കഥ സിനിമയാക്കാമോ എന്ന് എന്നോട് ചോദിച്ചു.  ഞാൻ അത് സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു.  പത്തിരുപതു ദിവസത്തോളം പ്രജേഷ്, മഞ്ജു വാരിയർ, ജയസൂര്യ, ശിവദ തുടങ്ങി എല്ലാവരോടുമൊപ്പം ലൊക്കേഷനിൽ ചെലവഴിക്കാൻ കഴിഞ്ഞു. പൊലീസുകാരനായി ഒരു ചെറിയ വേഷത്തിൽ അഭിനയിക്കാനും കഴിഞ്ഞു.  എന്റെ സുഹൃത്ത് സനീഷും ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ട്.  എന്നെ കണ്ട് എന്റെ മാനറിസങ്ങൾ പരിചയിച്ച ജയേട്ടൻ (ജയസൂര്യ) എന്നെക്കാൾ നന്നായി സിനിമയിൽ ജീവിച്ചിട്ടുണ്ട്.  സിനിമയിലെ പല രംഗങ്ങളും കണ്ടു എന്റെയും കുടുംബത്തിന്റെയും കണ്ണ് നനഞ്ഞു.  ഞാൻ അനുഭവിച്ച ദുരിതങ്ങളും വിഷമങ്ങളുമെല്ലാം വീണ്ടും എന്റെ മുന്നിൽ കൂടി ഓടിക്കൊണ്ടിരിക്കുകയാണ്.  ഈ സിനിമ എല്ലാവരും കാണണം കാരണം നമുക്ക് നഷ്ടപ്പെട്ടുപോയി എന്ന് കരുതുന്ന ജീവിതം തിരിച്ചു കൊണ്ടുവരാൻ ചിലപ്പോൾ ഈ സിനിമ ഒരു കാരണമായേക്കാം.  

 

എന്റെ ജീവിതത്തിൽ ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്ന് കരുതിയ ഞാൻ തിരിച്ചു വരാൻ കാരണം എന്റെ ഭാര്യ സജീലയും ഡോക്ടർ എലിസബത്ത് ഐപ്പുമാണ്.  കരിയർ നഷ്ടപ്പെട്ട എനിക്ക് വീണ്ടും അഭിനയലോകത്തേക്ക് മടങ്ങിവരണമെന്ന അതിയായ ആഗ്രഹമുണ്ട്. പല  വാതിലിലും മുട്ടി. പക്ഷേ ശബ്ദമില്ലാത്തവനെ അഭിനയിപ്പിക്കാൻ എല്ലാവർക്കും ധൈര്യമുണ്ടാകില്ലല്ലോ.  ഇപ്പോൾ ചിലരൊക്കെ ആ ധൈര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്.  ഒന്നുരണ്ടു സീരിയലിൽ ചാൻസ് കിട്ടി. 

 

പ്രജേഷ് സെൻ എന്റെ കഥ സിനിമയാക്കിയതും എനിക്ക് അതിലൊരു വേഷം തന്നതും എല്ലാം മനസ്സിൽ ശുഭപ്രതീക്ഷ നിറയ്ക്കുകയാണ്.    പ്രിയപ്പെട്ട മലയാളികൾ എല്ലാം ഈ സിനിമ കാണണം എന്ന് ഞാനും എന്റെ കുടുംബവും അഭ്യർത്ഥിക്കുന്നു. പ്രജേഷ് സെൻ, ജയേട്ടൻ മഞ്ജു വാരിയർ തുടങ്ങി സിനിമയുടെ ഭാഗമായ എല്ലാവരോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.’–മാഹിർ പറഞ്ഞു.

 

ആർ ജെ ശങ്കർ ആയി ജയസൂര്യ ജീവിക്കുമ്പോൾ ഡോക്ടർ രശ്മിയായി മഞ്ജു വാരിയർ ചിത്രത്തിലെത്തുന്നു.  ശങ്കറിന്റെ ഭാര്യയായി ശിവദയും മനസ്സുകൾ കീഴടക്കുന്നു.  ജോണി ആന്റണി വളരെ വ്യത്യസ്തമായ ഒരു വേഷത്തിൽ ഈ ചിത്രത്തിലെത്തുന്നു.  നീണ്ട ഒരിടവേളയ്ക്ക് ശേഷം ഗൗതമി നായർ ഒരു മുഴുനീള കഥാപാത്രമായി മേരി ആവാസ് സുനോയിൽ എത്തുന്നുണ്ട്. വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രത്യേകതയാണ്. വരും ദിവസങ്ങളിലിൽ മാഹിറിന്റെയും ശങ്കറിന്റെയും കഥ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com