ADVERTISEMENT

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ജന ഗണ മന, സിബിഐ 5, കെജിഎഫ് 2 എന്നിങ്ങനെ ഒരുപിടി സിനിമകളാണ് ജൂണിൽ ഒടിടിയിലെത്തിയത്. ജോ ആൻഡ് ജോ, 21 ഗ്രാംസ് എന്നീ സിനിമകൾ ജൂൺ പത്ത് മുതൽ സ്ട്രീം ചെയ്ത് തുടങ്ങി. അരുൺ വിജയ്‌യും മകനും പ്രധാന വേഷത്തിലെത്തുന്ന ഓ മൈ ഡോഗ് (മലയാളം പതിപ്പ്), ജയസൂര്യയുടെ മേരി ആവാസ് സുനോ എന്നിവയാണ് ഏറ്റവും പുതിയ ഒടിടി റിലീസ്. നയൻതാരയുടെ സർവൈവൽ ത്രില്ലറായ ഒ2 എന്ന തമിഴ് ചിത്രം ജൂൺ 17ന് ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്തു. ആസിഫ് അലി–രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂൺ 26ന് നെറ്റ്ഫ്ലിക്സിൽ എത്തും.

ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഡിജോ ജോസ്-പൃഥ്വിരാജ് ചിത്രം ജന ഗണ മന ജൂൺ 2ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. ജൂൺ 3 മുതൽ ആമസോൺ പ്രൈം വരിക്കാർക്ക് കെജിഎഫ് 2 ആസ്വദിക്കാം. മമ്മൂട്ടിയുടെ സിബിഐ 5 ജൂൺ 12ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ജനപ്രിയ ആമസോൺ- നെറ്റ്ഫ്ലിക്സ് സീരിസുകളുടെ പുതിയ സീസണുകളുടെ റിലീസും ഈ വാരത്തിൽ ഉണ്ട്.

ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ജൂൺ മാസം റിലീസ് ചെയ്യുന്ന ഷോകളും സിനിമകളും ഏതൊക്കെയെന്ന് അറിയാം.

ജന ഗണ മന: ജൂൺ 2– നെറ്റ്ഫ്ലിക്സ്

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹൻദാസ്, ശ്രീ ദിവ്യ, ധ്രുവൻ, ശാരി, ഷമ്മി തിലകൻ, രാജാ കൃഷ്ണമൂർത്തി എന്നിവരും അഭിനയിക്കുന്നു. ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

കെജിഎഫ് ചാപ്റ്റര്‍ 2: ജൂൺ 3 – ആമസോൺ പ്രൈം

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായെത്തിയ കെജിഎഫ് : ചാപ്റ്റര്‍ 2 പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററാണ്. 199 രൂപയ്ക്ക് ചിത്രം വാടക അടിസ്ഥാനത്തിൽ ആമസോണ്‍ പ്രൈമിൽ നേരത്തേ ലഭ്യമാക്കിയിരുന്നു. പ്രൈം വരിക്കാര്‍ക്കും പ്രൈം വരിക്കാരല്ലാത്തവര്‍ക്കും ചിത്രം ലഭ്യമായിരുന്നു. എന്നാൽ ജൂൺ 3 മുതൽ ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് തുടങ്ങുകയാണ്.

ഇന്നലെ വരെ: ജൂൺ 9– സോണി ലീവ്

ജിസ് ജോയ്‍ സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലർ. ആസിഫ് അലിയും ആന്റണി വർഗീസും നിമിഷ സജയനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ബോബി–സഞ്ജയ്‍യുടെ കഥയ്ക്ക് ജിസ് ജോയ് തിരക്കഥ എഴുതുന്നു.

21 ഗ്രാംസ്: ജൂൺ 10 – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം 21 ഗ്രാംസ് ജൂൺ 10ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് സിനിമ മാർച്ച് 18നാണ് തിയറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് നായിക.

ഡോൺ: ജൂൺ 10– നെറ്റ്ഫ്ലിക്സ്

ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ചിത്രം. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

ജോ ആൻഡ് ജോ: ജൂൺ 10– ആമസോൺ പ്രൈം

മാത്യു, നിഖില വിമല്‍, നസ്‌ലിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം. കോവിഡ് ലോക്‌ഡൗൺ കാലത്തെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രത്തിൽ ജോണി ആന്റണി, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നു.

സിബിഐ 5: ദ് ബ്രെയ്ൻ: ജൂൺ 12– നെറ്റ്ഫ്ലിക്സ്

മമ്മൂട്ടിയെ നായകനാക്കി കെ. മധു ഒരുക്കിയ അഞ്ചാമത്തെ സിബിഐ ചിത്രം. എസ്.എൻ. സ്വാമി തന്നെയായിരുന്നു തിരക്കഥ. മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു.

സ്പൈഡർമാൻ നോ വേ ഹോം: ജൂൺ 13– നെറ്റ്ഫ്ലിക്സ്

മാർവെലിന്റെ കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രം. സീ 5, ആമസോൺ പ്രൈം തുടങ്ങിയ പ്ലാറ്റ്ഫോമിൽ ചിത്രം വാടകയ്ക്ക് ലഭ്യമായിരുന്നു. ജൂൺ 13 മുതൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉടമകൾക്ക് ചിത്രം സൗജന്യമായി ആസ്വദിക്കാം. ടോം ഹോളണ്ട് നായകനായെത്തിയ മൂന്നാമത്തെ സ്‌പൈഡര്‍മാന്‍ സോളോ സിനിമയാണ് നോ വേ ഹോം. മാര്‍വെലിന്റെ ആദ്യ രണ്ട് സ്‌പൈഡര്‍മാന്‍ സീരീസുകളും ഒരുക്കിയ ജോണ്‍ വാട്ട്‌സണ്‍ തന്നെയാണ് നോ വേ ഹോമും ഒരുക്കിയിട്ടുള്ളത്.

ജാക്ക് ആൻഡ് ജിൽ: ജൂൺ 16– ആമസോൺ പ്രൈം

മഞ്ജു വാരിയർ–കാളിദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ ഒരുക്കിയ സയൻസ് ഫിക്‌ഷൻ ചിത്രം. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി, എസ്തർ അനിൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

പത്രോസിന്റെ പടപ്പുകൾ: ജൂൺ 10– സീ 5

ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്‌ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരെ  പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഫ്സല്‍ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഡിനോയ് പൗലോസ് എഴുതുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് രചന നിർവഹിച്ച ചിത്രം കൂടിയാണിത്.

ഒ2: ജൂൺ 17– ഹോട്ട്സ്റ്റാർ

നയൻതാരയെ പ്രധാനകഥാപാത്രമാക്കി ജി.എസ്. വിക്നേഷ് ഒരുക്കുന്ന സർവൈവൽ ത്രില്ലർ. അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ജാഫർ ഇടുക്കി, റിത്വിക് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.

ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ് മൾടിവേഴ്സ് ഓഫ് മാഡ്നെസ്: ജൂൺ 22– ഹോട്ട്സ്റ്റാർ

മാർവലിന്റെ ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ് മൾടിവേഴ്സ് ഓഫ് മാഡ്നെസ് ജൂൺ 22ന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. 2016ൽ റിലീസ് ചെയ്ത ഡോക്ടർ സ്ട്രേഞ്ചിന്റെ തുടർച്ചയാണ് ഈ ചിത്രം. എലിസബത്ത് ഓൽസെൻ അവതരിപ്പിക്കുന്ന സ്കാർലെറ്റ് വിച്ച് ഈ ചിത്രത്തിൽ മുഴുനീള വേഷത്തിലെത്തുന്നു. 

കുറ്റവും ശിക്ഷയും: ജൂൺ 26–നെറ്റ്ഫ്ലിക്സ്

ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി ഒരുക്കിയ ചിത്രം. കാസർകോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. ഷറഫുദീന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 

ഓ മൈ ഡോഗ്: ജൂൺ 24: മനോരമ മാക്സ്

അരുൺ വിജയ്, മകൻ അർണവ് വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സരോവ് ഷൺമുഖം സംവിധാനം ചെയ്ത ചിത്രമാണ് ഓ മൈ ഡോഗ്. ചിത്രത്തിന്റെ മലയാളം പതിപ്പ് മനോരമ മാക്സിലൂടെ ജൂൺ 24 മുതൽ സ്ട്രീം ചെയ്തു തുടങ്ങി.

സൂര്യയും ജ്യോതികയും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രം കുട്ടികൾ ഉൾപ്പടെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

മേരി ആവാസ് സുനോ: ജൂൺ 24: ഹോട്ട്സ്റ്റാർ

ജയസൂര്യയും മഞ്ജു വാരിയരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രജേഷ് സെൻ സംവിധാനം ചെയ്തിരിക്കുന്നു.ശിവദയാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി താരമായി സംവിധായകന്‍ ശ്യാമപ്രസാദുമുണ്ട്. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മേരി ആവാസ് സുനോ.

സര്‍കാരു വാരി പാട്ട: ജൂൺ 24: ആമസോൺ പ്രൈം

മഹേഷ് ബാബു നായകനായി എത്തുന്ന ആക്‌ഷൻ ചിത്രം പരശുറാം സംവിധാനം ചെയ്യുന്നു. കീർത്തി സുരേഷ് ആണ് നായിക. സമുദ്രക്കനി, വെണ്ണെല കിഷോർ, സുബ്ബരാജു എന്നിവരാണ് മറ്റ് താരങ്ങൾ. എസ്. തമൻ തമൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർഹിറ്റ് ചാർട്ടിൽ എത്തിയിരുന്നു.

ദ് ബോയ്സ് സീസൺ 3: ജൂൺ 3– ആമസോൺ പ്രൈം

എമ്മി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ജനപ്രിയ വെബ് സീരീസാണ് ദ് ബോയ്സ്. 2020 ഒക്ടോബറിൽ സീസൺ 2 പുറത്തിറങ്ങിയതിനു ശേഷം മൂന്നാം സീസണിനായി 20 മാസത്തെ കാത്തിരിപ്പിലായിരുന്നു ആരാധകർ. കാത്തിരുപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പുതിയ സീസൺ ജൂൺ 3ന് റിലീസ് ചെയ്യുകയാണ്. മൂന്നാം സീസണിൽ 8 എപ്പിസോഡുകളാണ് ഉണ്ടാകുക.

എന്നാൽ എല്ലാ എപ്പിസോഡുകളും ഒരുമിച്ച് റിലീസ് ചെയ്യില്ല. ആദ്യ മൂന്ന് എപ്പിസോഡുകൾ ജൂൺ 3-ന് റിലീസ് ചെയ്യും. തുടർന്ന് ജൂലൈ 8 വരെ ആഴ്ചതോറും ഓരോ പുതിയ എപ്പിസോഡുകളായാകും റിലീസ്.

മിസ് മാർവൽ: ജൂൺ 8 – ഡിസ്നി ഹോട്ട്സ്റ്റാർ

മാർവൽ കോമിക്സിലെ കമല ഖാൻ/ മിസ് മാർവൽ എന്ന സൂപ്പർഹീറോയെ ആസ്പദമാക്കി ഒരുങ്ങുന്ന മിസ് മാർവൽ ഡിസ്നി പ്ലസിൽ സ്ട്രീം ചെയ്യും. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂണ്‍ എട്ട് മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. ആറ് എപ്പിസോഡുകളാണ് മിസ് മാർവലിനുള്ളത്.

റൺവേ 34: ജൂൺ 24– ആമസോൺ പ്രൈം

അജയ് ദേവ്ഗൺ, അമിതാഭ് ബച്ചൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയ് ദേവ്ഗൺ തന്നെ സംവിധാനം ചെയ്ത ചിത്രം. രാകുല്‍ പ്രീത് നായികയാകുന്ന 'റണ്‍വേ 34' യില്‍ അങ്കിറ ധര്‍, ബോമൻ ഇറാനി, അജേയ് നഗര്‍, അകൻക്ഷ സിങ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ജൂൺ 24ന് ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com