പ്രാർഥനകളിൽ നിറയുന്ന പിറന്നാൾ

HIGHLIGHTS
  • മോഹൻലാലിന്റെ അറുപത്തിരണ്ടാം ജന്മദിനത്തിൽ ആശംസകളോടെ
mohanlal-madhu
മോഹൻലാലിനൊപ്പം ഡോ. മധു വാസുദേവൻ
SHARE

‘കഴിഞ്ഞ രാത്രിയിൽ നീ നീട്ടിപ്പിടിച്ച ഉള്ളംകൈയിൽ ചുവന്നുകിടന്ന രേഖകൾ കണ്ടപ്പോൾ എനിക്കു തോന്നിപ്പോയി, നിന്നെ സംബന്ധിച്ച സകലതും എനിക്കറിയാം. രാവിലെ ഉണർന്നെണീറ്റപ്പോൾ വേറൊന്നുകൂടി ബോധ്യപ്പെട്ടു, നിന്നെപ്പറ്റി യാതൊന്നുമേ എനിക്കറിഞ്ഞുകൂടാ ! എല്ലാ അറിവുകൾക്കും മീതേ അറിഞ്ഞുകൂടാത്തതായും ചിലതുണ്ടാകും. ഈ പരമരഹസ്യം ഗ്രഹിച്ചവരായി റബ്ബേ, ഭൂമിയിൽ എത്ര പേരുണ്ടാകും!’

ജീവിതത്തിൽ പല സന്ദർഭങ്ങളിലും പ്രയോഗിക്കേണ്ടിവന്നിട്ടുള്ള ഈ പുരാതന പേർഷ്യൻ കാവ്യശകലം ഒരിക്കൽ ലാലിനും ഞാൻ അയച്ചുകൊടുത്തു. സന്ദർഭം കൃത്യമായി ഓർമയില്ല. പക്ഷേ പ്രതികരണമായി ഒരു ചുംബനമുദ്ര ലഭിച്ചിരുന്നു. സത്യത്തിൽ എപ്പോഴും പുതുതായി മാറുന്ന തോന്നൽ നൽകുന്നതുകൊണ്ടാകും, മോഹൻലാലിനെപ്പറ്റി എന്തെഴുതാൻ മുതിർന്നാലും അബുൽ ഹസൻ ഉൻസൂരി എഴുതിയതായി പറയപ്പെടുന്ന ഈ വരികൾ ഉള്ളിൽ പതഞ്ഞുയരും. അതിനു പാകത്തിൽ എന്തെങ്കിലും ഒരോർമ ഓരോ തവണയും ലാലിൽനിന്നു ലഭിച്ചുകൊണ്ടിരുന്നു.

ഏറ്റവും ഒടുവിലായി നവോദയയിൽ ‘ബറോസി’നെ നേരിൽ കാണാൻ ചെന്നപ്പോഴും മനസ്സിൽ സൂക്ഷിക്കാൻ കുറേ നല്ല അനുഭവങ്ങൾ തന്നു. ഇതിനെ എനിക്കുമാത്രം തരമാകുന്ന സൗജന്യമായി ഞാൻ കരുതുകയില്ല. സമ്പർക്കത്തിൽ വരുന്നവർക്കെല്ലാം ഇതേ സമ്മാനം ലാൽ കൊടുത്തുവിടുന്നു. ചിലർ പരസ്യപ്പെടുത്തും. ചിലർ സ്വകാര്യമായി സൂക്ഷിക്കും. എന്നെ സംബന്ധിച്ചും അങ്ങനെ ചിലതുണ്ട്, ഒളിച്ചുപിടിക്കേണ്ടതും അഭിമാനത്തോടെ എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കേണ്ടതും. രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന ഓർമക്കുറിപ്പുകൾ പലപ്പോഴായി കുറെയേറെ എഴുതി. പിന്നെയും ബാക്കി കിടക്കുന്നവയെ എന്തു ചെയ്യണമെന്നറിയാതെ ഞാൻ പ്രയാസപ്പെടുന്നു. അതിലൊന്നിനെ പ്രിയ സ്നേഹിതന്റെ പിറന്നാൾദിനത്തിൽ നിറഞ്ഞ ഹൃദയത്തോടെ പങ്കിടട്ടെ !

ലാൽ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകൾ എറണാകുളത്തും പരിസരങ്ങളിലുമാണെങ്കിൽ ചെന്നെത്താൻ ഞാൻ പരമാവധി ശ്രമിക്കും. എവിടെയും ഏതു സാഹചര്യത്തിലും കടന്നുവരാനുള്ള സ്വാതന്ത്ര്യം പണ്ടേ അനുവദിച്ചിട്ടുള്ളതിനാൽ അതിനു പൊതുവേ മുടക്കമുണ്ടാകാറില്ല. അങ്ങനെ പരിചയം വന്നവരുടെ സംഖ്യ വർഷങ്ങൾ പോകെപ്പോകെ നന്നേ പെരുകി. അതിൽ ലാലും വളരെ സഹായിച്ചു. ഓരോ ലൊക്കേഷനും വേറിട്ടതാണെന്നുവരികിലും ഏതെങ്കിലും തരത്തിലുള്ള ഓർമകളാൽ അവ തമ്മിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

പടിഞ്ഞാറൻ കൊച്ചിയിൽ പല സിനിമകളുടെയും ചിത്രീകരണത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ‘ലോക്പാലി’ന്റെ അന്തരീക്ഷം കുറേക്കൂടി സൗഹാർദപരമായി തോന്നി. അതിനാൽ രണ്ടാമതും പോകാൻ തീരുമാനിച്ചപ്പോൾ നേരത്തേ എത്തണമെന്നു നിശ്ചയമെടുത്തിരുന്നു. പക്ഷേ വൈകിപ്പോയി. ചെന്നുകയറിയപ്പോൾ ഉച്ച കഴിഞ്ഞു. രാവിലെ സൂചന കൊടുത്തതിനാലാകാം തിരക്കിനിടയിലും ‘എന്തുപറ്റി വൈകാൻ’ എന്നു ലാൽ ചോദിക്കാതിരുന്നില്ല. ഉപചാര മര്യാദകളിൽ ഈ നടനെ മറികടക്കാൻ തൽക്കാലം വേറൊരാളില്ലല്ലോ! മോണിറ്ററിനു മുന്നിലേക്കു വിളിച്ചിരുത്തിയതിൽപോലും കരുതൽ കാണാനുണ്ടായിരുന്നു. ഇത്തരത്തിൽ ഷൂട്ടിങ് കണ്ടും ഇടനേരങ്ങളിൽ വർത്തമാനം പറഞ്ഞും ലാലിനെ സന്ദർശിക്കാൻ ദൂരങ്ങളിൽനിന്നു വന്നെത്തിയ മിത്രങ്ങളുമായി വഷളത്തരങ്ങൾ പങ്കുവച്ചും സമയം മുന്നോട്ടുപോയിക്കൊണ്ടിരുന്നു.

വീട്ടുമുറ്റത്തെ തണൽമരത്തിനു കീഴിൽ ഞങ്ങൾ രണ്ടുപേർ മാത്രമായി സംസാരിച്ചുകൊണ്ടിരിക്കം, ഒരു വൃദ്ധരൂപം മുന്നിലേക്കു കടന്നുവന്നു. നിറം മങ്ങിയ മുണ്ടും നേര്യതും വേഷം. നെറ്റിവിയർപ്പിൽ ചന്ദനക്കുറി പടർന്നു വ്യാപിച്ചിരുന്നു. മരിച്ച മീനുകളുടെ കണ്ണുകൾപോലെ അതിദീനമായ നോട്ടം. മെലിഞ്ഞ വിരലുകൾ തൊഴുതുപിടിച്ചപ്പോൾ ഞരമ്പു പിടച്ച കൈത്തണ്ടയിൽ എല്ലുകൾ തെളിഞ്ഞുകണ്ടു. ലാൽ എഴുന്നേറ്റുനിന്നു. അവരുടെ കൈകൾ സ്വന്തം കൈകൾക്കുള്ളിലാക്കി. സെക്യൂരിറ്റി കൊണ്ടുവന്നിട്ട കസേരയിൽ ലാൽ അവരെ കനിവോടെ ഇരുത്തി. പറയാൻ വന്നതെല്ലാം തൊണ്ടയിൽ കുരുങ്ങിയതുപോലെ അവർ പകച്ചു. കൂടെവന്ന ചെറുപ്പക്കാരനെ ചരിഞ്ഞുനോക്കി. ലാൽ വിളിച്ചപ്പോൾ അയാൾ നേരിയ ഭയത്തോടെ മുമ്പോട്ടു നീങ്ങിനിന്നു. തുടക്കമെന്നോണം അവരെ ലൊക്കേഷനിൽ എത്തിച്ച പരിചയമാർഗം വിശദമാക്കി. അതുകഴിഞ്ഞ് സ്വന്തം സ്ഥലവും ഇവിടെ വരാനുണ്ടായ സാഹചര്യവും പറഞ്ഞു:

‘‘ലാലേട്ടനെ കാണാൻവേണ്ടി അപ്പച്ചി ഒരു ആഗ്രഹം പറഞ്ഞു. അതാ വന്നേ. അപ്പച്ചീടെ മകന് ഒട്ടും വയ്യ, മൂന്നാമത്തെ സ്റ്റേജും കഴിഞ്ഞു. ഞങ്ങളെക്കൊണ്ട് ഒന്നും സാധിക്കുന്നില്ല.’’

അടുത്തവരിയിൽ അയാൾ പതറി നിർത്തി. ബാക്കി കേൾക്കാൻ ലാൽ താൽപര്യപ്പെടുന്നതായി മനസ്സിലായതോടെ ആ അമ്മയുടെ നിസ്സഹായതയും പരിതാപകരമായ സ്ഥിതിയും അയാൾ കുറഞ്ഞ വാക്കുകളിൽ അവതരിപ്പിച്ചു. ലാൽ ശ്രദ്ധയോടെ കേട്ടു. മാരകരോഗത്തോടു മല്ലിടുന്ന ഏക മകന്റെ ജീവൻ നിലനിന്നു കാണാൻ ദയാലുക്കളുടെ കൃപ തേടി അലയുന്ന പാവം അമ്മയെ ലാൽ ചേർത്തുപിടിച്ചു,

‘‘ശരിയാവും, വിഷമിക്കേണ്ട, അമ്മാ.’’

ലാൽ അവരെ കാരുണ്യപൂർവം ആശ്വസിപ്പിച്ചു. സെറ്റിലുണ്ടായിരുന്ന ആന്റണിയും പൊടുന്നനേ വന്നെത്തി. ലാൽ ഒന്നു നോക്കിയതേയുള്ളൂ. വാക്കുകളോ നിർദേശങ്ങളോ അവർക്കിടയിൽ ഉണ്ടായില്ല. അടുത്തനിമിഷം അമ്മയുടെ സഹായിയെ ആന്റണി വിളിച്ചുകൊണ്ടുപോയി. അവരുടെ സംഭാഷണം വളരെ പെട്ടെന്നു കഴിഞ്ഞു. തിരികെ വന്നപ്പോൾ അയാളുടെ മുഖം നന്നേ പ്രകാശിച്ചുകണ്ടു. അപ്പച്ചിയുടെ ചെവിയിൽ അയാൾ എന്തോ സ്വകാര്യം പറഞ്ഞു. അവർ കോന്തല കൊണ്ട്, തുളുമ്പിവന്ന കണ്ണുനീർത്തുള്ളികൾ തുടച്ചു. ലാലിനെ കെട്ടിപ്പിടിച്ചു.

‘‘അമ്മാ, ഒന്നുകൊണ്ടും പേടിക്കേണ്ട. സമാധാനമായി പൊക്കോളൂ. ഞാൻ വേണ്ടതു ചെയ്യാം. മകനുവേണ്ടി ഞാനും പ്രാർഥിക്കാം.’’

ഇടറിയ കാലടികളോടെ അവർ നടന്നുമറഞ്ഞു. ലാൽ അൽപനേരം അവർ പോയ വഴിയിലേക്കു നോക്കിയിരുന്നു. ഉള്ളിലെ അസ്വസ്ഥത എനിക്കു മനസ്സിലായി. സന്ദർഭത്തിനു ചേരാത്തതിനാൽ രസത്തിൽ മുന്നേറിയ വർത്തമാനം ഞങ്ങളും ഉപേക്ഷിച്ചുകളഞ്ഞു.

അന്നത്തെ കോംബിനേഷൻ സീനുകൾ ഏഴു മണിയോടെ കഴിഞ്ഞു. ലാലിനൊപ്പം ഞാനും തേവരയിലെ വീട്ടിലേക്കുപോയി. അവിടെ എത്തിയതേ ലാൽ തിടുക്കത്തിൽ മുകളിലേക്കു നടന്നു - ‘കുളിച്ചിട്ടു വരാം.’ ഞാൻ സ്വീകരണമുറിയിൽ ഇരുന്നു. ഉൾച്ചമയങ്ങളിലും ചുമരുകളിൽ പതിപ്പിച്ച വർണചിത്രങ്ങളിലും മുറിയുടെ കോണുകളിലായി വിന്യസിച്ച പലതരം ശില്പങ്ങളിലും കണ്ണുകൾ കൗതുകത്തോടെ കയറിയിറങ്ങി. എന്തിലും ഏതിലും സൗന്ദര്യാനുഭൂതികൾ തിരയുന്ന കലോപാസകൻ സഞ്ചരിക്കുന്ന വിസ്മയപഥങ്ങൾ എന്നെയും ക്ഷണിച്ചുകൊണ്ടുപോയി.

കുളി കഴിഞ്ഞുവരാൻ ലാൽ പതിവിലേറെ സമയമെടുത്തതുപോലെ തോന്നി. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന കഠിനാധ്വാനം കഴുകി വൃത്തിയാക്കപ്പെട്ടു. ഉന്മേഷം പുനർജനിച്ചു. മുഖം പിന്നെയും പ്രകാശഭരിതമായി. ഫോൺ തിരിച്ചുമറിച്ചു നോക്കിയശേഷം ലാൽ അടുത്തുവന്നിരുന്നു.

‘‘വിസ്തരിച്ചുള്ള നീരാട്ടായിരുന്നല്ലോ !’’

ഞാൻ സംഭാഷണം തുടങ്ങിയിട്ടു.

‘‘ഹേ, ഇല്ല, കുളിയൊക്കെ വേഗം കഴിഞ്ഞു. പിന്നെ കുറച്ചുനേരം പ്രാർഥിച്ചു. വൈകുന്നേരം ലൊക്കേഷനിൽ വന്ന അമ്മയെ ഓർക്കുന്നില്ലേ, അവരോടു ഞാൻ പ്രാർഥിക്കാമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു, നന്നായി പ്രാർഥിച്ചു. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ! അസുഖം വേഗം സുഖപ്പെടട്ടെ. പാവം!’’

ഞാൻ അക്ഷരാർഥത്തിൽ അതിശയിച്ചുപോയി. വാക്കുകൾ ഉറവിടത്തിൽ വച്ചുതന്നെ വറ്റിപ്പോയിരിക്കുന്നു. പ്രാർഥിക്കുമെന്നു ലാൽ പറഞ്ഞ കാര്യം ആ അമ്മ പോലും മറന്നിട്ടുണ്ടാവും, പക്ഷേ ലാൽ ഓർത്തുവച്ചിരിക്കുന്നു! കൊടുത്ത വാക്കിനെ ലാൽ വെറും വാക്കാക്കിയില്ല. തീർത്തും അപരിചിതമായ ഈ യാഥാർഥ്യം ഉൾക്കൊള്ളാൻ ഞാൻ വളരെ ക്ലേശിച്ചു. കാപ്പി കുടിച്ചശേഷം, വെളിയിൽ അലങ്കാരത്തിനുവേണ്ടി സൂക്ഷിച്ചിട്ടുള്ള വഞ്ചിയുടെ സമീപത്തു പോയിരുന്നപ്പോഴും ഞാൻ അതുതന്നെ ചിന്തിച്ചുകൊണ്ടിരുന്നു.

രാത്രി പതിനൊന്നുമണിയോടെ, ലാൽ ഏർപ്പാടാക്കിത്തന്ന വണ്ടിയിൽ ഞാൻ കാക്കനാട്ടെ വീട്ടിലേക്കു മടങ്ങി. അതിനിടെ പെട്ടെന്നുണ്ടായ തോന്നലിൽ ലാലിനു ഞാൻ ഒരു സന്ദേശമയച്ചു, പ്രാർഥനയെപ്പറ്റി ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മഹത്തായ നിർവചനം.

‘ശരിയായ പ്രാർഥന, പ്രാണൻ ദൈവത്തോടു പറയുന്നതാവണം. അതിനെ ചുണ്ടുകൾ കേൾക്കാൻ പാടില്ല. ജപമാലയിലെ മുത്തുകൾ കേൾക്കാൻ പാടില്ല. പ്രാർഥിക്കുന്നയാൾപോലും കേൾക്കാൻ പാടില്ല. അങ്ങനെയുള്ള പ്രാർഥനകൾ എപ്പോഴും സ്വീകരിക്കപ്പെടും.’- ബുല്ലേ ഷാ.

മുൻപരിചയങ്ങളൊന്നുമില്ലാത്ത, ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്ത ഏതോ സഹോദരനു വേണ്ടി ലാൽ നിർവഹിച്ച നിർമലമായ പ്രാർഥനയെ ഞാൻ ഈ ഗണത്തിൽ ചേർക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള വിശുദ്ധമായ പ്രാർഥന, അതാരുടേതായാലും അതിനെ ദൈവം കേട്ടില്ലെന്നു വരുമോ?

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA