ADVERTISEMENT

ഞാൻ വലിയ ഹിറ്റ് ഫോർമുല ചിത്രങ്ങളുടെ തിരക്കഥാകാരനായി തിളങ്ങിക്കൊണ്ടിരുന്ന സമയത്ത് മലയാളത്തിലെ പ്രശസ്തനായ ഒരു നിർമാതാവ് ഒരു ദിവസം ഞാൻ ഇരുന്നു എഴുതുന്ന മാതാ ടൂറിസ്റ്റ് ഹോമിൽ എന്നെ കാണാൻ വന്നു. പല നല്ല പോപ്പുലർ സിനിമകളും നിർമിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് തിയറ്ററിലിരുന്ന് കയ്യടിച്ചിട്ടുള്ളവനാണ് ഞാൻ. അദ്ദേഹത്തെ വളരെ ആദരവോടെ, സ്നേഹബഹുമാനത്തോടെയാണ് ഞാൻ സ്വീകരിച്ചത്. അദ്ദേഹം ആയിടെ എടുത്ത ഒന്നുരണ്ടു ചിത്രങ്ങൾ അത്ര നന്നായി ഓടാഞ്ഞതുകൊണ്ട് ഒരു സൂപ്പർഹിറ്റ് ചിത്രം ഞാൻ എഴുതിക്കൊടുക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്ന് ആമുഖമായി തന്നെ എന്നോടു പറയുകയും ചെയ്തു.  എനിക്ക് അദേഹത്തിന്റെ പെരുമാറ്റവും സംസാരവുമൊക്കെ നന്നായി ഇഷ്ടപ്പെട്ടു. വളരെ കണിശക്കാരനും വാക്കു പറഞ്ഞാൻ വള്ളി പുള്ളി തെറ്റിക്കാത്ത ആളാണ് കക്ഷിയെന്നും പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. മൂന്നുനാലു സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിലും അദേഹത്തിനോട് നോ പറയാൻ എനിക്കായില്ല.

 

ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു കഥയുടെ ത്രെഡുമായി അദ്ദേഹം വീണ്ടുമെന്നെ കാണാൻ വന്നു. അപ്പോൾ എന്റെ മുറിയിൽ ഞാൻ ഉടനെ ചെയ്യാൻ നോക്കുന്ന സിനിമയുടെ നിർമാതാവും സംവിധായകനും ഇരിപ്പുണ്ടായിരുന്നു. അവർ എന്നോടു കാണിക്കുന്ന അമിതമായ സ്നേഹപ്രകടനവും മുഖസ്തുതി ചൊല്ലമെല്ലാം കേട്ടിരിക്കുകയാണ് അദ്ദേഹം. മുറിയിലുണ്ടായിരുന്നവർ അൽപനേരം കൂടി ഇരുന്നു വാചകമടിച്ച ശേഷം പുറത്തേക്ക് പോയപ്പോൾ അദേഹം പറഞ്ഞ ഒരു വാചകമുണ്ട്.

 

‘‘ഡെന്നിസ്, ആരെയും അങ്ങനെ അന്ധമായി വിശ്വസിക്കരുത്.  ജീവിതത്തിൽ നമുക്ക് നൂറു ശതമാനം വിശ്വസിക്കാവുന്നത് നമ്മുടെ നിഴലിനെയും കണ്ണാടിയെയും മാത്രമാണ്.  കാരണം കണ്ണാടി കള്ളം പറയില്ല. നിഴൽ നമ്മോടു പിണങ്ങിപ്പോവുകയുമില്ല.’’

 

അതുകേട്ട് ഞാൻ നിമിഷനേരം അദ്ദേഹത്തെത്തന്നെ നോക്കിയിരുന്നുപോയി. അദ്ദേഹത്തെ കണ്ടാൽ ഇങ്ങനെയുളള ഫിലോസഫിയൊന്നും പറയുന്ന ആളാണെന്നെ തോന്നുകയില്ല.  പക്ഷേ അദ്ദേഹം പറഞ്ഞ മൊഴികളിൽ ഒത്തിരി അർഥതലങ്ങളുണ്ടെന്ന് എനിക്ക് തോന്നി. എന്നാൽ അന്ന് ‍ഞാനതൊന്നും അത്ര കാര്യമായെടുത്തില്ല.  അന്ധവിശ്വാസത്തിലും ജ്യോൽസ്യത്തിലും ഒന്നും ഒട്ടും വിശ്വാസമില്ലാത്ത ആളാണ് ഞാൻ. എന്നോട് സ്നേഹം കാണിക്കുന്നവർക്ക് ഇരട്ടി സ്നേഹം തിരിച്ചു കൊടുക്കുന്ന സ്വഭാവക്കാരനാണ് ഞാൻ.  ആരെയും വിശ്വസിക്കാതെ നമുക്ക് ജീവിക്കാനാകില്ലല്ലോ. പിന്നീട് അദ്ദേഹം പറഞ്ഞപോലെയുള്ള പല അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ടെങ്കിലും അവരെ ആരെയും കുത്തി നോവിക്കാതെ മൗനം പാലിക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത്. മൗനം പോലെ അത്രയ്ക്ക് ശക്തമായ മധുര പ്രതികാരം വേറെ എന്താണുള്ളത്. 

kamal-nammal
നമ്മൾ സിനിമയുടെ സെറ്റിൽ കമൽ

 

അദ്ദേഹം പറഞ്ഞതുപോലുള്ള കൃതഘ്‌നരായ ഒത്തിരി പേർ സിനിമയിൽ ഉണ്ടെങ്കിലും നല്ലവരായ അപൂർവം ചില വ്യക്തികളെയും എന്റെ സഞ്ചാരവഴികളിൽ ഞാൻ കണ്ടിട്ടുണ്ട്.  നീണ്ട അരനൂറ്റാണ്ട് കാലം മുൻപേയുള്ള സൗഹൃദങ്ങൾ, ബന്ധങ്ങൾ... അവരൊക്കെയായി ഇന്നും ഞാൻ മിക്ക ദിവസങ്ങളിലും സംവദിക്കാറുണ്ട്.  അങ്ങനെയുള്ള ചിലരെക്കുറിച്ചാണ് ഞാൻ ഇതിൽ കുറിക്കുന്നത്. 

 

ആദ്യം കമൽ എന്ന ചലച്ചിത്രകാരനിലേക്ക് വരാം...   

 

കമൽ മലയാളത്തിൽ ഒത്തിരി മികച്ച സിനിമകൾ ഒരുക്കിയിട്ടുള്ള സർഗധനനായ ഒരു ചലച്ചിത്രകാരനാണ്. കമലിന്റെ മൂന്നാമത്തെ ചിത്രമായ 'കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ' പാരമ്പര്യത്തിന്റെ വഴികളിൽ നിന്ന് വിട്ടുമാറി പ്രമേയപരമായി പുതിയൊരു രൂപഘടനയുണ്ടാക്കിയ ഒരു ചിത്രമാണ്. തുടർന്നുവന്ന കമലിന്റെ ഉണ്ണികളേ ഒരു കഥ പറയാം, പ്രാദേശിക വാർത്തകൾ, പാവം പാവം രാജകുമാരൻ, തൂവൽ സ്പർശം, ഗസൽ, ഗദ്ദാമ, മേഘമൽഹാർ, ഗ്രാമഫോൺ, മധുരനൊമ്പരക്കാറ്റ്, മഴയെത്തും മുൻപേ, നിറം , പെരുമഴക്കാലം, നമ്മൾ, കറുത്തപക്ഷികൾ, സെല്ലുലോയ്ഡ്, ആമി തുടങ്ങിയവ മലയാളത്തിൽ സവിശേഷമായ ഭാവുകത്വ പരിണാമമുണ്ടാക്കിയ സിനിമകളാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ പുതുമയുള്ള ഇത്രയധികം ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള മറ്റൊരു ചലച്ചിത്രകാരൻ കമലല്ലാതെ മലയാളത്തിൽ വേറെയാരും ഉണ്ടാകുമെന്നും തോന്നുന്നില്ല.  പെരുമഴക്കാലം, നമ്മൾ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ്, സെല്ലുലോയ്ഡ്, മഴയെത്തും മുൻപേ തുടങ്ങിയ ചിത്രങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ഏററവും മികച്ച സംവിധായകൻ, ഏറ്റവും മികച്ച ചിത്രം, ഏറ്റവും മികച്ച തിരക്കഥ തുടങ്ങിയ എട്ടു അവാർഡുകളാണ് കമലിനെ തേടിയെത്തിയത്.

 

ഇനി ഞാനും കമലുമായുള്ള ഇഴയടുപ്പത്തിലേക്ക് വരാം. അതു വളരെ രസകരമായ ഒരു അനുഭവസാക്ഷ്യമാണ്. 1981–കാലഘട്ടത്തിലെ ഒരു ഓർമ്മ പുതുക്കലെന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം. 

 

ഞാനന്ന് മാതാ ടൂറിസ്റ്റ് ഹോമിലിരുന്ന് സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുന്ന സമയമാണ്. ഒരു ദിവസം ഞാൻ പുറത്തുപോയിട്ട് തിരച്ചു മാതായിലെത്തിയപ്പോൾ റിസപ്ഷന്റെ മുൻപിൽ നിന്ന് എന്റെ സുഹൃത്ത് ആന്റണി ഈസ്റ്റുമാനും മറ്റു രണ്ടു പേരും കൂടി സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്. ഒരാളെ കണ്ടാൽ വെളുത്ത് അല്പം തടിച്ച് നീണ്ട താടിയുമൊക്കെയുള്ള ഒരു ബുജി ലുക്കാണ്.  അടുത്ത കക്ഷി ഉയരം കുറഞ്ഞ ഒരു ചെറിയ പയ്യനാണ്. കണ്ടാൽ പത്താം ക്ലാസിലൊക്കെ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു സ്റ്റുഡന്റാണെന്നേ തോന്നൂ.  ചിലപ്പോൾ കൂടെയുള്ള  ബുദ്ധിജീവിയുടെ അനുജനോ അനന്തിരവനോ ആരെങ്കിലും ആയിരിക്കും എന്നെനിക്ക് തോന്നി. ഞാൻ ആന്റണിയുടെ അടുത്തേക്കു ചെന്നു. പതിവുപോലെ കുശലങ്ങൾ പറഞ്ഞശേഷം ആന്റണി കൂടെയുള്ളവരെ എന്നെ പരിചയപ്പെടുത്തി

 

"പടിയന് ഇയാളെ അറിയാമോ" പ്രശസ്ത തിരക്കഥാക‍ൃത്ത് കലൂർ ഡെന്നിസ്. എന്റെ ഏറ്റവും അടുത്ത ഫ്രണ്ടാണ്".

 

"പേര് ധാരാളം കേട്ടിട്ടുണ്ട്. ആളെ ആദ്യമായി കാണുകയാണ്" ബുദ്ധിജീവി പതുക്കെ മൊഴിഞ്ഞു.

 

"ഇത് പടിയൻ, പുതുമുഖ സംവിധായകനാണ്. ത്രാസം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് റിലീസും കാത്തിരിക്കുകയാണ്."

 

കൂടെയുണ്ടായിരുന്ന ചെറിയ പയ്യനെയും എന്നെ പരിചയപ്പെടുത്തി.

 

"ഇത് കമൽ.  കക്ഷിയാണ് ത്രാസത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും പടിയനെ അസോസിയേറ്റ് ചെയ്യുന്നതും, മാത്രമല്ല പടിയന്റെ അനന്തിരവനുമാണ്."

 

അതു കേട്ടപ്പോൾ നിമിഷനേരം ഞാൻ സ്തംഭിച്ചു നിന്നുപോയി. ഇത്രയും ചെറിയ പയ്യനാണോ തിരക്കഥ എഴുതിയിരിക്കുന്നത്.  എനിക്കൊട്ടും വിശ്വസിക്കാനായില്ല.  ഞാന്‍ സിനിമയിൽ കണ്ടിട്ടുള്ള തിരക്കഥാകാരന്മാരിൽ നിന്നും അസോസിയേറ്റ് ഡയറക്ടർമാരിൽ നിന്നുമൊക്കെ വളരെ പ്രായം കുറഞ്ഞ പയ്യനെ അനന്തിരവനായതു കൊണ്ടും പൈസ ലാഭിക്കാനും വേണ്ടി ആയിരിക്കും പടിയൻ കൂടെ കൂട്ടിയിരിക്കുന്നതെന്ന് എനിക്ക് തോന്നി.  പിന്നെ ഞാൻ അൽപനേരം കൂടി അവിടെ നിന്ന് സിനിമാവിശേഷങ്ങളൊക്കെ സംസാരിച്ച ശേഷം എന്റെ മുറിയിലേക്കു പോയി.

 

kamal-director

പിന്നീട് കമലിനെ ഞാൻ കാണുന്നത് 1986 ന്റെ തുടക്കത്തിലാണ്. അതും മാതാ ടൂറിസ്റ്റ് ഹോമിൽ വച്ചുതന്നെ. ഇപ്പോൾ കമലിന്റെ  കൊച്ചുപയ്യൻ ലുക്കൊക്കെ മാറി അൽപം മെച്യൂരിറ്റിയൊക്കെ വന്നിട്ടുണ്ട്.  സംസാരത്തിനിടയിൽ താൻ ഒരു സ്വതന്ത്ര സംവിധായകന്റെ മേലങ്കിയണിയാൻ പോകുകയാണെന്നും മോഹൻലാലാണ് നായകനെന്നും 'മിഴിനീർ പൂക്കൾ' എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും കമൽ പറഞ്ഞു.  അത് കേട്ടപ്പോൾ എന്നിൽ ഉല്സുകത വളർന്നു. ആദ്യമായി സിനിമ ചെയ്യാൻ പോകുന്ന ഒരു പുതുമുഖ പയ്യന് മോഹൻലാലിന്റെ ഡേറ്റ് എങ്ങനെ കിട്ടി എന്നായിരുന്നു എന്റെ സംശയം.  

 

"കമൽ പടിയന്റെ കൂടെയല്ലാതെ മറ്റാരുടെയെങ്കിലും കൂടെ അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുണ്ടോ?" ഞാൻ ചോദിച്ചു.

 

"ഉണ്ട്, കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഞാൻ  ഉടനെതന്നെ മദ്രാസിൽ പോയി. ലെനിൻ രാജേന്ദ്രൻ, പി.എൻ. മേനോൻ, സേതുമാധവൻ, ഭരതൻ, ഹരികുമാർ, തമ്പി കണ്ണന്താനം, തുടങ്ങിയവരുടെയൊക്കെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്."

 

അതു കേട്ടപ്പോൾ എന്നിൽ വീണ്ടും വിസ്മയം വളർന്നു.  ഇത്രയും ചെറുപ്പത്തിൽ തന്നെ മലയാളത്തിലെ  പ്രശസ്ത സംവിധായകപ്രതിഭകളോടൊപ്പം ജോലിചെയ്യാൻ കഴിയുകയെന്നത് മറ്റാർക്കും കിട്ടാത്ത വലിയൊരു ഭാഗ്യമാണെന്ന് ഞാന്‍‍ കമലിനോട് പറയുകയും ചെയ്തു. ആദ്യ ചിത്രമായ 'മിഴിനീർപൂവുകൾ' അത്ര വലിയ വിജയമായിരുന്നില്ലെങ്കിലും കമലിന്റെ സ്വാഭാവികമായ ആഖ്യാനശൈലി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 

 

കമലിന്റെ ചലച്ചിത്രയാത്ര തുടങ്ങുന്നത് പടിയന്റെ ‘ത്രാസം’ എന്ന സമാന്തര സിനിമയിലൂടെയാണെങ്കിലും ആദ്യമായി സ്വതന്ത്ര സംവിധായകനായപ്പോൾ ഒരു ജനപ്രിയ ഫോർമുല ചിത്രം ഒരുക്കാനുള്ള അവസരമാണ് വന്നു ചേർന്നത്. തന്റെ സങ്കൽപ്പത്തിലുള്ള സിനിമ ആദ്യം ചെയ്യാൻ കഴിയാത്തതിലുള്ള വിഷമം കുറേക്കാലത്തോളം കമലിന്റെ മനസിൽ ചാരം മൂടിക്കിടന്നിരുന്നു. 

 

ഈ സമയത്താണ് ഞാനും സുഹൃത്തായ കിത്തോയും കൂടി ഒരു സിനിമാ നിർമിതിയുമായി വരുന്നത്. അതിന് പ്രേരകശക്തിയായത് പ്രശസ്ത നിർമാതാവായ കെ.ടി. കുഞ്ഞുമോനാണ്.  ഞാനും കുഞ്ഞുമോനും തമ്മിൽ സുഹൃത്തുക്കളായതു കൊണ്ട് ഒരു ട്രെയിൻ യാത്രയിൽ വച്ചു കണ്ടപ്പോൾ കുഞ്ഞുമോനാണ് പറയുന്നത്

 

"എടോ, താനും കിത്തോയും കൂടി ഒരു സിനിമ എടുക്ക്. നിങ്ങൾ പണമൊന്നും മുടക്കണ്ട. ഞാൻ ഔട്ട്റൈറ്റെടുത്തോളാം. ഇങ്ങനെ നിസാരപൈസയ്ക്ക് സ്ക്രിപ്റ്റ് എഴുതി നടന്നിട്ട് ഒരു കാര്യവുമില്ല. ഒരു പടം പിടച്ച് നിങ്ങളും എന്തെങ്കിലും പൈസയുണ്ടാക്കാൻ നോക്ക്. "  

 

"അങ്ങനെയാണെങ്കിൽ തനിക്ക് എടുത്തുകൂടെ ? തമിഴിൽ വമ്പൻ സെറ്റപ്പിലുള്ള സിനിമ എടുത്ത ആളല്ലേ താൻ " ?

 

"അതൊക്കെ ശരിയാ, എനിക്ക് ഇവിടെത്തെ നായകന്മാരുടെ പുറകെ ഡേറ്റ് ചോദിച്ചു നടക്കാനുള്ള സമയമൊന്നുമില്ല. " –കുഞ്ഞുമോൻ പറഞ്ഞു.   

 

എന്റെ മനസിൽ സിനിമ നിർമിക്കണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ല.  ഞാൻ ആദ്യമൊന്നും ഒട്ടും താൽപര്യം കാണിച്ചില്ലെങ്കിലും കുഞ്ഞുമോന്റെ നിർബന്ധപ്രകാരം കിത്തോയുമായി ആലോചിച്ചു. അപ്പോൾ ഞങ്ങളുടെ ആത്മമിത്രമായ ജോൺപോളാണ് ഞങ്ങളിൽ പ്രത്യാശ വളർത്തിയത്. 

 

പിന്നെ എല്ലാം തിടുക്കത്തിലായിരുന്നു.  നല്ലൊരു കഥയാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. അപ്പോൾ ജോണാണ് പറഞ്ഞത് കാക്കനാടന്റെ നല്ലൊരു നോവലുണ്ടെന്ന്.  ഒരു അഭിസാരികയുടെ അതിജീവനത്തിന്റെ കഥയാണ്. കേട്ടപ്പോൾ ഞങ്ങൾക്കും നന്നായിട്ട് തോന്നി.  കുഞ്ഞുമോനോട് കഥ പറഞ്ഞപ്പോൾ അയാൾക്കും ഒത്തിരി ഇഷ്ടമായി. അടുത്തത് ആരെക്കൊണ്ട് ഡയറക്ട് ചെയ്യിക്കണമെന്നുള്ള ആലോചന വന്നപ്പോൾ ജോഷിയെക്കൊണ്ട് ചെയ്യിക്കാമെന്ന് ഞാൻ പറഞ്ഞു. ഞാനും ജോഷിയും കൂടി ഒത്തിരി ഹിറ്റുകൾ ചെയ്ത ടീമാണല്ലോ. ഞാൻ ജോഷിയോടു സംസാരിച്ചു.

 

"നിനക്കു പടം ചെയ്തു തരുന്നതിൽ സന്തോഷമേയുള്ളു. ഞാൻ ചെയ്തിട്ട് കോസ്റ്റ് കൂടിയാൽ നിങ്ങൾ കുത്തു പാളയെടുക്കേണ്ടി വരും".

 

ജോഷി അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നു പേടിച്ചു. പിന്നെ ആരെക്കൊണ്ടു ചെയ്യിക്കണമെന്നായി ആലോചന.  ഞാൻ കമലടക്കം രണ്ടു മൂന്നു സംവിധായകരുടെ പേരു പറഞ്ഞു. ഒടുവിൽ ജോഷിയാണ് പറഞ്ഞത് കമലിനെക്കൊണ്ടു ചെയ്യിക്കാൻ. അവന് പറ്റിയ സബ്ജക്റ്റാണ്.

 

ഞാൻ കിത്തോയോടും ജോൺപോളിനോടും ചെന്ന് വിവരം പറഞ്ഞു.  അവർക്കും സന്തോഷം. തിരക്കഥയും സംഭാഷണവും ജോൺപോളും ഞാനും കൂടി എഴുതാമെന്നും തീരുമാനിച്ചു.

 

ആലുവാ പാലസിൽ കമലും ഞാനും ജോൺപോളും കുടി തിരക്കഥാ ഡിസ്കഷനിരുന്നപ്പോഴാണ് ആകെ വിഷയമായത്. കഥ മുന്നോട്ടു നീങ്ങുന്നില്ല.  മൂന്നുനാലു ദിവസം ഇരുന്ന് തലപുകഞ്ഞ് പല റൂട്ടുകളിലൂടെയും സഞ്ചരിച്ചെങ്കിലും ഒന്നും ശരിയാകുന്നില്ല.  അവസാനം കമലാണ് പറഞ്ഞത് കുഞ്ഞുമോനെ ചെന്നു കണ്ട് കഥ മാറ്റിപിടിക്കാമെന്ന്. ഞാനാണ് കുഞ്ഞുമോനെ കാണാൻ പോയത്. കക്ഷി കഥ മാറ്റാന്‍ ഒട്ടും സമ്മതിക്കുന്നില്ല. ഒരു അഭിസാരികയുടെ കഥയാകുമ്പോൾ ജനം തിയറ്ററിൽ ഇടിച്ചുകയറുമെന്ന ചിന്തയായിരുന്നു കുഞ്ഞുമോന്.  ഈ കഥയല്ലെങ്കിൽ കുഞ്ഞുമോന് പടം വേണ്ടത്രേ. അഡ്വാൻസ് തുക തിരിച്ചുകൊടുക്കാനാണ് അയാള്‍ പറയുന്നത്.  ഞങ്ങൾ എവിടുന്ന് എടുത്തു കൊടുക്കാനാണ്.  അഭിനേതാക്കളായ ജയറാമിനും സുമലതയ്ക്കും സുകുമാരനുമൊക്കെ അഡ്വാൻസ് കൊടുത്തും കഴിഞ്ഞു. ഞങ്ങൾ ആകെ പ്രതിസന്ധിയിലായി. അവസാനം കാക്കനാടന്റെ ആ കഥവച്ചു തന്നെ ഞങ്ങൾക്ക് "ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്" ചെയ്യേണ്ടിവന്നു. ചിത്രം പുറത്തുവന്നപ്പോൾ ഞങ്ങൾ കരുതിയതു പോലെ തന്നെ സംഭവിച്ചു. ചിത്രത്തിന് അത്ര സാമ്പത്തിക വിജയം നേടാനായില്ല.

 

ഒരു ചിത്രം പരാജയപ്പെട്ടാൽ അടുത്തൊരു ചിത്രമെടുത്ത് നഷ്ടം നികത്താമെന്നൊരു പ്രവണതയാണല്ലോ സാധാരണയായി സിനിമയിൽ കണ്ടുവരുന്നത്. എന്നാൽ എനിക്ക് അതിനോട് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. സിനിമാ നിർമാണം കലാകാരൻമാർക്ക് പറ്റിയ പണിയല്ലെന്ന് എനിക്ക് ബോധ്യമായി. കമൽ ഒരു പടം കൂടി ചെയ്തുതരാമെന്ന് പറഞ്ഞെങ്കിലും എനിക്ക് സിനിമയിൽ വീണ്ടും തിരക്ക് കൂടിയതുകൊണ്ട് ഞാൻ പിന്നെ ആ വഴിക്ക് പോയില്ല.  എവിടെയാണോ നമ്മൾ തോറ്റത് അവിടെ നിന്ന് ജയിക്കാൻ നോക്കണമെന്നാണ് ജോണ്‍ പോൾ പറഞ്ഞത്. എന്നാലും വീണ്ടുമൊരു അങ്കത്തിന് ഞാൻ തയാറല്ലായിരുന്നു.  

 

ഞങ്ങളുടെ സിനിമ അത്ര നന്നായില്ലെങ്കിലും ‍ഞാനും കമലുമായുള്ള സൗഹൃദത്തിന് ഒരു കുറവുമുണ്ടായിട്ടില്ല.  അതിനുശേഷം 1993 അവസാനം ഞാൻ മാക്ട സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ അതിന്റെ മുൻനിരയിൽ കമലുമുണ്ടായിരുന്നു.  2004ലെ മാക്ടയുടെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചതും കമലാണ്.

 

തുടരും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com