ADVERTISEMENT

‘കയ്യടിക്കുന്നില്ലേ?’ – തെലങ്കാനയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന വാർത്ത കണ്ടു ജന ഗണ മന എന്ന സിനിമയുടെ സംവിധായകൻ ഡിജോ ജോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണിത്. ഏതൊരു പ്രതിക്കും നിയമവ്യവസ്ഥയുടെ പരിരക്ഷ കിട്ടണമെന്നും അയാൾ കുറ്റക്കാരനാണോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഡിജോ ജോസ് പറയുന്നു. ഒരാൾ കുറ്റവാളിയാണോ എന്നു കണ്ടെത്തേണ്ടതും ശിക്ഷ വിധിക്കേണ്ടതെന്നും മാധ്യമങ്ങളോ പൊതുജനങ്ങളോ അല്ലെന്നും ഡിജോ ജോസ് മനോരമ ഓൺലൈനിനോട് പറഞ്ഞു. 2019 ൽ തെലങ്കാനയിൽ പൊലീസ് വെടിവയ്പ്പിൽ പ്രതികൾ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന സുപ്രീം കോടതിയുടെ കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ജന ഗണ മന എന്ന സിനിമയും സമാനമായ സംഭവമാണ് പറയുന്നത്.

‘‘തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്തശേഷം തീവച്ചു കൊന്ന കേസിലെ നാലു പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്ന സംഭവം ഒരു വ്യാജ ഏറ്റുമുട്ടൽ ആയിരുന്നു എന്നും പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി ശുപാർശ ചെയ്തു എന്നുമുള്ള വാർത്ത വായിച്ചു. ആ കേസ് ഞങ്ങളുടെ ജന ഗണ മന എന്ന സിനിമയിലെ കഥയുമായി ബന്ധപ്പെടുത്തി ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. തെലങ്കാനയിലെ ഏറ്റുമുട്ടൽ കേസ് ആണോ ഞങ്ങളുടെ സിനിമയുടെ കഥയായത് എന്നു ചോദിച്ചാൽ അതു തന്നെയാണെന്നു പറയാൻ പറ്റില്ല.

പൊലീസ് ഏറ്റുമുട്ടലിലൂടെ പ്രതികൾ കൊല്ലപ്പെടുന്ന കേസുകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് എന്നോട് എൻകൗണ്ടറുകളെകുറിച്ചുള്ള ഒരു അഞ്ചു മിനിറ്റ് പ്ലോട്ട് ആണ് പറഞ്ഞത്. അതിൽ നിന്നാണ് ഞങ്ങൾ കഥ വികസിപ്പിച്ചത്. പക്ഷേ ഞങ്ങൾക്ക് കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു അതാണ് ഞങ്ങൾ സിനിമയിൽ ചോദിച്ചത്. നവ്‌ജ്യോത് സിങ് സിദ്ദു പ്രതിയായ കേസിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് ഇപ്പോഴാണ് തെളിഞ്ഞത്. സിദ്ദുവിനെ പ്രതിയാക്കിയപ്പോൾത്തന്നെ ആരെങ്കിലും പോയി വെടിവച്ചു കൊന്നോ, ഇല്ലല്ലോ. അതുപോലെയുള്ള പരിഗണന എല്ലാ പ്രതികൾക്കും കിട്ടണം എന്നാണു ഞങ്ങൾ ആ സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. ഒരാളെ കുറ്റക്കാരനാണെന്നു വിധിക്കാൻ സോഷ്യൽ മീഡിയയ്ക്കോ മാധ്യമങ്ങൾക്കോ അധികാരമില്ല അതിനിവിടെ നിയമവ്യവസ്ഥയുണ്ട്. ഏതൊരു പ്രതിക്കും ആ നിയമ പരിരക്ഷ കിട്ടാൻ അവകാശമുണ്ട്. കോടതിയാണ് അയാൾ കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്തി ശിക്ഷ വിധിക്കേണ്ടത്. ജനവികാരം തെളിവായി എടുത്ത് ഒരാളെ കൊല്ലാൻ പൊലീസിനോ പൊതുജനങ്ങൾക്കോ അവകാശമില്ല.

സിനിമ എന്നത് ഫിക്‌ഷൻ ആണ്. അത് പ്രേക്ഷകരെ ആസ്വദിപ്പിക്കാനുള്ളതാണ്. ഞങ്ങൾ ജന ഗണ മനയിലൂടെ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ആ ചെയ്തത് ശരിയായിരുന്നോ അതോ നമ്മളെ തെറ്റിദ്ധരിപ്പിക്കുകയാണോ? പക്ഷേ ഞങ്ങൾ ആർക്കും ഒരു ഉത്തരവും കൊടുത്തിട്ടില്ല. ചില ചോദ്യങ്ങൾ സമൂഹത്തിലേക്ക് ഇട്ടുകൊടുക്കുകയാണ്. സിനിമയുടെ ആദ്യ പകുതിയിലെ ഹീറോയിസം കണ്ടു നമ്മൾ കൈയടിച്ചു പോയെങ്കിൽ രണ്ടാം പകുതി നാം ചെയ്തത് ശരിയാണോ എന്ന് നമ്മെ ഒന്നു ചിന്തിപ്പിക്കുകയാണ്.

സത്യം അതല്ലെങ്കിലോ എന്ന് ചിന്തിക്കാൻ ഓരോരുത്തർക്കും കഴിയണം. ഞങ്ങൾക്കും ചോദ്യങ്ങൾ മാത്രമേ ഉള്ളൂ. അന്തിമ വിധി വരേണ്ടത് കോടതിയിൽ നിന്നാണ്. അജ്മൽ കസബിനെ തൂക്കിലേറ്റാൻ വിധി വന്നത് കോടതിയിൽ നിന്നാണ്. അയാൾ തെറ്റ് ചെയ്തു, കോടതി ശിക്ഷ വിധിച്ചു, നീതി നടപ്പാക്കി. പക്ഷേ ഇവിടെ ശരിയായ തെളിവുകൾ പോലും ഇല്ലാതെ നാലു പേരുടെ ശിക്ഷ നടപ്പാക്കുകയാണ് ചെയ്തത്. ഇതുപോലെയുള്ള പല കേസുകളാണ് ഞങ്ങൾ സിനിമയിൽ പറയാൻ ശ്രമിച്ചത്

ഞാൻ ഈ ന്യൂസ് അറിഞ്ഞപ്പോൾ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിൽ ഒറ്റ വാക്കേ ഉള്ളൂ, ‘കയ്യടിക്കുന്നില്ലേ?’ എന്ന്. സിനിമയിൽ ഇതെല്ലാം തെളിയിച്ച ശേഷം പൃഥ്വിരാജിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്– ‘കയ്യടിക്കുന്നില്ലേ, പടക്കം പൊട്ടിക്കുന്നില്ലേ, ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ ഇവിടെയൊക്കെ ഷെയർ ചെയ്യുന്നില്ലേ, എന്തു സംഭവിച്ചാലും ആ നാലുപേരെ കൊല്ലണം, മീഡിയ പറയുന്നതാണോ സത്യം അതോ സത്യം പറയാനാണോ മീഡിയ?’. ഞങ്ങൾക്ക് ഈ ചോദ്യത്തിനൊന്നും ഉത്തരമില്ല ഉത്തരം പ്രേക്ഷകർ ചിന്തിച്ചു കണ്ടെത്തട്ടെ. ബിഹാർ കേസ് മുതൽ മധുവിന്റെ വിഷയം വരെ ഞങ്ങൾ അതിൽ പറയുന്നുണ്ട്. ഒരാളെ കൊന്നു കഴിഞ്ഞായിരിക്കും നമ്മൾ സത്യം അറിയുന്നത്.

സിനിമ കണ്ട് ഒരുപാടു പ്രേക്ഷകർ വിളിച്ച് ഈ അഭിപ്രായം പറഞ്ഞിരുന്നു ‘അന്ന് ഞാൻ ഇങ്ങനെയാണ് വിചാരിച്ചത്. പക്ഷേ ജന ഗണ മന കണ്ടപ്പോൾ ഇങ്ങനെ ചിന്തിക്കാൻ തോന്നി’ എന്നൊക്കെ. ഞങ്ങൾക്ക് ആ ഒരു ചോദ്യം ചോദിക്കാൻ തോന്നിയതും ഇത്തരമൊരു മെസ്സേജ് ഞങ്ങളുടെ സിനിമയിലൂടെ കൊടുക്കാൻ കഴിഞ്ഞതും വലിയൊരു ഭാഗ്യമായി കരുതുന്നു. ഇന്നിപ്പോൾ ആ ഏറ്റുമുട്ടൽ വ്യാജമായിരുന്നു എന്ന് സുപ്രീം കോടതി കണ്ടെത്തിയതും കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ശുപാർശ ചെയ്തതും നടക്കേണ്ട കാര്യമാണ്, അത് നടന്നു. അതിൽ സന്തോഷമുണ്ട്. എന്നെ ഇന്നത്തെ ഈ വാർത്ത വിളിച്ചറിയിച്ചത് എന്റെ സുഹൃത്തായ ഒരു പൊലീസുകാരനാണ് അദ്ദേഹം തമാശയായി പറഞ്ഞത് ‘ജഡ്ജി ജന ഗണ മന' കണ്ടു എന്നാണു തോന്നുന്നത്’ എന്നാണ്.’’ – ഡിജോ ആന്റണി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com