‘പുഴു’വിലെ എന്റെ അവസാന സീൻ ചെയ്തത് വിങ്ങലോടെ: അപ്പുണ്ണി ശശി

mammootty-appunni
SHARE

ജാതീയത കേന്ദ്ര പ്രമേയമായി അവതരിപ്പിച്ച ചിത്രം ‘പുഴു’വിൽ ബി.ആർ. കുട്ടപ്പൻ എന്ന ദലിത് നാടകപ്രവർത്തകൻ ഭാര്യ ഭാരതിയോടു പറയുന്നൊരു ഡയലോഗ് ഉണ്ട്. ‘‘മനുഷ്യൻ പോയി റോബോട്ട് വന്നാലും ഇതൊക്കെ അങ്ങനെയൊന്നും മാറൂലടോ’’ എന്ന്! സമൂഹത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന ജാതീയതയുടെ സങ്കീർണതയിലേക്ക് വിരൽ ചൂണ്ടുന്ന വാക്കുകളായിരുന്നു അത്. സിനിമ റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ, ബി.ആർ. കുട്ടപ്പനെ അവതരിപ്പിച്ച അപ്പുണ്ണി ശശിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മീമുകളിൽ പലതും ‘പുഴു’വിൽ ആ കഥാപാത്രം അനുഭവിക്കുന്ന ജാതിവെറിയുടെ ലജ്ജിപ്പിക്കുന്ന യാഥാർഥ്യങ്ങളാണ് തുറന്നു വയ്ക്കുന്നത്. ഒരു വിഭാഗം പ്രേക്ഷകർ സിനിമയെ ആഘോഷിക്കുമ്പോൾ മറ്റൊരു വിഭാഗം സിനിമയ്ക്കെതിരെ ട്രോളുകളും നെഗറ്റീവ് കമന്റുകളുമായി സജീവമാണ്. പ്രചരിക്കുന്ന ട്രോളുകളെക്കുറിച്ചും കുട്ടപ്പനെ അവതരിപ്പിച്ചതിന്റെ വൈയക്തികാനുഭവത്തെക്കുറിച്ചും തുറന്നു പറഞ്ഞ് അപ്പുണ്ണി ശശി മനോരമ ഓൺ‍‍‍‍‍‍‍‍‍ലൈനിൽ. 

മോശം കമന്റുകളും എനിക്ക് ബോണസ്

തിരക്കഥ വായിച്ചപ്പോൾ തോന്നി ഞാനെന്തൊരു ഭാഗ്യവാനാണെന്ന്! ഓരോരോ ആളുകൾക്ക് കൊടുക്കേണ്ട അടി എന്നെക്കൊണ്ട് പറയിപ്പിക്കാൻ വേണ്ടി വച്ചിരിക്കുകയല്ലേ സിനിമയിൽ! അത്രയും ശക്തമായ കാര്യങ്ങളാണ് എഴുതി വച്ചിരിക്കുന്നത്. സിനിമ കണ്ട പലരും അത്തരമൊരു ഡയലോഗ് പറയാൻ ആഗ്രഹിച്ചിട്ടുണ്ടാകും. സിനിമ ഇറങ്ങിയതിനു ശേഷം പല തരം ട്രോളുകളും കണ്ടു. എനിക്കു തോന്നുന്നത്, ഈ വിമർശിക്കുന്നവർ ശരിക്കും ആ സിനിമ രണ്ടു തവണ കണ്ടാൽ അവരുടെ വായടയും എന്നാണ്. അതാണ് അതിന്റെ മറുപടി. എനിക്കൊരു അവാർഡ് കിട്ടിയ പോലെയാണ് ഇതെല്ലാം. ഈ കിട്ടുന്നതെല്ലാം– അതായത് നല്ല കമന്റുകളും മോശം കമന്റുകളും –ബോണസ് ആയി കാണാനാണ് എനിക്കിഷ്ടം. 

എന്റെ കഥാപാത്രത്തെ നോക്കിക്കണ്ടാണല്ലോ ഇതൊക്കെ പറയുന്നത്. എന്നെക്കുറിച്ച് പറയാനും എന്റെ കഥാപാത്രത്തെക്കുറിച്ച് ചർച്ച ചെയ്യാനും മോശം കമന്റിടാനും ആളുകൾ ഉണ്ടായല്ലോ. വീട്ടിൽ വെറുതെയിരിക്കുന്ന ഒരാളെക്കുറിച്ച് മോശം കമന്റോ നല്ല കമന്റോ ഇടാൻ പറ്റില്ലല്ലോ. എനിക്ക് ഈ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയതുകൊണ്ടാണല്ലോ അവർ ഇങ്ങനെ പറയുന്നത്. എല്ലാ കാര്യത്തിലും രണ്ടു തരം ആളുകൾ ഉണ്ടാകും. അങ്ങനെയേ ഞാൻ കരുതുന്നുള്ളൂ. എനിക്കതെല്ലാം ബോണസാണ്. ഈ ട്രോളുകളൊന്നും ഒരു വിഷയമല്ല. 

സിനിമയ്‌ക്കൊരു സത്യമുണ്ട്

സോഷ്യൽ മീഡിയ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ നമ്മൾ എടുത്തു മാറ്റപ്പെടും. എന്റെ അഭിപ്രായത്തിൽ നമ്മൾ നമ്മുടെ പണിയെടുത്താൽ മതി. എന്നോടു തട്ടിക്കയറി സംസാരിക്കുന്നവരോടും പാകമല്ലാത്ത വർത്തമാനം പറയുന്നവരോടും ന്യായമായും ഞാൻ പ്രതികരിച്ചിരിക്കും. ഞാൻ വന്ന രീതി സത്യസന്ധമാണ്. ആളുകളോടു പെരുമാറുന്നത് സത്യസന്ധ്യമായാണ്. ആരോടും ഒരു കള്ളത്തരവും കാണിക്കില്ല. കല സത്യമാണ്. സിനിമ സത്യമാണ്. ഇതിൽ നമ്മൾ സത്യസന്ധമായി നിന്നില്ലെങ്കിൽ തെറിച്ചു പോകുമെന്ന് ഉറപ്പ്. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയാൻ നിരവധി പേരുണ്ട്. അവർ അതു പറഞ്ഞോട്ടെ. 

ആ സീൻ ചെയ്തത് വിങ്ങലോടെ

ജീവിതത്തിൽ ഏറെ കാത്തിരിപ്പിനു ശേഷമാണ് എനിക്കൊരു കുഞ്ഞുണ്ടായത്; വിവാഹം ചെയ്ത് 11 വർഷത്തിനു ശേഷം. സിനിമയിൽ കുഞ്ഞുമായി ബന്ധപ്പെട്ട രംഗങ്ങൾ ചെയ്യുമ്പോൾ ഉള്ളിൽ ഭയങ്കരമായ വിങ്ങലുണ്ടായിരുന്നു. ഞാൻ ഇമോഷനലായിരുന്നു. പ്രത്യേകിച്ചും മമ്മൂക്കയുമൊത്തുള്ള അവസാന രംഗം. ജീവിതത്തിലെ അനുഭവങ്ങൾ നമ്മെ സ്വാധീനിക്കുമല്ലോ. എനിക്ക് നാലു പെങ്ങന്മാരാണ്. ഇവരൊക്കെ വീട്ടിലുള്ള കാലത്ത് പാതിരയ്ക്കാണ് ഞാൻ വീട്ടിൽ കയറി വരിക. നാടകം കളിച്ചു കഴിഞ്ഞു വരുമ്പോൾ ആ നേരമാകും. അപ്പോൾ അച്ഛൻ പറയും, ‘‘നീ ഇങ്ങനെ നടന്നോ... നാല് പെൺകുട്ടികൾ താഴെയുണ്ടെന്ന് ഓർമ വേണം’’ എന്ന്. അല്ലാതെ ചീത്തയൊന്നും അച്ഛൻ പറയില്ല. പിന്നെപ്പിന്നെ, എനിക്ക് നാടകം ഉണ്ടാകാൻ വേണ്ടി അവർ പ്രാർഥിക്കാൻ തുടങ്ങി. കാരണം, നാടകം കൊണ്ട് ഞാൻ വരുമാനം കൊണ്ടുവരുന്നുണ്ട്. 

appunni-mammootty

പെങ്ങന്മാരിൽ ഒരാളെ അച്ഛൻ കെട്ടിച്ചു വിട്ടു. ബാക്കി മൂന്നു പേരെ ഞാൻ നാടകം കളിച്ചു കിട്ടിയ വരുമാനം കൊണ്ടാണ് വിവാഹം കഴിപ്പിച്ചു വിട്ടത്; നാടകം കളിച്ചിട്ടു മാത്രം. അവരുടെ മക്കൾക്കും വേണ്ടതൊക്കെ കൊടുത്തത് നാടകത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ്. അന്ന് സിനിമയൊന്നുമില്ല. ഇങ്ങനെയുള്ള പരിപാടികളെല്ലാം കഴിഞ്ഞ്, ചുമലിലെ ഭാരങ്ങളെല്ലാം കുറഞ്ഞതിനു ശേഷമാണ് ഞാൻ വിവാഹിതനായത്. പിന്നെ 11 വർഷം ഒരു കുഞ്ഞിനായി കാത്തിരുന്നു. അത് എന്റെ വിധി. അങ്ങനെയൊക്കെയാണ് എന്റെ ജീവിതം. ഇത്രയൊക്കെ കാര്യങ്ങൾ നമ്മുടെ മനസ്സിലുണ്ടാകും. ഒരു കഥാപാത്രം കിട്ടുമ്പോൾ അങ്ങനെ അനുഭവങ്ങൾ തേടിപ്പോകേണ്ടി വരാറില്ല.

ആഗ്രഹം കാമ്പുള്ള വേഷങ്ങൾ

എന്റെ നിറം കൊണ്ട് എനിക്ക് നല്ല കാര്യങ്ങളേ സംഭവിച്ചിട്ടുള്ളൂ. ചില സുഹൃത്തുക്കൾ എന്നെ ഉപദേശിക്കും, ഇളം നിറങ്ങളിലുള്ള ഷർട്ടുകൾ ഇടാൻ. എന്നാൽ കടുത്ത നിറങ്ങളാണ് എനിക്കിഷ്ടം. ഞാൻ അതേ ഇടാറുള്ളൂ. പല വേഷങ്ങളും എനിക്കു കിട്ടിയത് ഈ നിറം കൊണ്ടു കൂടിയാണ്. ബി.ആർ. കുട്ടപ്പനും അങ്ങനെയല്ലേ? എല്ലാ ഘടകങ്ങളും ഒത്തു വരുന്ന കഥാപാത്രം ജീവിതത്തിൽ അപൂർവമായേ സംഭവിക്കൂ. അതു സംഭവിച്ചതാണ് ഇപ്പോൾ. നാളെ ഇതിനെക്കാൾ നല്ല കഥാപാത്രം കിട്ടുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ല. അത്യാവശ്യം കാമ്പുള്ള കഥാപാത്രം കിട്ടണമെന്ന് ആഗ്രഹിക്കാനേ പറ്റൂ. സിനിമയിൽ ‘നിറഞ്ഞു നിൽക്കുന്ന’ ചില കഥാപാത്രങ്ങൾ വരും. അങ്ങനെ ‘നിൽക്കലേ’ ഉണ്ടാകൂ. ചെയ്യാനൊന്നും കാണില്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾ കിട്ടിയിട്ട് കാര്യമില്ല. അത് ചിലപ്പോൾ 25 ദിവസത്തെ ഷൂട്ട് കാണും. എന്നാൽ വേറെ ചില കഥാപാത്രങ്ങളുണ്ട്. അഞ്ചോ ആറോ ദിവസത്തെ ഷൂട്ടിങ്ങേ കാണൂ. പക്ഷേ, കാര്യമായിട്ട് എന്തെങ്കിലും ചെയ്യാനുണ്ടാകും. അതു മതി. അതാണ് എനിക്കു വേണ്ടത്. മറ്റേത് കാശു കിട്ടും. പക്ഷേ, നല്ല സംഭവങ്ങൾ കിട്ടാനാണ് പ്രാർഥന. 

appunni-parvathy

പാർവതി ഒരിക്കൽ പറഞ്ഞു, നമ്മളാണ് ഇവിടെ രാജാവെന്നു വിചാരിച്ച് അഭിനയിച്ചാൽ മതിയെന്ന്! എനിക്കത് വളരെ ഇഷ്ടമായി. അവർക്കത് പറയാൻ തോന്നുന്ന സ്നേഹമുണ്ടല്ലോ! നമുക്ക് ഉള്ളിന്റെയുള്ളിൽ നല്ല അഹങ്കാരം വേണം. എന്നാൽ അതൊരു ശ്വാസത്തിൽ പോലും പുറത്തു കാണിക്കരുത്. നമ്മൾ തരക്കേടില്ല, നമുക്ക് അത് ചെയ്യാൻ പറ്റും എന്നു വിചാരിച്ചാലേ എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റൂ. അവസരങ്ങൾ കിട്ടണമെങ്കിൽ അതു പുറത്തു കാണിക്കരുത്. കിട്ടിയാൽ നമുക്കത് കാണിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA