പന്ത്രണ്ടാമനോടൊരു ചോദ്യം: ജീത്തു ജോസഫ് അഭിമുഖം

jeethu-mohanlal
ജീത്തു ജോസഫ് മോഹൻലാലിനൊപ്പം
SHARE

ട്രെയിലറിൽത്തന്നെ ആകാംക്ഷയും ഉദ്വേഗവും നിറച്ച ട്വൽത് മാൻ (12th Man) ഹോട്സ്റ്റാറിലൂടെ ഈ മാസം 20നു റിലീസ് ചെയ്യുകയാണ്. ദൃശ്യം രണ്ടു ഭാഗങ്ങൾക്കു ശേഷം മോഹൻലാൽ– ജീത്തു ജോസഫ്– ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടു വീണ്ടും ഒന്നിക്കുമ്പോൾ, ആ പന്ത്രണ്ടാമനിൽ ഒളിപ്പിച്ചിരിക്കുന്ന സസ്പെൻസിന്റെ ഗ്രാഫ് എത്രയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. സംവിധായകൻ ജീത്തു ജോസഫ് ട്വൽത് മാൻ ഉൾപ്പെടെയുള്ള പുതിയ സിനിമകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു... 

ആ പന്ത്രണ്ടാമൻ ?

ഒരു ത്രില്ലർ എന്നതിലുപരി ട്വൽത് മാൻ ഒരു മിസ്റ്ററി സിനിമയെന്നു പറയാനാണു താൽപര്യം. ‘ആരാണ് ആ കൃത്യം ചെയ്തത്’ എന്ന ചോദ്യമൊക്കെ ഉയർത്തുന്ന തരം സിനിമ. സിനിമയെക്കുറിച്ച് ഏറെക്കാര്യങ്ങൾ അങ്ങനെ വിട്ടുപറയാൻ പറ്റില്ല. ഒരുപാട് ലോക്കേഷനുകളില്ല. എൺപതു ശതമാനവും ഒരു ഹിൽസ്റ്റേഷനിലെ റിസോർട്ടിലാണ്. കഥ പറയുന്ന രീതി മലയാളത്തിൽ അധികം പരീക്ഷിക്കാത്ത ഒരു പാറ്റേണാണ്. കോവിഡ് സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണം.

കഥ, തിരക്കഥ വന്ന വഴി 

രണ്ടു വർഷമായി ട്വൽത് മാന്റെ ചർച്ചകൾ തിരക്കഥാകൃത്ത് കെ.ആർ. കൃഷ്ണകുമാറുമായി നടന്നിരുന്നു. ഇപ്പോഴാണ് അതു യാഥാർഥ്യമായതെന്നു മാത്രം. ഈ സിനിമയുടെ തിരക്കഥയൊരുക്കൽ അത്ര എളുപ്പമായിരുന്നില്ല. അൽപം സമയമെടുത്താണു തീർത്തത്. കൃഷ്ണകുമാർ നേരത്തേ എന്റെ സുഹൃത്താണ്. മുൻപ് അദ്ദേഹം എന്നോട് ഒരു സബ്ജക്ട് പറഞ്ഞു. എനിക്കത് ഇഷ്ടപ്പെടുകയും ചെയ്തു. ഞങ്ങൾ ഒന്നിച്ചിരുന്ന് ആ കഥയിൽ വർക്ക് ചെയ്തതാണ്. അതിന്റെ സ്ക്രിപ്റ്റ് കഴിഞ്ഞ് ചർച്ചകൾ നടക്കുന്ന സമയത്താണ് ‘ട്വൽത് മാൻ’ സിനിമയുടെ ആശയം വരുന്നത്. 

jeethu-antony

ഹിന്ദിയിൽ ഞാൻ ചെയ്ത സിനിമ ‘ദ് ബോഡി’യുടെ പ്രൊഡ്യൂസറാണ് ഇതിന്റെ ആശയം തന്നത്. അതു കൃഷ്ണകുമാറുമായി ചർച്ച ചെയ്തപ്പോൾ കഥയായി. കഥ വികസിച്ചപ്പോൾ അതു ലാലേട്ടനോടു പറഞ്ഞു. അദ്ദേഹത്തിനും അതിഷ്ടമായി. അങ്ങനെ അതൊരു സിനിമയായി. കൃഷ്ണകുമാർ ആദ്യം പറഞ്ഞ കഥയാണു കൂമൻ എന്ന പേരിൽ ചെയ്ത സിനിമ. ‌‌അതിന്റെ ഷൂട്ട് കഴിഞ്ഞു. അതും ഒരു ത്രില്ലർ തന്നെയാണ്. 

റാം റീലോഡഡ്

കോവിഡിൽ മുടങ്ങിയ സിനിമ ‘റാം’ വീണ്ടും തുടങ്ങുകയാണ്. അതിന്റെ ലൊക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമാകും. യുകെയിൽ ഉൾപ്പെടെയാകും ചിത്രീകരണം. ഹിന്ദിയിൽ പുതിയ സിനിമയുടെ ചർച്ചയും നടക്കുന്നു. 

കോവിഡേ, വിട...

കോവിഡ് ബുദ്ധിമുട്ടുകൾ വിട്ടു സിനിമ പഴയ ട്രാക്കിലേക്ക് എത്തിയിട്ടുണ്ട്. നടീനടന്മാർ ഉൾപ്പെടെ തിരക്കിലേക്കു വരുന്നു. ട്വൽത് മാൻ ചിത്രീകരണത്തിന് അത്രയും നീണ്ട ആർട്ടിസ്റ്റ് നിര കിട്ടിയതുതന്നെ അതു കോവിഡ് കാലമായതുകൊണ്ടാണ്. ഇപ്പോഴാണെങ്കിൽ അത്രയും പേരെ കിട്ടുമായിരുന്നു എന്നു തോന്നുന്നില്ല. ഇപ്പോൾ തിയറ്റർ നിറഞ്ഞ് ആളുകളെ കാണുമ്പോൾ സന്തോഷം. ട്വൽത് മാൻ ഒടിടി പ്ലാൻ ചെയ്തെടുത്ത സിനിമയാണ്. സിനിമ കണ്ട പലരും തിയറ്റർ റിലീസിനെക്കുറിച്ചു പറഞ്ഞതാണ്. എന്നാൽ, ഒടിടിക്കായി നേരത്തേ കരാർ ഉറപ്പിച്ചു പോയി. 

jeethu-lal

ദൃശ്യം 3 

ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. എങ്ങനെയെങ്കിലും ഒരു മൂന്നാം ഭാഗം ഒരുക്കാനുള്ള ശ്രമമൊന്നുമില്ല. ‌‌അതിനുള്ള ആശയം തോന്നിയാൽ അതു സംഭവിക്കാം. ആലോചനയിലുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA