‘അച്ഛനെ ആശുപത്രിയിലെത്തിക്കാൻ പണം ചോദിച്ച നടനെ അധിക്ഷേപിച്ചവരുണ്ട്’

joly-joseph
ജോളി ജോസഫ്
SHARE

പണമില്ലാതെ കടം പറഞ്ഞും മറ്റുള്ളവരെ പ്രലോഭിപ്പിച്ചും പറ്റിച്ചും സിനിമയെടുക്കുന്ന ഹൃദയമില്ലാത്ത കഴുകന്മാരുടെ എണ്ണം മലയാളത്തിൽ കൂടുകയാണെന്ന് നിര്‍മാതാവ് ജോളി ജോസഫ്. പാവങ്ങളായ പലരും സത്യം പറയാൻ മടിക്കുന്നത് നാളെയും സിനിമയിൽ നിൽക്കണം എന്ന ആഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

ജോളി ജോസഫിന്റെ വാക്കുകൾ:

സിനിമ വ്യവസായത്തിൽ ചതിക്കപ്പെടുന്ന ജീവിതങ്ങൾ

സിനിമയെന്നാൽ ‘നുണ’യാണ് ,അതിലെ ഓരോ ഫ്രെയിമും നുണകളുടെ കൂമ്പാരമാണ് ... ആധാരരേഖാ സംബന്ധിയല്ലാത്ത, വേഷക്കാരുടെ നാട്യം ചിത്രീകരിക്കുന്ന കഥകൾ സത്യമല്ല വ്യാജമാണ്, വെറും കാപട്യം മാത്രമാണ്. അതിനെ പ്രേക്ഷകന് സത്യമെന്ന് തോന്നിപ്പിക്കുന്നതിന്റെ കഴിവിലാണ് അണിയറ പ്രവർത്തകരും സിനിമകളും വിജയിക്കുക .. ഒരു സിനിമയും സത്യമല്ല, ഓരോരുത്തരുടെയും തലയിൽ ഉദിച്ച ആശയങ്ങൾ, ചിത്രീകരണങ്ങൾ മാത്രമാണ്!

പക്ഷേ അതിനുള്ളിലെ ജീവിതങ്ങൾ പലപ്പോഴും ചതിക്കപ്പെടുകയാണ്. സിനിമയെടുത്ത് എല്ലാ സമ്പാദ്യങ്ങളും കുടുംബവും ജീവിതവും നഷ്ടപ്പെട്ട ഒരുപാടു നിർമാതാക്കളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്, പലരും ഇപ്പോഴും നമ്മുടെ കൺവെട്ടത്തുമുണ്ട്. ! എല്ലാവരും നാളെയെന്ന പ്രതീക്ഷയുടെ, നന്നാവുമെന്ന സ്വപ്നത്തിന്റെ പുറകിലാണല്ലോ ഇന്ന് ജീവിക്കുന്നത്. അതിന്റെ അങ്ങേ അറ്റമാണ് സിനിമ. സിനിമയെന്നാൽ സ്വപ്നം മാത്രമല്ല പലരുടെയും ജീവിത ലക്ഷ്യം കൂടിയാണ്. സിനിമയിൽ വരുന്ന എഴുത്തുകാരും സാങ്കേതിക പ്രവർത്തകരും എന്തിന്, യൂണിറ്റിൽ ചായകൊടുക്കുന്ന ആളുകൾ വരെ അതിന്റെ പുറകിലാണ്. പക്ഷേ അതിനെ മുതലെടുക്കുന്ന, പണമില്ലാതെ കടം പറഞ്ഞും മറ്റുള്ളവരെ പ്രലോഭിപ്പിച്ചും പറ്റിച്ചും സിനിമയെടുക്കുന്ന ഹൃദയമില്ലാത്ത, കഴുകക്കണ്ണുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.

കോടികൾ ലാഭമുണ്ടാക്കിയ ഒരു നിർമാതാവിന്റെ മുൻപിൽ പെങ്ങളുടെ കല്യാണത്തിനു വേണ്ടി ഇരന്നു കരഞ്ഞ ഒരു എഡിറ്ററെ എനിക്കറിയാം, ഇന്നേവരെ ഒന്നും കൊടുത്തിട്ടില്ല. വർഷങ്ങളോളം കാത്തിരുന്ന്, അറിയപ്പെടുന്ന നടന്റെ സിനിമ തീർത്തിട്ടും പത്തിന്റെ പൈസ ഇപ്പോഴും കിട്ടാത്ത ഒരു പുതുമുഖ സംവിധായകനെയും സെറ്റിൽ ഭക്ഷണം കൊടുത്തതിന്റെ പണം കിട്ടാതെ വട്ടിപ്പലിശക്ക് കടം വാങ്ങിയവനെയും ദിവസങ്ങളോളം ഷൂട്ടിങ്ങിൽ പങ്കെടുത്തിട്ട് അച്ഛനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ ഒരൽപം പണം ചോദിച്ച നടനെ അധിക്ഷേപിച്ചവരെയും എനിക്കറിയാം.

വലിയ ആളുകളുടെ സിനിമാ പരസ്യം മാത്രം ചെയ്തതിനാൽ ജീവിതം കുട്ടിച്ചോറായ ഒരുപാവം മനുഷ്യൻ ഇപ്പോഴും എറണാകുളത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നു. സിനിമ ഇൻഡസ്‌ട്രിയൽ കൊടുത്ത വണ്ടിച്ചെക്കുകൾ കൂട്ടിവച്ചാൽ കശ്മീർ മുതൽ കന്യാകുമാരി വരെ ആറുനിര പാതയുണ്ടാക്കാം. യാതൊരു മടിയുമില്ലാതെ കൊടുത്ത, വ്യാജമായ, കാപട്യം നിറഞ്ഞ വാക്കുകൾക്ക് പിതാവ് ആരാണെന്നറിയാതെ പിറന്ന കുട്ടിയുടെ ഗതിപോലുമില്ല എന്നതാണ് വാസ്തവം.

പാവങ്ങളായ പലരും സത്യം പറയാൻ മടിക്കുന്നത് നാളെയും സിനിമയിൽ നിൽക്കണമല്ലോ എന്ന ഒരൊറ്റ കാര്യംകൊണ്ട് മാത്രമാണ്. അതുകൊണ്ടാണവർ ആരുമറിയാതെ ബാത്‌റൂമിൽ പോയി കാപട്യക്കാരുടെ മാതാപിതാക്കളെ എന്നും സ്മരിക്കുന്നത്. മലയാളത്തിലും കന്നഡയിലുമായി ഞാനും സിനിമകൾ നിർമിച്ചവനാണ്. എന്റെ ബാനർ ബോംബെയിലും എല്ലാ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും റജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. എന്റെ സിനിമകൾ പൊട്ടിയപ്പോൾ, അപ്പോഴുണ്ടായിരുന്ന ആസ്തി വിറ്റു പറഞ്ഞ പണം എല്ലാവർക്കും കൊടുത്തു കണക്കുകൾ തീർത്തു. കാരണം എന്റെ വാക്ക് എന്റെ ദൈവമാണ്. എനിക്കൊരപ്പനെയുള്ളൂ …! സിനിമ വ്യവസായത്തിൽ നന്നായി സിനിമയെടുക്കുന്ന നല്ലവരായ ഒരുപാട് ആളുകളും ഉണ്ട്. എല്ലാവരും ചീത്തയാണ് എന്നൊരിക്കലും ഞാൻ പറയില്ല. അത് സത്യവുമല്ല, പക്ഷേ ചില അട്ടകൾ വ്യവസായത്തിന്റെ പേര് കളഞ്ഞു കുളിക്കുന്നു എന്നതാണ് വാസ്തവം .

എന്നിൽനിന്നും അത്യാവശ്യം പറഞ്ഞു കരഞ്ഞു കടംവാങ്ങിയ പണം മഹാന്മാർ തിരികെ തന്നിരുന്നെങ്കിൽ നല്ല രണ്ട് സിനിമകൾ എടുക്കാമായിരുന്നു..! എന്റെ ഹോട്ടലുകളിൽ വളരെ കുറവായ മുറിവാടകയ്ക്ക് ആളുകളെ താമസിപ്പിച്ച് കോടികൾ ചെലവാക്കി പടം പിടിച്ച പലരും എനിക്ക് പണം തരാനുണ്ട് , മാസങ്ങളായി കടമാണ്. ചോദിച്ചാൽ ചിലർ കരയും. ചിലർ യാതൊരു ഉത്തരവും തരാതെ താരങ്ങളോടോടൊപ്പം വിരാജിക്കുന്നു പാർട്ടികളിൽ - മുന്തിയ ഹോട്ടലുകളിൽ ...! എന്റെ കാര്യം മാത്രമല്ല പലരുടെയും സ്ഥിതി ദയനീയമാണ്. വളരെ പ്രശസ്തരായ അവരുടെ പേരുകൾ വെളിപ്പെടുത്താത്തത് എന്റെയും പെട്ടുപോയ പലരുടെയും മര്യാദ. പക്ഷേ ഗതികെട്ടാൽ പുലി പുല്ലും തിന്നും … !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA