ADVERTISEMENT

സിനിമ കലയും കച്ചവടവും സമം ചേർത്ത ഒരു കലാരൂപമാണെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും, ആത്യന്തികമായി വാണിജ്യ മൂല്യമുള്ള ഒരു ദൃശ്യമാധ്യമമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടാണല്ലോ സിനിമ നിർമിതിയുമായി വരുന്ന തൊണ്ണൂറു ശതമാനം നിർമാതാക്കളും മുടക്കിയ പൈസ തിരിച്ചു കിട്ടണമെന്ന ആമുഖവുമായി എന്നെക്കാണാൻ വരുന്നത്. മലയാള സിനിമയുടെ ആരംഭകാലം മുതലുള്ള മധ്യവർത്തി –വാണിജ്യസിനിമകളുടെ മാസ്റ്റേഴ്സാണ് ശശികുമാർ, രാമു കാര്യാട്ട്, ഐ.വി.ശശി, കെ.എസ്.സേതുമാധവൻ, കെ.ജി.ജോർജ്, എ.വിൻസെന്റ്, ഭരതൻ, ജോഷി, പത്മരാജൻ, മോഹൻ, കമൽ, സിബി മലയിൽ, പ്രിയദർശൻ, ഫാസിൽ, ഷാജി കൈലാസ് തുടങ്ങിയവർ.

 

മലയാള സിനിമയെ സമ്പന്നമാക്കിയ, ജനം ഇന്നും മനസ്സിലേറ്റി നടക്കുന്ന അതുല്യ കലാകാരന്മാരായ ആരെയെങ്കിലും വച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി വരുന്നവരെയാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. ഇവരിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊമേഴ്സ്യൽ സിനിമയുെട ഗ്രാമർ മാറ്റിയെഴുതിയ ഷാജി കൈലാസിനെക്കുറിച്ചാണ് ആദ്യം ഞാനിവിടെ പ്രതിപാദിക്കുന്നത്. 

 

ഞാൻ സിനിമയിൽ സാന്നിധ്യമറിയിച്ചുതുടങ്ങിയ സമയത്ത് ഷാജി കൈലാസ് എന്നൊരു സംവിധായകൻ രംഗത്തു വന്നിട്ടില്ല. ആ സമയത്താണ് സിംപിൾ ബഷീർ എന്നൊരു നിർമാതാവ് ഒരു ചെറിയ സിനിമ ചെയ്യണമെന്നുള്ള ആഗ്രഹവുമായി എന്നെക്കാണാൻ വരുന്നത്. ഒരു പുതുമുഖ സംവിധായകനായാലും ബഷീറിന് പ്രശ്നമൊന്നുമില്ല. പറഞ്ഞുറപ്പിച്ച തുകയിൽ പടം തീർത്തുകിട്ടണം. അങ്ങനെ ഒരാളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഷാജി കൈലാസിലേക്ക് ഞാൻ വരുന്നത്. സംവിധായകൻ ബാലു കിരിയത്തിന്റെ അസോഷ്യേറ്റായ ഷാജിയെ കുറിച്ച് ബാലു എന്നോട് പറഞ്ഞ കാര്യം ഞാൻ അപ്പോൾ ഓർത്തു. ഈ ചെറുപ്പക്കാരനെ വച്ചു സിനിമ ചെയ്താലോ എന്നു ഞാൻ ബഷീറിനോടു ചോദിച്ചപ്പോൾ അയാൾക്കും പൂർണ സമ്മതം. സിൽക്ക് സ്മിതയെ വച്ച് ഒരു മർഡർ സ്റ്റോറിയാണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്. സ്മിതയാണെങ്കിൽ അന്നത്തെ ഹോട്ട് കേക്കാണ്. 

 

ഞാൻ ഉടനെ ഷാജിയുടെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. ഷാജി തന്നെയാണ് ഫോണെടുത്തത്. ഞാനാണു വിളിക്കുന്നതെന്നു കേട്ടപ്പോൾ ഷാജിയിൽ ഉൽസുകത വളർന്നു. ഞാനും ജോഷിയും കൂടി ചെയ്ത ആ രാത്രിയും സന്ദർഭവും കഥ ഇതുവരെയും ക്ഷമിച്ചു എന്നൊരു വാക്കുമെല്ലാം തിരുവനന്തപുരം അഞ്ജലി തിയേറ്ററിൽ നീണ്ട ക്യൂവിൽനിന്ന് കണ്ട് സായൂജ്യമടഞ്ഞ കാര്യമൊക്കെ വളരെ വാചാലതയോടെ ഷാജി എന്നോട് പറയാൻ തുടങ്ങി. ഞാൻ പുതിയൊരു സിനിമ ചെയ്യുന്ന കാര്യം പറയാനാണ് വിളിച്ചതെന്ന് കേട്ടപ്പോൾ ഷാജിയുടെ വാക്കുകളിൽ വിസ്മയം പൂത്തുവന്നു. ഞാൻ സിനിമയുടെ കഥാപശ്ചാത്തലം സൂചിപ്പിച്ച ശേഷം നാളെ രാവിലെ എറണാകുളത്ത് മാതാ ടൂറിസ്റ്റ് ഹോമിൽ വരാൻ പറഞ്ഞ് ഫോൺ വയ്ക്കുകയും ചെയ്തു. 

 

പിറ്റേന്നു രാവിലെ ഷാജി മാതായിലെത്തി. ഞാൻ കഥയും കാര്യങ്ങളുമൊക്കെ വിശദമായി പറഞ്ഞു കേൾപ്പിച്ചു. ക്യാമറാമാനായി ആരെ വേണമെന്നുള്ള ചർച്ചയിൽ ഷാജിയാണ് സന്തോഷ് ശിവനെ സജസ്റ്റ് ചെയ്തത്. പുതിയ ആളാണ്. ഒന്നുരണ്ടു സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സന്തോഷ് അറിയപ്പെടാൻ തുടങ്ങിയിട്ടേയുള്ളൂ.

 

കുറേ കഴിഞ്ഞപ്പോൾ നിർമാതാവ് ബഷീറുമെത്തി. പിറ്റേദിവസം രാവിലെ സന്തോഷ് ശിവനും ഷാജിയുടെ അസോഷ്യേറ്റ് ജോസ് തോമസും വന്നു. എല്ലാവരുമായി വിശദമായ ഒരു ഡിസ്കഷനും നടത്തി അന്നു തന്നെ ഷൂട്ടിങ് ഡേറ്റും ഫിക്സ് ചെയ്തു. സിൽക്ക് സ്മിത ഒരേസമയം കമൽഹാസനും രജനികാന്തിനുമൊപ്പം അഭിനയിക്കുന്ന സമയമായതിനാൽ ഷൂട്ടിങ് തുടങ്ങുന്ന ദിവസം തന്നെ അവൾ എത്തുമോ എന്നുള്ള ഭയം ഷാജിക്കും ബഷീറിനുമുണ്ടായിരുന്നു. ഞാനും സിൽക്കുമായുള്ള സൗഹൃദവും കടന്നു വന്ന വഴികൾ എന്നും സ്മരിക്കുന്ന സ്വഭാവും ഉള്ളതുകൊണ്ട് സ്മിത കൃത്യസമയത്തു തന്നെ എത്താതിരിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. സൺഡെ 7 PM എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. 

 

സായ്കുമാറായിരുന്നു നായകൻ. രഞ്ജിനി, സുലക്ഷണ, ലാലു അലക്സ്, സിദ്ദീഖ്, പുതുമുഖം നിമ്മി ഡാനിയൽ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. തൊടുപുഴയായിരുന്നു ലൊക്കേഷൻ. വളരെ ചുരുങ്ങിയ ദിവസം കൊണ്ടാണ് ഷാജി ഷൂട്ടിങ് പൂർത്തിയാക്കിയത്. 

 

സൺഡെ 7 PM ന്റെ ഷൂട്ടിങ് തീർന്ന ഉടൻ ഒരു രാശി പോലെയാണ് ഷാജിയുടെ മുടങ്ങിക്കിടന്നിരുന്ന ആദ്യചിത്രമായ ന്യൂസിന്റെ വർക്ക് പൂർത്തീകരിക്കാനുള്ള സാമ്പത്തികവുമായി അതിന്റെ നിർമാതാക്കളുമെത്തിയത്. ന്യൂസിന്റെ വിതരണം സാഗാ ഫിലിംസിനായിരുന്നു. രണ്ടു ചിത്രങ്ങളുടെയും ലാബ് വർക്കുകൾ നടന്നിരുന്നത് മദ്രാസിലെ പ്രസാദ് ലാബിലായിരുന്നു. 

 

സൺഡെ 7 PM ന്റെ റീറിക്കോർഡിങ് കഴിഞ്ഞ് പ്രിന്റെടുക്കാറായപ്പോഴാണ് സിനിമ ഇൻഡസ്ട്രിയിൽ ഒരിക്കലും കേൾക്കാത്ത ഒരു അനിഷ്ട സംഭവം ഉണ്ടാകുന്നത്. ചിത്രത്തിന്റെ ഒരു റീൽ നെഗറ്റീവ് കാണുന്നില്ലത്രേ. കേട്ടപ്പോൾ ഞങ്ങളെല്ലാവരും ഒരേപോലെ ഞെട്ടി. ഞാനും ബഷീറും ഷാജിയും ഡിസ്ട്രിബ്യൂട്ടറായ ഗോപിയും മദ്രാസ് വുഡ്‌ലാൻഡ്സ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. റിലീസ് ഡേറ്റും ഫിക്സ് ചെയ്തിരിക്കുകയാണ്. ലാബിന്റെ ഇൻചാർജ് പൊന്നയ്യനെന്ന ഒരാളായിരുന്നു. ലാബ് മുഴുവനും അരിച്ചു പെറുക്കിയിട്ടും നെഗറ്റീവ് കണ്ടെത്താനായില്ല. ഞങ്ങളെല്ലാവരും കൂടി ലാബിലേക്ക് പുറപ്പെട്ടു . ഷാജിയും ഞാനും കൂടി ലാബിന്റെ ഉടമസ്ഥനുമായി ബഹളം വച്ചെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. ഇതെങ്ങനെ സംഭവിച്ചു എന്നറിയാതെ അദ്ദേഹവും കൈമലർത്തുകയായിരുന്നു. 

 

ന്യൂസും സൺഡെ 7 PM ഉം ഒരേ ദിവസമാണ് റിലീസ് വച്ചിരുന്നത്. ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഒരാളിന്റെ രണ്ടു ചിത്രങ്ങൾ ഒരു ദിവസം റിലീസാകുന്നത് ഒരുപക്ഷേ ചരിത്രത്തിലാദ്യമായിരിക്കും. അതിന്റെ സന്തോഷം ഷാജിക്കുണ്ടായിരുന്നെങ്കിലും ആ ആഗ്രഹം പൂവണിഞ്ഞില്ല. എന്നാലും എന്തെങ്കിലും തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ രണ്ടു മൂന്നു ദിവസം കൂടി മദ്രാസില്‍ കഴിഞ്ഞു. 

 

ഞങ്ങളുടെ മനസ്സിൽ പല സംശയങ്ങളും കടന്നു കൂടാൻ തുടങ്ങി. ഷാജിയുടെ രണ്ടു സിനിമകൾ ഒരേ ദിവസം വരാതിരിക്കാൻ വേണ്ടി ആരെങ്കിലും എന്തെങ്കിലും പണി ചെയ്തതായിരിക്കുമോ? കൃത്യമായ തെളിവുകളൊന്നും കിട്ടാതെ നമുക്ക് ആരെയും കുറ്റപ്പെടുത്താനാവില്ലല്ലോ? ബഷീറും വല്ലാതെ നിരാശനായി. നെഗറ്റീവ് കിട്ടിയില്ലെങ്കിൽ രണ്ടാമതു ഷൂട്ടു ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചായിരുന്നു ബഷീറിന്റെ വേവലാതി. 

 

shaji-kailas-aanie

നിശ്ചയിച്ച ദിവസം ന്യൂസ് തന്നെ റിലീസ് ചെയ്തു. പക്ഷേ വിചാരിച്ച ഒരു വിജയമുണ്ടാക്കാൻ ന്യൂസിനു കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒന്നര മാസം കഴിഞ്ഞപ്പോൾ ലാബിൽനിന്നു പൊന്നയ്യന്റെ വിളി വന്നു. കാണാതെ പോയ നെഗറ്റീവ് കണ്ടു കിട്ടിയിരിക്കുന്നത്രേ. ഞങ്ങൾക്ക് അതു കേട്ടിട്ട് അത്ര വലിയ സന്തോഷമൊന്നും തോന്നിയില്ല. നല്ല പബ്ലിസിറ്റിയിൽ നിന്ന സമയത്തു റിലീസ് ചെയ്യാതെ ഇപ്പോൾ റിലീസ് ചെയ്താൽ വന്നുപോയ പടം പോലെ ജനത്തിനു തോന്നും. എന്നാലും ലക്ഷങ്ങൾ മുടക്കിയതല്ലേ, റിലീസ് ചെയ്യാതിരിക്കാനാവില്ലല്ലോ?

 

സൺഡെ 7 PM റിലീസായപ്പോൾ ഞങ്ങൾ വിചാരിച്ചതു പോലെ തന്നെ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. നല്ല പെർഫെക്‌ഷനുള്ള മർഡർ സ്റ്റോറിയാണെന്നു പേരുണ്ടാക്കാൻ ഷാജിക്കു കഴിഞ്ഞു. പ്രസാദ് ലാബിനെതിരെ നഷ്ടപരിഹാരത്തിനു കേസു കൊടുക്കാൻ പലരും പറഞ്ഞെങ്കിലും ഇനി കേസും കോടതിയുമായി നടന്നിട്ട് ആ പണം കൂടി നഷ്ടപ്പെടുത്തേണ്ടെന്നു കരുതി അതിനൊന്നും മുതിർന്നില്ല. 

 

സൺഡെ 7 PM കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ ബഷീർ വല്ലാത്തൊരു ഒരു വാശി പോലെ ഉടനെ ഒരു സിനിമകൂടി ചെയ്യണമെന്നു പറഞ്ഞ് എന്നെക്കാണാൻ മാതായിൽ വന്നു. അത്ര പേരുള്ള ആർട്ടിസ്റ്റുകളൊന്നുമില്ലെങ്കിലും പുതുമുഖങ്ങളെവച്ച് ചെയ്യാൻ പറ്റിയ ഒരു കഥയുമായിട്ടാണ് ബഷീർ വന്നത്. എനിക്ക് ആ കഥയോടും ഉടനെ ഒരു സിനിമ ചെയ്യുന്നതിനോടും ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ ബഷീറിന്റെ നിർബന്ധം കൂടി വന്നപ്പോൾ ഞാൻ പിണങ്ങി അപ്പോൾത്തന്നെ വീട്ടിലേക്ക് പോയി. അന്നു രാത്രി ഞങ്ങളുടെ സുഹൃത്തായ ഹരികുമാരൻ തമ്പി എന്നെക്കാണാൻ വീട്ടിൽ വന്നു. 

 

നിങ്ങൾ തമ്മിൽ ഇങ്ങനെ പിണങ്ങിയിരിക്കാതെ എങ്ങനെയെങ്കിലും ബഷീറിന് പടം ചെയ്തു കൊടുക്കണമെന്നു പറഞ്ഞ് എന്നെ ഉപദേശിച്ചു ഹരി എന്റെ മനസ്സ് മാറ്റുകയായിരുന്നു. പിന്നെ സൗഹൃദം കളയേണ്ടെന്നു കരുതി ഞാൻ സമ്മതിച്ചു. ആ ചിത്രവും ഷാജി കൈലാസിനെക്കൊണ്ടു തന്നെ സംവിധാനം ചെയ്യിക്കണമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ‘നീലക്കുറുക്കന്‍’ എന്ന ചിത്രമുണ്ടായത്.

 

അശോകൻ, ഗണേശൻ, മണിയൻപിള്ള രാജു, ബൈജു തുടങ്ങിയവരായിരുന്നു അതിൽ അഭിനയിച്ചത്. ഭാഗ്യത്തിന് ആ ചിത്രം ബഷീറിന് സാമ്പത്തിക നഷ്ടമൊന്നും വരുത്തിയില്ല. പിന്നീട് ഞാനും ഷാജിയും കൂടി ഒരു സിനിമ കൂടി ചെയ്തു. അരോമ മണിയായിരുന്നു നിർമാതാവ്. മുകേഷ്, സായികുമാർ, ഉർവശി, പാർവതി, സുകുമാരൻ, ഫിലോമിന, മാമുക്കോയ തുടങ്ങിയവർ അഭിനയിച്ച ആ ചിത്രമാണ് സൗഹൃദം. എന്റെ സുഹൃത്തായ എ.ആർ.മുകേഷിന്റേതായിരുന്നു കഥ. രണ്ടു ചങ്ങാതിമാരുടെ സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും വളരെ രസകരമായ ഒരു കഥാബീജമായിരുന്നത്. ആ ചിത്രവും തരക്കേടില്ലാതെ പോയി. 

 

പിന്നീട് ഷാജി ചെയ്ത ചിത്രം രൺജി പണിക്കർ എഴുതിയ തലസ്ഥാനമാണ്. സുരേഷ് ഗോപിയായിരുന്നു നായകൻ. ആ ചിത്രം ഷാജിക്ക് നല്ല പേരുണ്ടാക്കി കൊടുത്തെങ്കിലും ഉടനെ പുതിയ പ്രോജക്ടൊന്നും വന്നില്ല. 

 

ഈ സമയത്താണ് ആലപ്പുഴയിലുള്ള ഒരു നിർമാതാവ് എന്നെ കാണാൻ വരുന്നത്. അദ്ദേഹത്തിന് ഉടനെ ഒരു സിനിമ ചെയ്യണം. ഞാനാണെങ്കിൽ ഒന്നു രണ്ടു സിനിമകൾ കമ്മിറ്റു ചെയ്തിരിക്കുകയാണ്. എനിക്ക് എഴുതാൻ ഒട്ടും സമയമുണ്ടാവില്ല. അപ്പോഴാണ് എന്റെ മനസ്സിൽ പെട്ടെന്ന് ഷാജിയുടെയും രൺജി പണിക്കരുടെയും കാര്യം ഓർമ വന്നത്. അവരെക്കൊണ്ടു പടം ചെയ്യിക്കാമെന്ന് ഞാൻ നിർമാതാവിനോട് പറഞ്ഞു. അദ്ദേഹത്തിനും അത് താല്പര്യമായിരുന്നു. ഞാൻ ഷാജിയെയും രൺജി പണിക്കരെയും പിറ്റേന്നു തന്നെ എറണാകുളത്ത് വിളിച്ചു വരുത്തി നിർമാതാവിനെ പരിചയപ്പെടുത്തുകയും അഡ്വാൻസ് കൊടുക്കുകയും ചെയ്തു. ആ സിനിമയാണ് 'സ്ഥലത്തെ പ്രധാന പയ്യൻസ്'. 

 

ആ ചിത്രം വൻ വിജയമായി മാറിയതോടെ ഷാജിയുടെ വസന്തകാലം തുടങ്ങുകയായിരുന്നു. പിന്നീട് വമ്പൻ ബാനറുകളുടെ എത്രയെത്ര വമ്പൻ ചിത്രങ്ങളാണ് ഷാജിയെ തേടിയെത്തിയത്. സുരേഷ് ഗോപിയെത്തന്നെ നായകനാക്കി പതിവ് സിനിമാ പരിചരണ രീതികളിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു പൊലീസ് സ്റ്റോറിയായ കമ്മീഷണറും കൂടി വന്നു. അന്നേവരെയുണ്ടായ ജനപ്രിയ ഫോർമുലകളുടെയും താരപ്രകടനത്തിന്റെയും തികച്ചും പുതുമയുള്ള ഒരു വിഷ്വൽ ട്രീറ്റ്മെന്റാണ് കമ്മീഷണറിലൂെട ഷാജി മലയാള സിനിമയ്ക്ക് നൽകിയത്. അതോടെ ഷാജി കൈലാസ് –രൺജി പണിക്കർ എന്നൊരു പുതിയ ടീം തന്നെ രൂപം കൊള്ളുകയായിരുന്നു. 

 

തുടർന്നു വന്ന ഷാജിയുടെ ഏകലവ്യൻ, ആറാം തമ്പുരാൻ, ദി കിംഗ്, നരസിംഹം, നാട്ടുരാജാവ്, വല്യേട്ടൻ, ചിന്താമണി കൊലക്കേസ് തുടങ്ങിയ ചിത്രങ്ങളെല്ലാം മെഗാ ഹിറ്റുകളായിരുന്നു. നരസിംഹം മോഹൻലാലിന്റെ ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രമെന്ന ഖ്യാതിയും നേടിയെടുക്കുകയുണ്ടായി. മോഹൻലാലിന്റെ മീശ പിരിക്കുന്ന ഫോർമുലയ്ക്ക് തുടക്കം കുറിച്ചതും ഷാജിയുടെ ആറാം തമ്പുരാനും നരസിംഹവുമാണ്. 

 

ഇനി ഷാജിയുടെ പഴ്സനൽ ലൈഫിലേക്കു വരാം. രുദ്രാക്ഷം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അതിലെ നായികയായ ആനിയുമായുള്ള സൗഹൃദവും പ്രണയവുമൊക്കെ ഷാജിയിൽ നാമ്പിടുന്നത്. രുദ്രാക്ഷത്തിന്റെ ഷൂട്ടിങ് പൂർത്തിയായി കഴിഞ്ഞപ്പോൾ ഇരുവരുടെയും പ്രണയം പാരമ്യത്തിലെത്തിയിരുന്നു. 

 

അധികം ആരും അറിയുന്നതിനു മുൻപേ തന്നെ വിവാഹിതരായി ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനവുമായി ഇരു വീട്ടുകാരുെടയും സമ്മതത്തിനു വേണ്ടി കാത്തിരുന്നെങ്കിലും രണ്ടു മതങ്ങളില്‍ പെട്ടവരായതു കൊണ്ടുള്ള സ്വാഭാവികമായിട്ടുള്ള എതിർപ്പും പ്രശ്നവുമൊക്കെ അവർക്ക് നേരിടേണ്ടിവന്നു. കുറേദിവസം കഴിഞ്ഞപ്പോൾ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് നിയമപ്രകാരം അവർ വിവാഹിതരാവുകയും ചെയ്തു. 

 

ഷാജിയും ആനിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ കടന്നു വരുന്ന ഒരു ഫ്ലാഷ്ബാക്കുണ്ട്. ഷാജി, ആനിയുമായുള്ള പ്രണയത്തിന്റെ പൂനിലാവുമായി നടക്കുന്ന സമയത്താണ് എന്റെ ഒരു സിനിമയുടെ ആവശ്യത്തിനായി എനിക്ക് തിരുവനന്തപുരത്ത് വരേണ്ടി വന്നത്. അമൃതാ ഹോട്ടലിൽ ആണ് ഞാൻ റൂമെടുത്തിരുന്നത്. എന്നെക്കാണാൻ ഷാജിയും രൺജി പണിക്കരും മറ്റു രണ്ടു സുഹൃത്തുക്കളും കൂടി അന്ന് മുറിയിൽ വന്നിരുന്നു. ഷാജിയുടെ പ്രണയമായിരുന്നു വിഷയം. 

 

ഷാജി ഒരു സിനിമാനടിയെ വിവാഹം കഴിക്കുന്നതിനോട് എനിക്കൊട്ടും താത്പര്യമുണ്ടായിരുന്നില്ല, പ്രത്യേകിച്ച് ഒരു അച്ചായത്തിക്കുട്ടിയെ. ഞാൻ ഷാജിയെ അതിൽനിന്നു പിന്തിരിപ്പിക്കാനുള്ള ചില നമ്പറൊക്കെ എടുത്ത് ഉപയോഗിച്ചെങ്കിലും ഷാജി ആനിയെന്ന വിഗ്രഹത്തിൽത്തന്നെ ഉറച്ചു നിന്നു. അധികം വൈകാതെ തന്നെ അവർ വിവാഹിതരാവുകയും ചെയ്തു. അവരുടെ വിവാഹം കഴിഞ്ഞിട്ട് നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങളാണ് ഓടി മറഞ്ഞിരിക്കുന്നത്. അതിൽ ഒരേപോലെയിരിക്കുന്ന മിടുക്കന്മാരായ മൂന്ന് ആൺസന്തതികളുമുണ്ട്. ആദർശപൂർണമായ ദാമ്പത്യം നയിക്കുന്ന അവരെക്കാണുമ്പോൾ എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് മഹാനായ ഒരു തത്വചിന്തകൻ പറഞ്ഞൊരു വാചകമാണ്. 

 

"ലോകത്തിൽ വച്ച് ഏറ്റവും വലിയ സ്ഥാപനം സന്തുഷ്ടമായ ഒരു കുടുംബമാണ്. അതിൽ ഒരേമനസ്സോടെ ജീവിക്കുന്നവർ ഏറെ ഭാഗ്യവാന്മാരും". 

 

ഇപ്പോൾ ഷാജി കൈലാസിൽ വീണ്ടും വസന്തം വിടരുകയാണ്. ഒരേസമയം മൂന്ന് സിനിമകളാണ് ഷാജിയെ തേടിയെത്തിരിക്കുന്നത്. മോഹൻലാലിന്റെ എലോണും പൃഥ്വിരാജിന്റെ കടുവയും കാപ്പയും. ഈ ന്യൂജൻ തരംഗത്തിലും നറേഷന്റെ ക്രാഫ്റ്റ്മാനായി ഷാജി നമ്മളിൽ വീണ്ടും വിസ്മയം വിടർത്താൻ പോവുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com