കഥകൾ കെട്ടഴിഞ്ഞു വീണ ആ രാത്രി; പറഞ്ഞുതീരാതെ ലാലേട്ടൻ

krishnakumar-mohanlal
മോഹൻലാലിനൊപ്പം കെ.ആർ. കൃഷ്ണകുമാർ
SHARE

മോഹൻലാലിന്റെ ചെറുപ്പക്കാരായ ആരാധകരോടു ഞാൻ പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾക്കില്ലാത്തൊരു ഭാഗ്യം എന്റെ തലമുറയ്ക്ക് ഉണ്ടായിട്ടുണ്ട്. മണ്ണാറത്തൊടി ജയകൃഷ്ണനും സോളമനും പ്രണയിച്ച അതേ കാലത്തു പ്രണയിച്ചവരാണ് ഞങ്ങൾ. മോഹൻലാൽ എന്ന നടൻ ക്യാംപസുകളുടെ പ്രിയപ്പെട്ട ലാൽ ആയതും കേരളത്തിന്റെ മുഴുവൻ ലാലേട്ടൻ ആയതും ഞങ്ങളുെട കൗമാര യൗവനങ്ങള്‍ക്കൊപ്പമായിരുന്നു.

ലാലേട്ടന്റെ കഴിഞ്ഞ ജന്മദിനം വരെ ഒരു ആരാധകനായിനിന്ന് ആശംസകൾ നേരാറുള്ള എന്നെ സംബന്ധിച്ച് ഈ ജന്മദിനം വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. നാലു പതിറ്റാണ്ടോളം എന്നെ വിസ്മയിപ്പിച്ച ആ നടൻ എന്റെ ആദ്യ തിരക്കഥയിൽ നായകനായി അഭിനയിച്ച് സിനിമ പുറത്തുവന്നിരിക്കുന്ന സമയം കൂടിയാണിത്.

ട്വൽത് മാൻ സിനിമയുടെ കഥാ ചർച്ചയുമായി ബന്ധപ്പെട്ടാണ് ഞാൻ ആദ്യമായി ലാലേട്ടനോടു സംസാരിക്കുന്നത്. സിനിമയുടെ ഐഡിയ ആദ്യം പറയുന്നത് ജീത്തു ജോസഫിനോടാണ്. ഇതൊരു കഥയാക്കിയ ശേഷം ലാലേട്ടനോടു സംസാരിക്കാമെന്ന് ജീത്തു പറഞ്ഞു. അവിടെ നിന്നാണ് ലാലേട്ടനുമായുള്ള ട്വൽത് മാൻ യാത്ര തുടങ്ങുന്നത്. അങ്ങനെ ലാലേട്ടനെ കാണുകയും അദ്ദേഹത്തിന് ഈ ഐഡിയ ഇഷ്ടപ്പെടുകയും ചെയ്തു. അതിനുശേഷമാണ് തിരക്കഥയെഴുത്തിലേക്കു കടന്നത്. തിരക്കഥ കഴിയുന്ന സമയത്ത് ലോക്ഡൗൺ ആയിരുന്നു. അന്ന് അദ്ദേഹം ചെന്നൈയിലാണ്. തിരക്കഥ ഇ–മെയിലിൽ അയച്ചുകൊടുത്തു.

എന്റെ ആദ്യ തിരക്കഥയാണിത്. ചെറുപ്പം മുതൽ ആരാധനയോടെ നോക്കിക്കണ്ട താരത്തിനടുത്താണ് എന്റെ തിരക്കഥ ചെന്നെത്തിയിരിക്കുന്നത്. അദ്ദേഹം അതു വായിച്ചിട്ട് എന്തുപറയും? ആരാധകനായിരുന്ന എന്റെ സിനിമയിൽ ലാലേട്ടൻ നായകനായി വരുമോ? അതിന്റെ ആകാംക്ഷ മനസ്സിലുണ്ടായിരുന്നു. തിരക്കഥ കിട്ടി രണ്ടാമത്തെ ദിവസം അദ്ദേഹം ഞങ്ങളെ വിളിച്ചു. ഫോണിലാണ് തിരക്കഥയുടെ ചർച്ച നടത്തിയത്. ഒന്നര മണിക്കൂറോളം ആ ചർച്ച നീണ്ടു. കഥാഗതിയില്‍ വരുത്താവുന്ന മാറ്റങ്ങളെപ്പറ്റിയും തിരക്കഥയുടെ മേന്മയെപ്പറ്റിയുമൊക്കെ അദ്ദേഹം സംസാരിച്ചു. ആ ചർച്ചയ്ക്കു ശേഷം തിരക്കഥയിൽ കുറച്ച് മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അങ്ങനെ ഷൂട്ട് തുടങ്ങി. ആദ്യ ലൊക്കേഷൻ എറണാകുളത്തായിരുന്നു. അന്ന് ലാലേട്ടൻ ഷൂട്ടിൽ ജോയിൻ ചെയ്തിട്ടില്ല.

lal-krishnakumar

പിന്നീട് കുളമാവിലെ റിസോർട്ടിൽ ഷൂട്ടിങ് സമയത്താണ് കൂടുതൽ അടുക്കുവാനുള്ള അവസരമുണ്ടായത്. ഞാൻ താമസിക്കുന്ന കോട്ടേജിനോട് തൊട്ടുചേർന്നുള്ള കോട്ടേജിലാണ് ലാലേട്ടൻ താമസിക്കാൻ വരുന്നതെന്ന് അറിഞ്ഞതേ എന്റെ മനസ്സ് പെരുമ്പറ കൊട്ടാൻ തുടങ്ങി. ഒന്ന് അടുത്തു കിട്ടിയാൽ ചോദിച്ചറിയാൻ കുറേ കാര്യങ്ങൾ മനസ്സിൽ ഒരുക്കി വച്ചു.

ഷൂട്ട് തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് ലാലേട്ടൻ ജോയിൻ ചെയ്തത്. പിന്നീടുള്ള ദിവസങ്ങൾ എന്നെ സംബന്ധിച്ച് സ്വപ്നം പോലെയായിരുന്നു. ഞാൻ രാവിലെ എഴുന്നേറ്റു വരുമ്പോൾ എക്സർസൈസും ബോക്സിങ് പ്രാക്ടീസുമായി നിൽക്കുന്ന ലാലേട്ടനാകും മിക്കവാറും കണ്മുന്നിൽ. ഞാൻ അടുത്തുചെല്ലും. എന്തെങ്കിലുമൊക്കെ സംസാരിച്ച് മടങ്ങും. പക്ഷേ എനിക്ക് ചോദിക്കാനുള്ളതൊക്കെ അങ്ങനെ തന്നെ മനസ്സിൽ നിൽക്കുന്നു.

jeethu-antony

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം മഴ കാരണം ഷൂട്ട് മുടങ്ങിയ ഒരു രാത്രിയിൽ എനിക്ക് ലാലേട്ടനെ അടുത്തു കിട്ടി. ഞാൻ ചോദിച്ചതിലേറെയും എന്റെ കൗമാരയൗവനങ്ങളെ മോഹിപ്പിച്ച കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ചായിരുന്നു.

എന്റെ മുമ്പിൽ കഥകളുടെ കെട്ടഴിഞ്ഞു വീണു....

എന്നെ വിസ്മയിപ്പിച്ച സിനിമകളെക്കുറിച്ച്, കഥാപാത്രങ്ങളെക്കുറിച്ച്, ഒപ്പം പ്രവർത്തിച്ച മഹാരഥന്മാരായ എഴുത്തുകാരെയും സംവിധായകരെയും കുറിച്ച് എത്രയേറെ നേരം ഒരു മടുപ്പുമില്ലാതെ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു ലാലേട്ടൻ.

നാൽപതു വർഷത്തെ മലയാള സിനിമ എന്റെ മുമ്പിൽ റീലുകളായി ഓടിയ ആ രാത്രി എങ്ങനെ മറക്കാനാണ്. ലാലേട്ടാ എത്ര പെട്ടെന്നാണ് നിങ്ങൾ മനുഷ്യരുടെ മനസ്സു കീഴടക്കുന്നത്. എത്ര തലമുറകളാണ് പ്രായഭേദമെന്യേ സ്നേഹത്തോടെ ലാലേട്ടാ എന്നു വിളിച്ചത്...

ജന്മദിനാശംസകൾ ലാലേട്ടാ

(മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ പുതിയ ചിത്രം ട്വൽത് മാന്റെ തിരക്കഥാകൃത്താണ് കെ. ആർ. കൃഷ്ണകുമാർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA