ഇടവേളയ്ക്കു ശേഷം അഭിനയരംഗത്ത് സജീവമായി നടി ഭാവന. അതിജീവനത്തിന്റെ സാധ്യതകൾ മുൻനിർത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന നടിയുടെ ദൃശ്യങ്ങൾ പെൺകരുത്തിൻ്റെ പോരാട്ട വീര്യത്തെ അടയാളപ്പെടുത്തുന്നു.
ദ് സർവൈവൽ എന്ന പേരിലുള്ള ദൃശ്യമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പോരാട്ടത്തിന്റെ പാതയിൽ കൈകോർക്കാമെന്ന ആഹ്വാനവും ചിത്രം നൽകുന്നു. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷ് ആണ് സംവിധായകൻ. മൈക്രോ ചെക്ക് ആണ് നിർമാതാക്കൾ. കൊച്ചിയിലാണ് ലൊക്കേഷൻ. ചിത്രം ഉടൻ റിലീസ് ചെയ്യും.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലും തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം.