ADVERTISEMENT

വീടുകളിലെ വെള്ളക്കെട്ടിന്റെ ദുരിതക്കാഴ്ചകൾ പങ്കുവച്ച് നടൻ മുരുകൻ മാർട്ടിൻ. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ പെയ്ത മഴയിൽ മുരുകൻ താമസിക്കുന്ന കടവന്ത്ര പി ആൻഡ് ടി കോളനിയിൽ വെള്ളം കയറിയിരുന്നു. നടപ്പാതയിലും വീടുകളിലും വെള്ളം കയറിയതോടെ ഏറെ ദുരിതത്തിലാണ് കോളനിവാസികൾ. നാൽപതു വർഷത്തിലേറെയായി ഈ പ്രദേശം അഭിമുഖീകരിക്കുന്ന ദുരിതമാണ് വെള്ളക്കെട്ടെന്നും പല തവണ അധികൃതരെ സമീപിച്ചിട്ടും പ്രശ്നപരിഹാരമായിട്ടില്ലെന്നും മുരുകൻ സമൂഹമാധ്യമത്തിലെ ലൈവിൽ പറഞ്ഞു.

30 വർഷമായി കടവന്ത്ര പി ആൻഡ് ടി കോളനിയിലാണ് താമസിക്കുന്നതെന്ന് മുരുകൻ പറയുന്നു. നാൽപത് വർഷത്തിലധികമായി ഈ കോളനിവാസികൾ നേരിടുന്ന പ്രശ്നമാണ് വെള്ളക്കെട്ട്. ഇതിന് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വോട്ടു നേടി അധികാരത്തിലെത്തിയാൽ ഈ പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞതെല്ലാം വെറും വാഗ്ദാനങ്ങളായി അവശേഷിച്ചു. തനിക്ക് ധൈര്യം പകർന്നു തന്നിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളാണ്. ഇതു സംസാരിക്കാനുള്ള ധൈര്യം തന്നത് ഇതേ പാർട്ടിയാണെന്നും മുരുകൻ വ്യക്തമാക്കി. കെ.എൽ ടെൻ പത്ത്, കലി, അങ്കമാലി ഡയറീസ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ മുരുകൻ അഭിനയിച്ചിട്ടുണ്ട്.

കൊച്ചി നഗരത്തിൽ വെള്ളക്കെട്ടിന്റെ ദുരിതം ഏറ്റവും കൂടുതൽ നേരിടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഗാന്ധിനഗറിന് സമീപത്തെ പി ആൻഡ് ടി കോളനി. നല്ലൊരു മഴ പെയ്താൽ സമീപത്തെ പേരണ്ടൂര്‍ കനാലില്‍നിന്ന് മലിനജലം കോളനിയിലേക്ക് ഒഴുകും. അടുക്കളയിലും കിടപ്പുമുറിയിലും വരെ മാലിന്യം നിറയും. ഇതിനു പരിഹാരം കണ്ടെത്തണമെന്നാണ് കോളനിവാസികളുടെ വർഷങ്ങളായുള്ള ആവശ്യം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചുനല്‍ക‌ുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അത് പൂർത്തീകരിക്കാനായിട്ടില്ല. മുരുകൻ മാർട്ടിന്റേത് അടക്കം തൊണ്ണൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com