ADVERTISEMENT

സിനിമാ നിർമാണ രംഗത്തേക്ക് കടന്ന് മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ. ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നിർമാണക്കമ്പനി ആരംഭിച്ചിരിക്കുന്നത്. ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു. നിങ്ങളുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും ഷിബു ഫെയ്സ്ബുക്കിൽ കുറിച്ചു. ആദ്യ സംരംഭത്തിൽ മോഹൻലാൽ ആകും നായകനാകുക.

 

‘‘ജീവിതവഴികളിൽ എന്നും എനിക്ക് മാർഗദീപമായി നിന്നത് എന്റെ പപ്പാച്ചൻ ബേബി ജോണാണ്. 1963- ൽ പപ്പാച്ചൻ തുടങ്ങിവെച്ച കേരള സീ ഫുഡ്സ് എന്ന സമുദ്രോൽപ്പന്ന കയറ്റുമതിസ്ഥാപനത്തിൽ നിന്ന് കിങ്ങ്സ് ഗ്രൂപ്പെന്ന പേരിൽ വ്യവസായത്തിന്റെ പല വഴികളിലേക്ക് ഞങ്ങൾ നടന്നുകയറി. പപ്പാച്ചനിൽ നിന്നാർജ്ജിച്ച ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഞാനിപ്പോൾ ചലച്ചിത്രനിർമാണരംഗത്തേക്ക് കടന്നു വരികയാണ്.  ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് നിർമാണക്കമ്പനിയുടെ പേര്. എന്റെ പപ്പായും മമ്മായുമാണ് ജോണും മേരിയും.

 

രാഷ്ട്രീയപ്രവർത്തനത്തിന്റെയും വ്യാവസായത്തിന്റെയും തിരക്കുകൾക്കിടയിൽ പപ്പാച്ചൻ അമ്മ അന്നമ്മയുമൊന്നിച്ച് കണ്ടത് രണ്ടേ രണ്ട് സിനിമകൾ ! - ആദ്യമായി മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ‘നീലക്കുയിലും’ ‘സിഐഡി’യും. രണ്ട് സിനിമകളും കണ്ടതിന്റെ പിറ്റേ ദിവസം രാഷ്ട്രീയസമരത്തിന്റെ ഭാഗമായി  പപ്പാച്ചൻ അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മയെ സാന്ത്വനിപ്പിക്കാനുള്ള  പപ്പാച്ചന്റെ സ്നേഹത്താലുള്ള 'അടവുനയ'മായിരുന്നു ആ സിനിമ കാണിക്കലുകൾ. 

 

കുടുംബസമേതം  പപ്പാച്ചനുമൊന്നിച്ച് ഞാൻ കണ്ടത് ഒരേയൊരു സിനിമ. 1982-ൽ റിച്ചാർഡ് ആറ്റിൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’. എന്റെയോർമയിൽ ടെലിവിഷനിൽ ഒറ്റ സിനിമ മാത്രമേ അദ്ദേഹം മുഴുവനിരുന്ന് കണ്ടിട്ടുള്ളൂ- ‘കീരീടം’. കഥയിൽ മുഴുകിയായിരുന്നു അത് കണ്ടു തീർത്തത്. ചലച്ചിത്രനിർമാണരംഗത്തേക്ക് കടക്കുമ്പോൾ ഓർമയിൽ ഇതെല്ലാം ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു.  സിനിമ എന്നും എന്നെ ഇഷ്ടപ്പെടുത്തിയിട്ടേയുള്ളൂ. കുട്ടിക്കാലത്ത്  അമ്മയ്ക്കൊപ്പം സിനിമാകൊട്ടകയിൽ സിനിമാകാണാൻ തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. എന്ത് തിരക്കുകളുണ്ടായാലും നല്ല സിനിമകൾ  വന്നാൽ ഇപ്പോഴും കാണാൻ മറക്കാറില്ല.  John and Mary Creative- ന്റെ ലോഗോ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് പ്രകാശനം ചെയ്തു.’’–ഷിബു ബേബി ജോൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com