ADVERTISEMENT

കൈതി സിനിമയിൽ കാർത്തിയുടെ കഥാപാത്രം കബഡി താരമായിരുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. വിക്രം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കാർത്തിയുടെ കഥാപാത്രമായ ഡില്ലിയുടെ ജയിലിലെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ കൈതിയില്‍ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നെന്നും കൈതി 2വിൽ ഈ രംഗങ്ങൾ തീർച്ചയായും ഉണ്ടാകുമെന്നും ലോകേഷ് പറയുന്നു.

 

കൈതിയിൽ നിന്നും വിക്രമിലേയ്ക്ക്

 

‘‘കൈതി, കമൽ സാറിന് ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണ്.  ഞാനും കമൽ സാറും കഥയുടെ ചർച്ചയ്ക്ക് ഇരിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് കൈതിയിലെ നരേന്റെ കഥാപാത്രത്തെപ്പറ്റി പറഞ്ഞു.  ‘സർ കൈതിയും വിക്രമും ഒരുമിച്ച് ചേർക്കാൻ കഴിയും.  ഇത് എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണ്.  കഥ തന്നെയാണ് പ്രധാനം. പക്ഷേ കഥയുടെ ഉള്ളിലേക്ക് കൈതിയുടെ സെറ്റിങ്സ്, ഫൈറ്റ്, ഇമോഷൻ, സ്കോർ, കോസ്റ്റ്യൂം തുടങ്ങി സിനിമയുടെ നരേറ്റീവിന്റെ ഓരോ ഘടകങ്ങളും വിക്രമിലേക്കും കൊണ്ടുവരാൻ കഴിയും.  അങ്ങനെ നമുക്ക് വിക്രം–കൈതി സിനിമകളുടെ ഒരു യൂണിവേഴ്‌സ് തന്നെ നിർമിച്ചെടുക്കാം.  ഈ രണ്ടു സിനിമകളും ക്രോസ്സ് ഓവർ ചെയ്യാൻ കഴിയും. അത്തരത്തിൽ ഒന്ന്  ഇവിടെ ആരും ചെയ്തിട്ടില്ല.  ഡില്ലിയെ ഇഷ്ടപ്പെടുന്ന ഒരുപാടു പ്രേക്ഷകർ ഉണ്ട്, ബിജോയ്, കാമാചി, നെപ്പോളിയൻ എന്ന പേരുകളെല്ലാം പ്രേക്ഷകർ ഇന്നും ഓർക്കുന്നുണ്ട്.  ആ കഥാപാത്രങ്ങളെയെല്ലാം വിക്രമിലേക്ക് കൊണ്ടുവന്നാൽ രണ്ടു സിനിമകളും ചേർത്ത് ഒരു യൂണിവേഴ്‌സ് ഉണ്ടാക്കാം. ഇതിനു സാറിന് സമ്മതമാണോ’’ എന്ന് ചോദിച്ചു.  

 

അദ്ദേഹം ഉടനെ തന്നെ, ‘‘ഓക്കേ നമുക്ക് അങ്ങനെ തന്നെ ചെയ്യാം എന്നുപറഞ്ഞു. ഈ ഐഡിയ എല്ലാം നല്ലതാണ് നീ ഇതുമായി മുന്നോട്ടു പോകൂ, നാളെ ലോകം വാഴ്ത്താൻ പോകുന്ന ഒരു ഐഡിയ ആയിരിക്കും ഇതെന്ന്’’ പറഞ്ഞു. ഇത് സാധ്യമായതിനു മഹേന്ദ്രൻ സാറിനോടും നന്ദി പറയണം. കാരണം മഹേന്ദ്രൻ സാറും എസ്.ആർ പ്രഭു സാറും ഇവർ രണ്ടുപേരുമാണ് ഇതിനു അപ്പ്രൂവൽ നൽകാനുള്ളത്. മഹേന്ദ്രൻ സാറിന് കൈതിയുടെ നിർമാണത്തിൽ പങ്കുണ്ട്. അതുപോലെ കമൽ സാറിന് വിക്രമിലും. കമൽ സാർ ഓക്കേ പറഞ്ഞതിന് ശേഷം ഞാൻ മഹേന്ദ്രൻ സാറിനടുത്തെത്തി.  അവർ രണ്ടുപേരും  എന്റെ നല്ല  സുഹൃത്തുക്കൾ ആയത് കാരണമാണ് ഇത് ഇത്ര എളുപ്പത്തിൽ സാധ്യമായത്. മാത്രമല്ല കാർത്തി സാറിനോട് ഇക്കാര്യം പറയാതെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ വിക്രത്തിൽ ഉപയോഗിക്കാൻ കഴിയില്ല.

 

ഇതൊക്കെ സാധ്യമായതുകൊണ്ടാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് വിക്രമിന് കൊണ്ടു വരാൻ കഴിഞ്ഞത്.  മഹേന്ദ്രൻ സാർ എന്നോട് ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് ചോദിച്ചു. ഞാൻ അത് വിശദീകരിച്ചുകൊടുത്തു. നാളെ കൈതിയുടെ രണ്ടാം ഭാഗം വരുമ്പോൾ വിക്രം അതിനൊരു തടസ്സമാകാൻ പാടില്ല.  അതുപോലെ തന്നെ നരേൻ സാറിനെ പറഞ്ഞു മനസിലാക്കണം. കാരണം അദ്ദേഹമാണ് ഒരേ കഥാപാത്രമായാണ് രണ്ടു സിനിമയിലും എത്തുന്നത്.  ഇതുപോലെ ഒരുപാടു കാര്യങ്ങളുണ്ട്. വിക്രമിൽ ഡില്ലിയുടെ കാര്യം പറയുന്നിടത്ത് ഒരു മ്യൂസിക് നോട്ട് വരുന്നുണ്ട്. അതിനു ആ കമ്പനിയുടെ കയ്യിൽ നിന്ന് ഓഡിയോ റൈറ്റ്സ് വാങ്ങണം അവര്‍ എൻഓസി നൽകണം. ഇതെല്ലാം ചെയ്‌താൽ മാത്രമേ ക്രോസ്സ് ഓവർ ചെയ്യാൻ കഴിയൂ.  

 

ഈ സിനിമകൾ രണ്ടും ഒരേ പ്രൊഡക്‌ഷൻ ഹൗസ് ചെയ്തതായിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ടു വരില്ലായിരുന്നു.  വിക്രം, എസ്.ആർ. പ്രഭുവോ അല്ലെങ്കിൽ കൈതി കമൽ സാർ ചെയ്തിരുന്നെങ്കിലോ ഈ പ്രശ്നമില്ല.  ഇതെല്ലാം സംസാരിച്ച് അപ്പ്രൂവൽ വാങ്ങിയതിന് ശേഷമാണ് സിനിമ ചെയ്യാൻ ആരംഭിച്ചത്.  ഇത്തരം കാര്യങ്ങളെല്ലാം തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ തന്നെ പുതിയതായിരുന്നു.  ഇതെല്ലാം ചെയ്തു സിനിമ സെറ്റപ്പ് ചെയ്തതിനു ശേഷം സൂര്യ സാറിനെ നമുക്ക് റോളക്സ് എന്ന കഥാപാത്രമായി സിനിമയിലേക്ക് കൊണ്ടുവരാം എന്ന് കമൽ സാറിനോട് പറഞ്ഞു.  

 

സൂര്യ സാറിനോട് ഞാൻ പറഞ്ഞത്, ‘‘സർ വെറുമൊരു അതിഥി വേഷം മാത്രമല്ല, കഥയിലുടനീളം പരാമർശിക്കപ്പെടുന്ന ഒരു ശക്തമായ കഥാപാത്രമാണ്’’. കഥ കേട്ടപ്പോൾ സൂര്യ സാറും ഓക്കേ പറഞ്ഞു.  ഈ സൂപ്പർ താരങ്ങളെല്ലാം എന്നെ നന്നായി മനസ്സിലാക്കി സഹകരിച്ചത് കാരണമാണ് എനിക്ക് വിക്രം ഇത്തരത്തിൽ ചെയ്യാൻ കഴിഞ്ഞത്. ഞാൻ ഒരാൾ വിചാരിച്ചാൽ ഇത് സാധിക്കുമായിരുന്നില്ല.  എല്ലാവർക്കും, നമ്മൾ പുതിയതായി എന്തോ ചെയ്യാൻ പോകുന്നു എന്നൊരു തോന്നൽ ഉണ്ടായിരുന്നു. സിനിമയെ വേറൊരു ലെവലിൽ കൊണ്ടുപോകണമെന്ന കമൽ സാറിന്റെയും എസ്.ആർ. പ്രഭു സാറിന്റെയും സ്വപ്നം കൂടിയാണ് ഇത് സാധ്യമാക്കാൻ കാരണം. 

 

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്

 

വെറുമൊരു ക്രോസ്സ് ഓവർ അല്ലാതെ യൂണിവേഴ്‌സ് ആയി ചെയ്തു വച്ചാൽ എപ്പോ വേണമെങ്കിലും ഏതു കഥ വേണമെങ്കിലും ഡെവലപ്പ് ചെയ്യാം.  കൈതി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ കൈതി രണ്ടാം ഭാഗം ഉണ്ടാകുമെന്നു ഉറപ്പിച്ചിരുന്നു. ഡില്ലി ഒരു കബഡി കളിക്കാരൻ ആയിരുന്നു. അവന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് നിറയെ വിജയിച്ചു വരുന്നവർക്ക് കിട്ടുന്ന കപ്പുകളും ട്രോഫികളും ആയിരുന്നു. ആ കഥകളൊന്നും സിനിമയിൽ തുറന്നു കാട്ടിയില്ല, കാരണം അത് വച്ച് മറ്റൊരു കഥ തന്നെ ഉണ്ടാക്കാം എന്ന് കരുതിയിരുന്നു. യൂണിവേഴ്സ് ചിന്ത വന്നത് കൈതിയിൽ നിന്നല്ല.  മാനഗരം ചെയ്തപ്പോൾ തന്നെ ഇതേ പാറ്റേണിൽ മറ്റൊരു പടം ചെയ്യണമെന്ന് വിചാരിച്ചിരുന്നു. അതൊരു കിഡ്നാപ് കഥയായിരുന്നു. 

 

രണ്ടാം ഭാഗത്തിൽ കരുതിയിരുന്നത് കിഡ്നാപ്പ് റിവേഴ്‌സ് ചെയ്യാനാണ്. എവിടെനിന്ന് കടത്തിയോ, അവിടെ തിരിച്ചു വന്നു നിൽക്കുന്ന കഥ.  അത് എങ്ങനെ ചെയ്യണം എന്നറിയാതെ കുഴങ്ങുന്ന ഒരു ടീം.  അപ്പോൾ അവർ സഹായത്തിനായി എത്തുന്നത് മാനഗരത്തിലെ കഥാപാത്രത്തിലും. അയാൾ എങ്ങനെയുള്ള ആളാണെന്ന് കിഡ്നാപ്പ് ചെയ്ത ആർക്കും അറിയില്ല, അവരുടെ വിചാരം അയാളം ഒരു വലിയ ആളാണെന്നാണ്. പക്ഷേ അയാൾ ആരാണെന്ന് പ്രേക്ഷകർക്കറിയാം.  അന്ന് മുതൽ യൂണിവേഴ്‌സ് എന്ന ചിന്ത മനസ്സിലുണ്ട്.  പക്ഷേ മാനഗരം രണ്ടാം ഭാഗം നടന്നില്ല.  കൈതി ചെയ്തു കഴിഞ്ഞപ്പോൾ അവന്റെ പേര് ഡില്ലി എന്ന് പറയുകയും, വില്ലൻ പേടിച്ചു വിറക്കുകയും ചെയ്യുന്ന സമയത്ത് അങ്ങനെയൊരു കണക്‌ഷൻ വന്നു.  അന്ന് മുതൽ ചെറുതായി യൂണിവേഴ്‌സ് എന്ന സ്വപ്നത്തിലേക്ക് സഞ്ചരിച്ചു തുടങ്ങി.

 

ഇത്തവണ ഞങ്ങൾക്ക് ഡിസ്കഷന് എട്ടുമാസം സമയമുണ്ടായിരുന്നു. ഇങ്ങനെ ഒരു ഐഡിയ എനിക്ക് ഉണ്ടെന്നു കമൽ സാറിനോട് പറയുകയും അദ്ദേഹം "ഗോ എഹെഡ്" എന്ന് പറയുകയും ചെയ്തതാണ് യൂണിവേഴ്സിന്റെ പിറവിക്ക് കാരണം. കൈതിയുടെ അവസാനം ഡില്ലിയും മകളും നടന്നുപോവുകയാണ്.  അവിടെ നിന്ന് എനിക്ക് കൈതി രണ്ടു തുടങ്ങാം എന്നായിരുന്നു ഉദ്ദേശം.  അതിപ്പോൾ ഈ യൂണിവേഴ്സിൽ ജോയിൻ ചെയ്തത് കാരണം എവിടെ നിന്ന് വേണമെങ്കിലും കഥ തുടരാം എന്നായി.  ഇനിയുള്ള സിനിമകളിൽ കഥാപാത്രത്തിന്റെ പേര് പറഞ്ഞാൽ മാത്രം മതി അത് ഈ യൂണിവേഴ്സിനുള്ളിൽ തന്നെ ഉള്ളതായിരിക്കും.  

 

കൈതി ചെയ്തുകൊണ്ടിരുന്നപ്പോൾ അതൊരു യൂണിവേഴ്‌സ് ആക്കാം എന്ന് തീരുമാനിച്ചിരുന്നു. പക്ഷെs വിക്രം ചെയ്തപ്പോഴാണ് രണ്ടും കൂടി ചേർത്ത് വലിയൊരു യൂണിവേഴ്‌സ് എന്ന ആശയം വന്നത്.  മാനഗരവും മാസ്റ്റേഴ്സും രണ്ടു ഇൻഡിപെൻഡന്റ് സിനിമകളാണ്. അതിൽ നിന്നുള്ള കഥാപാത്രങ്ങളെ യൂണിവേഴ്സിലേക്ക് കൊണ്ടുവരാൻ കഴിയില്ല. അതുപോലെ തന്നെ എന്റെ സിനിമകളിൽ ഞാനെഴുതിയ കഥാപാത്രങ്ങൾ മാത്രമേ യൂണിവേഴ്സിൽ ഉപയോഗിക്കൂ, പുതിയ ആളുകൾ വന്നേക്കാം.  ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പേര് ഞാൻ ഇട്ടതല്ല. എന്റെ സിനിമകളെ ആരാധിക്കുന്ന പ്രേക്ഷകർ സ്നേഹത്തോടെ തന്ന പേരാണ്.  ഈ യൂണിവേഴ്സിൽ ഇല്ലാതെ ചെയ്യുന്ന സിനിമകൾ എൽസിയു എന്ന ടൈറ്റിൽ ഉണ്ടാകില്ല.  കൈതി, വിക്രം ചേർന്ന യൂണിവേഴ്സിൽ വരുന്ന സിനിമകൾക്ക് ഇനി മുതൽ എൽസിയു എന്ന ടൈറ്റിൽ ഉണ്ടാകും.

 

വിക്രം എഴുതുമ്പോൾ കൈതിയിലെ കഥാപാത്രങ്ങൾ കൊണ്ടുവരണമെന്ന തോന്നൽ ഉണ്ടായി. തിരക്കഥയ്ക്കും അതൊരു സഹായകമായി. വേറൊരു സിനിമയിൽ നിന്നൊരു കഥാപാത്രം പുതിയ സിനിമകളിൽ കാണുമ്പോൾ പ്രേക്ഷകരും ആവേശത്തിലാകും. അതുകൊണ്ടാണ് എൽസിയു മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത്.

 

ബാറ്റ്മാനും ഡിസിയും

 

ഞാനൊരു ഡിസി (ഡിസി കോമിക്സ്) ഫാൻ ആണ്. അതുകൊണ്ട് തന്നെ അവരുടെ കഥാപാത്രങ്ങളോടും ആരാധന കൂടുതലാണ്. ഈ സിനിമയുടെ മുഴുവൻ ലൈറ്റിങും ബാറ്റ്മാൻ ട്രിലജിയില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അവരുടെ അത്രയും നമുക്ക് ഇവിടെ കൊണ്ടുവരാനാകില്ല. ആ ഫീൽ കൊണ്ടുവരാൻ സാധിച്ചെന്ന് വിശ്വസിക്കുന്നു.

 

1986ലെ വിക്രം സിനിമയിൽ കമൽ സർ ചെയ്ത കഥാപാത്രം തന്നെയാണ് ഇവിടെയും നമ്മൾ അവതരിപ്പിക്കുന്നത്. ആ സിനിമയിൽ വിക്രം ച്യൂയിങ്ഗം ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ സിനിമയിലും സെക്കൻഡ് ഫാഫ് കഴിഞ്ഞാൽ കമൽ സാറിന്റെ കഥാപാത്രം ച്യൂയിങ്ഗം ഉപയോഗിക്കുന്നത് കാണാം. കൂടാതെ അന്നത്തെ വിക്രത്തിന് റൊബോട്ടിക് വാച്ച് ഉണ്ടായിരുന്നു. അതും ഈ ചിത്രത്തിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു. കുറച്ചധികം റിസർച്ച് ചെയ്തപ്പോഴാണ് തിരിച്ചറിഞ്ഞത്, നമ്മുടെ പഞ്ച് എത്രത്തോളം ഉണ്ടെന്ന് കാണിച്ചുതരുന്ന വാച്ച് ഉണ്ടെന്ന്. പക്ഷേ അത് മാർക്കറ്റില്‍ വന്നിട്ടില്ല. ആ ടെക്നോളജി ഇപ്പോഴുള്ള വിക്രം തീർച്ചയായും ഉപയോഗിച്ചിരിക്കും എന്ന ചിന്തയിലാണ് വാച്ചിന്റെ രംഗങ്ങൾ ഉൾപ്പെടുത്തിയത്.

 

ഡി ഏയ്ജിങ് ടെക്നോളജി

 

ഡി ഏയ്ജിങ് ടെക്നോളജി ഉപയോഗിച്ചിരുന്നു. അത് സിനിമയിലോ ഒടിടി റിലീസിലോ ഉപയോഗിച്ചിട്ടില്ല. എക്സ്ക്ലൂസിവ് ഫൂട്ടേജ് ആയി പുറത്തുവിടും. സിനിമയിൽ അത് ഉപയോഗിക്കാമെന്നും തീരുമാനിച്ചിരുന്നു. പക്ഷേ ഈ ടെക്നോളജി ഒരു മിനിറ്റിൽ ഉപയോഗിക്കുന്നതിന് വരുന്ന ചിലവ് ഏഴ് കോടിയാണ്. ഞാൻ പറഞ്ഞുവരുന്നത് സമയത്തിന്റെ കാര്യത്തിലാണ്. ഔട്ട്പുട്ട് നമുക്ക് വേഗത്തിൽ ലഭിക്കണമെങ്കിൽ അമേരിക്കയിലെ വിഎഫ്എക്സ് ടീം ഈ തുകയ്ക്ക് നമുക്കിത് ചെയ്ത് തരും. പക്ഷേ അപ്പോഴേയ്ക്കും വിക്രം റിലീസ് തിയതി തീരുമാനിച്ചിരുന്നു. മാത്രമല്ല ഇതിനു വേണ്ടി ഇനി ഇത്രയും തുക മുടക്കാനുമാകില്ല. അങ്ങനെ മാനഗരം സിജി ഇഫ്ക്ട് ചെയ്ത ആളുകളെ വിളിച്ചു. എന്തുകൊണ്ട് ഈ ടെക്നോളജി നമുക്ക് ഇവിടെ ചെയ്തു കൂടാ. ഏകദേശം രണ്ട് കോടി രൂപയ്ക്ക് ചെയ്യാമെന്ന ധാരണയിൽ വർക്ക് തുടങ്ങി. അങ്ങനെ കമൽ സാറിന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്തു. സിജി ചെയ്തു. ബെംഗളൂരിലെ സ്റ്റുഡിയോയിൽ ചെന്ന് സാറിന്റെ കുറച്ച് ഇമോഷനൽ രംഗങ്ങൾ ചിത്രീകരിച്ചു. അത് തന്നെ വലിയൊരു കഥയാണ്. ശരിയായി വന്നിരുന്നെങ്കിൽ അതെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാമായിരുന്നു. കാരണം ഭാവിയിൽ ആരെ വച്ച് വേണമെങ്കിലും നമുക്കിത് ചെയ്യാൻ കഴിയും.

 

ഈ ടെക്നോളജി വർക്ക് ആയില്ലെങ്കിൽ ഇതിന് പകരമുള്ള രംഗങ്ങൾ സിനിമയിൽ ഉണ്ടോ എന്നായിരുന്നു കമൽ സർ ചോദിച്ചത്. അതും ഞാൻ ഷൂട്ട് ചെയ്ത് വച്ചിരുന്നു. ‘സാരമില്ല, നമുക്ക് ട്രൈ ചെയ്യാം. വർക്ക് ആയില്ലെങ്കിലും കുഴപ്പമില്ല.’’ എന്നായിരുന്നു കമൽ സർ പറഞ്ഞത്. പടം സെൻസർ ചെയ്യുന്നതിനും ഒരു ദിവസം മുമ്പേ ഈ ടെക്നോളജി സിനിമയിൽ കൊണ്ടുവരാൻ കഴിയില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതിനുശേഷം പകരം ചെയ്ത രംഗങ്ങൾ ചേർത്ത് സെൻസർ ചെയ്തു. പക്ഷേ നമ്മൾ ചെയ്തുവച്ചത് പാതിയിൽ നിർത്താൻ കഴിയുമായിരുന്നില്ല. ആ ടെക്നോളജി പൂർത്തിയാക്കാൻ ഇനിയും ആറ് മാസം സമയം വേണം. അത് പൂർത്തിയാകുമ്പോൾ എക്സ്ക്ലൂസിവ് ആയി റിലീസ് ചെയ്യും. നമുക്ക് ഇവിടെ സമയം ആണ് പ്രശ്നം. അമേരിക്കയിലും മറ്റും ഇത് പെട്ടന്ന് ചെയ്യാൻ കഴിയും, കാരണം അവിടെ രണ്ടായിരം പേരാകും ഈ ടെക്നോളജിക്കു വേണ്ടി ജോലി ചെയ്യുക. പക്ഷേ കോസ്റ്റ് ആണ് പ്രശ്നം.

 

റോളക്സിന്റെ ഇൻട്രൊ

 

കാർത്തിയുടെ മുഖം വിക്രമിൽ മനഃപൂർവം കാണിക്കാത്തതാണ്. നാളെ എപ്പോഴേലും ഡില്ലിയും റോളക്സും ഒരുമിച്ച് സ്ക്രീനിൽ വന്നാൽ, അപ്പോൾ കിട്ടുന്ന ആവേശം വലുതായിരിക്കും. ദീനയുടെ കഥാപാത്രത്തെയും കാണിക്കേണ്ടെന്നു വച്ചതാണ്. മാത്രമല്ല കൈതിയിലെ നെപ്പോളിയൻ എന്ന കഥാപാത്രത്തിന് ഒരു സീൻ വിക്രം സിനിമയിൽ ഉണ്ടായിരുന്നു. അതും വേണ്ടെന്നു വച്ചു.

 

റോളക്സിനെ നല്ലവനായി കാണേണ്ട, അയാൾ ക്രൂരനായ വില്ലൻ തന്നെയാണ്. ആടുകളത്തിന്റെയും അൻപിന്റെയും സന്താനത്തിന്റെയുമൊക്കെ തലവൻ. തെരുവിൽ നിന്നും അധോലോകനായകനായി മാറിയ ആൾ. അയാൾക്കു മുകളിൽ വേറെ ആരുമില്ല.

 

പൊലീസിനെ ഓട്ടോയിൽ വച്ച് കൊലപ്പെടുത്തി, വീട്ടില്‍ പോയി തന്റെ ഇൻഫോമറെ കത്തിച്ചു കളയാൻ വരെ പേടിയില്ലാത്ത സന്താനം, റോളക്സ് എന്നു കേൾക്കുമ്പോൾ മുട്ടുവിറയ്ക്കും. അപ്പോൾ അയാൾ സന്താനത്തേക്കാൾ ക്രൂരനാണ്. റോളക്സിന്റെ ഇൻട്രൊ ഇതിലും ഭീകരമായിരുന്നു. വയലൻസ് കൂടുതലായതുകൊണ്ട് വേണ്ടെന്നുവച്ചതാണ്.

 

ഫഹദിന്റെ ഭാര്യയുടെ കഥാപാത്രത്തെ സേതുപതി കാറിൽ വച്ച് കൊലപ്പെടുന്ന രംഗവും ഇതുപോലെ വയലൻസ് നിറഞ്ഞതായിരുന്നു. ഡോർ തുറന്ന് ഗായത്രിയുടെ തലയും കൊണ്ട് സേതുപതി പോകുന്ന രംഗമായിരുന്നു എഴുതിവച്ചിരുന്നത്. കുടുംബപ്രേക്ഷകർ അസ്വസ്ഥരാകും എന്ന തോന്നലിലാണ് അതൊക്കെ വേണ്ടെന്നു വച്ചത്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com