ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ താൽപര്യമില്ലെന്ന് പറഞ്ഞു: സുചിത്ര

suchitra
SHARE

സിനിമയിൽ സജീവമായിരുന്ന കാലത്ത് തന്റെ പേരിൽ ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിരുന്നെന്ന് നടി സുചിത്ര. ഇന്നുവരെ അവര്‍ സാമ്പത്തിക സഹായം പോലും ചോദിച്ചിട്ടില്ലെന്നും എന്നാൽ തന്റെ പേരിൽ ഒട്ടേറെ ചാരിറ്റി വർക്കുകളും സാമൂഹികപ്രവർത്തനങ്ങളും ചെയ്തിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഹിറ്റ്ലർ സിനിമയിൽ ജഗദീഷിന്റെ ജോഡിയാകാൻ വിസമ്മതം പ്രകടിപ്പിച്ച കഥയും സുചിത്ര തുറന്നുപറയുകയുണ്ടായി. മഴവില്‍ മനോരമയിൽ ജഗദീഷ് അവതാരകനായി എത്തുന്ന ‘പണം തരും പടം’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് നടി ഇക്കാര്യങ്ങൾ പങ്കുവച്ചത്.‌

ഫാൻസ്‌ അസോസിയേഷൻ

തൊണ്ണൂറുകളിൽ ഉർവശി, ശോഭന എന്നിവർ മുൻനിര താരങ്ങളായി നിൽക്കുന്ന സമയത്താണ് ഞാൻ സിനിമയിൽ എത്തുന്നത്. ആ സമയത്ത് എന്റെ പേരിൽ കാസർകോഡ് ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിരുന്നു. എനിക്ക് ശരിക്കും ചമ്മലായിരുന്നു. ഞാൻ അവരെ നിരുത്സാഹപ്പെടുത്താൻ ഒരുപാട് നോക്കി. പക്ഷേ അവർ വളരെ സീരിയസ് ആയി ചാരിറ്റി വർക്കുകളും സാമൂഹികപ്രവർത്തനങ്ങളും ചെയ്തുകൊണ്ടിരുന്നു. ഇന്നുവരെ അവർ എന്നോട് സാമ്പത്തിക സഹായമോ ഒന്നും ചോദിച്ചിട്ടില്ല. ഞാൻ അവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലല്ലോ എന്ന് ഇപ്പോൾ വിഷമം തോന്നാറുണ്ട്.

പ്രേക്ഷകരുടെ സ്നേഹം ഇന്നുമുണ്ട്

അന്നത്തെ കാലത്ത് ആരാധകരുടെ കത്തുകൾ വരുന്നത് ഇഷ്ടമായിരുന്നു. അച്ഛൻ ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. പോസ്റ്റ്മാൻ കൊണ്ടുവരുന്ന എഴുത്തുകൾ അച്ഛൻ ഫിൽറ്റർ ചെയ്തായിരുന്നു കാണിച്ചിരുന്നത്. കാരണം ചില എഴുത്തുകളിൽ കൂടുതൽ ഇമോഷൻസ് ഉള്ളത് ഉണ്ടാകും, അത് അച്ഛൻ എന്നെ കാണിക്കില്ല. കുറേ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിലെ ഒരു റൂമിൽ ഈ കത്തുകളെല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്നത് കാണാനിടയായി. വിവാഹം കഴിഞ്ഞ് അമേരിക്കയിൽ പോയിവന്നതിനു ശേഷമാണ് അതൊക്കെ കണ്ടത്. പിന്നീട് അതൊന്നും വായിക്കാൻ തോന്നിയില്ല. എന്റേതെന്ന് പറയാൻ ഒരു ഹിറ്റ് ചിത്രം ഒന്നും ഇല്ലെങ്കിൽ കൂടി ഞാൻ അർഹിക്കുന്നതിലേറെ സ്നേഹം പ്രേക്ഷകർ എനിക്ക് തന്നിട്ടുണ്ട് അതിലെനിക്ക് വളരെയധികം സന്തോഷമുണ്ട്.

ജഗദീഷിന്റെയും സിദ്ദീഖിന്റെയും നായിക

ജഗദീഷിന്റെയും സിദ്ദീഖിന്റെയും നായികയായി ടാഗ് ചെയ്യപ്പെട്ടിരുന്നു. ഈ കോമ്പിനേഷനിലുള്ള സിനിമകളല്ലാതെ ഞാൻ ചെയ്ത ചിത്രങ്ങൾ കുറവാണ്. അതൊക്കെ സൂപ്പർഹിറ്റുകളുമായിരുന്നു. ഒട്ടനവധി ചിത്രങ്ങളിൽ ജഗദീഷ്–സിദ്ദീഖ് എന്നിവരോടൊപ്പം നായികയായി അഭിനയിച്ചതിന് ശേഷം ഒരു ചേഞ്ച് വേണമെന്ന് തോന്നിയതുകൊണ്ടാണ് ഹിറ്റ്ലറിൽ അഭിനയിക്കുമ്പോൾ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണം എന്ന് സംവിധായകൻ സിദ്ദിഖിനോട് പറഞ്ഞത്. ജഗദീഷേട്ടനോട് ചർച്ച ചെയ്തതിനു ശേഷമാണ് അങ്ങനെ പറഞ്ഞത്. അതൊരിക്കലും ജഗദീഷേട്ടനോടൊപ്പം അഭിനയിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടല്ല. മറിച്ച് പ്രേക്ഷകർക്ക് ഞങ്ങളുടെ ജോഡി കണ്ടു ബോർ അടിച്ചിട്ടുണ്ടാകും എന്ന് തോന്നിയിട്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA